കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ

കൊറോണക്കാലത്തെ ഫോര്‍വേഡ് മെസേജുകള്‍. കെ. പി റഷീദ് എഴുതുന്ന ലോക്ക് ഡൗണ്‍ കാല കുറിപ്പുകള്‍ രണ്ടാം ദിവസം.

 

lock douwn column  fake messages during  Covid 19 days by KP Rasheed

ഉറപ്പാണ്, ഇപ്പോഴും കാസര്‍കോട്ടോ എറണാകുളത്തോ തിരുവനന്തപുരത്തോ ഇരുന്ന് ആരെങ്കിലുമൊക്കെ വായില്‍തോന്നിയത് എഴുതിവെച്ച് അതിന്റെ മോളില്‍ നാസ എന്ന് ആലേഖനം ചെയ്യുണ്ടാവും. ചാലക്കുടിയിലോ കഴക്കൂട്ടത്തോ കരുനാഗപ്പള്ളിയിലോ ഇരുന്ന് മറ്റാരെങ്കിലും പച്ചനുണകള്‍ ഒരുക്കിവെച്ച് അതിനു താഴെ യുനെസ്‌കോ എന്നു മതിയോ എന്നാലോചിക്കുന്നുണ്ടാവും. വിഷം കലക്കിയ നാക്കുമായി ഇവയെല്ലാം നമ്മളെത്തേടി അതിന്റെ യാത്രകള്‍ എപ്പോഴേ തുടങ്ങിയിട്ടുമുണ്ടാവും.

 

lock douwn column  fake messages during  Covid 19 days by KP Rasheed

 

ആദ്യ ഭാഗം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.

 

പഠിക്കുന്ന കാലത്ത് ഒരു സമരത്തില്‍ പോലും നിന്നിട്ടില്ല, അവന്‍. രാഷ്ട്രീയത്തോട് സര്‍വത്ര പുച്ഛം. ഹോസ്റ്റല്‍ രാത്രികളിലെ തീപ്പൊരി ചിതറുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്ന് അവനെപ്പോഴും മാറിനിന്നു. സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യവും കഠിന പരിശ്രമങ്ങളും, ആഗ്രഹിക്കുന്ന പോലെ അവനെ നല്ലൊരു ജോലിയില്‍ എത്തിച്ചു. അതോടെ, രാഷ്ട്രീയത്തോടുള്ള അറപ്പ് മാറിയോ എന്നറിയില്ലെങ്കിലും, പുള്ളി യൂനിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അങ്ങനെയിരിക്കവെ, സെക്രട്ടറിയേറ്റിനു മുന്നില്‍ യൂനിയന്‍ ധര്‍ണ്ണയ്‌ക്കോ മറ്റോ വന്നൊരു ദിവസം, യാദൃശ്ചികമായി സ്റ്റാച്യൂ ജംഗ്ഷനില്‍വെച്ച് ഞങ്ങള്‍ക്ക് കണ്ടുമുട്ടേണ്ടി വന്നു.

പിന്നെയവനെ കണ്ടത്  വാട്ട്‌സാപ്പിലാണ്. വല്ലപ്പോഴും കുശാലാന്വേഷണം, ചില പരദൂഷണങ്ങള്‍, ചില തമാശ ഫോര്‍വേഡഡ് മെസേജുകള്‍, യൂനിയന്‍ പരിപാടികളില്‍ അവന്‍ പ്രസംഗിക്കുന്ന ഫോട്ടോകള്‍. അത്രയേ ഉണ്ടായിരുന്നുള്ളൂ അവന് അയക്കാന്‍. എന്നാല്‍, കൊറോണക്കാലം വരികയും ലോക്ക്ഡൗണ്‍ കാരണം വീട്ടില്‍ അടയുകയും ചെയ്തതോടെ അവന്‍ ആളാകെ മാറി. തുരുതുരാ ഫോര്‍വേഡ് മെസേജുകള്‍. നാസയും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയുമെല്ലാം തരംപോലെ അവയ്ക്ക് ആധികാരികത കൂട്ടി. ഇടയ്ക്കവന്‍ എല്ലാ ദുരിതങ്ങള്‍ക്കും കാരണം ചൈനയാണ് എന്ന് മെസേജയച്ചു. തൊട്ടുപിന്നാലെ, അതിനെ പൂര്‍ണ്ണമായും നിഷേധിക്കുംവിധം, ഇതെല്ലാം അമേരിക്കന്‍ ഗൂഢാലോചനയാണ് എന്ന് മെസേജുകള്‍ അയച്ചു. കേരള സര്‍ക്കാര്‍ കൊറോണ രോഗികളോടുള്ള കാണിക്കുന്ന കൊടുംക്രൂരതകള്‍, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ വൈറസുകളുടെ അടിവേരുകള്‍ അറുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിങ്ങനെ മറ്റു മെസേജുകള്‍ പിന്നാലെ വന്നു. അതോടൊപ്പം, ചെറുനാരങ്ങാ മുറിച്ചിട്ട ചൂടുവെള്ളം കുടിച്ചാല്‍ കൊറോണ പോവുമെന്നും സാനിറ്റെസര്‍ പുരണ്ട കൈയുമായി അടുക്കളയില്‍ കയറിയാല്‍ തീ പിടിക്കുമെന്നും അവന്‍ മുന്നറിയിപ്പ് നല്‍കി.

ഗതികെട്ടാണ്, കഴിഞ്ഞ ദിവസം ഞാനവനോട് ചോദിച്ചത്, 'അല്ലിഷ്ടാ, നിനക്കെന്ത് പറ്റി, ഇതെത്രയാ മെസേജുകള്‍? ഇതൊക്കെ ശരിയാണെന്ന് തോന്നുന്നുണ്ടോ?'

ഉടന്‍ വന്നു മറുപടി: 'ആര്‍ക്കെങ്കിലും ഉപകാരം ഉണ്ടാവുകയാണെങ്കില്‍ ആവട്ടെ എന്നു കരുതിയാ, അല്ലാണ്ട്, നിങ്ങള് പത്രക്കാര് പറയുന്നതുപോലെ ഇതെല്ലാം ഫേക്ക് ഒന്നുമല്ല'

ആ മറുപടി കേള്‍ക്കാന്‍ തുടങ്ങിയത് ആദ്യമായിട്ടല്ലാത്തതിനാല്‍, ഒറ്റ സ്‌മൈലി കൊണ്ട് ആ സംസാരത്തിന്  ബ്രേക്കിട്ടു. എങ്കിലും അവന്റെ ഫോര്‍വേഡ് മെസേജുകള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. അഞ്ചു പേര്‍ക്ക് മാത്രമായി ഫോര്‍വേഡ് മെസേജ് പരിമിതപ്പെടുത്തിയിട്ടും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്ന ആത്മാര്‍ത്ഥതയോടെ അവന്‍ നിരവധി പേരിലേക്ക് മെസേജുകള്‍ എത്തിച്ച് തന്റെ ലോക്ക്ഡൗണ്‍-കാല ഡ്യൂട്ടി ചെയ്തുകൊണ്ടേയിരിക്കുന്നു.

അവന്‍ എന്റെ മാത്രം സുഹൃത്താവാനിടയില്ല. നിങ്ങള്‍ക്കുമുണ്ടാവും ഇതുപോലുള്ള കൂട്ടുകാര്‍, ബന്ധുക്കള്‍. ഫാമിലി, സ്‌കൂള്‍, നാട് -ഗ്രൂപ്പിന്റെ കളം എന്തുമാവട്ടെ, ഇത്തരം കൂട്ടുകാരും അവരയക്കുന്ന മെസേജുകളും അതിലുറപ്പ്. ഒരു പക്ഷേ, ഈ പറയുന്ന 'അവന്‍' പുറത്തുള്ള ഒരാള്‍ പോലും ആയിരിക്കില്ല, നമ്മള്‍ തന്നെയാവും. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍, മൊബൈലില്‍ കുത്തിയിരുന്ന്, സഹജീവികള്‍ക്ക് എന്തെങ്കിലും വിവരം വെച്ചോട്ടെ എന്നുകരുതി ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന  നമ്മള്‍. അല്ലെങ്കില്‍, അത്തരം മെസേജുകള്‍ അതേ ആത്മാര്‍ത്ഥതയോടെ മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ പെടാപ്പാട് പെടുന്ന നമ്മള്‍. എന്നാല്‍, അതോടൊപ്പം മറ്റൊരു കാര്യം കൂടി നമുക്ക് അറിയാമായിരിക്കും. അങ്ങനെ കിട്ടുന്നതോ, നാം ഫോര്‍വേഡ് ചെയ്യുന്നതോ ആയ ഭൂരിഭാഗം മെസേജുകളും ഫേക്ക് ആവാറുണ്ട് എന്ന കാര്യം. ആളുകളെ വഴി തെറ്റിക്കാന്‍ ബോധപൂര്‍വ്വം പിറക്കുന്നതു മുതല്‍, വിവരക്കേടിന്റെ റെറുകയില്‍ കേറിയിരുന്ന് തട്ടിക്കൂട്ടുന്നതു വരെ പല തരം വ്യാജസന്ദേശങ്ങളുണ്ട്.  അത്തരം അനുഭവങ്ങള്‍ എത്രയോ ഉണ്ട് നമ്മുടെ മുന്നില്‍. വ്യാജസന്ദേശങ്ങള്‍ പൊളിച്ചടുക്കുന്ന ഒരുപാട് കുറിപ്പുകള്‍ നാം വായിച്ചിട്ടുമുണ്ട്. എന്നാലും നമ്മളിലേക്ക് അതിങ്ങനെ വരും. നമ്മളത് ശീലം പോലെ ഫോര്‍േവഡ്  ചെയ്യും. മറ്റെങ്ങും പോവാനില്ലാതെ, വീടുകള്‍ക്കുള്ളില്‍ അടച്ചിരുന്ന് കൊവിഡ് 19 വാര്‍ത്തകളില്‍ അടഞ്ഞുപോവുന്ന മനുഷ്യരില്‍ മറ്റൊരു രോഗം പോലെ ഈ മെേസജുകള്‍ പടരുകയും ചെയ്യും.


നന്‍മ എന്ന കീവേഡ്
ഇത്തരം മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നവരൊക്കെ മോശം മനുഷ്യരാണോ? അതു പറയണമെങ്കില്‍, ആരൊക്കെയാണ് ആ പണി എടുക്കുന്നത് എന്നറിയണം. രണ്ട് വിഭാഗമായി നമുക്കവരെ തരംതിരിക്കാം. ഒന്ന്, വ്യാജമാണ് എന്നറിഞ്ഞു കൊണ്ട് ബോധപൂര്‍വ്വം അത്തരം മെസേജുകള്‍ പ്രചരിപ്പിക്കുന്നവര്‍. അവര്‍ക്ക് കൃത്യമായ, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ താല്‍പ്പര്യങ്ങള്‍ ഉണ്ടായിരിക്കും.  അവരിത് ചെയ്യുന്നത് കുളം കലക്കി കാര്യം നേടാനാണ്. മനുഷ്യര്‍ക്കിടയില്‍ ഭീതി ജനിപ്പിക്കുക, വിദേ്വഷം പ്രചരിപ്പിക്കുക, സാമൂഹികമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുക എന്നിങ്ങനെ പല ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ടാവും. ആരാണ് ഈ സന്ദേശങ്ങള്‍ ഉണ്ടാക്കുന്നതെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തെന്നുമുള്ള ബോധ്യത്തോടെയാണ് ഇക്കൂട്ടരുടെ ഫോര്‍വേഡ് കളികള്‍. പൊതുവായ തിന്‍മയാണ് ഇവര്‍ ആഗ്രഹിക്കുന്നത് എന്ന് പറയാം.

രണ്ടാമത്തെ കൂട്ടര്‍, ബോധപൂര്‍വ്വമല്ലാതെ ഫേക്ക് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നവരാണ്. ചെയ്യുന്നത് മോശം കാര്യമാണെങ്കിലും അവരുടെ ഉള്ളില്‍ അതങ്ങനെ ആവണമെന്നില്ല. സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം എന്തായാലും ഇക്കട്ടര്‍ കണ്ണുമടച്ച് ഫോര്‍വേഡ് ചെയ്യുന്നത് പൊതുനന്‍മ എന്ന നിലയ്ക്കാണ്. ഫേക്ക് മെസേജുകളുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ രണ്ടു വര്‍ഷം മുമ്പ് നടത്തിയ ഒരു ദേശീയ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അവകാശപ്പെട്ടത് മറ്റുള്ളവരുടെ നന്‍മയ്ക്കു വേണ്ടിയാണ് തങ്ങള്‍ മെസേജുകള്‍ ഫോര്‍വേഡു ചെയ്യുന്നത് എന്നായിരുന്നു. രാജ്യ നന്‍മ ലാക്കാക്കിയാണ് ദേശീയ, ദേശം, സൈന്യം എന്നിങ്ങനെ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യാജ മെസേജുകള്‍ ഇന്ത്യക്കാര്‍ ഫോര്‍വേഡ് ചെയ്യുന്നതെന്നാണ് ബിബിസി 2018 നവംബറില്‍ പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യസ്‌നേഹി എന്ന നിലയില്‍ തങ്ങള്‍ നിര്‍ബന്ധമായും ചെയ്യേണ്ട കടമ ആണ് അതെന്നും ചിലര്‍ അന്ന് പറഞ്ഞു.

അതെ, നന്‍മയാണ് ഇവിടെ കീവേഡ്. ഒറ്റ ക്ലിക്കിന് ചെയ്യാനാവുന്ന ഉഗ്രന്‍ നന്‍മകള്‍. തങ്ങള്‍ക്കു മുന്നില്‍ വരുന്ന പ്രധാനപ്പെട്ട വിവരങ്ങള്‍ മറ്റു മനുഷ്യര്‍ കൂടി അറിയട്ടെ, തങ്ങളുടെ അറിവ് മറ്റുള്ളവര്‍ക്കുമുണ്ടാവട്ടെ, അബദ്ധധാരണകള്‍ മാറട്ടെ  എന്ന മനോഭാവം. മറ്റെല്ലാ നന്‍മകള്‍ക്കും വലിയ അധ്വാനമോ മുതല്‍മുടക്കോ ആവശ്യമുള്ളപ്പോള്‍, ഇവിടെ അതല്ല അവസ്ഥ. പോയാലൊരു ക്ലിക്ക്, കിട്ടിയാല്‍ നന്‍മ. അപ്പോള്‍ നമുക്ക് സ്വയം അതില്‍ അഭിമാനം കൊള്ളാം. സ്വന്തം ജീവിതം കൊണ്ട് അഭിമാനിക്കാന്‍ ഒരു വകയും സൃഷ്ടിക്കാത്തവര്‍ക്കും അതിനുള്ള അവസരമൊരുക്കുകയാണ് സത്യത്തില്‍ ഈ ഫോര്‍വേഡുകള്‍. വിവരങ്ങള്‍ എന്നത് ഇരുതല മൂര്‍ച്ചയുള്ള വാളാണ് എന്നോ തെറ്റായ വിവരങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരാവസ്ഥകള്‍ എന്തൊക്കെയെന്നോ ആലോചിച്ചില്ലെങ്കില്‍, ശരിക്കുമിവയെല്ലാം നന്‍മ തന്നെയാണ്.


'എന്റെ ഓഡിയോ ഇങ്ങനെയല്ല'
ഇക്കഴിഞ്ഞ ആഴ്ച ഇന്ത്യയിലാകെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട രണ്ട് ഡോക്ടര്‍മാരുടെ ഓഡിയോകള്‍ എടുക്കുക. പ്രമുഖ കാര്‍ഡിയാക് സര്‍ജന്‍ നരേഷ് ത്രെഹാന്‍ ആയിരുന്നു ഒരു ഓഡിയോയില്‍. ആരോഗ്യ അടിയന്തരാവസ്ഥ ഉടന്‍ വരാന്‍ പോവുകയാണെന്നും ഈ സാഹചര്യത്തില്‍ ബാങ്കുകളില്‍നിന്ന് കഴിയാവുന്നത്ര കാശ് പിന്‍വലിക്കുന്നതാണ് നല്ലത് എന്നും പറയുന്ന ആ ഓഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടു. ആളുകള്‍ സംഭ്രാന്തരായി എടിഎമ്മുകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് കാശ് പിന്‍വലിച്ചു. ഇതിനെല്ലാം ശേഷമാണ്, ഓപ്പറേഷന്‍ തിയറ്ററിലെ തിരക്കുകള്‍ ഒഴിഞ്ഞ് ഡോ. നരേഷ് ഈ ഓഡിയോയുടെ വിവരം അറിയുന്നത് തന്നെ. അത് തന്റെ ശബ്ദമല്ല എന്നും താനങ്ങനെ പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് ഡോക്ടര്‍ക്ക് പൊലീസിനെ സമീപിക്കേണ്ടി വന്നു. ഇന്ത്യയിലെ പ്രമുഖ ആശുപത്രി ശൃംഖലയായ നാരായണ ഹെല്‍ത്തിലെ ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. ദേവി ഷെട്ടിക്കുമുണ്ടായി സമാന അനുഭവം. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ അദ്ദേഹത്തിന്റെ വീഡിയോ കൊറോണ വൈറസിനെക്കുറിച്ച് വിചിത്രമായ ചില അറിവുകളായിരുന്നു മുന്നോട്ടു വെച്ചത്. 'എന്റെ ഓഡിയോ ഇങ്ങനെയല്ല' എന്ന് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയിലെ ജഗതിയെപ്പോലെ പറഞ്ഞ് നടക്കേണ്ടി വന്നു അദ്ദേഹത്തിന്.

ഈ രണ്ടു ഓഡിയോകളുടെ കാര്യം എടുക്കുക. അവ എത്തിയത് നമുക്ക് മുന്നിലാണെങ്കില്‍, നാമെന്ത് ചെയ്യും? രണ്ടു പേരും അറിയപ്പെടുന്ന ഡോക്ടര്‍മാര്‍. അവര്‍ പറയുന്നത്് ഇക്കാലത്ത് അതീവ നിര്‍ണായകമായ കാര്യം. അവ നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതിയോ? പോരാ. അപ്പോള്‍ പിന്നെന്തു ചെയ്യണം?  ഫോര്‍വേഡ് ചെയ്യുക തന്നെ. അനായാസം നന്‍മയുടെ കാവലാളാവാന്‍ കഴിയുന്നൊരു നിമിഷമാണത്. ആ ഓഡിയോയിലുള്ള ശബ്ദം ആരുടേതാണ് എന്നോ എന്തിനാണ് വ്യാജ മെസേജ് ആളുകള്‍ പ്രചരിപ്പിക്കുന്നത് എന്നോ അവ ആളുകളിലെത്തിയാല്‍ എന്താവും സംഭവിക്കുക എന്നോ പരിശോധിച്ചറിയുക കഷ്ടപ്പാടുള്ള കാര്യമാണ്. അപ്പോള്‍, അക്കാര്യം അവഗണിച്ച്, കഷ്ടപ്പാട് കുറഞ്ഞ വിധത്തില്‍ ചെയ്യാവുന്ന നന്‍മനിറഞ്ഞ ഒരേയൊരു ഓപ്ഷനാണ് ഫോര്‍വേഡ് ചെയ്യല്‍.

പ്രളയകാലത്തെ ഫേക്ക് മെസേജുകള്‍
നന്‍മ ചെയ്യാനുള്ള കടുത്ത ആഗ്രഹം നിമിത്തം സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ ഏറ്റവും പ്രകടമാവുക ദുരന്തങ്ങളുെട നേരത്തായിരിക്കും. സംശയമുള്ളവര്‍ കേരളത്തിലെ പ്രളയകാലങ്ങള്‍ ഓര്‍ക്കുക. ദുരന്തബാധിതരെയും രക്ഷാപ്രവര്‍ത്തകരെയും ബന്ധപ്പെടുത്താനുള്ള ഏറ്റവും കാര്യക്ഷമമായ ഉപാധി ആയിരുന്നു അന്ന് സോഷ്യല്‍ മീഡിയ. എത്രയോ മനുഷ്യര്‍ ഊണും ഉറക്കവുമില്ലാതെ, പൊതുനന്‍മ മുന്‍നിര്‍ത്തി സ്വന്തം ഫോണ്‍ ആയുധമായി ഉപയോഗിച്ചു. കുടുങ്ങിക്കിടക്കുന്ന സഹജീവികളുടെ വിവരങ്ങള്‍ പുറത്തറിയിക്കല്‍, രക്ഷാപ്രവര്‍ത്തന വിവരങ്ങള്‍ പുറത്തെത്തിക്കല്‍ - ഇവയെല്ലാം നടന്നത് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിലൂടെയായിരുന്നു. അതിനായി മെനക്കെട്ട ഓരോരുത്തര്‍ക്കും പൊതുനന്‍മയെച്ചൊല്ലിയുള്ള ഉത്തരവാദിത്തം മനസ്സിലുണ്ടായിരുന്നു. എന്നാല്‍, 'നന്‍മ' നിറഞ്ഞ മനുഷ്യര്‍ ഫോര്‍വേഡുകള്‍ തുടര്‍ന്നതോടെ തെറ്റായ വിവരങ്ങളുടെ ഒഴുക്കു തന്നെയുണ്ടായി. ആളുകളെ രക്ഷപ്പെടുത്തിയിട്ടും, അവര്‍ മുമ്പയച്ച മെസേജുകള്‍ സഹായമന്വേഷിച്ച് നടത്തം തുടര്‍ന്നു. ആരാണ് സത്യത്തില്‍ സഹായം അര്‍ഹിക്കുന്നത് എന്ന് മനസ്സിലാവാത്ത അവസ്ഥയുണ്ടായി.  കോള്‍ സെന്ററുകള്‍ വഴി ഏകോപിപ്പിക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകരാണ് അന്ന് ആ കുരുക്കുകള്‍ ഓരോന്നായി അഴിച്ചത്. അന്നും, ചിലര്‍ ഫേക്ക് മെസേജുകളുടെ വഴിക്കായിരുന്നു. മനുഷ്യര്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനും അവിശ്വാസം പരത്താനുമൊക്കെയായി അന്ന് വ്യാജമെസേജുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

അന്ന് പ്രളയജലത്തില്‍ പെട്ടവരായിരുന്നു വീടുകളില്‍ കുടുങ്ങിക്കിടന്നത്. മറ്റുള്ളവര്‍ പുറത്തുണ്ടായിരുന്നു. എന്നാല്‍ അതുപോലല്ല, ഇന്ന്. കൊറോണക്കാലം പുറത്തുള്ളവരെ കൂടി അകേേത്തക്ക് തെൡച്ചുകൊണ്ടു വന്നിരിക്കുന്നു. നമ്മളെല്ലാം വീടുകള്‍ക്കകത്ത് ലോക്ക് ഡൗണിലായിരിക്കുന്നു. നാലു ചുമരുകള്‍ക്കുള്ളില്‍നിന്നും പുറം ലോകവുമായി നമ്മെ കണ്ണി ചേര്‍ക്കുന്ന പ്രധാന ഉപാധിയായി മൊബൈല്‍ ഫോണ്‍ മാറിയിരിക്കുന്നു. ലോകത്തെ അറിയാനും ലോകത്തോട് സംവദിക്കാനും നമ്മുടെ കൈയിലുള്ള പ്രധാന ഉപാധി. അതിലേക്കും വന്നു ചേരുന്നുണ്ട് വിവരങ്ങള്‍. അവയില്‍ കൃത്യമായ വ്യക്തമായ വിവരങ്ങളുണ്ടാവാം, വ്യാജ സന്ദേശങ്ങളുണ്ടാവാം. ഒറ്റയടിക്ക് അവ യഥാര്‍ത്ഥമോ ഫേക്കോ എന്ന് തിരിച്ചറിയാനാവാത്തതിനാല്‍, കടിച്ചാല്‍ പൊട്ടാത്ത നുണകള്‍ പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിലേക്ക് നമ്മളും പോവാനിടയുണ്ട്. രോഗമില്ലാത്തവരുടെ ഫോട്ടോകള്‍ വെച്ച്, അവരെ സാമൂഹ്യമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന മെസേജുകള്‍ മുതല്‍ കൊവിഡ് രോഗികള്‍ ജീവനക്കാരായി ഉള്ളതിനാല്‍ ബാങ്കുകള്‍ അടച്ചിട്ട വ്യാജവിവരങ്ങള്‍ വരെ അതില്‍ കാണാം. കൊറോണ വൈറസിനെ ഇത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ എന്ന് കാര്യകാരണ സഹിതം വിശദീകരിക്കുന്ന വ്യാജവീഡിയോകള്‍ അവയിലുണ്ടാവാം. 2015 മുതല്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു തീപ്പിടിത്ത വീഡിയോയാണ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയതിനാല്‍ തീപ്പിടിത്തമുണ്ടായി എന്ന് പ്രചരിപ്പിക്കാന്‍ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ. എഫ് പി) റിപ്പോര്‍ട്ട് ചെയ്്തിരുന്നു. കൊറോണ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ മനുഷ്യരെ വഞ്ചിക്കാന്‍ ശ്രമിച്ച 177 മെസേജുകളാണ് ഈ വാര്‍ത്ത ഏജന്‍സി കണ്ടെത്തിയത്. (അവ കാണണോ, ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ.)

വ്യാജന്‍മാരെ എങ്ങനെ കണ്ടെത്താം
പറഞ്ഞു വന്നത് മഹാമാരിക്കാലത്തെ ഗത്യന്തരമില്ലായ്മയെക്കുറിച്ചാണ്. വ്യാജവാര്‍ത്തകളുടെ, നുണകളുടെ ഈ പ്രളയത്തെ തടുത്തുവെയ്ക്കാന്‍ ഉത്തരവാദപ്പെട്ട ഓരോരുത്തരും ആവുന്നത് ശ്രമിക്കുന്നുണ്ട്. സ്വന്തം പേരു ചീത്തയാക്കുന്ന ഫേക്ക് മെസേജുകള്‍ക്ക് ചങ്ങലയിടാന്‍ വാട്ട്‌സാപ്പ് തന്നെ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ആര്‍ക്കും എത്രയും ഫോര്‍വേഡ് ചെയ്യാവുന്ന അവസ്ഥ മാറ്റി അഞ്ച് പേര്‍ക്ക് മാത്രമേ ഒരു സമയത്ത് ഫോര്‍വേഡ് മെസേജ് അയക്കാനാവൂ എന്ന സംവിധാനമായിരുന്നു ആദ്യത്തേത്. എന്നാല്‍, അതൊന്നും കള്ളവാര്‍ത്തകളെ തടയാന്‍ പര്യാപ്തമായില്ല. ഫാക്ട് ചെക്കിംഗ് ഗ്രൂപ്പുകളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടും ഫേസ ബുക്കിന് കാര്യമായൊന്നും ചെയ്യാന്‍ കഴിയുന്നില്ല. ഒടുവില്‍ ഗതികെട്ട, വാട്ട്‌സാപ്പ് തന്നെ, വ്യാജ ഫോര്‍വേഡുകള്‍ കണ്ടെത്താനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. മെസേജുകളുടെ ആധികാരികത വാട്ട്‌സാപ്പില്‍ വെച്ചുതന്നെ സെര്‍ച്ച് ചെയ്തു കണ്ടെത്താനുള്ള സജ്ജീകരണമാണ് ഒരുങ്ങുന്നത്. ഇതോടൊപ്പമാണ്, കൊറോണ കാലത്തെ വ്യാജ സന്ദേശങ്ങളെ തടയാനായി ലോകാരോഗ്യ സംഘടനയും ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും (പി ഐ ബി) വാട്ട്‌സാപ്പിനൊപ്പം കൈകോര്‍ക്കുന്നത്.  +41798931892 എന്ന നമ്പറില്‍ ലോകാരോഗ്യ സംഘടനയും +918799711259 എന്ന നമ്പറില്‍ പി ഐ ബിയും വാട്ട്‌സാപ്പിലുണ്ട്. സംശയമുള്ള മെസേജുകള്‍ ഈ നമ്പറുകളിലേക്ക് അയക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം വാട്ട്‌സാപ്പ് തന്നെ, ഫേക്ക് മെസേജുകള്‍ എങ്ങനെ കണ്ടെത്താമെന്ന് മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. (അവ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്താല്‍ മതി.)

കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും, വ്യാജന്‍മാര്‍ക്ക് മണി കെട്ടുക അത്ര എളുപ്പമൊന്നുമല്ല. പ്രത്യേകിച്ചും വാട്ട്‌സാപ്പ് പോലുള്ള മെസേജിംഗ് ആപ്പുകളില്‍. നമ്മളോരോരുത്തരും പുലര്‍ത്തേണ്ട ജാഗ്രത മാത്രമാണ് ഇതിലേറ്റവും നിര്‍ണായകം. വാട്ട്‌സാപ്പ് ഫോര്‍വേഡുകളും പൊതുനന്‍മയും തമ്മില്‍ ഉണ്ടെന്ന വിധം നാം കൊണ്ടുനടക്കുന്ന  തലതിരിഞ്ഞ ബോധ്യങ്ങള്‍ ഇറക്കി വെയ്ക്കുകയാണ് അതില്‍ പ്രധാനം. മുന്നിലെത്തുന്ന ഒരൊറ്റ ഫോര്‍വേഡ് മെസേജിനെയും പൂര്‍ണ്ണമായി വിശ്വസിക്കാതിരിക്കുക, സംശയത്തോടെ കാര്യങ്ങളെ പരിഗണിക്കുക, നമുക്ക് ബോധ്യപ്പെടാത്ത ഒരു കാര്യവും മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യാതിരിക്കുക, ഇങ്ങനെ പലതുണ്ട് കഷ്ടപ്പാടുകള്‍. അപ്പോഴും പഠിച്ച കള്ളന്‍മാര്‍ കഷ്ടപ്പെട്ട് പണിയെടുത്തുണ്ടാക്കുന്ന വ്യാജന്‍മാര്‍ പല രൂപഭാവങ്ങളില്‍ നമ്മുടെ മുന്നിലെത്തുക തന്നെ ചെയ്യും.

ഉറപ്പാണ്, ഇപ്പോഴും കാസര്‍കോട്ടോ എറണാകുളത്തോ തിരുവനന്തപുരത്തോ ഇരുന്ന് ആരെങ്കിലുമൊക്കെ വായില്‍തോന്നിയത് എഴുതിവെച്ച് അതിന്റെ മോളില്‍ നാസ എന്ന് ആലേഖനം ചെയ്യുണ്ടാവും. ചാലക്കുടിയിലോ കഴക്കൂട്ടത്തോ കരുനാഗപ്പള്ളിയിലോ ഇരുന്ന് മറ്റാരെങ്കിലും പച്ചനുണകള്‍ ഒരുക്കിവെച്ച് അതിനു താഴെ യുനെസ്‌കോ എന്നു മതിയോ എന്നാലോചിക്കുന്നുണ്ടാവും. വിഷം കലക്കിയ നാക്കുമായി ഇവയെല്ലാം നമ്മളെത്തേടി അതിന്റെ യാത്രകള്‍ എപ്പോഴേ തുടങ്ങിയിട്ടുമുണ്ടാവും.

 

ആദ്യ ഭാഗം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ...

Latest Videos
Follow Us:
Download App:
  • android
  • ios