എല്ലാം കഴിഞ്ഞു പോരാന്‍ നേരം അവള്‍ക്കൊരു പിണക്കമുണ്ട്...

ഈ വാവേടെ കാര്യം: തനു സോജന്‍ എഴുതുന്നു 

Kuttikkatha a special series for parents by Thanu Sojan

കുഞ്ഞുങ്ങളുടെ വളര്‍ച്ചപോലെ മറ്റൊന്നില്ല. കുസൃതിയും കുറുമ്പും കളിചിരിയുമായി അവരുടെ കുഞ്ഞുന്നാളുകള്‍. കുട്ടികള്‍ വളര്‍ന്നാലും മാതാപിതാക്കളുടെ മനസ്സില്‍ അവരുടെ കുട്ടിക്കാലം അതേ പോലുണ്ടാവും.  നിങ്ങളുടെ പൊന്നോമനകളുടെ കുഞ്ഞുന്നാളിലെ രസകരമായ കഥകള്‍, അനുഭവങ്ങള്‍ ഞങ്ങള്‍ക്കെഴുതൂ. കുഞ്ഞിന്റെയും നിങ്ങളുടെയും ഫോട്ടോകളും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ കുട്ടിക്കഥ എന്നെഴുതാന്‍ മറക്കരുത്.

Kuttikkatha a special series for parents by Thanu Sojan
ഇടയ്ക്കിടെ കേള്‍ക്കാം, സ്വന്തം ഇഷ്ടങ്ങളെല്ലാം മറന്ന് മക്കളുടെ ഇഷ്ടങ്ങള്‍ സാധിച്ചു കൊടുക്കുന്നവരാണ് അമ്മമാരെന്ന്. 

എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുവാ, ഞാനുമത് തന്നെ. എന്റെ മോളുടെ ഇഷ്ടങ്ങള്‍ എങ്ങനെയും സാധിച്ചു കൊടുക്കുന്നത് അവള്‍ക്ക് വേണ്ടിയല്ല കേട്ടോ,  അത് എന്റെ സ്വാര്‍ത്ഥതയാണ്. സ്വന്തം സന്തോഷങ്ങള്‍ക്കു വേണ്ടിയുള്ള സ്വാര്‍ത്ഥത!

മോളെ പാര്‍ക്കില്‍ കൊണ്ടു പോകുന്നതും ബീച്ചില്‍ കൊണ്ട് പോകുന്നതും മാളില്‍ കൊണ്ടു പോകുന്നതും പുറത്തു നിന്ന് ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോകുന്നതും അവളുടെ വട്ട് കളികള്‍ക്ക് കൂടെ കൂടുന്നതും  എല്ലാം എനിക്ക് വേണ്ടിയാണ്. അവള്‍ മതിമറന്നു കളിക്കുന്നത് കണ്ടുസന്തോഷിക്കാന്‍.

സത്യം പറഞ്ഞാല്‍, അവള്‍ വന്ന ശേഷം ഞാന്‍ പോലും അറിയാതെ, പതിയെ പതിയെ എന്റെ ഇഷ്ടങ്ങളെന്നു പറയുന്നത്  ഒരൊറ്റ കാര്യത്തിലേക്ക് മാത്രം ചുരുങ്ങി പോയിരിക്കുന്നു. 'അവള്‍ സന്തോഷിക്കുന്നത് കാണുക' എന്ന ഒരൊറ്റ കാര്യത്തിലേക്ക്.

അല്ലെങ്കില്‍ പിന്നെ അവള്‍ വെക്കേഷനു അമ്മാമ്മേടെ അടുത്ത് പോയി നില്‍ക്കുമ്പോള്‍, അവള്‍ സന്തോഷിച്ചു കളിച്ചു ചിരിച്ചു വെക്കേഷന്‍ അടിച്ചു പൊളിച്ചു നടക്കുമ്പോള്‍, എന്തേ എനിക്കൊന്നു വീടിനു പുറത്തേക്ക് ഇറങ്ങാന്‍ പോലും തോന്നാത്തത്?  എന്തേ വീക്കെന്‍ഡ് പുറത്തു പോയി ഭക്ഷണം കഴിക്കാമെന്ന് കേട്ട്യോന്‍ പറയുമ്പോള്‍ യാതൊരു താല്‍പര്യവും ഇല്ലാതെ ഞാന്‍ വീട്ടില്‍ തന്നെ ചുരുണ്ടു കൂടിയിരിക്കുന്നത്?  എന്തേ എനിക്കും അവള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ടോപ്പ് സിംഗര്‍ പരിപാടി ടിവിയില്‍ ഒറ്റയ്ക്കിരുന്നു കാണുമ്പോള്‍ സങ്കടം വരുന്നത്?

ഒരൊറ്റ  ഉത്തരമേയുള്ളു. അവളാണ് ഇന്നെന്റെ സന്തോഷം. അതിനപ്പുറത്തേക്ക് 'എന്റെ സന്തോഷങ്ങള്‍ മറന്നുകൊണ്ട്  അവളുടെ സന്തോഷങ്ങള്‍ സാധിച്ചു കൊടുത്തു എന്നു പറയാന്‍'.  അവളെ കൂടാതെ എന്‍േറത് മാത്രമായ ഒരു സന്തോഷമിന്നെനിക്കില്ല.

അവളുടെ ആ കളിചിരികള്‍ കാണുമ്പോഴുള്ള സന്തോഷമാണ് എന്റെ മനസ്സിനുള്ള ഇന്ധനം

Kuttikkatha a special series for parents by Thanu Sojan

തീര്‍ത്താലും തീര്‍ത്താലും തീരാത്ത ജോലിത്തിരക്കുള്ളപ്പോഴും  എങ്ങനെയെങ്കിലുമൊക്കെ സമയമുണ്ടാക്കി ഞാന്‍ അവളെ പാര്‍ക്കില്‍ കൊണ്ടു പോകും. ഇഷ്ടമുള്ളിടത്തോളം സമയം കളിപ്പിക്കും. കപ്പലണ്ടി വാങ്ങി കൊടുക്കും. ബബിള്‍ വാങ്ങി ഊതി കളിപ്പിക്കും. ചില ദിവസങ്ങളില്‍ ഹൈഡ്രജന്‍ ബലൂണ്‍ വാങ്ങി കൊടുക്കും. അങ്ങനെ അങ്ങനെ അവള്‍ കളിക്കുന്നത് നോക്കി നില്‍ക്കും, ഇടയ്ക്ക് അവളുടെ കൂടെ കളിക്കും, ചിരിക്കും, ചിലപ്പോള്‍ നാട്ടുകാര്‍ എന്തു കരുതും എന്നുപോലുമോര്‍ക്കാതെ അവളുടെ 'try to catch me' കേള്‍ക്കുമ്പോള്‍ അവളെ പിടിക്കാന്‍ പിന്നാലേ ഓടും.  

അങ്ങനെയങ്ങനെ അവള് സന്തോഷിക്കുന്നത് കാണുമ്പോള്‍ മനസ്സു നിറയും.

എല്ലാം കഴിഞ്ഞു പോരാന്‍ നേരം ഒരു പിണക്കമുണ്ട്. ചിലപ്പോള്‍ ഐസ് ക്രീം വേണമെന്ന് വാശി പിടിച്ചാകും.  അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ കളിച്ചിട്ടും മതിയാകാതെയാകും. ചിലപ്പോള്‍ വാങ്ങി കൊടുത്ത ഹൈഡ്രജന്‍ ബലൂണ്‍ പറന്നു പോയിട്ടു വേറെയൊരെണ്ണം വാങ്ങി കൊടുക്കാത്തതിനാകും. അതുമല്ലെങ്കില്‍ വീട്ടിലെത്തിയാല്‍ ഉടനെ കുളിക്കാന്‍ വരണം എന്നു പറഞ്ഞ കേട്ടു ദേഷ്യം വന്നിട്ടാകും. 

കാരണം എന്തോ ആവട്ടെ, ഒരു പിണക്കം, അതുറപ്പാണ്!

പിന്നെയാണ് ഞാനങ്ങു ഭദ്രകാളി വേഷം കെട്ടുന്നത്. 'ഇല്ലാത്ത നേരമുണ്ടാക്കി കളിക്കാന്‍ കൊണ്ടന്നട്ട് ഓരോന്നും പറഞ്ഞു പിണങ്ങിക്കോ. ഇനി മേലാല്‍ പാര്‍ക്കില്‍ കൊണ്ട് വരുമെന്ന് നീ വിചാരിക്കേണ്ട. ഇന്നത്തോടെ തീര്‍ന്നു നിന്റെ പാര്‍ക്കില്‍ വരവ്'.  

ഇങ്ങനെ നീളും എന്റെ പാരായണം.

എന്നിട്ടെന്താ?

അടുത്ത വീക്കെന്‍ഡ് വീണ്ടും  അവളേയും കൊണ്ട് ഇറങ്ങും. പാര്‍ക്കിലേക്കോ ബീച്ചിലേക്കോ മാളിലേക്കോ പോവും. 

എന്തിനാ? കാര്യം നിസ്സാരം. അവള് മതിമറന്ന് ഓടികളിക്കുന്നത് കണ്ടിട്ടു വേണം എനിക്ക് സന്തോഷിക്കാന്‍.

അവളുടെ ആ കളിചിരികള്‍ കാണുമ്പോഴുള്ള സന്തോഷമാണ് എന്റെ മനസ്സിനുള്ള ഇന്ധനം

അവളുടെ അമ്മ എന്നതില്‍ മാത്രം ഒതുങ്ങിക്കൂടാതെ, ഒരു വ്യക്തി എന്ന നിലയില്‍ എന്റെ ഐഡന്റിറ്റി കാത്തുസൂക്ഷിച്ചു എന്റെ ലക്ഷ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പിന്നാലെ സഞ്ചരിക്കാനുള്ള ഇന്ധനം. 

ഭാവിയില്‍ ആരെപോലെയാകണം എന്നു ചോദിച്ചാല്‍ 'അമ്മയെപോലെയാകണം'  എന്നു അവള്‍ക്കു ഉത്തരം പറയാന്‍ കഴിയത്തക്ക രീതിയിലുള്ള ഒരു ജീവിതം അവള്‍ക്കു മുന്‍പില്‍ ജീവിച്ചു കാണിക്കാന്‍ എനിക്ക് ഊര്‍ജ്ജം പകരുന്ന ഇന്ധനം!

ഈ വാവേടെ ഒരു കാര്യം. ഈ പംക്തിയില്‍ വന്ന മറ്റ് കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios