Climate Change : പരിസ്ഥിതിനാശവും കാലാവസ്ഥാ വ്യതിയാനവും കളിയല്ല, നമ്മള്‍ ദുരന്തങ്ങളുടെ മുനമ്പിലാണ്!
ഇടുക്കിയില്‍ മരം വെട്ടിയാല്‍ അത് ആദ്യം ബാധിക്കുന്നത് കോട്ടയവും എറണാകുളവും പോലുള്ള അയല്‍ ജില്ലകളെയാകാം. രാജ്യത്ത് ഏറ്റവും അധികം ഇടി മിന്നല്‍ അപകടങ്ങളും മരണവും സംഭവിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
ലോകമേ തറവാട്, തനിക്കീ ചെടികളും
പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍
ത്യാഗമെന്നതെ നേട്ടം താഴ്മതാന്‍ അഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നതെന്‍ ഗുരുനാഥന്‍.
വള്ളത്തോള്‍ നാരായണമേേനാന്‍
കുറേയധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ശബരിമലയില്‍ വിഷു ദര്‍ശനം റിപ്പോട്ട് ചെയ്ത ശേഷം മടങ്ങുകയായിരുന്നു ഞങ്ങള്‍. തല്‍സമയ സംപ്രേഷണം ഒന്നുമില്ലാത്ത കാലം. പകര്‍ത്തിയ ദൃശ്യങ്ങളുമായി മലയിറങ്ങി തിരുവന്തപുരത്തോ കൊച്ചിയിലോ കുതിച്ചെത്തണം. അത്തരമൊരു തിരക്കിട്ടോട്ടത്തില്‍ പൂങ്കാവനം താണ്ടുമ്പോഴാണ് ആ മനോഹര കാഴ്ച കണ്ടത്. പച്ചക്കാടുകളുടെ ഒത്ത നടുവില്‍ അഗ്‌നി വിടരും പോലെ ഒരു മരം പൂത്തുലഞ്ഞു നില്‍ക്കുന്നു. ചുമ്മാതല്ല കവി ഭാവന അതിന് 'ഫ്‌ളെയിം ഓഫ് ദ ഫോറസ്റ്റ്' എന്ന് പേരിട്ടത്. ക്യാമറാമാനായ വിനോദ് നന്നായി തന്നെ ചിത്രങ്ങള്‍ പകര്‍ത്തി. തിരികെ ഓഫീസിലെത്തി വിഷു സ്റ്റോറി എഡിറ്റ് ചെയ്ത് നല്‍കി. അടുത്ത ദിവസം പൂങ്കാവനത്തിലെ ആ മനോഹര പൂമരത്തെക്കുറിച്ച് ഒരു ദൃശ്യകഥ ഒരുക്കാനായി തുടങ്ങിയപ്പോഴാണ് ഒരു സംശയം വന്നത്. ഏത് മരമാണതെന്ന് ഉറപ്പില്ല. അത് സ്ഥിരീകരിക്കാന്‍ സുഹൃത്തായ ബോട്ടണി അദ്ധ്യാപകന്‍ തോമസിനെ വിളിച്ചു. അടുത്ത ദിവസം തിരുവനന്തപുരത്ത് വരുമ്പോള്‍ അത് നോക്കി പറയാമെന്ന് തോമസ് പറഞ്ഞു. ഓഫീസില്‍ വന്ന് ദൃശ്യം കണ്ട തോമസിന് ആകെ സംശയം. ഗുല്‍മോഹറെന്നും ജക്രാന്തയെന്നും അറിയപ്പെടുന്ന ഇവ മെയ് മാസത്തില്‍ പുഷ്പിക്കുന്നതിനാല്‍ മെയ്ഫ്‌ളവറെന്നും അറിയപ്പെടുന്നു. മഡഗാസ്ഗറില്‍ നിന്ന് കപ്പലേറി വന്ന് നമ്മുടെ റോഡ് വക്കിനെ അലങ്കരിക്കുന്ന ഇവ ശബരിമലയിലെ നിത്യഹരിത വനത്തില്‍ വരാന്‍ സാധ്യതയില്ല. അഥവാ വന്നിട്ടുണ്ടെങ്കില്‍ അത് നിത്യഹരിത വനത്തില്‍ നിന്ന് ഇലപൊഴിയും വനത്തിലേള്ള അപചയമാണ്. അങ്ങനെ വാര്‍ത്തയുടെ അവസാനം നല്‍കാനെടുത്ത ഒരു സാധാരണ കാഴ്ചയുടെ കഥ ശബരിമല പൂങ്കാവനത്തിനുണ്ടായ ജൈവാപചയത്തിന്റെ ഗൗരവ റിപ്പോര്‍ട്ടായി .
കഴിഞ്ഞ ദിവസം പുറത്തു വന്ന മറ്റൊരു റിപ്പോട്ട് പറയുന്നത് ഇടുക്കിയിലെ ഏലത്തോട്ടങ്ങളില്‍ അന്യമാകുന്ന വൃക്ഷ സമ്പത്തിനെപ്പെറ്റിയാണ്. ഏലച്ചെടികള്‍ക്ക് വെയില്‍ ക്രമപ്പെടുത്തി നല്‍കാനായി വന്‍ മരങ്ങളുടെ കൊമ്പുകള്‍ വെട്ടിയൊതുക്കാറുണ്ട്. ഫലത്തില്‍ ഈ മരങ്ങള്‍ കാലക്രമേണ ഈ പ്രദേശങ്ങളില്‍ നിന്ന് അന്യമാവുകയാണ്. മരം വെട്ടി മാറ്റാന്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് ഉടുമ്പന്‍ ചോലയിലേയും പീരുമേട്ടിലേയും വനഭൂമി ഏലക്കൃഷിക്കായി പാട്ടത്തിന് നല്‍കിയത്. ഈ വ്യവസ്ഥ മറികടക്കാനാണ് കൊമ്പ് വെട്ടി ആ വന്‍ വൃക്ഷങ്ങളെ അകാലമൃത്യുവിലേക്ക് നയിക്കുന്നത്. പരമ്പരാഗത ഏലച്ചെടികള്‍ക്ക് തണല്‍ അനിവാര്യമായിരുന്നു. എന്നാല്‍ പുതിയ ഇനം ഏലത്തിന് അത്ര തണല്‍ വേണ്ട. ഫലത്തില്‍ ഇത് വന്‍ മരങ്ങളുടെ വംശനാശത്തിലേക്ക് നയിക്കുകയാണ്.
ഏലകൃഷിക്കായി അടിക്കാട് തെളിക്കുന്നതിനാല്‍ കാട് സ്വാഭാവികമായി പുനര്‍ജനിക്കുന്നില്ല. ഫലത്തില്‍ വെടി പ്‌ളാവ്, വെള്ള പൈന്‍, നങ്ക്, ചോരക്കാലി തുടങ്ങിയ പല മരങ്ങളും ഈ ഭാഗത്ത് വംശനാശ ഭീഷണി നേരിടുകയാണ്. ഈ പ്രദേശങ്ങളിലെ മൂന്നിലൊന്ന് സസ്യങ്ങളും സഹ്യപര്‍വ്വതത്തിലെ മറ്റ് ഭാഗങ്ങളില്‍ പോലും കാണാത്ത എന്‍ഡമെക്കിക്ക് ഗണത്തില്‍പ്പട്ടവയാണ്. സസ്യ ശാസ്ത്രജ്ഞന്‍ ജോമി അഗസ്റ്റിന്‍ നടത്തിയ പഠനത്തില്‍ ഇവിടെ കണ്ടെത്തിയ 1044 പുഷ്പിക്കുന്ന സസ്യ ഇനങ്ങളില്‍ 396-ഉം എന്‍ഡെമിക്ക് ഗണത്തില്‍പ്പെട്ടതാണ്. അതില്‍ 38 എണ്ണം അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നവയുമാണ്. കുറച്ച് തണല്‍ മാത്രം ആവശ്യമുള്ള അത്യുത്പാദന ശേഷിയുള്ള ഏല ചെടികളുടെ വ്യാപനം പല സസ്യങ്ങളുടെയും വംശനാശത്തിലേക്ക് നയിക്കുന്നതായി വന ഗവേഷകര്‍ പറയുന്നു. ഇത് മൂലം ഏലക്കാടുകളുടെ താപനില ഉയരുകയാണ്. പടിഞ്ഞാറു നിന്നുള്ള ഉഷ്ണക്കാറ്റിനെ തടുക്കുന്നത് ഇവിടത്തെ വന്‍ മരങ്ങളും കൊച്ചു പുല്‍നാമ്പുകളുമുള്‍പ്പെട്ട ആവാസ വ്യവസ്ഥയാണ്. അവ ഇല്ലാതാകുന്നതോടെ ഇവിടത്തെ താപനില ഉയര്‍ന്ന് ഏലക്കൃഷി തന്നെ സാധ്യമാകാതെ വരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചൂടു കൂടുന്ന പ്രശ്‌നം അവിടെ തീരുന്നില്ല. ഇടുക്കിയില്‍ മരം വെട്ടിയാല്‍ അത് ആദ്യം ബാധിക്കുന്നത് കോട്ടയവും എറണാകുളവും പോലുള്ള അയല്‍ ജില്ലകളെയാകാം. രാജ്യത്ത് ഏറ്റവും അധികം ഇടി മിന്നല്‍ അപകടങ്ങളും മരണവും സംഭവിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലാകട്ടെ ഏറ്റവും അധികം മിന്നല്‍ ദുരന്തം നേരിടേണ്ടി വന്ന ജില്ല കോട്ടയമാണ്. തൊട്ടടുത്തായി ഇടുക്കിയും എറണാകുളവും. 1979 മുതല്‍ 2011 വരെയുള്ള കണക്കുകള്‍ പരിശോധിച്ച് ഭൗമ സാങ്കേതിക വിദ്യാ വിദഗ്ദ്ധരായ ദില്ലിയിലെ ആര്‍.എം.എസ്.ഐയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മുന്‍പൊക്കെ തുലാമഴക്കാലത്താണ് ഇടിമിന്നല്‍ കൂടുതലായി കണ്ടു വന്നിരുന്നത്. എന്നാലിപ്പോള്‍ രാജ്യത്തെ പൊതു പ്രവണതയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഏപ്രില്‍ മേയ് മാസങ്ങളിലാണ് ഇടി മിന്നല്‍ അപകടങ്ങള്‍ കൂടുതല്‍ കണ്ടു വരുന്നത്. അടുത്ത വര്‍ഷങ്ങളില്‍ അപകടങ്ങളും മരണങ്ങളും ഏറി വരുന്നതായും കണക്കുകള്‍ പറയുന്നു. ആഗോള താപനത്തിനൊപ്പം പ്രാദേശികമായി അന്തരീക്ഷത്തിലെ ജലാംശം ഉയരുന്നതും ഉഷ്ണ വായു പ്രവാഹവുമാണ് ഇടിമിന്നലിന് കാരണമാകുന്നതെന്നും മുരാരി ലാലിന്റെ നേതൃത്തിലെ പഠനം ചൂണ്ടി കാട്ടുന്നു. താപനിലയിലെ ചെറിയ വ്യതിയാനം പോലും വലിയ ഇടി മിന്നലായി പര്‍വതീകരിക്കാം. ഒരു ഡിഗ്രി താപനില ഉയരുമ്പോള്‍ 12 ഇരട്ടി വരെ ഇടിമിന്നലുകള്‍ പര്‍വ്വതീകരിക്കാമെന്ന ഭയാനകമായ കണക്കും പുറത്തു വന്നിരിക്കുന്നു.
ഒരു മരം പുതുതായി ഒരു ആവാസ വ്യവസ്ഥയില്‍ വരുന്നത് കൊണ്ടോ ഒരു മരം അവിടം നിന്ന് ഇല്ലാതാകുന്നതോ കൊണ്ട് എന്ത് കുഴപ്പമെന്ന് ചോദിക്കുന്നവരുണ്ടാകും. ഒരു മരം മറ്റ് പല ജീവികളുടെയും അഭയ സ്ഥാനമാണ് . സൂക്ഷ്മ ജീവികള്‍ മുതല്‍ ആനയെപോലെയുള്ള വന്‍ സസ്തിനികള്‍ വരെ ഇവയെ ആശ്രയിച്ചാണ് കഴിയുന്നത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് പക്ഷികളുടെയും മൃഗങ്ങളുടെയും കൂടുമാറ്റം നടക്കും. പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് കടക്കുമ്പോള്‍ അതിജീവനത്തിന് അവര്‍ക്ക് അത്താണിയാവേണ്ട ഘടകങ്ങളുണ്ട്. ദേശാടന പക്ഷികള്‍ ഭുഖണ്ഡങ്ങള്‍ താങ്ങിയെത്തുമ്പോള്‍ അവയ്ക്ക് കൂടാവാന്‍ അവ ആ ആവാസ വ്യവസ്ഥയില്‍ പ്രതീക്ഷിക്കുന്ന മരങ്ങളുണ്ട്. അവിടത്തെ തണ്ണീര്‍ തടങ്ങളെ ആശ്രയിച്ചാണ് അവരുടെ ഭക്ഷണം. കാലാവസ്ഥാ വ്യതിയാനം മൂലം ഒരു മരം പുഷ്പിക്കാന്‍ വൈകുന്നത് പോലും പക്ഷികളെ കുഴപ്പത്തിലാക്കാം. തേനീച്ചയും വണ്ടും കിളിയുമൊക്കെ ഒരു പ്രദേശത്ത് വന്നില്ലെങ്കില്‍ അവിടെ സസ്യങ്ങളില്‍ പരാഗണം നടക്കാതെ ഭക്ഷ്യോത്പാദന പ്രക്രിയ തന്നെ താളം തെറ്റാം.
ചെള്ള് പനി, തക്കാളി പനി, കുരങ്ങു പനി, എലിപ്പനി എന്നൊക്കെ പേരിലുള്ള അസുഖങ്ങള്‍ അടുത്ത കാലത്തായി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് നമ്മുടെ ഉഷ്ണമേഖലാ അഥവാ ട്രോപ്പിക്കല്‍ പ്രദേശങ്ങളില്‍ ആണ് കൂടുതലായി കാണപ്പെടുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ചൂടു വര്‍ദ്ധിക്കുമ്പോള്‍ ഇതുവരെ കാര്യമായി മനുഷ്യരെ ബാധിക്കാതിരുന്ന പല രോഗാണുക്കളും സൂക്ഷ്മാണുക്കള്‍ അതായത് മൈക്രാബ്‌സും പരാദങ്ങള്‍ അഥവാ പാരസൈറ്റസും ഉഷാറാകും. ഇവയുടെ വെക്‌റ്റേഴ്‌സ് അഥവാ രോഗാണുക്കളെ പരത്തുന്നവ പ്രകടമായി കാണപ്പെടുകയും വളരുകയും ചെയ്യും. ഇതുവരെ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരുന്ന പല രോഗാണുക്കളും വ്യാപകമായി രോഗങ്ങള്‍ പടര്‍ത്താന്‍ ഇതിടയാക്കുമെന്ന് സസ്യ ശാസ്ത്ജ്ഞ്ജന്‍ തോമസ് പി തോമസ് ചൂണ്ടി കാട്ടുന്നു. മനുഷ്യ സാനിധ്യം മുമ്പില്ലാതിരുന്ന ഇടങ്ങളില്‍ സുഷുപ്തിയിലായിരുന്ന രോഗാണുക്കള്‍ അവരുടെ ആവാസ വ്യവസ്ഥക്ക് ഇളക്കം തട്ടിയതോടെയാണ് കോവിഡ് ആവിര്‍ഭവിച്ചതെന്ന വാദമുണ്ട്. നിലവിലുള്ള രോഗങ്ങളെ നേരിടാന്‍ വര്‍ഷങ്ങളായി ഗവേഷണത്തിലൂടെ ആര്‍ജ്ജിച്ച മിക്ക മരുന്നുകളും ആന്റി ബയോട്ടിക്കുകളും ഉപയോഗപ്പെടാതെ പോകും. പുതിയ മരുന്നുകള്‍ കണ്ടെത്തേണ്ടതായി വരും. കൂടാതെ പുതിയ ചികിത്സാ നടപടിക്രമങ്ങള്‍ പ്രായോഗികതലത്തില്‍ എത്താന്‍ വളരെ വര്‍ഷങ്ങള്‍ വേണ്ടി വരും.ചുരുക്കത്തില്‍ ഈ ഇടക്കാലത്ത് ഇത്തരം 'പുതിയ' അസുഖങ്ങള്‍ മൂലവും പകര്‍ച്ചവ്യാധികള്‍ മൂലവും ധാരാളം മരണങ്ങള്‍ സംഭവിക്കാം. ഇതുവരെ അങ്ങിങ്ങായി കണ്ടു വന്നിരുന്ന, നമ്മള്‍ കേള്‍ക്കാത്ത, അസുഖങ്ങള്‍ ഇനി വ്യാപകമാകും. ാലാവസ്ഥാ മാറ്റം മൂലം ഇപ്പോള്‍ വ്യാപകമായി കാണുന്ന പല അസുഖങ്ങളും കുറഞ്ഞുവരുകയും ചെയ്യും. മനുഷ്യരെ ബാധിക്കുന്നത് മാത്രമല്ല വിളകളെയും ജന്തുജാലങ്ങളെയും ബാധിക്കുന്ന 'പുതിയ രോഗങ്ങള്‍' വ്യാപകമാകും. പുതിയ കീടങ്ങളും, അത് പകര്‍ത്തുന്ന ജീവികളും , കളകളും പ്രത്യക്ഷമാകും. ഇവയെ നിയന്ത്രിക്കാനായി പുതിയ പരിപാലന സമ്പ്രദായങ്ങള്‍ തയ്യാറാകുന്നവരെ വലിയ സാമ്പത്തിക നഷ്ടം മനുഷ്യരാശിക്ക് ഉണ്ടാകും .
വനത്തെയും പരിസ്ഥിതി ലോല പ്രദേശങ്ങളേയും അവയ്ക്കു ചുറ്റുമുള്ള കരുതല്‍ പ്രദേശങ്ങളെയും സംരക്ഷിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുമ്പോള്‍ അതിലെ വസ്തുത മനസ്സിലാക്കാതെ അതിനെ പരിഹസിക്കുന്ന പ്രവണത ഏറി വരുന്നുണ്ട്. ആ പ്രദേശങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് വേണ്ടാത്ത പരിഗണന അവിടത്തെ സസ്യങ്ങള്‍ക്കും ജീവികള്‍ക്കും വേണോയെന്നാണ് മറു ചോദ്യമുയരുന്നത്. പ്രത്യക്ഷത്തില്‍ ന്യായമെന്ന് തോന്നാവുന്ന വാദം. എന്നാല്‍ പരസ്പരം ആശ്രയിക്കാതെ പ്രകൃതിയിലെ ഒരു ജീവജാലങ്ങള്‍ക്കും അത് മനുഷ്യനായാലും ജീവിക്കാനാകില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് വസുദൈവ കുടുംബം എന്ന ദര്‍ശനം ഭാരതത്തില്‍ ആവിര്‍ഭവിച്ചത്. വേദങ്ങളിലും ഉപനിഷത്തുകളിലും പരാമര്‍ശിക്കപ്പെടുന്ന ഈ തത്വം നമ്മുടെ പാര്‍ലമെന്റ് കവാടത്തെയും അലങ്കരിക്കുന്നുണ്ട്. ഒരാള്‍ ബന്ധുവും മറ്റേയാള്‍ അപരനുമെന്ന് ചെറിയ മനസ്സുള്ളവര്‍ക്കേ പറയാനാകൂയെന്നാണ് വേദവാക്യം.