എക്സിന് പൂട്ടിട്ട് ബ്രസീലില്‍ ജസ്റ്റിസ് മോറൈസിന്‍റെ 'ഇന്‍റർനെറ്റിന്‍റെ ശുദ്ധികലശം'
ഏപ്രിലിൽ ജഡ്ജിയെ 'ഏകാധിപതി'യെന്ന് വിളിച്ചുകൊണ്ടായിരുന്നു മസ്കിന്‍റെ രംഗപ്രവേശം. പിന്നാലെ രാജ്യത്തെ വലതുപക്ഷം മസ്കിനെ രക്ഷകനാക്കി അവതരിപ്പിച്ചു. മറുപക്ഷത്ത് ഇടത്പക്ഷം ഒറ്റയടിക്ക് ജഡ്ജിയുടെ ആരാധകരായി മാറി.
ടെലിഗ്രാം സ്ഥാപകനെ പിന്തുണച്ചെത്തിയ മസ്കിനും നല്ല കാലമല്ല. മസ്കിന്‍റെ 'എക്സി'ന് ബ്രസീലിൽ നിരോധനം. മാസങ്ങളായി പ്രശ്നങ്ങൾ തുടങ്ങിയിട്ട്. പക്ഷേ, അവസാനിച്ചെന്ന് പറയാറായിട്ടില്ല. നിലവില്‍ സസ്പെന്‍ഷനിലാണ്. കോടതി ഉത്തരവുകൾ പാലിച്ച്, പിഴയെല്ലാം അടച്ചാൽ എക്സിന് ബ്രസീലില്‍ തിരിച്ചെത്താം. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനാണ് ഇപ്പോഴത്തെ നടപടി.
മാസങ്ങൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിലാണ് കോടതി നടപടി.'ഉടനടി പൂർണം, സമഗ്രം'. എക്സ് നിരോധനത്തിന്‍റെ ഉത്തരവ് അങ്ങനെയാണ്. ഉത്തരന് നടപ്പാക്കാന്‍ കോടതി ദേശീയ വാർത്താവിനിമയ ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നിരോധനം മറികടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ 8,900 ഡോളർ പിഴയെന്നും മുന്നറിയിപ്പുണ്ട്. ബ്രസീലിന്‍റെ മുൻ പ്രസിഡന്‍റ് ജെയിർ ബോൾസോനാരോ (Jair Bolsonaro) ആണ് കാരണക്കാരൻ. ലുല ദ സിൽവ അധികാരത്തിലേറുന്നത് തടയാൻ ബോൾസോനാരോ സംഘം അട്ടിമറിക്ക് ശ്രമിച്ചു. അത് നടന്നത് എക്സിലൂടെയാണ്, എന്നാണ് ആരോപണം. പല അക്കൗണ്ടുകളും സുപ്രീംകോടതി ജസ്റ്റിസ് അലക്സാന്‍ഡ്ര ദി മോറൈസ് (Alexandre De Moraes -55) സസ്പെൻഡ് ചെയ്തിരുന്നു. ഏപ്രിലിലാണ് മസ്കിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അതും നിരോധിച്ച അക്കൗണ്ടുകൾ റീ ആക്ടിവേറ്റ് ചെയ്യാൻ ശ്രമിച്ചു എന്ന കുറ്റത്തിന്. പുതിയൊരു പ്രതിനിധിയെ കണ്ടെത്താൻ 24 മണിക്കൂർ നൽകിയത് ബുധനാഴ്ച. അല്ലെങ്കിൽ സസ്പെൻഷൻ അതായിരുന്നു അന്ത്യശാസനം. മസ്ക് അനുസരിക്കാൻ തയ്യാറായില്ല. അങ്ങനെ സസ്പെൻഷൻ നടപ്പിലായി.
ആപ്പിള്‍, ഗൂഗിള്‍ എന്നിവർക്കും ജഡ്ജി അന്ത്യശാസനം നൽകി. ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് എക്സ് നീക്കം ചെയ്യാൻ 5 ദിവസം. എക്സ് ഉപയോഗിക്കുന്ന വിപിഎൻ നെറ്റ് വർക്കുകൾക്ക് ഇനി പിഴശിക്ഷ. അങ്ങനെ പലതരത്തിലാണ് എക്സിന് ജഡ്ജി പൂട്ടിട്ടിരിക്കുന്നത്. പോരാത്തതിന് മസ്കിന്‍റെ സ്പേസ് എക്സ് കമ്പനിയുടെ കീഴിലുള്ള സ്റ്റാർലിങ്കിന്‍റെ ആസ്തികളും ജഡ്ജി മരവിപ്പിച്ചു. 2022 -ൽ സ്റ്റാർലിങ്കിന് പ്രവർത്തനാനുമതി നൽകിയത് ബോൾസോനാരോ ആണ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് നൽകുന്നതിലാണ് സ്റ്റാർലിങ്കിന്‍റെ വൈദഗ്ധ്യം. അതുകൊണ്ട് തന്നെ ബ്രസീലിലും ആമസോണിന്‍റെ വിദൂര മേഖലകളിലും സ്റ്റാർലിങ്കിന് സാധ്യതകളേറെയാണ്. ഇപ്പോൾ തന്നെ ബ്രസീലില്‍ സ്റ്റാർലിങ്കിനുള്ളത് രണ്ടരലക്ഷം ഉപയോക്താക്കളാണ്.
മക്രോണുമായി സൗഹൃദം പക്ഷേ, രഹസ്യങ്ങള്‍ ഒളിപ്പിച്ച് ടെലഗ്രാം, ഒടുവില്‍ പാവേൽ ദുറോവ് അറസ്റ്റിൽ
(ജസ്റ്റിസ് അലക്സാന്‍ഡ്ര ദി മോറൈസ്)
ജസ്റ്റിസ് അലക്സാന്‍ഡ്ര ദി മോറൈസ്
ജസ്റ്റിസ് മോറൈസ് ചില്ലറക്കാരനല്ല. ജനാധിപത്യത്തിനെതിരായി ഓൺലൈനിൽ രൂപമെടുക്കുന്ന ഭീഷണികൾ നേരിടാനുള്ള ചുമതലയാണ് അദ്ദേഹത്തിന് സുപ്രീംകോടതി നൽകിയിരിക്കുന്നത്. 140 അക്കൗണ്ടുകൾ നീക്കം ചെയ്യാനാണ് എക്സിനോട് മോറൈസ് ആവശ്യപ്പെട്ടത്. അതിൽ ചിലത് കോൺഗ്രസിലും സുപ്രീംകോടതിയിലും തള്ളിക്കയറിയ തീവ്രവലതുപക്ഷത്തെ പിന്തുണക്കുന്നതുമാണ്. ബോൾസോനാരോയ്ക്കെതിരെ പല അന്വേഷണങ്ങളും നയിച്ചിരുന്നു ജസ്റ്റിസ് മോറെയിസ്. ബോൾസോനാരോയുടെ ഇനിയൊരു മത്സരയോഗ്യതയെയും അദ്ദേഹം ചോദ്യം ചെയ്തു.
രാജ്യത്തെ ഇടത്പക്ഷം ഒറ്റയടിക്ക് ജഡ്ജിയുടെ ആരാധകരായി മാറി. ഏപ്രിലിലാണ് മസ്ക് രംഗപ്രവേശം ചെയ്തത്. അതും ജഡ്ജിയെ 'ഏകാധിപതി'യെന്ന് വിളിച്ചുകൊണ്ട്. പിന്നാലെ വലതുപക്ഷം മസ്കിനെ രക്ഷകനാക്കി അവതരിപ്പിച്ചു. പക്ഷേ, എക്സിനെതിരെ മുന്നറിയിപ്പ് നൽകുകയും മസ്കിനെയും അന്വേഷണ പരിധിയിൽപ്പെടുത്തുകയും ചെയ്തതോടെ എക്സ് സമവായ കത്ത് അയച്ചു. മസ്ക്, ആ നിലപാട് പെട്ടെന്നങ്ങ് പിൻവലിച്ചു. അങ്ങനെയാണ് നടപടികളുണ്ടായത്. ജസ്റ്റിസ് മോറെയിസിന്‍റെ പൂട്ടുകൾ തുറക്കാൻ ഇനി മസ്ക് കോടതിയെ അനുസരിക്കുമോ എന്നാണറിയേണ്ടത്. 'ആവശ്യമില്ലാത്ത സെൻസറിംഗ്' എന്ന് മസ്കും 'ഇന്‍റർനെറ്റിന്‍റെ ശുദ്ധികലശ'ത്തിന് മസ്ക് തടസമെന്ന് ജഡ്ജും ആരോപിക്കുന്നു.
ബ്രസീലിൽ 22 മില്യൻ ഉപയോക്താക്കളുണ്ട് എക്സിന്. എക്സിനെതിരെ മാത്രമല്ല ബ്രസീലിൽ നടപടിയുണ്ടായിട്ടുള്ളത്. ടെലിഗ്രാമിനെതിരെ നടപടിയുണ്ടായത് കഴിഞ്ഞ വർഷമാണ്. ചില പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യാത്തതിന് താൽകാലിക നിരോധനമാണ് ഉണ്ടായത്. മെറ്റയുടെ വാട്സാപ്പിനും താൽകാലിക നിരോധനം നേരിടേണ്ടി വന്നിട്ടുണ്ട്. 2015 -ലും 16 -ലും. ഉപയോക്താക്കളുടെ വിവരങ്ങൾ നൽകണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയതിനായിരുന്നു നടപടി. മസ്കിന് ഇത് നഷ്ടക്കച്ചവടമാണ്. വരുമാനം, മാർക്കറ്റ് ഷെയർ, എല്ലാം കുറയും. പിന്നെ സ്വാധീനവും. ജഡ്ജിക്കെതിരെ രൂപീകരിക്കാൻ ശ്രമിച്ച പിന്തുണ ഇതിനൊക്കെ പകരമാവുമോ എന്നതും സംശയം.
അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കമല ഹാരിസിന് പിന്നിലായി ട്രംപ്