ഗാസയില്‍ ഹമാസിന് പിന്തുണ നഷ്ടമാകുന്നുവോ?
ഇപ്പോഴും ഹമാസിനോട് കടുത്ത കൂറുള്ളവരുണ്ട്. എതിർക്കുന്നവരെല്ലാം മനസ് തുറക്കണമെന്നുമില്ല. പക്ഷേ, അപൂര്‍വ്വം ചിലര്‍ തുറന്ന് പറച്ചിലുകള്‍ക്ക് തയ്യാറാകുന്നു.
ഗാസയിൽ ഹമാസിനെതിരായി ജനം അണിനിരക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചില വീഡിയോകൾ കുറച്ചുമുമ്പ് തന്നെ വൈറലായിരുന്നു. ഇപ്പോൾ പരസ്യമായി പറയാനും തുടങ്ങിയിരിക്കുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അതുമാത്രമല്ല, ഇസ്രയേൽ ആക്രമണം എടുത്തുചാട്ടമായിപ്പോയി എന്ന് ഹമാസിനുള്ളിൽ തന്നെ വിമർശനമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എതിർപ്പുകൾ
രക്തത്തിൽ കുളിച്ച മുഖവുമായി ഒരാൾ സംസാരിക്കുന്ന വീഡിയോയാണ് വൈറലായ കൂട്ടത്തിൽ ഒന്ന്. 'താനൊരു ഡോക്ടറാണ്. നല്ല ജീവിതമായിരുന്നു. പക്ഷേ, വൃത്തികെട്ട നേതൃത്വമാണ് നമുക്ക്. നമ്മുടെ രക്തം വീഴ്ത്തുന്നത് ശീലമായിരിക്കുന്നു അവർക്ക്. ദൈവം ശപിക്കട്ടെ അവരെ. നമ്മൾക്ക് ധൈര്യമുണ്ടായിരുന്നെങ്കിൽ ഈ ആക്രമണം ഒഴിവാക്കാമായിരുന്നു' എന്നൊരു കുറ്റപ്പെടുത്തലുമുണ്ട്. ഇതുപോലെ വേറെയും പലത് ഇപ്പോൾ ഗാസയിൽ പ്രചരിക്കുന്നു എന്നാണ് ബിബിസി റിപ്പോർട്ട്.
സാധാരണക്കാർ താമസിക്കുന്ന തിരക്കേറിയ തെരുവുകളിലെ അപ്പാർട്ട്മെന്‍റുകളിൽ ബന്ദികളെ താമസിപ്പിച്ചതിനും സിവിലിയൻ മേഖലയിൽ നിന്ന് റോക്കറ്റുകൾ തൊടുക്കുന്നതിനുമെതിരെ പരസ്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു ജനം. വണ്ടി വലിക്കുന്ന കഴുതകൾക്ക് ഹമാസ് നേതാവ് യഹിയ സിൻവറിന്‍റെ പേരിട്ടിട്ടുണ്ട് ചിലർ. എന്നിട്ട് നീട്ടിവിളിക്കും. ഹമാസ് തങ്ങളെ തകർത്തുവെന്നും ദൈവം അവരുടെ ജീവനെടുക്കട്ടെ എന്നും ശപിക്കുന്നവർക്ക് വേറെയും ഒരാരോപണമുണ്ട്.'ഒക്ടോബർ ഏഴിന്‍റെ ആക്രമണം ഇസ്രയേലിന് അനുഗ്രഹമായിരുന്നു' എന്നാണത്.
ഇംഗ്ലണ്ട്; 14 വര്‍ഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് അവസാനത്തെ ആണിയോ ഋഷി സുനക് ?
ഉള്ളില്‍ നിന്നും വിമത ശബ്ദം
ഇപ്പോഴും ഹമാസിനോട് കടുത്ത കൂറുള്ളവരുണ്ട്. എതിർക്കുന്നവരെല്ലാം മനസ് തുറക്കണമെന്നുമില്ല. പക്ഷേ ഹമാസിലെ തന്നെ നേതാക്കളിൽ ഒരാൾ ബിബിസിയോട് മനസ് തുറന്നു. തങ്ങൾക്ക് പിന്തുണ കുറഞ്ഞു എന്ന തിരിച്ചറിവാണ് അയാൾ പങ്കുവച്ചത്. ജനങ്ങളുടെ ഇടയിൽ മാത്രമല്ല. സംഘടനയ്ക്കുള്ളിലുമുണ്ട് അതൃപ്തർ എന്ന് ചുരുക്കം. അതിലൊരാളിന്‍റെ വാക്കുകള്‍ അനുസരിച്ച് 'ഇസ്രയേൽ ആക്രമണം ഭ്രാന്തൻ എടുത്തുചാട്ടമായിരുന്നു'. സൈനിക തയ്യാറെടുപ്പുകൾ കൃത്യം. പക്ഷേ, ഗാസയിലെ ജനങ്ങളെ രക്ഷിക്കാൻ ഒന്നും ചെയ്തില്ല എന്നാണയാൾ പറഞ്ഞത്. ജിവിച്ചിരുന്നാൽ കിട്ടുന്ന ആദ്യത്തെ അവസരത്തിൽ ഗാസ വിടുമെന്നും കൂട്ടിചേര്‍ക്കന്നു. മറ്റൊരു വശത്ത് ഇസ്രയേൽ ആക്രമണത്തിലെ കൊടുംക്രൂരതകൾ. ഇരുവശത്ത് നിന്നും എല്ലാം ഏറ്റവുവാങ്ങേണ്ടി വരുന്നത് സാധാരണക്കാരായ ഗാസക്കാര്‍.
പണ്ടുമില്ല പൂർണ്ണ പിന്തുണ
ഹമാസിനെ പണ്ടും ഗാസ മുഴുവനായും പിന്തുണച്ചിരുന്നില്ല. അവസാനം നടന്ന തെരഞ്ഞെടുപ്പിൽ, 2006 -ൽ ഹമാസ് വിജയിച്ചത് 24 ൽ 15 സീറ്റിൽ മാത്രമാണ്. പലസ്തീൻ അഥോറിറ്റിയുമായി തെറ്റിയ ഹമാസ് പിന്നെ ഗാസ മുഴുവൻ പിടിച്ചെടുക്കുകയായിരുന്നു. ഗാസക്ക് പുറത്ത് ഒന്നും നഷ്ടപ്പെടാതെ, എസി മുറികളിലിരിക്കുന്നവരാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നു. പക്ഷേ വെസ്റ്റ് ബാങ്കിലെ സംഘടന നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ ഹമാസിന് തന്നെയാണ് ഇപ്പോഴും പിന്തുണ.
ട്രംപ് - ബൈഡന്‍ സംവാദം; പ്രായാധിക്യത്തില്‍ കിതയ്ക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്
പക്ഷേ ഇതൊന്നും പൂർണമല്ല. പ്രദേശത്ത് മാധ്യമങ്ങൾക്ക് നേരിട്ട് ഒരു റിപ്പോർട്ടിങ് സാധ്യമല്ല. ഗാസയിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു. ഇസ്രയേലിന്‍റെ ആക്രമണം ലക്ഷ്യമിടുന്നത് എപ്പോഴും ഹമാസിന്‍റെ സുരക്ഷാ സേനയെയും തെരുവുകൾ കാക്കുന്ന കമ്മ്യൂണിറ്റി പൊലീസിനെയുമാണ്. അതിനിടെ പലതും സാധാരണക്കരുടെ നേരെയും ചെല്ലുന്നു. ഇസ്രയേല്‍ ആക്രമണത്തോടെ തെരുവിന്‍റെ സുരക്ഷ കുറഞ്ഞു. പിന്നാലെ ക്രിമിനൽ സംഘങ്ങൾ കൊടികുത്തി വാഴുകയാണ് ഗാസയിൽ. പണവും സ്വാധീനവുമുള്ള കുടുംബങ്ങൾ നിയന്ത്രിക്കുന്ന സുരക്ഷാ ഏജൻസികളാണ് പിന്നെയുള്ള ആശ്രയം.
ഭാവി / ഭരണം
ഹമാസിന്‍റെ പ്രചാരണ വീഡിയോകൾ പതിവായിറങ്ങുന്നുണ്ട്. പക്ഷേ, ഇസ്രയേലിലെ സ്ത്രീകളെ തട്ടിക്കൊണ്ടുപോരുന്ന വീഡിയോ അവരുടെ കുടുംബാംഗങ്ങൾ പുറത്തുവിട്ടതോടെ അത് 'അനിസ്ലാമികം' എന്ന വിമർശനവുമുണ്ടെന്നാണ് റിപ്പോർട്ട്. ഇതെല്ലാം ഒരു സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. യുദ്ധശേഷം ഗാസ ആര് ഭരിക്കുമെന്നതിൽ ഗാസയിൽ തന്നെ ഇതിനകം അഭിപ്രായഭിന്നതകൾ രൂപപ്പെട്ടിരിക്കുന്നു. അത് തീരുമാനിക്കുന്നത് ആരായാലും പൊതുജനാഭിപ്രായം കൂടി കണക്കിലെടുക്കേണ്ടിവരും. അല്ലെങ്കിൽ ഒരാഭ്യന്തരകലാപമായിരിക്കും പിന്നെയുണ്ടാവുക. അത്രത്തോളം സഹിച്ചുകഴിഞ്ഞു ഹമാസിന്‍റെ കുറ്റകൃത്യങ്ങളിൽ പങ്കില്ലാത്ത സാധാരണക്കാരായ ഗാസക്കാർ.