ബോധം പോയിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ച നിമിഷം!
ഹൃദയസ്പര്‍ശിയായ ഒരു ഹോസ്പിറ്റല്‍ അനുഭവം. മുര്‍ഷിദ പര്‍വീന്‍ എഴുതുന്നു
ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്. നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്
2017 -ലെ ഈദുല്‍ ഫിത്‌റിന് രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് അത് സംഭവിച്ചത്. അതും രാത്രിയില്‍, ഇനി ഒരു നോമ്പ് കൂടി ബാക്കിയുണ്ടെന്ന് മനസ്സിലായനേരം.
കുടിക്കാനുള്ള വെള്ളം തിളപ്പിക്കാന്‍ വെച്ചിരുന്നു. റൂം മുകളിലായത് കൊണ്ട്, ഇടയ്ക്കിടെ താഴെ ഇറങ്ങി കയറാനുള്ള മടി കാരണം വെള്ളം തിളപ്പിച്ച് കഴിഞ്ഞാല്‍ ആ ചെമ്പെടുത്ത് റൂമില്‍ കൊണ്ട് പോയി വെക്കുന്ന പതിവ് എനിക്കുണ്ട്.
അന്നും പതിവ് പോലെ വെള്ളം തിളപ്പിച്ചശേഷം റൂമിലേക്ക് വെള്ളം എടുത്ത് കയറിയതാണ്. മൂന്ന് പടികള്‍ കയറിയ ശേഷമാണ് അത് സംഭവിച്ചത്. പാത്രത്തിന്റെ അടപ്പ് ഇളകി. വെള്ളത്തിന്റെ ചൂടും ആവിയുടെ പൊള്ളലും കൂടി കൈയില്‍ തട്ടിയപ്പോള്‍ പെട്ടെന്ന് കൈ വിട്ടു പോയി. ആ തിളച്ച വെള്ളം മുഴുവനായും വീണത് എന്റെ രണ്ട് കാലുകളിലായിരുന്നു.
താഴെ ഹാളില്‍ അനിയന്‍ കിടക്കുന്നുണ്ടായിരുന്നു. മുകളില്‍ ഭര്‍ത്താവും മക്കളും. താഴത്തെ റൂമുകളില്‍ ഉമ്മയും ഉപ്പയും അനിയത്തിയും ആപ്പാപ്പയും ഉണ്ടായിരുന്നു. എന്റെ അലര്‍ച്ച കേട്ട് എല്ലാവരും ഓടി വന്നു. ഭര്‍ത്താവ് എന്നെ എടുത്ത് ആപ്പാപ്പയുടെ റൂമിലെ കട്ടിലില്‍ കൊണ്ട് പോയി ഇരുത്തി. എനിക്ക് പുകച്ചിലും നീറ്റലും തുടങ്ങി.
ഒരു ചെറിയ ഉറുമ്പ് കടിച്ചാല്‍ പോലും പരാതി പറയുന്ന എനിക്കിത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എന്റെ നല്ലപാതി കരച്ചില്‍ വകവെക്കാതെ ബക്കറ്റില്‍ വെള്ളം നിറച്ച് എന്റെ കാലുകള്‍ അതില്‍ മുക്കി. കാല്‍ വിരലുകളില്‍ ചെറിയ കുമിളകള്‍ പൊന്തി വരുന്നത് കണ്ടു.
ഉറങ്ങിക്കൊണ്ടിരുന്ന എന്റെ രണ്ട് മക്കളെയും ഉമ്മയുടെ അടുത്ത് ഏല്‍പിച്ചിട്ട് ഭര്‍ത്താവും എന്റെ അനിയനും കൂടി എന്നെ കൂട്ടി അടുത്തുള്ള ഗവ. ഹോസ്പിറ്റലില്‍ കൊണ്ട് പോയി. അവിടെ ചോദ്യോത്തര വേളയായിരുന്നു. ഡോക്ടര്‍ക്ക് ഒരു സംശയം, ഇതിനി ഏതെങ്കിലും തരത്തിലുള്ള ഡൊമസ്റ്റിക് വയലന്‍സ് ആണോ?
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ അവരുടെ ഡ്യൂട്ടി ചെയ്തു എന്ന് മാത്രം.
അവിടെ നിന്ന് വേദനയ്ക്കും ഇന്‍ഫക്ഷന്‍ വരാതിരിക്കാനും ഇഞ്ചക്ഷന്‍ എടുത്തു. എന്നിട്ടും ഞാന്‍ കരഞ്ഞു കൊണ്ടേ ഇരുന്നു. കരഞ്ഞിട്ട് വേദന മാറുന്നുണ്ടോ എന്ന് ഭര്‍ത്താവ് ഇടയ്ക്കിടെ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. അവിടെ നിന്ന് അവര്‍ എന്റെ രണ്ട് കാലിന്റെയും മുട്ടിന് താഴേക്ക് മരുന്ന് തേച്ചു തന്നു. എന്നിട്ട് കുമിള പൊട്ടുവാണേല്‍ വന്ന് ഒന്ന് കൂടി കാണിക്കണം എന്ന് പറഞ്ഞ് തിരിച്ചയച്ചു.
അപ്പോഴേക്കും കാലുകളിലെ പുകച്ചില്‍ കൂടി ഞാനാകെ തളര്‍ന്നിരുന്നു. അവിടുന്ന് നേരെ നഗരത്തിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിലേക്ക് ആണ് പിന്നെ കൊണ്ട് പോയത്. അവിടെ നിന്ന് കാലില്‍ തേച്ച് പിടിപ്പിച്ച മരുന്നെല്ലാം തുടച്ച് കളഞ്ഞ് പിന്നെയും വേറെന്തൊക്കെയോ പുരട്ടിത്തന്നു. ഞാന്‍ കരച്ചില്‍ തുടര്‍ന്നപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് സര്‍ജന്‍ കാലിലെ പൊള്ളലിനെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി തന്നു.
ഇടത് കാലില്‍ ഏഴ് ശതമാനവും വലതു കാലില്‍ നാലു ശതമാനവും പൊള്ളല്‍ സംഭവിച്ചിട്ടുണ്ട്. എത്ര പെയിന്‍കില്ലര്‍ തന്നാലും പുകച്ചില്‍ പൂര്‍ണ്ണമായി മാറില്ല എന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നെ, മാനസികമായി തയ്യാറെടുക്കാനും, ഇത്രയല്ലേ പറ്റിയുള്ളൂ എന്ന് കരുതി ആശ്വസിക്കാനും പറഞ്ഞു. അതൊക്കെ വെള്ളത്തില്‍ വരച്ച വരകള്‍ പോലെയായിരുന്നു എനിക്ക്.
കൂടെ ഉള്ള എന്റെ നല്ല പാതി അപ്പോള്‍ തന്നെ ഡോക്ടര്‍ക്ക് വ്യക്തമാക്കി കൊടുത്തു, ചെറിയ വേദന പോലും സഹിക്കാത്ത ആളാണ് ഞാന്‍ എന്ന്. അപ്പോള്‍ ആ ഡോക്ടര്‍ ചോദിച്ച ഒരു ചോദ്യം, രണ്ട് കുട്ടികളെ പ്രസവിച്ച ആളല്ലേ, എന്നിട്ടാണോ ഈ വേദനയും പുകച്ചിലും പറഞ്ഞ് കരയുന്നതെന്ന്. അന്നേരം മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും ഞാന്‍ പിന്നീട് ചിന്തിച്ചിട്ടുണ്ട്, എന്തിനാണ് എല്ലാവരും എല്ലാ വേദനകളെയും പ്രസവവേദനയുമായി ബന്ധപ്പെടുത്തതെന്ന്. കുട്ടികളുണ്ടെങ്കില്‍ വേദന എന്താ വേദന തന്നെ അല്ലേ?
മൂന്ന് ദിവസം കഴിഞ്ഞ് പ്ലാസ്റ്റിക് സര്‍ജറി ഒ പി യില്‍ കാണിക്കാനും ഇടയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ വീണ്ടും വരാനും അവര്‍ പറഞ്ഞു. അങ്ങനെ കാലില്‍ മരുന്നും തേച്ച് പിടിപ്പിച്ച് ഞങ്ങള്‍ വീട്ടിലെത്തി.
നടക്കാന്‍ കഴിയാത്തത് കൊണ്ട് എന്റെ ഭര്‍ത്താവ് എന്നെ എടുത്ത് റൂമില്‍ ആക്കി തന്നു. കരഞ്ഞും പതം പറഞ്ഞും ഞാനാ രാത്രി തള്ളി നീക്കി. ഐദിന് അന്ന് പത്ത് മാസം ആയിരുന്നു . അവന്റെ ആദ്യത്തെ ചെറിയ പെരുന്നാള്‍ ആയിരുന്നു. പെരുന്നാള്‍ കറക്കങ്ങള്‍ നഷ്ടമായെന്നു തിരിച്ചറിയുന്നതോടൊപ്പം എന്റെ ഉറക്കവും നഷ്ടമായെന്ന് മനസ്സിലാക്കി കരഞ്ഞിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. മക്കളുടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും എന്റെ വീട്ടുകാര്‍ ഏറ്റെടുത്തു. ഐദിനെ പാല്‍ കുടിപ്പിക്കാന്‍ മാത്രം കൊണ്ട് വരും. ബാക്കി കുളിപ്പിക്കലും ഉറക്കലുമെല്ലാം എന്റെ അനിയത്തി ഏറ്റെടുത്തു.
ഭര്‍ത്താവ് പെരുന്നാള്‍ ദിവസം അമനെ പുറത്ത് കൊണ്ട് പോയി വന്നു. അന്ന് രാത്രി ആയപ്പോഴേക്കും കാലില്‍ പല സ്ഥലങ്ങളിലുമായി കുമിളകള്‍ പൊന്തി തുടങ്ങിയിരുന്നു. അടുത്ത ദിവസം തന്നെ ഹോസ്പിറ്റലില്‍ പ്ലാസ്റ്റിക് സര്‍ജറി ഒ പി യില്‍ കൊണ്ട് പോയി കാണിച്ചു.
അന്നായിരുന്നു പൊള്ളല്‍ അതിന്റെ ഭീകര വേര്‍ഷന്‍ കാണിച്ചു തന്നത്. അവര്‍ എന്നെ പ്രോസീജിയര്‍ റൂമിലേക്ക് കയറ്റി. ഞാന്‍ ചോദിച്ചു ഡോക്ടറോട് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്. അവര് പറഞ്ഞു. ഈ കുമിള ഒക്കെ പൊട്ടിച്ച് തൊലി ഊരിയെടുത്ത് ഒരു membrane വെക്കാന്‍ പോവുകയാണ്, രണ്ട് കാലിലുമെന്ന്.
അത് കേട്ടപ്പോള്‍ തന്നെ ഞാന്‍ ബഹളം വെച്ചിട്ട് പറഞ്ഞു, ഇത് ചെയ്യേണ്ട എന്ന്. അങ്ങനെ അവര്‍ റൂമിലേക്ക് എന്റെ നല്ല പാതിയെ വിളിപ്പിച്ചു. ഇവരിത് ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്ന് അറിയിച്ചു. പുള്ളി വന്നിട്ട് എന്നോട് പറഞ്ഞു വേറെ ചോയ്‌സ് ഇല്ല. കാരണം ഇപ്പോള്‍ അവിടവിടെയായി ചെറിയ ഇന്‍ഫെക്ഷനുണ്ട്. ഇത് മാത്രമെ ഇനി വേദനയൊക്കെ മാറാന്‍ ഒരു വഴിയുള്ളൂ എന്ന്. അതില് ഞാന്‍ വീണു. വേദന മാറുമെങ്കില്‍ ചെയ്‌തോട്ടെ എന്നായി എന്റെ നിലപാട്.
അവര്‍ കാല്‍ തരിപ്പിച്ചിട്ടേ സ്‌കിന്‍ ഊരിയെടുക്കുകയുള്ളൂ എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു പുള്ളി പിന്നെയും പുറത്തേക്ക് പോയി. അന്ന് ഭര്‍ത്താവിന്റെ ഉമ്മയും കൂടെ വന്നിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ പ്രധാന അവസരങ്ങളിലും ഉമ്മ തന്നെയായിരുന്നു കൂട്ട്.
പുള്ളി പോയ ശഷം അവര്‍ രണ്ട് കാലിലും ഇഞ്ചക്ഷന്‍ വെച്ച് മുട്ടിന് താഴെ വെച്ച് തൊലിയെല്ലാം ഉരിഞ്ഞെടുത്തു. തരിപ്പിച്ചെന്ന് അവര്‍ പറഞ്ഞത് ഇന്നും എനിക്ക് വിശ്വാസമില്ല. കാരണം തൊലി ഉരിഞ്ഞെടുത്തതിന്റെയും കുമിളകള്‍ പൊട്ടിച്ചതിന്റെയും വേദന ഞാന്‍ നന്നായി അനുഭവിച്ചതാണ്.
ഇടത് കാലില്‍ ആയിരുന്നു കൂടുതല്‍ പൊള്ളലേറ്റത്. ആദ്യം തന്നെ ഇടത് കാലില്‍ ആണ് അവര്‍ പറഞ്ഞിരുന്ന membrane വെച്ചു പിടിപ്പിച്ചത്. ബോധം ഒന്ന് പോയിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ച നിമിഷമാണത്. അത്രയും വേദനാജനകമായിരുന്നു ആ അനുഭവം. വലത് കാലില്‍ membrane വെച്ച് പിടിപ്പിക്കാന്‍ ഞാന്‍ സമ്മതിച്ചില്ല.
കരഞ്ഞുകൊണ്ടാണ് ഹോസ്പിറ്റലില്‍നിന്ന് ഞാന്‍ പുറത്തിറങ്ങിയത്. പുറത്ത് ആര്‍ത്തലച്ച് പെയ്യുന്ന മഴയെ നോക്കി കാറിലിരുന്ന് ഞാനും പൊഴിച്ചു. എന്റെ കണ്ണില്‍ നിന്നുള്ള കണ്ണീര്‍ കവിള്‍തടങ്ങളെ തഴുകി ചാല് പോലെ ഒഴുകുന്നത് ഞാനറിഞ്ഞിരുന്നു.
വീട്ടിലെത്തിയപ്പോഴേക്കും പുകച്ചിലും നീറ്റലും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരുന്നു. മൊബൈല്‍ എടുത്ത് ഹോസ്പിറ്റലിലെ നമ്പറില്‍ കുത്തി വിളിച്ചു. പ്ലാസ്റ്റിക് സര്‍ജറി ഡിപാര്‍ട്ട്‌മെന്റിലെ ഡോക്ടറോട് ഞാന്‍ പൊട്ടിത്തെറിച്ചും കരഞ്ഞ് കൊണ്ടും ചോദിച്ചു.
''നിങ്ങളല്ലേ പറഞ്ഞത് membrane വെച്ചാല്‍ വേദന കുറയുമെന്ന്, എനിക്കിപ്പോ കിടക്കാനും ഇരിക്കാനും വയ്യ'
അതിന് കിട്ടിയ മറുപടി ഇതായിരുന്നു: ''membrane ഒരു ഫോറിന്‍ ബോഡി ആണ്. അത് തൊലി ചിലപ്പോ reject ചെയ്യും, പക്ഷെ പതുക്കെ തൊലിയോട് ചേര്‍ന്നോളും. പിന്നെ വേദന മെല്ലെയേ കുറയൂ, താനത് ചെയ്യാന്‍ സമ്മതിക്കാന്‍ വേണ്ടി വെറുതെ പറഞ്ഞതാണ്. കാരണം infection കൂടിയാല്‍ ബുദ്ധിമുട്ട് കൂടും, അപ്പോഴും താന്‍ തന്നെ വേദന സഹിക്കേണ്ടിവരും.''
ഇത് കൂടി കേട്ടതോടെ എനിക്ക് ഇനി എന്ത് ചെയ്യണമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ. മക്കളുടെ കാര്യങ്ങള്‍, എന്റെ കാര്യങ്ങള്‍, അമന്റെ സ്‌കൂളിംഗ് അങ്ങനെ പലതും മനസ്സില്‍ മിന്നി മറഞ്ഞു. രണ്ടാഴ്ച എടുത്തു ഇതില്‍ നിന്ന് ഒന്ന് പുറത്ത് വരാന്‍. പക്ഷെ ആ രണ്ടാഴ്ചയുടെ ഓര്‍മകള്‍ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല. ഭര്‍ത്താവ് എന്നെ എടുത്ത് നടന്നാണ് ബാത്‌റൂമിലേക്കൊക്കെ കൊണ്ട് പോയിരുന്നത്. എന്നെ മാക്‌സിമം കംഫര്‍ട്ടബിള്‍ ആക്കാന്‍ പുള്ളി ശ്രമിച്ചിരുന്നു. അതേ ദിവസങ്ങളിലായിരുന്നു എന്റെ ഫോണ്‍ കേടു വന്നതും. അങ്ങനെ ജൂലൈ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ എന്റെ സ്‌ട്രെസ് കുറയ്ക്കാന്‍ വേണ്ടി ഞാന്‍ എഴുതി തുടങ്ങി.
അന്നത്തെ പ്രധാന പ്രശ്‌നം ബാത്‌റൂമിലേക്കുള്ള യാത്രകള്‍ ആയിരുന്നു. കട്ടിലില്‍ നീട്ടി വെച്ച കാലുകള്‍ വായുവിലേക്ക് വെക്കുമ്പോള്‍ ആയിരം സൂചികള്‍ കുത്തുന്ന പ്രതീതിയായിരുന്നു. പ്രത്യേകിച്ച് ആ membrane വെച്ച് പിടിപ്പിച്ച കാല്‍. പുള്ളി ഇല്ലാത്തപ്പോഴാണ് ഞാന്‍ വല്ലാതെ ബുദ്ധിമുട്ടിയത്. അങ്ങനെ ഒരവസരത്തില്‍ എന്റെ അനിയനാണ് സ്റ്റൂളിലിരുത്തി നീക്കി കൊണ്ട് പോയി ബാത്‌റൂം വരെ ആക്കി തന്നത്.
അനിയത്തിയായിരുന്നു മക്കളുടെ കാര്യങ്ങളെല്ലാം ഏറ്റെടുത്ത് ചെയ്തിരുന്നത്.ആ ദിവസങ്ങളില്‍ Dolo 1000mg ആയിരുന്നു വേദന മാറാന്‍ വേണ്ടി തന്നിരുന്നത്. തൊട്ടതിനും പിടിച്ചതിനും വേദനാ സംഹാരികളെ കൂട്ട് പിടിച്ചിരുന്ന എനിക്ക് ആ അവസ്ഥ ഒരു വലിയ തിരിച്ചറിവ് തന്നു. എത്ര മരുന്ന് കഴിച്ചിട്ടും പുകച്ചില്‍ ലവലേശം പോലും പിന്നോട്ട് പോയിരുന്നില്ല. അതോട് കൂടി വേദനാ സംഹാരികളെക്കുറിച്ചുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു.
പിന്നീട് ഒരാഴ്ച കഴിഞ്ഞ് ഹോസ്പിറ്റലില്‍ ചെക്കപ്പിന് പോയി. അവര്‍ പറഞ്ഞത് വേദന സഹിച്ച് നടന്നേ പറ്റൂ, അല്ലെങ്കില്‍ നടത്തത്തിനെ ബാധിക്കുമെന്നാണ്. രക്തയോട്ടം നന്നായിട്ടുള്ളത് കൊണ്ടാണ് പുകച്ചിലും വേദനയുമെന്നും അവര്‍ പറഞ്ഞു. എന്നിട്ടും ഞാന്‍ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോഴാണ് അവര്‍ burn icu-വിലുള്ള ഒരു കുട്ടിയെ കാണിച്ച് തന്നത്. ആറ് മാസം പ്രായമെ ഉള്ളൂ. തൊട്ടിലിന്റെ അടുത്തുള്ള മേശയില്‍ വെച്ച ഫ്‌ളാസ്‌ക്കിലുള്ള ചുടുചായ വീണ് 90 ശതമാനമാണ് പൊള്ളല്‍. കുഞ്ഞു കുട്ടിയാണ്. വേദന ആവുമെന്നറിഞ്ഞിട്ടും അവര്‍ ആ കുട്ടിയുടെ കൈയും കാലും ഇടയ്ക്കിടെ ഇളക്കും. നെഞ്ഞ് പൊട്ടുന്ന വേദനയോടെയാണ് ഡോക്ടര്‍മാരും സിസ്റ്റര്‍മാരും അത് ചെയ്യാറ്.
എനിക്കുള്ളത് വെറും ഏഴും നാലും ശതമാനം പൊള്ളലാണ്. അതിന്റെ മുന്നില്‍ എന്റേത് ഒന്നുമല്ല എന്ന തിരിച്ചറിവെനിക്കുണ്ടായി. ആ കുഞ്ഞിനെ ഓര്‍ത്ത് ഞാനും കണ്ണീര്‍ വാര്‍ത്തു. പെട്ടെന്ന് അല്ലെങ്കിലും പതിയെ ഞാനും നടന്നു. പിന്നീട് ഡോക്ടറെ കാണിക്കാന്‍ പോയപ്പോള്‍ കാലിലെ തൊലി എടുത്ത സ്ഥലങ്ങളിലെ കളര്‍ ചെയ്ഞ്ച് ഞാന്‍ കാണിച്ചു കൊടുത്തു. അദ്ദേഹം സിമ്പിള്‍ ആയി എനിക്ക് പറഞ്ഞു തന്നു, വേണമെങ്കില്‍ പുറമെ കാണുന്ന ഭാഗത്ത് നമുക്ക് സ്‌കിന്‍ തന്നെ വെയ്ക്കാന്‍ പറ്റുമെന്ന്. സന്തോഷം വന്ന അടുത്ത നിമിഷമാണ് അദ്ദേഹം തുടയില്‍ നിന്ന് തൊലി എടുക്കുന്നതിനെ പറ്റി പറഞ്ഞത്. അതോടെ മതിയായി. ഞാന്‍ മനസ്സില്‍ കരുതി 'some times scars are also beautiful' എന്ന്. എന്നിട്ട് പറഞ്ഞു. ഇനി എനിക്ക് വേദന സഹിക്കാന്‍ വയ്യ എന്ന്. അന്ന് ഇറങ്ങിയതാണ് അദ്ദേഹത്തോട് ബൈ പറഞ്ഞിട്ട്.
ഈ ഒരു പൊള്ളല്‍ അനുഭവത്തോട് കൂടി എന്റെ വ്യക്തിത്വം കുറച്ച് കൂടി മെച്ചപ്പെട്ടു. വേദനകള്‍ സഹിക്കാന്‍ പഠിച്ചു. എപ്പോഴും എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ ചെയ്യണം എന്ന് വിശ്വസിച്ചിരുന്ന എനിക്ക് മറ്റുള്ളവരെ ഓരോ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്നതില്‍ മോശം കരുതേണ്ടതില്ല എന്ന തിരിച്ചറിവ് വന്നു.
വേദനകളും സങ്കടങ്ങളും തിരസ്‌കാരങ്ങളുമാണ് ഒരു മനുഷ്യനെ കൂടുതല്‍ പാകപ്പെടുത്തുന്നത് എന്ന് ഞാന്‍ അന്ന് പഠിച്ചു.