'ചത്തകുതിര'യുടെ മധുര പ്രതികാരം
ഗോദയ്ക്ക് പിന്നില്‍ . എം ജി രാധാകൃഷ്ണന്‍ എഴുതുന്നു
ലീഗ് സമ്മതിച്ചില്ലെങ്കിലും ഇത് മധുരമായ പ്രതികാരം കൂടിയാണെന്ന് ചരിത്രം വിലയിരുത്താതിരിക്കില്ല. കാരണം, സ്വാതന്ത്ര്യത്തിനു ശേഷവും കേരളത്തില്‍ നിലനിന്ന മുസ്ലിം ലീഗിനെ 'ചത്തകുതിര' എന്ന് വിശേഷിപ്പിച്ചത് രാഹുലിന്റെ മുതുമുത്തശ്ശനായ സാക്ഷാല്‍ പണ്ഡിറ്റ് നെഹ്രു തന്നെയാണ്. ഇന്ന് ലീഗ് തെളിയിക്കുന്നത് തങ്ങള്‍ ചത്ത കുതിരയല്ലെന്ന് മാത്രമല്ല, തങ്ങളുടെ കുതിക്കുന്ന കുതിരപ്പുറത്തേറിയാണ് നെഹ്രുവിന്റെ കൊച്ചുമകന്‍ ഇക്കുറി പ്രധാനമന്ത്രിയാകാന്‍ പടയ്ക്കിറങ്ങുന്നത് എന്നുമാണ്.
കേരളത്തില്‍ നിന്ന് ആദ്യമായി കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മത്സരിക്കുന്നത് ഈ സംസ്ഥാനത്തിനു ചരിത്രപ്രധാനമാണ്. അത് നെഹ്രുകുടുംബത്തിലെ പുതിയ തലമുറക്കാരനാണെന്നതും സുപ്രധാനം. കേരളത്തില്‍ യു ഡി എഫിനു മാത്രമല്ല, രാഷ്ട്രീയമൊന്നുമില്ലാത്ത ഒരുപാട് പേര്‍ക്കും ഇത് വലിയ ആവേശം പകര്‍ന്നിട്ടുണ്ട്. പക്ഷേ രാഹുലിന്റെ വയനാടന്‍ സ്ഥാനാര്‍ത്ഥിത്വത്തിലും അതോടനുബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന ആവേശത്തിലും ഏറ്റവും അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന കക്ഷി മുസ്ലിം ലീഗ് ആണ്.
വയനാട്ടിലെ യു ഡി എഫ് വിജയം എക്കാലത്തും ഉറപ്പാക്കുന്നത് മണ്ഡലത്തിലെ ലീഗ് സ്വാധീനം കൊണ്ടാണെന്ന് സംശയമില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പിക്കാന്‍ ലീഗില്ലാതെ പറ്റില്ലെന്ന ബി ജെ പിയുടെ പരിഹാസം. രാഹുലിന്റെ വരവ് ആഘോഷിച്ച ലീഗിന്റെ കൊടി കണ്ട് പാകിസ്ഥാന്‍ കൊടിയെന്ന് ചില ഉത്തരേന്ത്യന്‍ ഹിന്ദുത്വവാദികള്‍ ചീറി. നരേന്ദ്രമോദി ആകട്ടെ സ്വാഭാവികമായും ഇക്കാര്യം വര്‍ഗീയാടിസ്ഥാനത്തില്‍ വ്യഖ്യാനിച്ചു. രാഹുലിന്റെ വയനാടന്‍ തീരുമാനത്തില്‍ കോണ്‍ഗ്രസിന് ലീഗിലുള്ള വിശ്വാസത്തിന്റെ പങ്ക് ചെറുതല്ല. ലീഗിന്റെ ഈ വളര്‍ന്ന പ്രാധാന്യം ദേശീയതലത്തില്‍ ഞെട്ടലുണ്ടാക്കിയതാണ് സംഘപരിവാറിനു പിടിച്ച വിറളിക്ക് കാരണം. ലീഗ് ഉപദ്രവകാരിയായ രോഗാണു ആണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കും പിന്നിലും അതുതന്നെ. കേരളത്തിലെ ഏതാനും ജില്ലകളില്‍ മാത്രം ശക്തിയുള്ള ഒരു മുസ്ലിം സാമുദായിക കക്ഷി ഇന്ന് ബി ജെ പിക്കെതിരെയുള്ള ദേശീയ പോരാട്ടത്തിലെ മുന്നണിയിലാണെന്നത് സമ്മതിക്കുന്നതാണ് യോഗിയുടെ ആക്രോശം.
മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപ്രധാനമാണ്.
മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപ്രധാനമാണ്. സ്വാതന്ത്ര്യസമരകാലത്തും അതിനു ശേഷവും കുറെയധികം കാലം കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശത്രു ആയിരുന്ന ലീഗാണ് ഇന്ന് അവര്‍ക്ക് എത്രയും അനിവാര്യമായിരിക്കുന്നത്. സ്വാതന്ത്ര്യസമരക്കാലത്തെ മുസ്ലിം ലീഗ് പാകിസ്ഥാന്‍ വാദമുയര്‍ത്തിയ മുഹമ്മദാലി ജിന്നയുടെ ലീഗിന്റെ ഭാഗമായിരുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ശത്രു ആയതില്‍ അത്ഭുതമില്ല. പക്ഷേ സ്വാതന്ത്ര്യം കഴിഞ്ഞ് ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായ ലീഗ് കേരളത്തില്‍ മാത്രം ശക്തമായി നിലനിന്നത് ഇവിടുത്തെ നേതാക്കള്‍ ആ പാര്‍ട്ടിയുടെ നയത്തിലും സമീപനത്തിലും രാഷ്ട്രീയത്തിലും ഒക്കെ മൗലികമായ മാറ്റം വരുത്തിത്തന്നെയാണ്. സ്വാതന്ത്ര്യലബ്ധി 72 വര്‍ഷം പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനു തെരഞ്ഞെടുപ്പ് ജയിക്കാന്‍ ലീഗിന്റെ സഹായം അനിവാര്യമായി. ഇങ്ങനെ കാര്യങ്ങളെത്തിയതില്‍ കേരളത്തിലെ ലീഗിനു തീര്‍ച്ചയായും അഭിമാനിക്കാം. മണ്‍മറഞ്ഞ തങ്ങളുടെ നേതാക്കളൊക്കെ ഒരിക്കല്‍ കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട അപമാനത്തിനൊക്കെ കണക്ക് പറഞ്ഞുവെന്നും ഇന്നത്തെ ലീഗ് നേതാക്കള്‍ക്ക് ആശ്വസിക്കാം. പാകിസ്ഥാന്‍ അല്ലെങ്കില്‍ കബറിസ്ഥാന്‍ എന്നൊക്കെ വിളിച്ചിരുന്ന പഴയ ലീഗ് ഇന്ന് ഇന്ത്യന്‍ മതേതരത്വത്തിന്റെ (കോണ്‍ഗ്രസിന്റെയും) വീണ്ടെടുപ്പിനു ഏറ്റവും അനിവാര്യമായ കക്ഷിയായി മാറിയത് ചരിത്രപ്രധാനം. അതേ സമയം ഒരിക്കല്‍ തങ്ങള്‍ ചുണ്ണാമ്പ് തേച്ച് മാറ്റിനിര്‍ത്തിയ പ്രാദേശിക-സാമുദായിക കക്ഷിയുടെ സഹായമില്ലാതെ കേരളത്തില്‍ മാത്രമല്ല സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് പോലും നിലനില്‍പ്പില്ലെന്ന അവസ്ഥയിലാണ് സ്വാതന്ത്ര്യത്തിന്റെ 7 പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ ഇന്ത്യയിലേറ്റവും പാരമ്പര്യമുള്ള പാര്‍ട്ടി എന്ന് കോണ്‍ഗ്രസുകാര്‍ക്കും ചിന്തിക്കാം. നെഹ്രു കുടുംബത്തിന്റെ ഏറ്റവും പുതിയ പ്രതിനിധി തന്നെയാണ് ഇപ്രകാരം ലീഗിന്റെ സഹായം തേടി വടക്ക് നിന്ന് എത്തിയതെന്നത് ലീഗിനു ചാരിതാര്‍ഥ്യജനകമാണ്. ലീഗ് സമ്മതിച്ചില്ലെങ്കിലും ഇത് മധുരമായ പ്രതികാരം കൂടിയാണെന്ന് ചരിത്രം വിലയിരുത്താതിരിക്കില്ല. കാരണം, സ്വാതന്ത്ര്യത്തിനു ശേഷവും കേരളത്തില്‍ നിലനിന്ന മുസ്ലിം ലീഗിനെ 'ചത്തകുതിര' എന്ന് വിശേഷിപ്പിച്ചത് രാഹുലിന്റെ മുതുമുത്തശ്ശനായ സാക്ഷാല്‍ പണ്ഡിറ്റ് നെഹ്രു തന്നെയാണ്. ചത്തകുതിര അല്ല ഉറങ്ങുന്ന സിംഹമാണെന്നൊക്കെ സി എച്ച് അന്ന് മറുപടി പറഞ്ഞെങ്കിലും തുടര്‍ന്നുള്ള കാലവും ലീഗിനു സുഖകരമായിരുന്നില്ല. ലീഗ് ഇന്ന് തെളിയിക്കുന്നത് തങ്ങള്‍ ചത്ത കുതിരയല്ലെന്ന് മാത്രമല്ല, തങ്ങളുടെ കുതിക്കുന്ന കുതിരപ്പുറത്തേറിയാണ് നെഹ്രുവിന്റെ കൊച്ചുമകന്‍ ഇക്കുറി പ്രധാനമന്ത്രിയാകാന്‍ പടയ്ക്കിറങ്ങുന്നത് എന്നുമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി കോഴിക്കോട് എത്തിയപ്പോള്‍ രാഹുലിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ നിയുക്തനായത് തന്നെ ലീഗിന്റെ നേതാവ് അബ്ദുസമദ് സമദാനിയായത് ശ്രദ്ധേയമാണ്.
ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ ഈ ചരിത്രപ്രധാനമായ മാറ്റം അത്രയ്ക്ക് മനസ്സിലായേക്കില്ല. അതിനായി 63 വര്‍ഷം മുമ്പ് കോഴിക്കോട് എത്തിയ പ്രധാനമന്ത്രി നെഹ്രുവിന്റെ സന്ദര്‍ശനത്തെപ്പറ്റി അറിയണം. 1955 ഡിസംബര്‍ 27 നു ആയിരുന്നു നെഹ്രുവിന്റെ സന്ദര്‍ശനം. കോഴിക്കോട് കടപ്പുറമായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ശേഷമുള്ള നെഹ്രുവിന്റെ കന്നി സന്ദര്‍ശനത്തിന്റെ വേദി. ആവേശകരമായ ആ സമ്മേളനത്തെപ്പറ്റി അന്ന് ''മാതൃഭൂമി'' പത്രം അത്യുത്‌സാഹത്തോടെ ഇങ്ങനെ വിവരിച്ചു. ''കൃത്യം 6.35 നു നെഹ്രു കടപ്പുറത്തെത്തി. സേവാദള്‍ വാളണ്ടിയര്‍മാരുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഇരുപത് അടി ഉയരമുള്ള പ്രസംഗപീഠത്തിലേക്ക് പണ്ഡിറ്റ്ജി കയറിയപ്പോള്‍ കടപ്പുറത്ത് ഏതാണ്ട് മൂന്ന് ലക്ഷത്തോളമാളുകള്‍ തടിച്ചുകൂടിയിരുന്നു. പ്രസംഗാവശ്യത്തിലേക്ക് മദിരാശി സര്‍ക്കാര്‍ രണ്ട് കോളം ഉച്ചഭാഷിണികള്‍ കൊണ്ടുവന്നിരുന്നു. കോഴിക്കോട് ആദ്യമായാണ് ഇത്തരം ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത്.....കടപ്പുറമാകെ കൊടിതോരണങ്ങളാലും കൊടിക്കൂറകളാലും അലങ്കരിച്ചിരുന്നു. സമീപത്തുള്ള കടലില്‍ മനോഹരമായി അലങ്കരിച്ച മീന്‍പിടുത്തത്തോണികള്‍ ആകര്‍ഷണീയതയ്ക്ക് പുതുമ നല്‍കി....''.
മുസ്ലിം ലീഗിനെ 'ചത്തകുതിര' എന്ന് വിശേഷിപ്പിച്ചത് രാഹുലിന്റെ മുതുമുത്തശ്ശനായ നെഹ്രു തന്നെയാണ്.
പക്ഷേ ഈ ആവേശലഹരിയിലും നെഹ്രു തന്റെ പ്രസംഗത്തില്‍ ഒരു ആക്രമണം അഴിച്ചുവിട്ടു. മുസ്ലിം ലീഗിനെതിരെയായിരുന്നു അത്. കോണ്‍ഗ്രസിന്റെ ജിഹ്വ പോലെ പ്രവര്‍ത്തിച്ചിരുന്ന പിറ്റേന്നത്തെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ എട്ടു കോളത്തില്‍ വന്ന തലവാചകം നെഹ്രുവിന്റെ പ്രസംഗത്തില്‍ നിന്നായിരുനു; ''മുസ്ലിം ലീഗിനെ സര്‍വവിധ ശക്തി ഉപയോഗിച്ചു എതിര്‍ത്തുനശിപ്പിക്കും''. കോഴിക്കോട്ടെ സ്വീകരണയോഗത്തില്‍ പ്രധാനമന്ത്രി നെഹ്രുവിന്റെ വ്യക്തവും ദൃഢവുമായ പ്ര്യാപനം എന്ന വിശേഷണവുമായി ആരംഭിക്കുന്ന റിപ്പോര്‍ട്ടിലെ ആദ്യ ഖണ്ഡിക; ''ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ മുസ്ലിം ലീഗ് നാമാവശേഷമായിട്ടും മലബാറില്‍ അത് നിലനിന്നുവരുന്നത് ആശ്ചര്യകരമാനെന്നും ഇന്ത്യയില്‍ തീരാത്ത കെടുതികള്‍ക്കും ദുരിതങ്ങള്‍ക്കും കാരണമായ ഈ സംഘടനയെ സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ത്ത് നശിപ്പിക്കാന്‍ തങ്ങള്‍ ഉറച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഇന്നിവിടെ പറഞ്ഞു. നിയമപരമായി വര്‍ഗ്ഗീയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകാം. മുസ്ലിം ലീഗിനെപ്പോലെയുള്ള സംഘടനകളും ഉണ്ടായിക്കൊള്ളട്ടെ. പക്ഷേ സര്‍വശക്തിയും ഉപയോഗിച്ച് അവയെ എതിര്‍ത്ത് നശിപ്പിക്കാന്‍ തങ്ങള്‍ ഉറച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താാവിച്ചപ്പോള്‍ ഉച്ചത്തിലുള്ള കയ്യടികള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി....''നെഹ്രുവിനൊപ്പം വന്ന മദിരാശി മുഖ്യമന്ത്രി കാമരാജ് നാടാരും പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്തതത് പിന്നീട് കോണ്‍ഗ്രസിന്റെ സംസ്ഥാന മന്ത്രിയൊക്കെ ആയ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പി പി ഉമ്മര്‍കോയ.
ഇപ്പോള്‍ ഇങ്ങനെയൊക്കെ ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ പറഞ്ഞാല്‍ ഒരല്‍പ്പം ഹിന്ദുപക്ഷപാതം സംശയിക്കാം. വാസ്തവത്തില്‍ അന്നും ദേശീയതലത്തിലും കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വലിയ വിഭാഗത്തില്‍ ഹിന്ദുപക്ഷപാതവും മുസ്ലിം വിരോധവും നിലനിന്നിരുന്നു എന്നതു സത്യം. പക്ഷേ നെഹ്രു ഹിന്ദുവര്‍ഗ്ഗീയവാദികളെ ഇതിലും പല മടങ്ങ് ശക്തമായി ആക്ഷേപിച്ചിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ മുസ്ലിം വിരോധം ആരോപിക്കാന്‍ ആവുമായിരുന്നില്ല. അതേസമയം സ്വാതന്ത്ര്യസമരകാലത്ത് മലബാറില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യ ശത്രു ആയിരുന്ന ലീഗുമായി സ്വാതന്ത്ര്യശേഷം അവര്‍ ക്രമേണ ഒളിഞ്ഞും തെളിഞ്ഞും ബാന്ധവം സ്ഥാപിക്കുന്നതാണ് കാഴ്ച്ച. ഇതിന്റെ മുഖ്യ കാരണം അപ്പോഴേക്കും കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി കമ്യൂണിസ്റ്റുകാര്‍ ആയതോടെയാണ്. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കോണ്‍ഗ്രസിനും ലീഗിനും ഒരേ മനസ്സായിരുന്നു. 1951-52 ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മദിരാശി സംസ്ഥാനത്തെ ജില്ലയായിരുന്ന മലബാറില്‍ നേരിട്ട കനത്ത ആഘാതത്തെ തുടര്‍ന്നാണ് ലീഗുമായി ബന്ധം സ്ഥാപിക്കാനുള്ള നീക്കങ്ങളുടെ തുടക്കം. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിയ ആചാര്യ കൃപലാനി സ്ഥാപിച്ച കിസാന്‍ മസ്ദൂര്‍ പാര്‍ട്ടിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് മുപ്പതില്‍ 15 സീറ്റും നേടിയപ്പോള്‍ ഒറ്റയ്ക്ക് നിന്ന കോണ്‍ഗ്രസിനു 4 എണ്ണം മാത്രം. ബാക്കിയുള്ള സീറ്റുകള്‍ ലീഗും സോഷ്യലിസ്റ്റ് പാര്‍ട്ടിയും പങ്കിട്ടു. 1954 ലെ മലബാര്‍ ജില്ലാ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലീഗുമായി നീക്കുപോക്കുണ്ടാക്കി. പക്ഷേ ഭൂരിപക്ഷം സീറ്റും സി പി ഐ നേടിക്കൊണ്ട് രാജ്യത്ത് ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിച്ചു.
മലബാറിലെ കോണ്‍ഗ്രസിനു ലീഗുമായി ചേരുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നു.
1956 ല്‍ കേരളപ്പിറവിക്ക് ശേഷമാണ് മലബാറില്‍ മാത്രം ഒതുങ്ങിനിന്ന ലീഗ് സംസ്ഥാനതലത്തിലേക്ക് വ്യാപിക്കുന്നത്. 1957 ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒറ്റയ്ക്ക് ആണ് മത്സരിച്ചത്. പക്ഷേ മുസ്ലിം ലീഗിനു പി എസ് പിയുമായി ധാരണ ഉണ്ടായിരുന്നു. ഫലം വന്നപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അഞ്ച് സ്വതന്ത്രര്‍ അടക്കം 65 സീറ്റ് നേടി ഒന്നാമത് ആയപ്പോള്‍ കോണ്‍ഗ്രസിനു 43 സീറ്റ്. പി എസ് പി 9, ലീഗ് 8. പക്ഷേ ഇ എം എസ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമോചനസമരം കത്തോലിക്കാ സഭ, എന്‍ എസ് എസ് തുടങ്ങിയ സാമുദായികസംഘടനകള്‍ക്കൊപ്പം ലീഗിനും കോണ്‍ഗ്രസിനും ഒക്കെ ഒന്നിച്ചുള്ള വേദിയായി. തുടര്‍ന്ന് 1960 ലെ നിയമസഭാ തെരഞ്ഞെടുപ്പായപ്പോള്‍ ആദ്യമായി കോണ്‍ഗ്രസ് പി എസ് പിക്കൊപ്പം ലീഗുമായി വിശാല കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി സ്ഥാപിച്ച് വന്‍ വിജയം കരസ്ഥമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വെറും 29 സീറ്റ്. കോണ്‍ഗ്രസിനു 63, പി എസ് പിക്ക് 20, ലീഗിനു 11 എന്നിങ്ങനെയായിരുന്നു ഫലം പക്ഷേ കോണ്‍ഗ്രസ്-ലീഗ് സഖ്യം ദേശീയതലത്തില്‍ വലിയ വിമര്‍ശനത്തിനു വഴി വെച്ചു. സ്വാതന്ത്ര്യസമരകാലം മുതല്‍ എതിര്‍ത്ത ലീഗുമായി കൂട്ടുകൂടിയ കോണ്‍ഗ്രസ് മതേതരത്വം ഉപേക്ഷിച്ചുവെന്നായിരുന്നു വിമര്‍ശനം. ഉടന്‍ ദില്ലിയില്‍ പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനോട് ഇതെക്കുറിച്ച് മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസ് ഉണ്ടാക്കിയ ലീഗ് സഖ്യത്തില്‍ അസംതൃപ്തി അറിയിച്ചു. ലീഗിന്റെ പ്രകടന പത്രിക താന്‍ കണ്ടിരുന്നില്ലെന്നും അതില്‍ അഹിതകരമായ പലതും ഉണ്ടെന്നും പഴയ ലീഗിന്റെ നിലപാടുകള്‍ തന്നെയാണ് തുടരുന്നതെന്നുമൊക്കെ നെഹ്രു തുറന്നടിച്ചു. കേരളത്തിലെ പി സി സി ഇക്കാര്യങ്ങള്‍ നേരത്തെ അറിയിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ''10 ദിവസം മുമ്പ് മാത്രമേ ലീഗ് മാനിഫെസ്‌റ്റോ ദില്ലിയില്‍ എത്തിയുള്ളൂ. ഞാനത് നേരത്തെ കാണാത്തത് എന്റെ തെറ്റാണെന്ന് തുറന്നു സമ്മതിക്കുന്നു. മലയാളത്തിലായിരുന്നു ലീഗിന്റെ മാനിഫെസ്‌റ്റോ..'' -അദ്ദേഹം പറഞ്ഞത്രേ. (മാതൃഭൂമി 25 ഫെബ്രുവരി, 1960).
വാസ്തവത്തില്‍ മലബാറിലെ കോണ്‍ഗ്രസിനു ലീഗുമായി ചേരുന്നതിനോട് എതിര്‍പ്പുണ്ടായിരുന്നു. പ്രത്യേകിച്ച് ആദര്‍ശധീരനായ കെ പി സി സി അധ്യക്ഷന്‍ സി കെ ഗോവിന്ദന്‍ നായര്‍ എല്ലാ വര്‍ഗ്ഗീയ സാമുദായിക ശക്തികളുടെയും വിരുദ്ധന്‍. മലബാറിലെ കോണ്‍ഗ്രസനേതൃത്വവും ദേശീയപ്രസ്ഥാനത്തിന്റെ അനുകൂലികളും ലീഗ് വിരുദ്ധരായ ''ദേശീയ മുസ്ലിങ്ങളുടെ'' കൂടെയായിരുന്നു. എന്നാല്‍ കേരളസംസ്ഥാനം രൂപീകരണത്തോടെ സംസ്ഥാന കോണ്‍ഗ്രസില്‍ തിരുവിതാംകൂറിലെയും കൊച്ചിയിലെയും കോണ്‍ഗ്രസിനു മേധാവിത്തമായി. അതോടെ സ്ഥിതി മാറാനാരംഭിച്ചു. ഈ പ്രദേശങ്ങളിലെ കോണ്‍ഗ്രസിനു ജാതി-മത സഖ്യങ്ങള്‍ പുത്തരി ആയിരുന്നില്ല. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെ എതിര്‍പ്പിന്റെ ഫലമായി ലീഗിനെ കോണ്‍ഗ്രസ്-പി എസ് പി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് വിസമ്മതിച്ചു. ഇതൊരു വലിയ വഞ്ചനയായി കരുതിയതില്‍ അത്ഭുതമില്ല. നെഹ്രു ഇത് ന്യായീകരിക്കുകയും ചെയ്തു. പകരം സ്പീക്കര്‍ സ്ഥാനം ലീഗിനു നല്‍കി. എല്ലാവര്‍ക്കും ആദരണീയനായിരുന്ന സീതി സാഹിബ് ആയിരുന്നു ആ സ്ഥാനമേറ്റത്. പക്ഷേ അദ്ദേഹം അധികം കഴിയാതെ അവിചാരിതമായി അന്തരിച്ചു. അതോടെ വീണ്ടും സ്പീക്കര്‍ സ്ഥാനം തര്‍ക്കവിഷയം. കോണ്‍ഗ്രസ് വീണ്ടും ലീഗിനെ ചവിട്ടാന്‍ ആരംഭിച്ചു. ഇനി ലീഗിനു സ്പീക്കര്‍ സ്ഥാനം നിഷേധിക്കണമെന്ന് സി കെ ഗോവിന്ദന്‍ നായര്‍ വാശി പിടിച്ചു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആര്‍ ശങ്കറിനും പി ടി ചാക്കോയ്ക്കും ലീഗിനു സ്ഥാനം നല്‍കണമെന്നായിരുന്നു. അവസാനം ഒരു ഒത്തുതീര്‍പ്പ് ഉണ്ടായി. ലീഗില്‍ നിന്ന് രാജിവെച്ച് വന്നാല്‍ മാത്രം സ്പീക്കര്‍ സ്ഥാനം നല്‍കാം. ലീഗ് ഈ അപഹാസ്യമായ ഉപാധിയും അംഗീകരിച്ചു. അങ്ങിനെ രാജി വെച്ച് സ്പീക്കറായത് സി എച്ച് മുഹമ്മദ് കോയ. സി എച്ചിന്റെ ''തൊപ്പി ഊരിച്ച്'' സ്പീക്കര്‍ ആക്കി എന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഈ നാണക്കേട് വിഷമിച്ചിറക്കിയ ലീഗും കോണ്‍ഗ്രസും തമ്മില്‍ തുടര്‍ന്നും ഭിന്നതകള്‍ വളര്‍ന്നു. കുറ്റിപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഇത് വെളിപ്പെട്ടു. ചത്ത കുതിരയായ ലീഗിന്റെ സ്ഥാനം കാഴ്ച്ചബംഗ്ലാവാണെന്ന് നെഹ്രു കേരള സന്ദര്‍ശനവേളയില്‍ ആരോപിച്ചു.
ഇതിന്റെ പരിസമാപ്തി മന്ത്രിസഭയില്‍ നിന്ന് ലീഗിന്റെ രാജി ആയിരുന്നു. 1961 നവംബര്‍ 9 നു പട്ടം സര്‍ക്കാര്‍ 1 വര്‍ഷവും 9 മാസവും പിന്നിട്ടപ്പോള്‍ ലീഗ് ഭരണമുന്നണിയില്‍ നിന്ന് പിന്‍ വാങ്ങാന്‍ തീരുമാനിച്ചു. ചെറിയാന്‍ ഫിലിപ് ''കാല്‍ നൂറ്റാണ്ട്'' എന്ന പുസ്തകത്തില്‍ എഴുതി: ''മുസ്ലിം ലീഗ് ആചാര്യനായ സെയ്ദ് അബ്ദുള്‍ റഹ്മാന്‍ ബാഫക്കി തങ്ങള്‍ പറഞ്ഞു: ആത്മാഭിമാനമാണ് ഞങ്ങള്‍ക്ക് വലുത്. മുഹമ്മദ് കോയ അടുത്ത ദിവസം സ്പീക്കര്‍ സ്ഥാനം രാജി വെച്ചു...''
1965 ലായിരുന്നു അടുത്ത തെരഞ്ഞെടുപ്പ്. അപ്പോഴേക്കും സി പി ഐ പിളര്‍ന്ന് സി പി എം രൂപം കൊണ്ടിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് പ്ര്യാപിച്ചപ്പോള്‍ സി പി എം നേതാക്കള്‍ മിക്കവരും തൊട്ടുമുമ്പ് പൊട്ടിപ്പുറപ്പെട്ട ഇന്ത്യാ-ചീന യുദ്ധത്തില്‍ ചീനയെ പിന്തുണച്ചെന്ന് (''ചീന ചാരന്മാര്‍'') മുദ്രകുത്തപ്പെട്ട് ജയിലിലായിരുന്നു. പക്ഷേ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥികള്‍ മിക്കവരും ജയിലില്‍ നിന്ന് മത്സരിച്ചു. ആ തെരഞ്ഞെടുപ്പിലാണ് സി പി എമ്മുമായി ആദ്യമായി ലീഗ് നീക്കുപോക്കുണ്ടാക്കിയത്. ഫലം വന്നപ്പോള്‍ സി പി എമ്മിനു വന്‍ വിജയം. 43 സീറ്റ്. ഇവരില്‍ 29 പേര്‍ തടവില്‍ നിന്ന് മത്സരിച്ചവര്‍. ആര്‍ എസ് പിയുമായി ചേര്‍ന്ന് മത്സരിച്ച സി പി ഐക്ക് വെറും 3 സീറ്റ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ന്യായീകരിക്കാനും ജനപിന്തുണ തങ്ങള്‍ക്കാണെന്ന് തെളിയിക്കാനും സി പി എമ്മിനു കഴിഞ്ഞു. കോണ്‍ഗ്രസിനു 36 സീറ്റ്. സി പി എമ്മുമായി സഹകരിച്ച ലീഗിനു 6 ഉം അവര്‍ നിര്‍ത്തിയ സ്വതന്ത്രര്‍ക്ക് 5 ഉം സീറ്റ്.മലബാറിലെ ശക്തമായ സി പി എം -ലീഗ് സഖ്യത്തിന്റെ മുന്നില്‍ കോണ്‍ഗ്രസിനു 2 സീറ്റ് മാത്രം. പക്ഷേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന പേരില്‍ നിയമസഭ വിളിച്ചുകൂട്ടാതെ രാഷ്ട്രപതി ഭരണം തുടരുകയാണ് അന്നുണ്ടായത്. പക്ഷേ കേരളരാഷ്ട്രീയത്തില്‍ ലീഗും കേരള കോണ്‍ഗ്രസും പോലെയുള്ള കക്ഷികളുടെ തൊട്ടുകൂടായ്മ അതോടെ നീങ്ങി.
ഈ കാലഘട്ടം കൊണ്ട് മുസ്ലിം ലീഗ് പൂര്‍ത്തിയാക്കുന്നത് ഒരു വലിയ രാഷ്ട്രീയചക്രം.
1967 ആയപ്പോഴേക്കും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകുടുമെന്ന് പ്ര്യാപിച്ച ഇ എം എസ്, ലീഗ് അടക്കം 7 കക്ഷികള്‍ ഉള്‍പ്പെട്ട സഖ്യകക്ഷിമുന്നണി സൃഷ്ടിച്ചു. വന്‍ വിജയം നേടിയ മുന്നണിയുടെ സര്‍ക്കാരില്‍ ആദ്യമായി ലീഗിനു മന്ത്രിസ്ഥാനം നല്‍കപ്പെട്ടു. അന്നുവരെ വന്‍ കക്ഷികള്‍ ഒളിബന്ധത്തിനു മാത്രം ഒപ്പം കൂട്ടിയ ലീഗിനു ആദ്യമായി മാന്യത ലഭിച്ചു. മലപ്പുറം ജില്ല, കോഴിക്കോട് സര്‍വകലാശാല തുടങ്ങി മുസ്ലിം സമുദായത്തിനു അനുകൂലമായ പല പ്രധാന തീരുമാനങ്ങളും ആ സര്‍ക്കാരിന്‍േറതായിരുന്നു. ലീഗ് അവയില്‍ അവകാശം സ്ഥാപിച്ചത് സ്വാഭാവികം. പക്ഷേ 2 വര്‍ഷം ആയപ്പോഴേക്കും ഭരണമുന്നണി അന്ത:ഛിദ്രം മൂലം തകര്‍ന്നു. സി പി ഐക്കും ആര്‍ എസ് പിക്കും ഒപ്പം ലീഗും സി പി എമ്മിനെ ഉപേക്ഷിച്ച് മുന്നണി വിട്ടു. മന്ത്രിസഭ വീണു. കോണ്‍ഗ്രസ് ഇവര്‍ക്ക് നല്ല പിന്തുണ നല്‍കി. അധികം വൈകാതെ ലീഗും സി പി ഐയും ആര്‍ എസ് പിയുമൊക്കെ കോണ്‍ഗ്രസ കൂടാരത്തില്‍ എത്തിച്ചേര്‍ന്നു. അന്നു മുതല്‍ ഇന്നുവരെ മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയാണ്. ആ ഉറച്ച ബന്ധം അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സമയമാണിത്. 1980 ല്‍ ലീഗില്‍ നിന്ന് ഒരു വിഭാഗം പിളര്‍ന്ന് അിലേന്ത്യാ മുസ്ലിം ലീഗ് എന്ന പേരില്‍ ഇടതുപക്ഷത്ത് എത്തിച്ചേര്‍ന്നു. പക്ഷേ 1987 ല്‍ ഒരു സാമുദായിക കക്ഷിയുമായും ബന്ധം വേണ്ടെന്ന സി പി എമ്മിന്റെ നയം വന്നപ്പോള്‍ അഖിലേന്ത്യാ ലീഗ് മുന്നണിയില്‍ നിന്ന് പുറത്തായി. അതിന്റെ നേതാക്കള്‍ മിക്കവരും മുസ്ലിം ലീഗില്‍ തിരിച്ചെത്തിയപ്പോള്‍ ഏതാനും പേര്‍ മാത്രം പേരില്‍ ''മുസ്ലിം'' ഒഴിവാക്കി ഇന്ത്യന്‍ നാഷനല്‍ ലീഗെന്ന പേരില്‍ വീണ്ടും ഇടതുപക്ഷത്ത് തുടര്‍ന്നു.
ഇങ്ങനെ വലിയ കയറ്റിറക്കങ്ങളും അവഹേളനങ്ങളും ഒക്കെ സഹിച്ച് വളര്‍ന്ന ലീഗിനു ഇന്നും ഏതാനും ജില്ലകളില്‍ മാത്രമേ നല്ല സ്വാധീനമുള്ളൂ എങ്കിലും യു ഡി എഫിന്റെ ആധാരശിലയായി തുടരുന്നു. 2019 ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ മതനിരപേക്ഷതയുടെ നിലനില്‍പ്പിനും രാഹുല്‍ ഗാന്ധിയുടെ വിജയത്തിനും പോലും അനിവാര്യമായി മാറുമ്പോള്‍ കോണ്‍ഗ്രസ് തൊപ്പി ഊരിച്ച 1960 മുതല്‍ ആറു ദശകത്തോളം നീളുന്ന ഈ കാലഘട്ടം കൊണ്ട് മുസ്ലിം ലീഗ് പൂര്‍ത്തിയാക്കുന്നത് ഒരു വലിയ രാഷ്ട്രീയചക്രം.
ഗോദയ്ക്ക് പിന്നില്‍:
രാഹുലിന്റെ വരവ്: ആ നാടകത്തിന് പിന്നില്‍ ശരിക്കും എന്താണ്?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനെന്ത് സംഭവിച്ചു?