ദക്ഷിണ കൊറിയയിൽ തന്ത്രം പിഴച്ച പ്രസിഡന്‍റിന് വഴി പുറത്തേക്ക് തന്നെ

ഭാര്യയുടെ വഴിവിട്ട ആഢംബരവും വില കൂടിയ സമ്മാനങ്ങളും സൃഷ്ടിച്ച വിവാദങ്ങള്‍ ഒരു വശത്ത്. മറുവശത്ത് സ്വന്തം പ്രതിച്ഛായ നഷ്ടമുണ്ടാക്കിയ പ്രതിസന്ധികള്‍. എല്ലാറ്റില്‍ നിന്നും രക്ഷപ്പെട്ട് സ്വയം സുരക്ഷിതനാകാന്‍ ശത്രുരാജ്യമായ ഉത്തര കൊറിയയെ പഴിചാരി ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂണ്‍ രാജ്യത്ത് പാട്ടാള നിയമം പ്രഖ്യാപിച്ചു. പക്ഷേ, തന്ത്രം പാളി. 

future of South Korean President Yoon Suk Yeol who introduced martial law

ടുവിൽ മാപ്പുപറഞ്ഞിരിക്കുന്നു, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യെയോൾ (Yoon Suk Yeol). പക്ഷേ, എല്ലാവരും പ്രതീക്ഷിച്ച രാജി പ്രഖ്യാപനം ഉണ്ടായില്ല. ഇംപീച്ച്മെന്‍റാണ് യൂണിനെ കാത്തിരിക്കുന്നത്. അതിനെപ്പറ്റിയും ഒന്നും പറഞ്ഞില്ല. ഇനി തുടരാൻ പ്രതിപക്ഷമോ ജനങ്ങളോ സമ്മതിക്കില്ലെന്നതും ഉറപ്പ്. എന്തിന് സ്വന്തം പാര്‍ട്ടി പോലും രാജി ആവശ്യപ്പെട്ട് കഴിഞ്ഞു.  പട്ടാള നിയമം പ്രഖ്യാപിച്ചപ്പോൾ പ്രസിഡന്‍റ് എന്തായിരുന്നു ചിന്തിച്ചിരുന്നത് എന്നാണ് ഇപ്പോൾ ദക്ഷിണ കൊറിയക്കാരുടെ ചിന്ത.

പാളിപ്പോയ അറ്റകൈ പ്രയോഗം

പട്ടാള നിയമം പ്രഖ്യാപിച്ച് കൊണ്ട് യൂൺ പറഞ്ഞത്, രാജ്യത്തെ  പലർക്കും ഉത്തര കൊറിയയോടുള്ള വിധേയത്വം കൂടുന്നു. അത് തടയാനാണ് പട്ടാള നിയമം എന്നാണ്. പക്ഷേ, സത്യത്തിൽ യൂണിന്‍റെ സ്വന്തം പ്രശ്നങ്ങളായിരുന്നു കാരണം. 2022 -ൽ ജയിച്ചത് തന്നെ കഷ്ടിച്ച്. രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മാർജിനിലും.  ഇക്കഴിഞ്ഞ ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ സ്വന്തം പാ‍ർട്ടിയും  തോറ്റതോടെ പ്രസിഡന്‍റ് സ്ഥാനം വെറും പേരിന് മാത്രം. ഒരു വഴിക്ക് പ്രതിപക്ഷവുമായി ബജറ്റിനെ ചൊല്ലിയുള്ള തർക്കം കടുത്തു. ഇതിനിടെ യൂണിന്‍റെ ജനപ്രീതി വെറും 20 ശതമാനമായി ചുരുങ്ങി. എല്ലാം തിരിച്ചു പിടിക്കാനുള്ള അറ്റകൈ പ്രയോഗമായിരുന്നു, യൂണിന്  പട്ടാള നിയമം.

എതിർക്കുന്നവരെ പേടിപ്പിക്കുക, നിയന്ത്രണാധീനരാക്കുക, ഒപ്പം രാജ്യത്തെ വലതുപക്ഷ യാഥാസ്ഥിതികരുടെ പിന്തുണ കൂടി നേടാം. അതായിരുന്നിരിക്കണം യൂണിന്‍റെ കണക്കുകൂട്ടൽ. പക്ഷേ തെറ്റി. ഗുരുതരമായ തെറ്റുപറ്റി. രാജ്യത്തിന്‍റെ രാഷ്ട്രീയമോ ജനങ്ങളെയോ  യൂണിന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് തെളിഞ്ഞു. നേരത്തെ തന്നെ കുറച്ചൊക്കെ പുറത്ത് വന്നതാണ്. പിന്നീട് മാപ്പ് പറഞ്ഞെങ്കിലും, തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സൈനിക ഏകാധിപതി ചുന്‍ ഡൂ ഹ്വാനെ (Chun Doo Hwan) പ്രശംസിച്ചിരുന്നു യൂൺ. അതുപോലെ പ്രോസിക്യൂഷനെയും യൂണിന് പേടിയായിരുന്നു. അതിന് കാരണമുണ്ട്. യൂണിന്‍റെ ഭാര്യയും പ്രഥമ വനിതയുമായ കിം കിയോണ്‍ ഹീയെ  (Kim Keon Hee) ചുറ്റിപ്പറ്റി ഉയർന്ന വിവാദങ്ങളാണ്.

future of South Korean President Yoon Suk Yeol who introduced martial law

ട്രംപിന്‍റെ യുക്രൈന്‍ യുദ്ധനയം; റഷ്യയ്ക്ക് മുന്നിലെ കീഴടങ്ങലോ ?

ഭാര്യാ വിവാദങ്ങളും അവസാനിച്ച രാഷ്ട്രീയ ഭാവിയും

3 മില്യൻ വോൺ വിലയുള്ള ക്രസ്റ്റിയന്‍ ഡിയോർ ഹാന്‍ഡ്ബാഗ് (Christian Dior Handbad) സമ്മാനമായി സ്വീകരിച്ചതാണ് അവസാനത്തെ വിവാദം. അതിന്‍റെ വീഡിയോയും പുറത്തുവന്നു. പ്രഥമ വനിത ആഡംബര സമ്മാനങ്ങൾ സ്വീകരിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഓഹരിവില കൂട്ടാനും കുറയ്ക്കാനും ഇടപെട്ടുവെന്നും ഭൂമിവില കൂട്ടാൻ എക്പ്രസ് വേ നിർമ്മിക്കാൻ ഒരുങ്ങിയതും വിവാദങ്ങളിൽ ചിലത് മാത്രം.

ഭാര്യയുടെ പേരിൽ അന്വേഷണം പ്രഖ്യാപിക്കുന്ന ബിൽ,  യൂൺ തന്നെ വീറ്റോ ചെയ്തത് ഇതിന്‍റെയെല്ലാം തുടർച്ച. പക്ഷേ, ഇനി അതിലൊന്നും പിടിച്ച് നിൽക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവും കൂടിയാകണം പട്ടാള നിയമമെന്ന അവസാന സാധ്യതയിലേക്ക് യൂണിനെ എത്തിച്ചത്. പക്ഷേ അത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. യൂണിന്‍റെ രാഷ്ട്രീയ ഭാവി അവസാനിക്കുന്ന മട്ടാണ്. ഇനി ഈ പ്രസിഡന്‍റിനെ വിശ്വസിക്കാൻ പറ്റില്ലെന്നാണ് രാജ്യത്തെ സാധാരക്കാരുടെയും പക്ഷം. പഴയൊരു പട്ടാള നിയമക്കാലത്തിന്‍റെ ഓ‍ർമ്മകൾ മായാത്തവർ ഇപ്പോഴും രാജ്യത്തുണ്ട്.

പട്ടാള ഭരണം

1948 -ൽ തെക്കും വടക്കുമായി പിരിഞ്ഞ കൊറിയകളിൽ വടക്ക് കമ്മ്യൂണിസ്റ്റായി. പക്ഷേ, രാജ്യത്തെ കമ്മ്യൂണിസ്റ്റ് അനുഭാവികളെ അടിച്ചമർത്താൻ, ജനറൽ ഷിംഗ്മാന്‍ റീ (Syngman Rhee) തെക്ക് പട്ടാള നിയമം പ്രഖ്യാപിച്ചു. അതാണ് ആദ്യത്തേത്. പിന്നെ 1960 -ൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കും അഴിമതിക്കും എതിരായ പ്രതിഷേധം അടിച്ചമർത്താൻ വീണ്ടുമൊരു പട്ടാള നിയമം. 1961 -ൽ രാജ്യത്തെ ആദ്യത്തെ അട്ടിമറി. പാർക് ചുംഗ് ഹീ (Park Chung Hee) എന്ന സൈനികൻ നേതാവ് അധികാരവും പിടിച്ചെടുത്തു. പ്രസിഡന്‍റ് യുന്‍ പുറത്തായി. പക്ഷേ, 1979 -ൽ പാർക് ചുംഗ് ഹീ വധിക്കപ്പെട്ടു.  കമ്മ്യൂണിസ്റ്റ് വിരുദ്ധർ അധികാരമേറ്റെങ്കിലും സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. പിന്നെയും പട്ടാള നിയമം.

അടിച്ചമർത്തൽ വഴിവച്ചത് ഗ്വാംഗ്‍ജു (Gwangju) വിപ്ലവത്തിന്. 1980 -ൽ  ചുന്‍ ഡൂ ഹ്വാനെതിരെ നടന്ന പ്രതിഷേധം. തലസ്ഥാനമായ സോളിൽ നിന്നും 250 കിലോമീറ്റര്‍ ദൂരെയുള്ള  ഗ്വാംഗ്‍ജുവില്‍ വച്ച് സൈന്യം പ്രതിഷേധത്തെ നേരിട്ടരീതി. ചുന്‍ ഡൂ ഹ്വാന്‍റെ പട്ടാളം ആയിരങ്ങളെയാണ് കൊന്ന് തള്ളിയത്. 1995 -ൽ ചുൻ പുറത്തായി. വധശിക്ഷ വിധിക്കപ്പെട്ടെങ്കിലും, പിന്നീട് മാപ്പ് കൊടുത്തു. ഇതിന്‍റെയൊന്നും മുറിവുകൾ ഇതുവരെ മാഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആ ഓർമ്മകൾ തെക്കന്‍ കൊറിയന്‍ ജനത അത്രപെട്ടെന്ന് മറക്കില്ല.  

future of South Korean President Yoon Suk Yeol who introduced martial law

ഇസ്രയേലിന്‍റെ പാളയത്തിലെ പടയും ലെബണനിലെ രാഷ്ട്രീയ അസ്ഥിരതയും പിന്നെ വെടിനിര്‍ത്തല്‍ കാരാറും

ജനാധിപത്യത്തിലേക്ക്

1988 -ലാണ് തെക്കൻ കൊറിയ ജനാധിപത്യത്തിലേക്ക് ചുവടുമാറിയത്. അതും ശക്തമായ ജനാധിപത്യമൂല്യങ്ങളുള്ള സംവിധാനം. ഏകാധിപത്യ ചരിത്രം പുതുതലമുറയ്ക്കും പരിചിതമാണ്. എഴുത്തിലൂടെയും സിനിമകളിലൂടെയും ടെലിവിഷനിലൂടെയും സംഗീതത്തിലൂടെയും അവരത് അറിയുന്നു. അതുകൊണ്ട് ഇനിയൊരു ഏകാധിപത്യം അവർ അംഗീകരിക്കില്ല. അവരുടെ മനസ് വായിച്ചറിയാൻ പക്ഷേ, പ്രസിഡന്‍റ്  യൂണിന്  കഴിഞ്ഞില്ല. സ്വന്തം പാർട്ടികാർ വരെ യൂണിനെ തള്ളിപ്പറഞ്ഞുകഴിഞ്ഞു. ഇംപീച്ച്മെന്‍റിന്  മൂന്നിൽ രണ്ട് ദേശീയ അസംബ്ലി അംഗങ്ങളുടെ പിന്തുണ വേണം. പ്രതിപക്ഷത്തിന് 192 പേരുണ്ട്. യൂണിന്‍റെ പാർട്ടിയിലെ 8 പേർ കൂടിയായാൽ ഇംപീച്ച്മെന്‍റ് പ്രമേയം പാസാകും. പ്രസിഡന്‍റ് സ്ഥാനം താൽകാലികമായി നഷ്ടപ്പെടും. ഭരണഘടനാ കോടതിയാകും അന്തിമ തീരുമാനം എടുക്കുക. 9 ജഡ്ജിമാരിൽ 6 പേർ വോട്ട്ച ചെയ്താൽ ഇംപീച്ച്മെന്‍റ് പൂർത്തിയാകും, അധികാരവും സ്ഥാനവും നഷ്ടമാകും.

തനിയാവർത്തനം

രാജ്യത്ത് പ്രസിഡന്‍റുമാർ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. ആദ്യ വനിതാ പ്രസിഡന്‍റ് പാർക്ക് ഗ്വിന്‍ ഹേ (Park Gwen HYe) ഇംപീച്ച് ചെയ്യപ്പെട്ടു. അധികാര ദുർവിനിയോഗത്തിനും അഴിമതിക്കും തടവിലുമായി. 2021 -ൽ മാപ്പുകിട്ടി. ലീ മ്യൂഗ് ബക് (Lee Myung Bak) ഓഹരി വില അട്ടിമറിക്ക് ശ്രമിച്ചതിന് 17 വർഷത്തെ തടവിന് വിധിക്കപ്പെട്ടു. റോഹ് മൂ യ്വാന്‍ (Roh Moo Hyun) അധികാരമേറ്റ് ഒരു വർഷത്തിനകം ഇംപീച്ച്മെന്‍റിൽ നിന്ന് കഷ്ടിച്ചാണ് ഹൂൻ രക്ഷപ്പെട്ടത്. പക്ഷേ, കൈക്കൂലി കേസിൽ അന്വേഷണം നേരിട്ടപ്പോൾ ആത്മഹത്യ ചെയ്തു. പ്രോസിക്യൂഷൻ പ്രതിപക്ഷത്തിന്‍റെ കൈയിലെ ഡമോക്ലീസിന്‍റെ വാളാണെന്ന് ആരോപണമുണ്ട്. അതുകൂടി പേടിച്ചാവണം യൂൺ പട്ടാള നിയമം പ്രഖ്യാപിച്ചത്. പക്ഷേ, എല്ലാ കണക്കുകൂട്ടലും പിഴച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios