മുഖ്യമന്ത്രി അഭിനന്ദിക്കണം, പൊതുമരാമത്ത് വകുപ്പിനെ തോല്‍പ്പിച്ച സുമയേയും!
എത്രയെത്ര വാര്‍ത്തകളാണ് ദിവസവും! അതിനിടയില്‍, ഒറ്റക്കോളത്തിലോ ഒറ്റവരിയിലോ ഒതുങ്ങിപ്പോയ ഒരു വാര്‍ത്ത. അതിന്റെ നാനാര്‍ത്ഥങ്ങള്‍. എം അബ്ദുള്‍ റഷീദ് എഴുതുന്ന കോളം.
വൈറ്റില മേല്‍പ്പാലം മികവുറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയതിന് പൊതുമരാമത്തു വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ച അതേ ദിവസമാണ്, കോഴിക്കോട്ടുകാരി സുമ ആ വകുപ്പിനെതിരെ കേസ് ജയിച്ചത്!
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ആഘോഷമായി തുറന്നതിന്റെ ചിത്രവുമായിറങ്ങിയ പത്രങ്ങളുടെ ഉള്‍പ്പേജില്‍ അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത മറ്റൊരു മൂന്നുവരി വാര്‍ത്തയുണ്ടായിരുന്നു. കോഴിക്കോട് കോട്ടൂളി പുതിയാമ്പറമ്പത്ത് സതീശന്റെ ഭാര്യ സുമയ്ക്ക് കേരള സര്‍ക്കാര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ച വാര്‍ത്തയായിരുന്നു അത്. സാധു കുടുംബത്തിന്റെ ഏക അത്താണിയായ സതീശന്‍ എന്ന പാചകത്തൊഴിലാളി ജോലി കഴിഞ്ഞു വീട്ടിലേക്ക് എത്താന്‍ ഓടുന്നതിനിടെ ഓടയില്‍ വീണു മരിയ്ക്കുകയായിരുന്നു!
2017 ജൂലൈ 22 -ന്റെ രാത്രിയില്‍, സ്ലാബോ കൈവരികളോ ഇല്ലാതെ വെള്ളംനിറഞ്ഞു കിടന്ന ഓടയില്‍ വീണ ആ പാവം മനുഷ്യന്‍ ഇരുട്ടില്‍ ആരുടെയും ശ്രദ്ധ കിട്ടാതെ മുങ്ങിമരിക്കുകയായിരുന്നു.
കനത്ത മഴയില്‍ ഓടയും റോഡും തിരിച്ചറിയാനാവാത്ത വിധം വെള്ളം ഒഴുകിപ്പരന്നിരുന്നു. സതീശന്റെ മരണത്തോടെ അനാഥരായ ഭാര്യ സുമയും മകള്‍ അഭിരാമിയും നീതി തേടി കോടതിയെ സമീപിച്ചു. മരണക്കുഴിയായി ഓട തുറന്നിട്ടത് സംസ്ഥാന സര്‍ക്കാരിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും അനാസ്ഥയാണെന്നായിരുന്നു ഹര്‍ജി. സതീശന്റെ അശ്രദ്ധയും അദ്ദേഹം മദ്യപിച്ചതുമാണ് അപകടകാരണമെന്ന് പൊതുമരാമത്തു വകുപ്പ് വാദിച്ചു. പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം ചൂണ്ടിക്കാട്ടി ആ വാദം കോടതി തള്ളി. മൂന്നു വര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവില്‍ കോടതി നഷ്ടപരിഹാരം അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് അപ്പീല്‍ പോയില്ലെങ്കില്‍ നഷ്ടപരിഹാരത്തുക ആ സാധു കുടുംബത്തിന് വൈകാതെ കിട്ടും.
ഓടയിലൊടുങ്ങിയ ജീവനുകള്‍
കേരളത്തില്‍ ഒരു വര്‍ഷം എത്ര മനുഷ്യര്‍ ഓടയില്‍ വീണു മരിയ്ക്കുന്നുണ്ട്? അങ്ങനെയൊരു കണക്ക് എവിടെയും ഉണ്ടാകാനിടയില്ല. പഴയ പത്രത്താളുകള്‍ പരതിനോക്കാനുള്ള ക്ഷമയുണ്ടെങ്കില്‍ മനസിലാവും, ഓരോ കൊല്ലവും പത്തു പേര്‍ക്കെങ്കിലും ഇങ്ങനെ ജീവന്‍ നഷ്ടമാകുന്നുണ്ട്. അന്‍പതു പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്നുണ്ട്.
ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ ഗോകുല്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ സ്‌കൂട്ടര്‍ അടക്കം ഓടയില്‍ വീണത് കഴിഞ്ഞ നവംബറിലാണ്. എട്ടു മണിക്കൂറിനു ശേഷം അവന്റെ നിശ്ചലമായ ശരീരം നാട്ടുകാര്‍ കണ്ടെടുത്തു. ആലപ്പുഴ ഹരിപ്പാട് സൈക്കിള്‍ യാത്രക്കാരനായ വിജയന്‍പിള്ള ഓടയില്‍വീണു മരിച്ചത് കഴിഞ്ഞ ഓഗസ്റ്റിലാണ്. കണ്ണൂരില്‍ ദേശീയ പാതയില്‍ പൊടിക്കുണ്ടുഭാഗത്ത് തുറന്നുകിടന്ന ഓടയില്‍ വീണ് പലപ്പോഴായി മരിച്ചത് നാലു പേരാണ്. അങ്ങനെയങ്ങനെ പല ദിവസവുമുണ്ട്, പത്രത്താളിന്റെ മൂലയില്‍ ഒരു വാര്‍ത്തയെങ്കിലും.
മരിച്ചവരുടെ കുറ്റം!
ഒരിക്കല്‍ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ ഈ ഓട അപകടങ്ങള്‍ എത്തിയപ്പോള്‍, മനുഷ്യര്‍ ഓടയില്‍ വീഴുന്നുണ്ടെങ്കില്‍ അത് അവരുടെ ശ്രദ്ധക്കുറവാണ് എന്ന വിചിത്രവാദമാണ് പൊതുമരാമത്ത് വകുപ്പ് ഉയര്‍ത്തിയത്. ആ നിലപാടിനെ കമ്മീഷന്‍തന്നെ അന്ന് രൂക്ഷമായി വിമര്‍ശിച്ചു. മരിച്ചവരുടെ നിരാലംബരായ കുടുംബം നഷ്ടപരിഹാരം തേടുന്ന ഓരോ കേസിലും ഇത്തരം വാദങ്ങള്‍ ഉയര്‍ത്തി നഷ്ടപരിഹാരം നല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ എപ്പോഴും ശ്രമിക്കുന്നത്.
വലിയ പാലങ്ങളുടെ, അതിവേഗപ്പാതകളുടെ, പൈപ്പ്ലൈനുകളുടെ വികസന കഥകളില്‍ നേതാക്കളും അണികളും മുഴുകുമ്പോഴും തദ്ദേശ സ്ഥാപനങ്ങള്‍ക്കോ പൊതുമരാമത്തു വകുപ്പിനോ നിസ്സാരമായി അടയ്ക്കാവുന്ന ഓടകളില്‍ വീണ് നമ്മുടെ നാട്ടില്‍ നിരവധി മനുഷ്യര്‍ ദാരുണമായി മരിക്കുന്നുണ്ട് എന്നതൊരു അപ്രിയ സത്യമാണ്. വലിയ ഉദ്ഘാടന മഹാമഹങ്ങള്‍ക്കിടയില്‍ ഈ കണക്കുകള്‍ ആരെങ്കിലും പറഞ്ഞാല്‍തന്നെ, അവര്‍ വികസനവിരുദ്ധരായും അരാഷ്ട്രീയവാദികളായും അതിവേഗം മുദ്രകുത്തപ്പെടും.
അടിത്തട്ട് കാണാത്ത വികസനം
സത്യത്തില്‍ ഇത് ഏതെങ്കിലുമൊരു സര്‍ക്കാറിന്റെയോ ഭരണാധികാരിയുടെയോ മാത്രം പ്രശ്‌നമല്ല. വികസനത്തെക്കുറിച്ചു നമ്മുടെ ഭരണകൂടങ്ങള്‍ക്കുള്ള സങ്കല്‍പ്പം എന്തെന്ന് വ്യക്തമാക്കുന്ന നേരവസ്ഥയാണ്. ദേശീയപാതയുടെ ഭാഗമായിരിക്കെത്തന്നെ സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കി പൂര്‍ത്തിയാക്കിയതാണ് കൊച്ചിയിലെ മേല്‍പ്പാലങ്ങള്‍. നൂറുകണക്കിന് പാലങ്ങളും മേല്‍പ്പാലങ്ങളും പണിത, ഇപ്പോഴും പണിതുകൊണ്ടിരിക്കുന്ന വകുപ്പെന്നതില്‍ മന്ത്രി ജി സുധാകരന്‍ അഭിമാനിക്കുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന് അതിന് അര്‍ഹതയുമുണ്ട്.
എന്നാല്‍, ഏത് അതിവേഗ പാതയേക്കാളും പാലത്തേക്കാളും ആദ്യം നമുക്ക് വേണ്ടത് അടച്ച ഓടകളും കുഴിയില്ലാത്ത റോഡുകളും വൃത്തിയുള്ള നടപ്പാതകളും ആണ്. പക്ഷേ ആരുമത് ഉറക്കെപ്പറയാന്‍ ധൈര്യപ്പെടുന്നില്ല. ഭൂരിപക്ഷ പൊതുബോധ വികസന സങ്കല്‍പത്തിന് എതിരായി സംശയമുന്നയിക്കുന്ന ആരും വേട്ടയാടപ്പെടുകയും പിന്തിരിപ്പന്മാരായി മുദ്രകുത്തപ്പെടുകയും ചിലപ്പോള്‍ ഭീകരവാദ പട്ടംവരെ ചാര്‍ത്തിക്കിട്ടുകയും ചെയ്യുന്ന കാലമാണിത്.
അതുകൊണ്ടു തന്നെ ഓടയില്‍ വീണു മുങ്ങിമരിച്ച സതീശനെയോ ഗോകുലിനെയോ വിജയന്‍ പിള്ളയെയോ കുറിച്ചു ആരും സംസാരിക്കുന്നില്ല. അനാഥരായ അവരുടെ കുടുംബത്തിന് കഴിവുണ്ടെങ്കില്‍ കൊല്ലങ്ങളോളം കേസ് നടത്തി നഷ്ടപരിഹാരം നേടിയെടുക്കാം. വക്കീല്‍ ഫീസ് കഴിച്ചു വല്ലതും ഏതെങ്കിലും കാലത്ത് കിട്ടിയേക്കാം. ഇല്ലാതിരിക്കാം. ഭരണകൂടത്തോട് കേസിനോ തര്‍ക്കത്തിനോ പോകാന്‍ ശേഷിയില്ലാത്തവര്‍ക്ക്, ഒറ്റചുവടില്‍ തെറ്റിവീണ് ഓടവെള്ളത്തില്‍ പ്രാണന്‍ പിടഞ്ഞുപോയ ഉറ്റവരെ ഓര്‍ത്ത് ശിഷ്ടകാലം കഴിയാം.
വേണം ഒരു ചെറിയ പദ്ധതി
രക്തസാക്ഷികളെ ഏറ്റെടുക്കാന്‍ വലിയ മത്സരം നടക്കുന്ന കേരളത്തില്‍ ഈ ഓടവെള്ളത്തില്‍ മരിക്കുന്ന മനുഷ്യരെ മാത്രം ഒരു പാര്‍ട്ടിയും ഏറ്റെടുക്കില്ല. അവര്‍ക്കായി അനുശോചന സന്ദേശങ്ങള്‍ ഉണ്ടാവില്ല. ഒരു പത്രസമ്മേളനത്തിലും ആരും അവരെക്കുറിച്ചു പറയാറില്ല. മൂന്നു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് എത്താനുള്ള അതിവേഗ പാതയ്ക്ക് രൂപരേഖ വരയ്ക്കുമ്പോള്‍ പുനലൂരില്‍ ഓവുചാലില്‍ മരിച്ച പ്രവീണും കാര്‍ത്തികപ്പള്ളിയില്‍ ഓടയില്‍ വീണു മരിച്ച ശബരിയും ആരുടെയും ഓര്‍മയില്‍ ഉണ്ടാവില്ല.
ഇരുന്നൂറും മുന്നൂറും കോടിയുടെ വലിയ പദ്ധതികള്‍, അവകാശവാദങ്ങള്‍, കിഫ്ബി കണക്കുകള്‍ ഒക്കെ നടക്കട്ടെ. അതിവേഗം ഒരു വന്‍നഗരമാകുന്ന കേരളത്തിന് അതെല്ലാം ആവശ്യമായിരിക്കാം. പക്ഷേ, ഇതിനെല്ലാമിടയില്‍ വളരെ ചെറിയ ഒരു പദ്ധതി പ്രഖ്യാപിക്കാന്‍, അത് നടപ്പാക്കാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയുമോ?
പ്രധാന റോഡുകളിലെയെങ്കിലും മരണ ഓടകള്‍ സ്‌ളാബിട്ട് അടയ്ക്കാനുള്ള വളരെ ചെറിയ ഒരു പദ്ധതി! പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും മനസുവെച്ചാല്‍ ആറു മാസത്തില്‍ തീര്‍ക്കാവുന്ന വളരെ ചെറിയ ഒരു പദ്ധതി. ആശുപത്രിയിലേക്കോ വീട്ടിലേക്കോ ഓടിപ്പായുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് നഗരത്തിലെ ഓടക്കുഴിയിലേക്ക് താഴ്ന്നുപോയി മരിച്ച ഓരോ സാധാരണക്കാരന്റെയും ആത്മാവ് അതര്‍ഹിക്കുന്നുണ്ട്.
എം അബ്ദുല്‍ റഷീദ് എഴുതിയ മറ്റ് കുറിപ്പുകള്‍
ലൈവ് ക്യാമറയ്ക്കുമുന്നില്‍ കഴുത്തുമുറിച്ച ഇന്ത്യന്‍ യുവാവിനെ ഫേസ്ബുക്ക് രക്ഷിച്ചതെങ്ങനെ?
ഐസിസ് ഭീകരര്‍ കഴുത്തില്‍ കത്തിപായിക്കുമ്പോള്‍ ആ വൃദ്ധവൈദികന്‍ എന്താവും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക?
ആ പൂമരങ്ങള്‍ കാമ്പസില്‍ ഇപ്പോഴും ബാക്കിയെങ്കില്‍ അത് വെട്ടി തീയിടണം!
സിന്ധുവിനെ തോല്‍പ്പിച്ച കരോലിന മാരിന് ഒരു മലയാളിയുടെ തുറന്ന കത്ത്
തുണിയുടുക്കാത്ത സന്യാസിയും നാണമേയില്ലാത്ത നമ്മളും
ഒരു കുഞ്ഞും വരയ്ക്കരുതാത്ത ചിത്രം!
ഒടുവില്‍,ജന്‍കോ മരണത്തിലേക്കുള്ള മല കയറി മറഞ്ഞു!
നന്‍മ ഒരു വാക്കല്ല, ഈ മനുഷ്യനാണ്!
ചരമപേജില്‍ കാണാനാവാത്ത മരണങ്ങള്‍!
ക്രിസ്തുവിന്റെ മൗനം; ഗാന്ധിയുടെയും!
അവള്‍ക്കു കൈയ്യടിക്കുന്നവര്‍ സ്വന്തം അടുക്കളയിലേക്കും നോക്കൂ
നിങ്ങളെത്ര തെറി വിളിച്ചാലും ഞങ്ങള്‍ക്കീ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാനാവില്ല
ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!
അമ്മമാരേ, ഈ ഉത്തരവാദിത്ത ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?
ഓരോ 'മീന്‍കഷണത്തിനും' അവര്‍ കണക്കു പറയിക്കും!
സിപിഎം സമ്മേളനം ഉത്തരം തരേണ്ട ചോദ്യങ്ങള്‍
രാഷ്ട്രീയ ആയുധമായി മാറിയ കൊവിഡ് വാക്‌സിന്‍ എത്രമാത്രം സുരക്ഷിതമാണ്?