കൈനീട്ടിയാല്‍ അപ്പൂപ്പന്‍ താടി പോലുള്ള മേഘങ്ങള്‍, ഇത് സലാലയിലെ സ്വര്‍ഗം!
ഞാനിപ്പോള്‍ ജബല്‍ സംഹാന്‍ വ്യൂ പോയിന്റ്. വെളുത്തു ഭംഗിയുള്ള പഞ്ഞിക്കെട്ടുകളെ പോലെയുള്ള മേഘങ്ങളെ നമുക്ക് താഴെ നോക്കി കാണാമിവിടെ. ഞാന്‍ മലയുടെ മുകളില്‍, എനിക്ക് താഴെ കാറ്റത്തു പാറിപ്പറക്കുന്ന അപ്പൂപ്പന്‍ താടി പോലുള്ള ഇടതൂര്‍ന്ന മേഘങ്ങള്‍, അതിനു താഴെ ഭൂമി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ പ്രധാന പര്‍വത നിരകളിലൊന്നാണ് സലാലയിലുള്ള ജബല്‍ സംഹാന്‍ (ജബല്‍ എന്നാല്‍ മലയെന്നാണര്‍ഥം). സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2,100 മീറ്റര്‍ ഉയരത്തിലാണ് ഈ പര്‍വതനിര സ്ഥിതി ചെയ്യുന്നത്. അപൂര്‍വയിനം ജന്തുജാലങ്ങളുടെയും വൃക്ഷലതാദികളുടെയും ആവാസവ്യവസ്ഥയാണ് സംഹാന്‍ പര്‍വതനിരകള്‍. കൗതുകങ്ങളുടെ ഉയരങ്ങളേറെയുള്ള മലനിരകള്‍ ഒമാനെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നു.
ഞാനിപ്പോള്‍ ജബല്‍ സംഹാന്‍ വ്യൂ പോയിന്റ്. വെളുത്തു ഭംഗിയുള്ള പഞ്ഞിക്കെട്ടുകളെ പോലെയുള്ള മേഘങ്ങളെ നമുക്ക് താഴെ നോക്കി കാണാമിവിടെ. ഞാന്‍ മലയുടെ മുകളില്‍, എനിക്ക് താഴെ കാറ്റത്തു പാറിപ്പറക്കുന്ന അപ്പൂപ്പന്‍ താടി പോലുള്ള ഇടതൂര്‍ന്ന മേഘങ്ങള്‍, അതിനു താഴെ ഭൂമി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭൂതി.
ഫ്‌ലൈറ്റില്‍ ഇരുന്നു മാത്രം അടുത്ത് കണ്ടിട്ടുള്ള മേഘങ്ങളുടെ മനോഹര കാഴ്ച മലമുകളില്‍ നിന്ന് കയ്യെത്തും ദൂരത്തായി കാണുന്നു. ഖരീഫ് (മണ്‍സൂണ്‍) സീസണില്‍ പോകുമ്പോള്‍ ഈ കാഴ്ച കാണാന്‍ കോടമഞ്ഞു കൂടി കനിയണം. തണുത്ത കാറ്റ് അതിന്റെ പൂര്‍വാധികം ശക്തിയില്‍ ആഞ്ഞു വീശുന്നുണ്ടായിരുന്നു. വ്യൂ പോയിന്റില്‍, മേഘങ്ങള്‍ക്കിടയിലൂടെ നടക്കാനും ഈ പ്രകൃതി ഭംഗി ആസ്വദിക്കാനും കൈവരികളോട് കൂടിയ നടപ്പാത സുരക്ഷിതമായ ട്രാക്ക് നല്‍കുന്നു.
നീലാകാശത്തിന്റ നീലിമയില്‍ ലയിച്ചു മലമുകളില്‍ മേയുന്ന മേഘങ്ങളെ നോക്കി ഞാന്‍ നിന്നു. ഇവിടെ നിന്ന് ആകാശത്തേയ്ക്കുള്ള ദൂരം കുറവാണെന്നും മേഘപാളികളെ വകഞ്ഞു മുകളിലേയ്ക്കു പോയാല്‍ ആകാശമെത്തുമെന്നും ഞാന്‍ ചിന്തിച്ചുപോയി. ഇതിന്റെ് ഉച്ചിയില്‍ നിന്നാല്‍ നോക്കത്താ ദൂരത്തോളം പച്ച പുതച്ചു പരന്ന് കിടക്കുന്ന മലനിരകളുടെ മനോഹര ദൃശ്യം കാണാം. പരിഷ്‌കാരത്തിന്റെ കൈകടത്തലുകള്‍ വന്നെത്താത്ത പ്രകൃതിയുടെ നിറം, മണം, സൗന്ദര്യം.
അകലെ ഉള്ള കാഴ്ചകളെ കോടമഞ്ഞ് സാവധാനം എന്നില്‍നിന്നും ഒളിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. എവിടെനിന്നോ അടിക്കുന്ന സൂര്യന്റെ് പ്രകാശം മേഘങ്ങളെ വെട്ടി തിളക്കുന്നു. കാറ്റ് പലയിടത്തേക്കായി വലിച്ചുകൊണ്ടുപോകുന്ന മേഘങ്ങളോടൊപ്പം സഞ്ചരിച്ച് ആകാശ കാഴ്ചകള്‍ കാണാന്‍ എനിക്കും ആഗ്രഹം തോന്നി. കൂട്ടം തെറ്റി നടക്കുന്ന മേഘങ്ങള്‍ ചില സ്ഥലങ്ങളില്‍ വച്ച് ഒന്ന് ചേരുന്നു, ക്രമേണ മേഘങ്ങള്‍ക്ക് കട്ടി കൂടുകയും താഴെയുള്ള പച്ച പിടിച്ച താഴ്വരകള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. മലയുടെ ഒരു വശത്ത് അഗാധമായ കൊക്കകള്‍, മറുവശത്ത് ഉയരമറിയാത്ത മലനിരകളില്‍ പേരറിയാത്ത ചെറുമരങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. മനസിലും ശരീരത്തിലും കുളിര്‍മ പകരുന്ന കാഴ്ചകളായിരുന്നു അവിടെയെല്ലാം.
കൈവരികളില്ലാത്ത മലയുടെ അഗ്ര ഭാഗങ്ങളിലേക്കു പോയി മലയുടെ ആഴം കണ്ണിലാല്‍ അളക്കാന്‍ ശ്രമിച്ച എന്നെ കരുതലിന്റെ കാതലായ അബൂബക്കര്‍ ഇക്കായും ത്വയ്യിബിക്കയും ശകാരത്താല്‍ തടഞ്ഞു. ശക്തമായ കാറ്റ് മലമുകളില്‍ നില്‍ക്കുന്ന എന്നെ താഴ്വരയുടെ കൊതിപ്പിക്കുന്ന ആഴങ്ങളിലേയ്ക്ക് വല്ലാത്ത കാന്തിക ശക്തിയോടെ വലിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു.
സലാലയുടെ മുക്കിലും മൂലയിലും പച്ചപ്പ് നിറയുന്ന ഖരീഫ് സീസണ്‍ ആയതിനാല്‍ പല രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ആകാശത്തില്‍ ഒളിപ്പിച്ച പ്രകൃതി ഭംഗി കണ്ടാസ്വദിക്കാനായി ഇവിടെ എത്തിയിട്ടുണ്ട്. സ്വന്തം കണ്ണുകളാല്‍ കാണണ്ട നയനമനോഹരമായ കാഴ്ചകള്‍ പലരും ക്യാമറ കണ്ണുകള്‍ കൊണ്ടാണ് കാണുന്നത്. ചില വിരുതന്മാര്‍ പറന്നു തെന്നി മാറുന്ന മേഘങ്ങളെ ബാക് ഗ്രൗണ്ടാക്കി ഇന്‍സ്റ്റാ റീല്‍സ് ചെയ്യാനും മറന്നില്ല .
ചില കാഴ്ചകള്‍ എന്നില്‍ കൗതുകം നിറക്കാറുണ്ട് അതില്‍ പലതും അങ്ങനെ ആദ്യത്തെ ഒരു കാഴ്ച്ചയില്‍ ഒതുങ്ങുകയും പിന്നീട് അതെല്ലാം സര്‍വസാധാരണമായി തോന്നുകയും ചെയ്യുമെന്നതാണ് പതിവ്. എന്നാല്‍ ഈ ആകാശ കാഴ്ചയിലുള്ള കൗതുകം എന്നില്‍ തുടന്ന് നില്‍ക്കുന്നു വീണ്ടും വീണ്ടും അതിലേക് ആത്മാവിനെ ഏതോ ശക്തി ആവാഹിക്കുന്നു എന്നപോല്‍.