ഗുലാം അലി മുതല്‍ ശഹബാസ് അമന്‍ വരെ, കീബോര്‍ഡുമായെത്തി വീടാകെ മാറ്റിമറിച്ചു, ഉസ്താദ്
ടിവി മുറിയില്‍ പിന്നെയുള്ള രാത്രികളില്‍ സംഗീത വിരുന്നുകളൊരുക്കി ഉസ്താദ്. ആസ്വാദകര്‍ കൂടി. കീബോര്‍ഡിന് കൂട്ടായി തബലയും ചേര്‍ന്നപ്പോള്‍ ഗുലാം അലി, നാഗൂര്‍ ഹനീഫ, ശഹബാസ് അമന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ആ ടിവി മുറിക്ക് ശബ്ദ സൗകുമാര്യം നല്‍കി.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
ഒമാനിലെ നിസ്‌വയില്‍ ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കാലം. ഏകാന്തത ഇതിനുമാത്രം വേട്ടയാടിയിരുന്ന കാലം വേറെയുണ്ടായിട്ടില്ല.
ജോലി കഴിഞ്ഞാല്‍ വൈകുന്നേരങ്ങളില്‍ ഒറ്റയ്ക്ക് ഒരു ടിവി മുറിയില്‍ അറിയാത്ത ഏതോ അറബി ചാനലും വെച്ച് ഇരിക്കും. മനസ്സു അപ്പോഴേക്കും നാട്ടിലേക്ക് പായും. പാടവും മഴയും കൂട്ടുകാരുമൊക്കെയുള്ള എന്റെ കൊച്ചു നാട്ടിലേക്ക്.
ജോലിഭാരം കൂടി വരുമ്പോള്‍ വൈകുന്നേരത്തെ ടീവി റൂമിലെ ഇരിപ്പിന്റെ ദൈര്‍ഘ്യം കൂടും. ഫോണ്‍ പോലും എന്നോട് കൂട്ടു വെട്ടും. ആ ടീവി റൂമില്‍ തന്നെ പലപ്പോഴും കിടന്നുറങ്ങി പോയിട്ടുണ്ട്.
ആ ഏകാന്തതക്ക് കത്തി വെക്കാനായിട്ടാണ് സര്‍വീസ് സ്റ്റേഷനില്‍ സ്ഥിരമായി വരുന്ന ഒമാനിക്കു അല്‍പ്പം ഇംഗ്ലീഷ് പറഞ്ഞു കൊടുക്കാം എന്ന് തീരുമാനിക്കുന്നത്. പക്ഷേ അതു ഫലം കണ്ടില്ല. ഇംഗ്ലീഷ് ഒരു വാക്ക് പോലും കൂട്ടി വായിക്കാന്‍ പറ്റാത്ത പാവം ഒമാനിയെ ഞാന്‍ രണ്ടാഴ്ച തികയുമ്പോഴേക്കും പറഞ്ഞു വിട്ടു. മടുപ്പ് അത്രമേല്‍ അരമുറുക്കിയിരുന്നു.
അങ്ങനൊരു രാത്രി ടിവി മുറിയിലേക്ക് ഒരാള്‍ കയറി വന്നു.
പാന്റും ഇന്‍ ചെയ്ത് ഷര്‍ട്ടുമാണ് വസ്ത്രം. നല്ല ചീകി ഒതുക്കിയ മുടി. അടുത്ത ആഴ്ച മുതല്‍ ഈ ടിവി മുറിയിലാണ് ഖുര്‍ആന്‍ പഠനം ആരംഭിക്കുന്നത്. അതിനു വേണ്ട സ്ഥലമുണ്ടോ എന്നൊക്കെ ഒന്ന് കയറി നോക്കാമെന്നു വെച്ച് വന്നതായിരുന്നു ഉസ്താദ്.
തിരിച്ചു പോകുമ്പോള്‍ ഉസ്താദ് എന്നേയും പരിചയപ്പെട്ടു. എന്റെ തന്നെ നാട്ടുകാരനായ ഒരു 'ത്വല്‍ഹത്ത്'. അടുത്ത ആഴ്ച കാണാമെന്നും പറഞ്ഞു ഉസ്താദ് മടങ്ങി. പാന്റും ഇന്‍ ചെയ്ത ഷര്‍ട്ടുമണിഞ്ഞ ഉസ്താദ്! കൊള്ളാം. ഞാന്‍ കൗതുകമൂറി.
അടുത്ത ആഴ്ച, ഖുര്‍ആന്‍ പഠന ക്ലാസ്സില്‍ ഞാനും ചേര്‍ന്നു. നന്നായി സംസാരിക്കുന്ന ഉസ്താദ് പതിയെ എന്റെ നല്ല സുഹൃത്തായി മാറി. ടിവി മുറിയില്‍ ഖുര്‍ആന്‍ പഠനത്തിന് ശേഷവും ഞങ്ങളുടെ വിശേഷങ്ങള്‍ നീണ്ടു.
അങ്ങനെയിരിക്കെ ഒരു ദിവസം ഖുര്‍ആന്‍ ക്ലാസിനു ശേഷം ഒന്ന് കൂടിയാലോ എന്ന് ഉസ്താദ് എന്നോട് ചോദിച്ചു!
അടുത്ത ക്ലാസിന് ഒരു കീബോര്‍ഡും കൂടി എടുത്താണ് ഉസ്താദ് എത്തിയത്. ക്ലാസിനു ശേഷം ഞങ്ങള്‍ ഒന്നിരുന്നു. ഉസ്താദ് കീബോര്‍ഡ് പൊടി തട്ടി ട്യൂണ്‍ ചെയ്യാന്‍ ശ്രമിച്ചു. പൊടുന്നനെ ഉസ്താദിന്റെ വിരലുകള്‍ കീബോര്‍ഡില്‍ ഒഴുകി നടന്നൊരു പഴയ പാട്ടിന്റെ ശീലിനു ഓര്‍മ നല്‍കി. 'ഇശല്‍ തേന്‍കണം ചോരു നീ' എന്നാ മനോഹര ഗാനം.
ടിവി മുറിയില്‍ പിന്നെയുള്ള രാത്രികളില്‍ സംഗീത വിരുന്നുകളൊരുക്കി ഉസ്താദ്. ആസ്വാദകര്‍ കൂടി. കീബോര്‍ഡിന് കൂട്ടായി തബലയും ചേര്‍ന്നപ്പോള്‍ ഗുലാം അലി, നാഗൂര്‍ ഹനീഫ, ശഹബാസ് അമന്‍ തുടങ്ങിയവരുടെ പാട്ടുകള്‍ ആ ടിവി മുറിക്ക് ശബ്ദ സൗകുമാര്യം നല്‍കി. അനേകം രാത്രികളില്‍ ഞങ്ങള്‍ ഉറക്കം ഉണര്‍ന്നിരുന്നു പാട്ടുകള്‍ കേള്‍ക്കുകയും പാടുകയും ചെയ്തു.
പലപ്പോഴും ഉസ്താദ് എനിക്കും കൂട്ടുകാര്‍ക്കും ഒരു മുഴുവന്‍ മജ്ബൂസുമായിട്ടാണ് ടീവീ മുറിയിലേക്ക് കയറി വരാറ്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ചു വലിയ ഒരു പാത്രത്തില്‍ ഇരുന്നത് കഴിച്ചു തീര്‍ക്കുന്നതോടെ ഞങ്ങളുടെ വിശപ്പിന്റെ തന്ത്രികളില്‍ ആശ്വാസത്തിന്റെ മധുര ഗീതമുണരും!
സര്‍വീസ് സ്റ്റേഷനിലെ ജോലി കഴിഞ്ഞാല്‍ പിന്നെ ഉസ്താദിനെ കാത്തിരിക്കലായി ഞാന്‍. പഴയ മാപ്പിള പാട്ടിന്റെ വരികള്‍ എഴുതി കൊണ്ട് വരികയും കീബോര്‍ഡില്‍ ഈണം തീര്‍ക്കുകയെല്ലാം ഉസ്താദിന്റെ പതിവ് കച്ചേരിയായിരുന്നു.
ഉസ്താദ് പതിയെ നാട്ടിലേക്കു കടന്നു. അടുത്ത മേച്ചില്‍ പാടം തേടി ഞാനും. പക്ഷേ ഇന്നും ഞങ്ങള്‍ ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്നു.
'ത്വല്‍ഹത്ത്' എന്ന് പേരുള്ള വേറൊരു സുഹൃത്ത് എനിക്കില്ല. കാരണം ത്വല്‍ഹത്ത് എന്ന പേരിനറബിയില്‍ സ്വര്‍ഗ്ഗത്തിലെ പഴം കായ്ക്കുന്ന വൃക്ഷം എന്നാണല്ലോ അര്‍ത്ഥം!