ഗുരുതരാവസ്ഥയില്‍ കിടക്കുന്ന മകള്‍ക്കായി കുഞ്ഞുചെടിയുമായി ആശുപത്രിയിലേക്ക് വന്ന ഒരച്ഛന്‍!

ഞാന്‍ ചെടിയിലേക്ക് ഉറ്റുനോക്കി.  അയാള്‍ പറഞ്ഞു- 'ഇവളീ വിത്ത് നട്ട അന്നാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത്. ദിവസങ്ങള്‍ക്കുശേഷം  ഐസിയുവില്‍ അവള്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്ന ലക്ഷണം  കാണിച്ച ദിവസമാണീ വിത്ത് മുളപൊട്ടിയത്. ഇപ്പോള്‍ ഇതില്‍ ഏതാനും ഇലകള്‍ നാമ്പിട്ടിരിക്കുന്നു. '

Deshantharam heart touching story of a kid and her father

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Deshantharam heart touching story of a kid and her father

 

ടൊരന്റോ നഗരത്തില്‍ പ്രശസ്തമായ ഒരാശുപത്രിയിലെ നാലാംനിലയില്‍ ലിഫ്റ്റിനു വേണ്ടി കാത്തുനില്‍ക്കുമ്പോഴായിരുന്നു ആ മനുഷ്യന്‍ എന്റെ നേര്‍ക്ക് നടന്നുവന്നത്, കൈയില്‍ ചായക്കപ്പിനെക്കാള്‍ അല്‍പ്പംകൂടി മാത്രം വലുപ്പമുള്ള  ഒരു കണ്ടെയ്‌നറില്‍ ഏതാനും ഇലകള്‍ മാത്രം നാമ്പിട്ട ഒരു കുഞ്ഞു ചെടിയുമായി.

കോവിഡ് കാലം. സന്ദര്‍ശകര്‍ക്ക് ഏറെ നിയന്ത്രണമുള്ള സമയം.  ഈ ചെടിയുമായി എങ്ങോട്ടാണിയാള്‍ പോകുന്നതെന്ന ജിജ്ഞാസയടക്കുവാന്‍ വയ്യാതെ ഞാന്‍ അദ്ദേഹത്തിനോട് സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.

'വിരോധം തോന്നിയില്ലെങ്കില്‍ ഒരു കാര്യം ഞാന്‍ അറിയിച്ചുകൊള്ളട്ടെ?  ഇങ്ങനെയുള്ള വസ്തുക്കള്‍  പ്രത്യേകിച്ച് ഈ സമയത്ത് ഹോസ്പിറ്റലില്‍ അനുവദനീയമല്ല.'

'ഇത് എന്റെ മകളെ കാണിക്കാന്‍  കൊണ്ടുവന്നതാണ്'-  ആ ഉത്തരം  എന്നിലെ ആകാംക്ഷയെ ഒന്നുകൂടി വര്‍ധിപ്പിച്ചു.

ഞങ്ങള്‍ ലിഫ്റ്റില്‍ നിന്നിറങ്ങി.  അദ്ദേഹം പറഞ്ഞു - 'സമയം ഉണ്ടെങ്കില്‍ എന്റെ മകളെ കണ്ടിട്ടു പോകാം.'

സമയം ഇല്ലെങ്കില്‍ കൂടിയും ഞാന്‍ ആ മുറിയിലേക്ക് അദ്ദേഹത്തിന്റെ കൂടെ ചെന്നു.

മുറിയില്‍  ഓണാക്കിവച്ചിരുന്ന മൊബൈലില്‍ നിന്നും സംഗീതം ഒഴുകി വരുന്നുണ്ടായിരുന്നു. മൊബൈല്‍ സ്‌ക്രീനില്‍ പൂക്കള്‍ക്കു നടുവില്‍ പുഞ്ചിരിതൂവി നില്‍ക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം.

കട്ടിലില്‍ നിരവധി  യന്ത്രങ്ങള്‍ക്ക് നടുവില്‍ ട്യൂബുകളാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ കണ്ണടച്ചുറങ്ങികിടക്കുന്ന ഒരു ചെറിയ പെണ്‍കുട്ടി.

ഈ കാഴ്ചകളൊന്നും എന്നെ സംബന്ധിച്ച് പുതുമയില്ലെങ്കിലും  ഞാന്‍ വെറുതെയാ പരിസരം ഒന്നു വീക്ഷിച്ചു.1, 2, 3,4, 5, 6, ട്യൂബുകള്‍ അങ്ങനെ നീണ്ടു പോകുന്നു.

ഇവള്‍ എലൈന്‍, വയസ്സ് 21. തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് ബാധിക്കുന്ന Moya Moya എന്ന അസുഖം ബാധിച്ചു കിടപ്പിലായവള്‍. വല്ലപ്പോഴും ഒന്ന് കണ്ണുതുറക്കും. അത്രമാത്രം.

കഴിഞ്ഞ മാസം കോളേജിലേക്ക് പോവാനുള്ള തിരക്കിനിടയില്‍ ബോധരഹിതയായി തളര്‍ന്നുവീണു. മാറിമാറി ചെയ്ത സര്‍ജറികള്‍. നീണ്ട ഐ സി യു വാസം.

ഞാന്‍ ചെടിയിലേക്ക് ഉറ്റുനോക്കി.  അയാള്‍ പറഞ്ഞു- 'ഇവളീ വിത്ത് നട്ട അന്നാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത്. ദിവസങ്ങള്‍ക്കുശേഷം  ഐസിയുവില്‍ അവള്‍ ജീവിതത്തിലേക്ക് മടങ്ങിവരുന്ന ലക്ഷണം  കാണിച്ച ദിവസമാണീ വിത്ത് മുളപൊട്ടിയത്. ഇപ്പോള്‍ ഇതില്‍ ഏതാനും ഇലകള്‍ നാമ്പിട്ടിരിക്കുന്നു. '

ഒന്നു നിര്‍ത്തിയതിനു ശേഷം അവളുടെ തളര്‍ന്ന വിരലുകളില്‍ തലോടി അയാള്‍ തുടര്‍ന്നു. 'പ്രതീക്ഷയാണ്, ജീവിതത്തിലേക്ക് ഇവള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ്. ഈ ചെടിയില്‍ ഓരോ ഇല വിരിയുമ്പോഴും  ഇവളില്‍ ഓരോ പുതിയ ചലനങ്ങള്‍ കാണുന്നു.'

'അവള്‍ ഒരുപക്ഷേ ഇത് കാണുന്നുണ്ടായിരിക്കും. അല്ല ഇത് തീര്‍ച്ചയായും കാണണം, അങ്ങനെയവള്‍ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ.'

ആ മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ ആ അച്ഛന്റെ പ്രതീക്ഷയായിരുന്നെന്റെ മനസ്സു നിറയെ.

അവള്‍ക്ക് വേണ്ടി മാത്രമല്ല ആ  ചെടിയ്ക്ക് വേണ്ടികൂടി ഞാന്‍ പ്രാര്‍ത്ഥിച്ചു- 'ദൈവമേ ഈ  ചെടിയെ കാത്തുകൊള്ളേണമേ...'

തീക്ഷ്ണമായ കാലാവസ്ഥയില്‍ നശിച്ചുപോകാതെ, നിറയെ തളിര്‍ത്തു പൂത്തു ഫലപുഷ്ഠമാകുവാന്‍, ആകാശത്തിലെ പറവകള്‍ക്ക് അഭയമേകാന്‍ വിധം പടര്‍ന്നു പന്തലിക്കട്ടെ അത്. 

പ്രതീക്ഷ.. അതല്ലേ എല്ലാം.
 

Latest Videos
Follow Us:
Download App:
  • android
  • ios