വീഴുന്നതിനു മുമ്പ് ആരോ എന്നെ താങ്ങി. അത് വില്‍മാ മാഡമായിരുന്നു!
എന്റെ തോളില്‍ കൈവെച്ച് മുറിമലയാളത്തില്‍ അത് കൂടി പറഞ്ഞാണ് അവരെന്നെ യാത്ര അയച്ചത്. തിരിച്ചുകൊണ്ടുവരാന്‍ വന്ന യജമാനന്റെ ബെന്‍സിലിരുന്ന് ഞാന്‍ നാണമില്ലാതെ കരഞ്ഞു.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
ദുബായിലെ റെസ്റ്റോറന്റില്‍, കുശിനിസഹായി എന്ന തസ്തിക വലിച്ചുവലിച്ച് പട്ടിയെപോലെ നാക്ക് പുറത്ത്വന്നപ്പോള്‍ ഞാന്‍ മുതലാളിയെ ചെന്ന് മുഖം ദര്‍ശിച്ചു.
'യെജമാ...'
'ഉം...?'
'കൊഞ്ചം പഠിച്ചുവെച്ച്റ്ക്കെ യെജമാ. എട്ട്,ഒമ്പത്,പത്ത് വരെയൊക്കെ പഠിച്ച്റ്ക്കേ'
'അപ്പടിയാ...അട പാവി...അത്തന വലിയ പഠിപ്പാ...ഏന്‍ സൊല്ലലേ... ശെറി..ശെറി... നാളെ മുതല്‍ ബാങ്ക് കാന്റിനില്‍ വേല പാര്, പോതുമാ?'
(പോതും യജമാ, ശമ്പളം തരാത്ത ജോലിയല്ലേ, എന്തായാലും പ്രമോഷന്‍ കൊണ്ട് അടുക്കളയില്‍ നിന്ന് മോചനമായില്ലേ)
ഒപ്പിടാന്‍ പറഞ്ഞാല്‍ കൈവിരല്‍ നീട്ടി കാട്ടുന്ന, കാഷ്യയര്‍ കൊടുക്കുന്ന കളക്ഷന്‍ കൃത്യമായി എണ്ണിനോക്കാന്‍ പോലുമറിയാത്ത മുതലാളി. (പക്ഷെ വണ്ടിയിലിരുന്ന് കീഴ്ശ്വാസം വിട്ടാല്‍ സോറി പറയാനുള്ള മര്യാദയുണ്ടായിരുന്നു, സായിപ്പിന്റെ സഹവാസത്തിന്റെ മിടുക്ക്)
അയാളൊരു ബ്രിട്ടീഷുകാരന്റെ കുശിനിക്കാരനായിരുന്നു. സായിപ്പ് ദുബായ് വിട്ടുപോകുമ്പോള്‍ കൊടുത്ത ഭീമന്‍സംഖ്യ കൊണ്ട് ഹോട്ടല്‍ ഫീല്‍ഡിലിറങ്ങി, തിരുനെല്‍വേലിക്കാരന്‍ യെജമാ. തുടക്കത്തിലെ ബഹളമൊക്കെ കഴിഞ്ഞ് ഇപ്പൊ കുത്തുപാള പണിതുവെച്ചിരിക്കുന്നു.
എപ്പൊ വേണമെങ്കിലും എടുക്കാം. സ്റ്റാഫിന്റെ വണ്ടികള്‍ വരെ വിറ്റുകളഞ്ഞത് കൊണ്ട് മുതലാളി
സ്വന്തം ബെന്‍സിലാണ് ഈയുള്ളവനെ കാന്റീനിലേക്കെത്തിക്കുക.
വിസയില്ലാതെ നില്‍ക്കുന്നത് കൊണ്ട് എനിക്കത് സമാധാനം, പോലീസ് ചെക്കിംഗ് ഉണ്ടാവില്ല.
കാന്റീന്‍ ലോകത്തിന്റെ ഒരു പതിപ്പാണ്.
വിവിധ രാജ്യങ്ങളിലുള്ളവര്‍ കൂടിചേര്‍ന്ന ഇടം.
തങ്ങളില്‍ താഴെയുള്ളവരോടുള്ള പെരുമാറ്റത്തില്‍ മനുഷ്യരെ നന്നായറിയാം. അവരില്‍ ഏറ്റവും നന്നായി പെരുമാറുക ബ്രിട്ടീഷുകാരനായ കീത്ത് ആയിരുന്നു.
ഏറ്റവും മോശം, സംശയിക്കണ്ട നമ്മള്‍ മലയാളികള്‍ തന്നെ.
അഹംഭാവി എന്ന് സംശയമില്ലാതെ തോന്നിയത് ഗോവാക്കാരി വില്‍മാ മാഡമാണ്. മിഡിക്കു താഴെ വാക്സ് ചെയ്ത് മിനുക്കിയ ഒഴുക്കന്‍ കാലുകള്‍, ഒന്ന് മങ്ങുമ്പോഴേക്കും ലിപ്സ്റ്റിക്ക് കയറ്റി നിറം കേറ്റുന്ന ചുണ്ടുകള്‍, പുതിയ ഫാഷനുകളില്‍ നിത്യേന മാറികൊണ്ടിരിക്കുന്ന ഹെയര്‍സ്റ്റൈലുകള്‍. ബാങ്ക് ജോലിയല്ല അവര്‍ക്കുചേരുക മോഡലിങ്ങ് ആണെന്ന് പലപ്പോഴും തോന്നാറുണ്ട്.
ഓഫീസിലേക്ക് വന്നാല്‍, ഒരു വര വരച്ചാല്‍ അതില്‍ കൃത്യമായി രേഖപ്പെടുത്താവുന്ന കാല്‍ച്ചുവടുകളുമായി അവര്‍ നേരെ കാന്റീനിലേക്ക് വരും. ചിരിയൊന്നുമില്ലാത്ത ഒരു സുപ്രഭാതം എന്നും നേരും. പിന്നെ അല്‍റഷ്ദിയ റോഡിലെ പതിനാലു വരികളിലൂടെ ചീറിക്കുതിക്കുന്ന വാഹനങ്ങളിലേക്കോ, അതോ ആകാശത്തിലേക്കൊ ചുമ്മാ നോക്കി നില്‍ക്കും. അത് ഓഫീസ് വിടുമ്പോഴും ആവര്‍ത്തിക്കും.
സുരക്ഷിതം എന്ന് കരുതിയ കാന്റീനിന്റെ ഉള്ളിലേക്ക് അടുത്ത ദിവസം അതാ വരുന്നു എന്റെ കഷ്ടകാലം, ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ വേഷത്തില്‍. ബാങ്കില്‍ ജോലിചെയ്യുന്ന തന്റെ കാമുകിയെ കാണാന്‍ വന്നതായിരുന്നു അയാള്‍. കാമുകിയെ തന്റെ വലുപ്പമൊന്ന് കാണിക്കാനായി കയറിയത് എന്റെ
നേരെ.
'ഗെറ്റ് മി യുവര്‍ ഐ ഡികാര്‍ഡ്?'
മനസ്സിലാവാത്തവനെ പോലെ ഞാന്‍ ഇളിച്ചുനിന്നു.
'ഐ ഡികാര്‍ഡ് ദേതോ'
ഹിന്ദിയില്‍ ചോദ്യം വീണ്ടും വന്നു.
അയാളുടെ ശ്രദ്ധ ഒന്നുതിരിഞ്ഞപ്പോള്‍ ഞാന്‍ രക്ഷപ്പെടാനായി ടോയ്ലറ്റിലേക്ക് വലിഞ്ഞു. കോളറില്‍ പിടിച്ച് ആഞ്ഞ് പിന്നോട്ട് വലിച്ചിട്ട ഞാന്‍ വീഴുന്നതിനു മുമ്പ് ആരൊ എന്നെ താങ്ങി. അത് വില്‍മാ മാഡമായിരുന്നു എന്ന് എനിക്ക് മനസ്സിലായത് പിന്നെയാണ്.
'ലെറ്റ് ഹിം ഗൊ, പ്ലീസ് ലെറ്റ് ഹിം. ഐ വില്‍ പേ ഫോര്‍ ഹിം'
സംഗതി മണത്തറിഞ്ഞ വില്‍മാ മാഡത്തിന്റേതായിരുന്നു പ്രതികരണം.
പിറ്റേന്ന് എമിഗ്രേഷനില്‍പോയി പിഴയടക്കാനും, പുതിയ വിസയെടുക്കാനും ഉള്ള പണം അവര്‍ കവറിലാക്കി എന്റെ കയ്യില്‍ വെച്ചുതന്നു.
മൊഴിമുട്ടി, ഉപ്പുവെള്ളം കൊണ്ട് കാഴ്ച്ച മുട്ടി ഞാന്‍ നിന്നു.
'ഓ....ചോട്ദോ ഭായ്'
(ഭായ്,
സഹോദരന്‍,
ബ്രദര്‍, ആഴമുള്ള വാക്ക്)
'കഴിയുമെങ്കില്‍ എന്റെ ഹസ്ബന്റിനും, മക്കള്‍ക്കും വേണ്ടിപ്രാര്‍ത്ഥിക്കു, അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നൊന്നും എനിക്കറിയില്ല, എങ്കിലും അവര്‍ക്ക് പിന്നെ ഞാന്‍ വേറെന്ത് കൊടുക്കാനാണ്'
എന്റെ തോളില്‍ കൈവെച്ച് മുറിമലയാളത്തില്‍ അത് കൂടി പറഞ്ഞാണ് അവരെന്നെ യാത്ര അയച്ചത്. തിരിച്ചുകൊണ്ടുവരാന്‍ വന്ന യജമാനന്റെ ബെന്‍സിലിരുന്ന് ഞാന്‍ നാണമില്ലാതെ കരഞ്ഞു.
പ്രാര്‍ത്ഥനയൊക്കെ എന്റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുപോയെങ്കിലും, അല്‍റഷ്ദിയ റോഡില്‍ ഒന്നായിചേര്‍ന്ന രണ്ടു വാഹനങ്ങള്‍ക്കിടയില്‍ ചതഞ്ഞ് കിടന്ന, വില്‍മാ മാഡത്തിന്റെ കുട്ടികളേയും ഭര്‍ത്താവിനേയും കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സ് ഇപ്പോഴും തൊഴുത് പിടിച്ച കൈകള്‍പോലെ കൂമ്പിപോവാറുണ്ട്.
ദൈവമേ എന്നൊരുപേര് ഉദ്ദേശ്യങ്ങളൊന്നുമില്ലാതെ ഉള്ളില്‍, മിന്നല്‍ പോലെ വന്നുമറയാറുമുണ്ട്.