ആയിഷ കണ്ട ഗള്‍ഫ് യുദ്ധം
ദേശാന്തരം. ഒരു ഫിലിപ്പീനി അമ്മയുടെ പ്രവാസജീവിതം. ലിനി പത്മ എഴുതിയ കുറിപ്പിന്റെ തുടര്‍ച്ച
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
ലേഖികയുടെ കുറിപ്പ്:
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ എഴുതിയ 'ആയിഷ എന്റെ അമ്മ' എന്ന കുറിപ്പിന് ലഭിച്ച പ്രതികരണങ്ങള്‍ സന്തോഷകരമായിരുന്നു. ചിലരൊക്കെ ആ അമ്മയെക്കുറിച്ച് കൂടുതല്‍ അറിയാനുളള താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ആയിഷയുമൊത്തുള്ള മറ്റൊരു അനുഭവം കൂടി ഇവിടെ എഴുതുന്നത്.
Read more: എന്നിട്ടും, ആയിഷ ഗള്‍ഫ് വിട്ടുപോവാത്തത് എന്തുകൊണ്ടാണ്?
..........................
ജോലിത്തിരക്കൊഴിഞ്ഞു പതിവുപോലെ ഞാനും ആയിഷയും പങ്കു വെക്കാറുള്ള വീട്ടുവിശേഷങ്ങൾക്ക് മുകളിലേക്കാണ് ആ മണിയൊച്ച മുഴങ്ങിയത്.
പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ചെല്ലണം, മണിമുഴക്കത്തിന്റെ ഭാഷ അതാണ്.
കഥ പകുതിയിൽ മുറിച്ചുവെച്ചിട്ട് ഞാനതിലേക്കിറങ്ങിപ്പോയി.
ഇംഗ്ലീഷ് ഡിപ്പാർടുമെന്റ് ഹെഡ് ഉടനെ ഓഫീസിൽ എത്തണം അതായിരുന്നു അവരുടെ ആവശ്യം.
ഉച്ചത്തളർച്ചയുടെ മയക്കത്തിലാണ് സ്കൂളാകെ. രണ്ടാംനിലയുടെ പടികൾക്കുതാഴെ ഒളിച്ചിരുന്നു സംസാരിക്കുന്ന രണ്ടുമൂന്നു കുട്ടികളെ കടന്ന് മുകളിലേക്കു പടി കയറുമ്പോൾ അദ്ധ്യാപികയോട് പറഞ്ഞു കൊടുക്കരുതെന്ന് അതിലൊരാൾ ചിരിച്ചു മയക്കി.
പറഞ്ഞ ജോലി ചെയ്ത് വീണ്ടും ഞാനും ആയിഷയും ഞങ്ങളുടെ കഥകളിലേക്കു കയറാൻ തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ പതിവില്ലാത്ത ചെറിയൊരു ബഹളം ഓഫീസുമുറിക്കു പുറത്തു കേൾക്കുന്നു, കുട്ടികളുടെ ചെറിയൊരു കൂട്ടവുമുണ്ട്.
ഇജിപ്തുകാരിയായ ഒരു ടീച്ചറുമായി ബന്ധപ്പെട്ട ആൾക്കൂട്ട വിചാരണ ആയിരുന്ു അത്. ക്ലാസ് മുറിയിൽ ടീച്ചർ പറഞ്ഞൊരു പരാമർശമാണ് വിവാദവിഷയം. "സദ്ദാം ശരിയോ തെറ്റോ ആവട്ടെ, സ്വന്തം രാജ്യത്തെ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ച ശത്രുവായ മനുഷ്യനെ ബഹുമാനിക്കണം'-ഇഇങ്ങനെ ആ ടീച്ചർ ക്ലാസ്മുറിയിൽ പറഞ്ഞുവെന്നാണ് കുട്ടികൾ പറയുന്നത്.
അവരതിന് എന്തു വിലകൊടുക്കേണ്ടിവരും എന്നായിരുന്നു ആൾക്കൂട്ടവിചാരണയുടെ പുറകിലെ കാര്യമറിഞ്ഞപ്പോൾ ഞാനും ആയിഷയും ആശങ്കപ്പെട്ടത്. പിന്നെ, അവിടെ നടക്കുന്ന ചർച്ചകളിൽനിന്ന്, അവരുടെ ആഭ്യന്തരകാര്യത്തിൽനിന്ന് മാറി ഞങ്ങൾ ഞങ്ങളിലേക്ക് തന്നെ മടങ്ങി.
ലേഖികയും സുഹൃത്തും ആയിഷയ്‌ക്കൊപ്പം
സദ്ദാമെന്ന പേര് ആയിഷയെ പഴയ യുദ്ധദിനങ്ങളിലേക്കു നടത്തിച്ചുവെന്ന് തോന്നുന്നു. അവരിൽനിന്നും ഒാർമ്മകൾ യുദ്ധഭൂമിയിൽ നിന്നുള്ള വെടിയുണ്ടകൾ പോലെ പുറത്തേക്കു തെറിക്കുന്നു.
"നിനക്കറിയാമോ വലിയ വെടിശബ്ദങ്ങൾ കേൾക്കുമ്പോഴെല്ലാം ബാബയും മാമയും എല്ലാവരും ചേർന്ന് "അല്ലാഹു അക്ബർ' എന്നുറക്കെ വിളിച്ചു കരഞ്ഞിരുന്നു, സന്ധ്യകളിൽ ആഹാരം വേണോയെന്ന അന്വേഷണവുമായി ഇറാഖിപട്ടാളക്കാർ വന്ന് കതകിൽ മുട്ടുമ്പോൾ ലൈററിടാതെ ഇരുട്ടുമുറിയിൽ ഞങ്ങൾ നിശ്ചലരായിരിക്കും. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാനുമെന്റെ കൂട്ടുകാരുമൊക്കെ രാത്രികളിൽ പുറത്തു പോകുകയും അവരിൽനിന്നും കുബ്ബൂസ് വാങ്ങി വരുകയും ചെയ്തു'
"നിന്റെ ബാബ മോശമാണെന്ന് പറയൂ...നിനക്ക് നിന്റെ നാട്ടിലേക്ക് പോകണമെന്ന് എഴുതി തരൂ... ഞങ്ങൾ നിന്നെ കയറ്റിഅയക്കാം' എന്നൊക്കെ ചില പട്ടാളക്കാർ പറഞ്ഞിരുന്നു. അങ്ങനെയേയല്ല അവരെല്ലാം സ്നേഹസമ്പന്നരും മര്യാദക്കാരുമാണ്, ഞാനവരെ വിട്ടു പോകുന്നില്ല എന്ന മറുപടി ചിലർക്ക് ഇഷ്ടപ്പെട്ടില്ല'
എന്നൊക്കെ പറയുമ്പോൾ ആയിഷയുടെ മുഖത്തെ ഗൗരവമില്ലായ്മയിൽ എനിക്ക് അതിശയം തോന്നി.
"ഭയം തോന്നിയില്ലേ, തിരിച്ചു പോകാൻ ശ്രമിക്കാതിരുന്നതെന്താ' എന്ന ചോദ്യം ഞാൻ വിഴുങ്ങിക്കളഞ്ഞു.
കാരണം ആദ്യമായി ഇൗ നാട്ടിലേക്ക് പോന്നതിന്റെ തലേന്ന്, നീ പോകുന്ന വിമാനം തകർന്നു മരിക്കുമെന്ന് മദ്യത്തിൽ കുഴഞ്ഞാടി, വീടൊരു യുദ്ധഭൂമിയാക്കിയ ഭർത്താവ് ഉതിർത്തുവിട്ട വെടിയുണ്ടകളെക്കാൾ വലിയ ഭീകരതയൊന്നും ചിലപ്പോൾ അവരിവിടെ വീണുപൊട്ടിയ മിസൈലുകളിൽ കേട്ടുകാണില്ലായിരിക്കാം.
ആയിഷ
"നിനക്കറിയാമോ അക്കാലത്ത് ഗദ്ദാമമാർക്കും ഡ്രൈവർമാരുമൊക്കെ വലിയ സന്തോഷത്തിലായിരുന്നു. കാരണം മുതലാളിമാർ അവർക്ക് കൂടുതൽ ജോലിഭാരമേൽപ്പിക്കാതെ എല്ലാ സ്വാതന്ത്ര്യങ്ങളും കൊടുത്തു, കൂടുതൽ പേരുമത് ആസ്വദിച്ചു, വൈകുന്നേരങ്ങളിൽ ഞങ്ങൾ പുറത്തിറങ്ങി, പുതിയ സൗഹൃദങ്ങൾ ഉണ്ടായി, ഒരുപാട് പേരുടെ പ്രണയങ്ങൾ കണ്ടു'
"ദാറ്റ് വാസ് ദി മോസ്റ്റ് റൊമാന്റിക് വാർ ഇൻ ദി വേൾഡ'- ആയിഷ ചിരിക്കുന്നു.
ആ വാചകങ്ങളുടെ മനോഹാരിതയിൽ ഞാൻ പ്രണയത്തിന്റെ കടുംനിറങ്ങൾ മുഴുവൻ കണ്ടു!
അൽപനേരം ഞങ്ങൾ നിശ്ശബ്ദരായി.
ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ഭർത്താവിന്റെ വിവരങ്ങൾ അറിയാൻ, മകന്റെ ഫോണിലൂടെ ആയിഷ ഫിലിപൈ്പൻസിലേക്കു യാത്ര തുടങ്ങിയപ്പോൾ ഞാനതൊന്നു സങ്കല്പ്പിച്ചു നോക്കി.
ആയിഷ
ഒരു യുദ്ധഭൂമിയിൽ, ജീവനെക്കുറിച്ചോ ഭാവിയെക്കുറിച്ചോ ആകുലപ്പെടാതെ പ്രണയമിസൈലുകളായി പരസ്പരം ഉന്നം വെച്ച് നടന്നിരുന്ന കമിതാക്കൾ. എന്തായിരുന്നിരിക്കും അവർ ആ യുദ്ധഭൂമിയിലിരുന്ന് കണ്ട സ്വപ്നം?
ജിബ്രാനെ വായിച്ചതോർത്തു.
"ദൈവം എല്ലാ വാക്കുകളും തിരിച്ചെടുക്കുന്നു ഏറ്റവും അത്യാവശ്യമെന്ന് തോന്നുന്ന അഞ്ചു വാക്കുകൾ മാത്രം എടുക്കാൻ പറയുന്നു'- പ്രണയിനിയുടെ മുൻപിൽ ഒാടിക്കിതച്ചെത്തിയ കാമുകൻ പറഞ്ഞു.
"ദൈവം, സ്നേഹം ജീവിതം...'
മൂന്ന് വാക്കുകൾ അവൾക്കു കിട്ടി.
"ഞാൻ, നീ...' ബാക്കി അവൻ പൂരിപ്പിച്ചു.
എന്തു മനോഹരമായി വാക്കുകളിൽ പ്രണയം പൂത്തു നിൽക്കുന്നു!
ഒാർമ്മകളിൽ, ഞാനെൻെറ പ്രണയത്തിൻെറ യുദ്ധഭൂമിയിലേക്ക് വേച്ചുവേച്ചു നടക്കുന്നു. അവിടെ എപ്പോഴും നടക്കുന്ന ഒറ്റയാൾപ്പോരാട്ടങ്ങളിൽ കുഴഞ്ഞു വീഴുന്നു. എന്നിട്ടുമെന്നിട്ടും ഉപേക്ഷിക്കാനാവാത്ത പ്രണയത്തിനെ ചേർത്തുപിടിക്കുന്നു, ഞാൻ മറ്റൊരാളാകുന്നു...