മരണക്കിടക്കയില്‍നിന്നും ജീവിതത്തിലേക്ക്, ആര്‍ക്കും വേണ്ടാത്തൊരാളെ ഒരുവള്‍ ജീവിപ്പിച്ച വിധം!
ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് മരണത്തില്‍നിന്ന് പ്രണയത്തിലേക്കുള്ള ദൂരം
ബാക്കി കഥ പറഞ്ഞത് ആ സ്ത്രീയാണ്. രാത്രിയിലെ പതിവുകാരനെ യാത്രയാക്കാന്‍ മുറ്റത്തിറങ്ങിയ ഷീജ ആദ്യം കരുതിയത് ആരോ മരിച്ചുകിടക്കുന്നുവെന്നാണ്. ഒരുവിധത്തില്‍ വലിച്ചു തിണ്ണയില്‍ കൊണ്ടിട്ട് രാത്രിമുഴുവന്‍ കാവലിരുന്നു. പോക്കറ്റില്‍ കിടന്ന വിഷക്കുപ്പി കണ്ടപ്പോഴാണ് ചാകാന്‍ ഒരുങ്ങിയിറങ്ങിയ ആളാണെന്ന് മനസ്സിലായത്.
എഴുതുന്നത് വായിച്ച് ചിലയാളുകള്‍ ചോദിക്കാറുണ്ട് നീയിതൊക്കെ എവിടുന്ന് ഓര്‍ത്തെഴുതുന്നുവെന്ന്. ഞാനും പലപ്പോഴും അത്ഭുതപ്പെടാറുണ്ട്, ഇത്രയേറെ ആളുകളെ ഞാന്‍ കണ്ടിരുന്നോ എന്ന്. മറന്നുപോയ ഓര്‍മ്മകളുടെ തുണ്ടുകള്‍ ജീവനുള്ള ആരൊക്കെയോ ആയി മുന്നില്‍വന്നുനില്‍ക്കുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയാറുമുണ്ട്.
അങ്ങനെയൊരാളായിരുന്നു ചന്ദ്രന്‍. ഒരു ബെഡ്പാന്‍ നിറയെ വിസര്‍ജിച്ചു വെച്ച രക്തക്കട്ടകളുടെ രൂപത്തിലാണ് അയാളെ ഞാനാദ്യം കണ്ടത്. അതില്‍ നുരയുന്ന പുഴുക്കളും. ദേഹം ചൂടുവെള്ളത്തില്‍ തുടച്ചപ്പോള്‍ ചന്ദ്രന്‍ വേദനയില്‍ ചുരുണ്ടൊരു പന്തായി. വേണ്ട വേണ്ട എന്ന പിറുപിറുക്കലുകളും കയ്യുടെ ചലനങ്ങളുംകൊണ്ട് അയാളെന്നെ ഒഴിവാക്കി. മോര്‍ഫിന് ശാന്തമാക്കാന്‍ കഴിയാത്ത വേദനയുമായി ചന്ദ്രന്‍ ഐസിയുവിലെ ഒരു ബെഡില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അമിതമായ മദ്യപാനം മൂലം കരള്‍ പണിമുടക്കിയിരുന്നു. ശാന്തനാകുന്ന ഇടവേളകളില്‍ ചന്ദ്രനോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കൊട്ടാരക്കരയാണ് വീടെന്നും ഗള്‍ഫില്‍ ജോലിയായിരുന്നു എന്നുമല്ലാതെ മറ്റൊന്നും അയാള്‍ പറഞ്ഞില്ല.
രോഗികളെ കാണാന്‍ കര്‍ട്ടന്‍ മാറ്റുന്ന സമയങ്ങളില്‍ ചന്ദ്രന്റെ അമ്മ ആകാംക്ഷയോടെ നോക്കും. പക്ഷേ അയാളുടെ മുഖം എപ്പോഴും വാതിലിന് എതിര്‍വശത്തേക്ക് തിരിഞ്ഞിരുന്നു.
രണ്ടോ മൂന്നോ ദിവസത്തിന് ശേഷം നിര്‍ബന്ധം സഹിക്കാതെ ഡോക്ടര്‍ക്ക് ചന്ദ്രനെ വാര്‍ഡിലേക്ക് മാറ്റേണ്ടിവന്നു. അന്ന് രാത്രി അയാള്‍ ആശുപത്രിയില്‍നിന്ന് ഒളിച്ചോടി. മുഷിഞ്ഞ ഒരു പുതപ്പും സ്റ്റീലിന്റെ ഒരു ഗ്ലാസും പുരുഷന്മാരുടെ വാര്‍ഡിലെ ഇരുമ്പുകട്ടിലില്‍ ഉപേക്ഷിച്ച് അയാള്‍ ആരുമറിയാതെ അപ്രത്യക്ഷനായി. ആശുപത്രിരേഖകളുടെ നാള്‍വഴിയില്‍ ബില്ലടയ്ക്കാതെ മുങ്ങിയ വിരുതന്മാരിലൊരാളായി ചന്ദ്രന്‍ രേഖപ്പെടുത്തപ്പെട്ടു.
പിന്നീട് ചന്ദ്രനെ കാണുന്നത് കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ്. കോട്ടയത്തേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു ഞാന്‍. വെയ്റ്റിംഗ്ഷെഡിന്റെ ഭിത്തിയില്‍ ആരോ കലാവിരുതോടെ കോറിയിട്ട ഹൃദയവും അതിനെതുളച്ച അമ്പും. അമ്പുകൊണ്ട് മുറിവേറ്റ് ചുവന്ന ഹൃദയം.
'സിസ്റ്ററേ, എന്നെ ഓര്‍ക്കുന്നുണ്ടോ?'
മുഖം നിറയെ ചിരിയുമായി ഒരാള്‍ മുന്നില്‍ വന്നു നിന്നു. എന്റെ സംശയം നിറഞ്ഞ മുഖം കണ്ടാവണം അയാള്‍ സ്വയം പരിചയപ്പെടുത്തി.
'സിസ്റ്ററെ, ഞാന്‍ ചന്ദ്രനാ, ഐസിയുവില്‍ കിടന്ന....'
മതി. ഓര്‍മ്മവന്നു. ഐസിയുവില്‍ കിടന്ന ഒരു ചന്ദ്രനെയേ എനിക്കറിയൂ, മരണം കാത്തുകിടന്ന മനുഷ്യന്‍. പക്ഷേ ഇയാള്‍?
ചന്ദ്രന്‍ എന്നെ നിര്‍ബന്ധിച്ച് കാപ്പി കുടിക്കാന്‍ വിളിച്ചു. ബസ് ഇപ്പോള്‍ വരും എന്ന് പറഞ്ഞിട്ടൊന്നും സമ്മതിക്കാതെ അയാള്‍ എന്നെയും കൊണ്ട് ബസ് സ്റ്റാന്‍ഡില്‍ തന്നെയുള്ള ഒരു ചായക്കടയില്‍ കയറി.
'ഞങ്ങള് ഒരു ചായകുടിക്കാന്‍ കേറീതാ. അപ്പോഴാ സിസ്റ്റര്‍ അവിടെ നില്‍ക്കുന്നത് കണ്ടത്'
ചന്ദ്രന്‍ കസേര വലിച്ചിട്ട് ഇരുന്നു. അയാളുടെ അടുത്ത് ഒരു സ്ത്രീ.
'ഇരിക്ക് സിസ്റ്ററെ. സിസ്റ്ററിന് കഴിക്കാനെന്താ പറയണ്ടേ. ചായയാണോ കാപ്പിയാണോ?'
ചന്ദ്രന് ആകെ വെപ്രാളം.
സ്ത്രീ ചിരിച്ചു, ചന്ദ്രന്‍ തലതാഴ്ത്തി.
'ഒരു കാപ്പി മതി. ചന്ദ്രനെ കണ്ട സന്തോഷത്തിന്. എന്റെ ബസ് ഇപ്പൊ വരും. ഇത് പോയാപ്പിന്നെ അങ്ങെത്തുമ്പോഴേക്കും രാത്രിയാകും.'-ഞാന്‍ ആകുലപ്പെട്ടു.
'ചന്ദ്രന്‍ അധികകാലം ജീവിക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു. ഇപ്പൊ ആകെ മാറിയല്ലോ.'
തൊണ്ടയില്‍ കിനിഞ്ഞിറങ്ങുന്ന കാപ്പിയുടെ മധുരമുള്ള ചൂട്.
'അതൊരു കഥയാ സിസ്റ്ററേ'
കഥയുടെ മോഹിപ്പിക്കുന്ന വൈരക്കല്ലുകള്‍.
ആശുപത്രിക്കിടക്കയില്‍നിന്ന് അപരാഹ്നത്തിന്റെ നിശ്ശബ്ദതയിലേക്ക് ചന്ദ്രന്‍ ഒളിച്ചുകടന്ന ദിവസം. വെയില്‍ വള്ളികള്‍ മുറിഞ്ഞു തുടങ്ങിയിരുന്നു. എന്നോ വന്നൊരു മനോവിഭ്രാന്തി ചാര്‍ത്തിക്കൊടുത്ത ഭ്രാന്തന്‍ എന്ന പേരുമായി അലയാന്‍ തുടങ്ങിയിട്ട് ഏറെ വര്‍ഷങ്ങളായിരുന്നു. അദ്ധ്വാനഫലം മുഴുവന്‍ കുടുംബക്കാര്‍ പങ്കിട്ടനുഭവിക്കുമ്പോഴും സ്വന്തമായൊരു കുടുംബം എന്നത് അയാളുടെ ഒരിക്കലും നടക്കാത്ത സ്വപ്നമായി അവശേഷിച്ചു. അങ്ങനെയാണ് അയാള്‍ മുഴുക്കുടിയനായി മാറിയത്. ജീവിതം അത്രമേല്‍ പ്രിയമായിരുന്നെങ്കിലും അതില്‍നിന്നും മുറിഞ്ഞുപോകാന്‍ ഉറച്ചായിരുന്നു അയാള്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയത്. വെളിച്ചത്തിന്റെ പൊട്ടുകള്‍ അവശേഷിച്ചിരുന്നേയില്ല.
'ചാകാന്‍ ഒറച്ചാരുന്നു സിസ്റ്ററേ. അന്നാ ഇവള് കൂടെക്കൂടിയത്.'
ചന്ദ്രന്റെ ആ സ്ത്രീയെ സ്‌നേഹപൂര്‍വ്വം നോക്കി. പരസ്പരം നോക്കുന്ന കണ്ണുകളില്‍ അവര്‍ക്കു മാത്രമറിയുന്നൊരു സ്‌നേഹത്തുടിപ്പ്. ചന്ദ്രന്‍ കഥ തുടര്‍ന്നു. ബസ് പോകുമോയെന്ന പേടി മറന്ന് ഞാനും അവരുടെ കഥയിലെ ഒരാളായി.
വീട്ടില്‍നിന്ന് അധികം അകലെയല്ലാത്ത ഒരു മലയടിവാരത്തിലാണ് ജീവിതം അവസാനിപ്പിക്കാന്‍ സ്ഥലം കണ്ടെത്തിയത്. അതിനടുത്തായിരുന്നു അനിയന് ചന്ദ്രന്‍ വാങ്ങിക്കൊടുത്ത സ്ഥലം.
'അങ്ങനെ അവന്‍ സമാധാനമായി ജീവിക്കണ്ടെന്ന് ഞാന്‍ കരുതി.'-ചന്ദ്രന്റെ കുറ്റബോധം കലര്‍ന്ന സ്വരം.
കയ്യില്‍ കരുതിയിരുന്ന കുപ്പി ശരീരത്തോട് ചേര്‍ത്ത് പിടിച്ച് അയാള്‍ മുന്നോട്ട് നടന്നു. മലയടിവാരത്തെത്തി അയാള്‍ കിതച്ചു നിന്നു. കിതയ്ക്കാന്‍ വേണ്ട ഊര്‍ജം പോലും അവശേഷിപ്പിക്കാതെ ജീവന്‍ അയാളെ വെല്ലുവിളിച്ച് കൂടെ ഒട്ടിനിന്നു. ശരീരം അനാവശ്യമായ വസ്തുവാണെന്നും അഴിച്ചുകളയാന്‍ സമയം വൈകിയൊരു നാറുന്ന ഉടുപ്പാണെന്നും ചന്ദ്രന് തോന്നി. ഒടുവില്‍ കിതപ്പിന്റെ അവസാനം അയാള്‍ ബോധമറ്റ് നിലത്തുവീണു.
എഴുന്നേല്‍ക്കുമ്പോള്‍ ഒരു വീടിന്റെ തിണ്ണയിലായിരുന്നു.
'കണ്ണു തുറക്കുമ്പോള്‍ ഇവള് എന്റടുത്ത് ഇരുപ്പുണ്ടാരുന്നു സിസ്റ്ററേ.'
ബാക്കി കഥ പറഞ്ഞത് ആ സ്ത്രീയാണ്. രാത്രിയിലെ പതിവുകാരനെ യാത്രയാക്കാന്‍ മുറ്റത്തിറങ്ങിയ ഷീജ ആദ്യം കരുതിയത് ആരോ മരിച്ചുകിടക്കുന്നുവെന്നാണ്. ഒരുവിധത്തില്‍ വലിച്ചു തിണ്ണയില്‍ കൊണ്ടിട്ട് രാത്രിമുഴുവന്‍ കാവലിരുന്നു. പോക്കറ്റില്‍ കിടന്ന വിഷക്കുപ്പി കണ്ടപ്പോഴാണ് ചാകാന്‍ ഒരുങ്ങിയിറങ്ങിയ ആളാണെന്ന് മനസ്സിലായത്.
കണ്ണുതുറന്ന ചന്ദ്രനെ അവര്‍ അകത്തേക്ക് വിളിച്ചു. വയറുനിറയെ ഭക്ഷണം കൊടുത്തു. അയാള്‍ കഴിച്ചുകഴിഞ്ഞപ്പോഴേക്കും ഷീജ തയ്യാറായിരുന്നു.
'ഞാനും പോരുവാ.'
മിഴിച്ചുനിന്ന ചന്ദ്രന്റെ കൈപിടിച്ച് ഷീജ വീടിന്റെ ഒതുക്കുകളിറങ്ങി.
'ഞാന്‍ ഭ്രാന്തനാ', ചന്ദ്രന്‍ പറഞ്ഞു
'ഞാന്‍ പെഴയാ,'-ഷീജ ചിരിച്ചു
അവര്‍ കൈകോര്‍ത്തു മുന്നോട്ട് നടന്നു. കുറച്ചകലെ ഒരു വാടകവീട് കണ്ടുപിടിച്ച് അവര്‍ ഒരുമിച്ച് താമസം തുടങ്ങി.
പകലുകളില്‍ ഷീജ ചന്ദ്രന് കാവലിരുന്നു. രാവുകളില്‍ ചന്ദ്രന്‍ അവളുടെ നെഞ്ചിലെ കനിവറിഞ്ഞു. അവര്‍ ജീവിക്കാന്‍ തുടങ്ങി. മദ്യത്തിനോടുള്ള ആസക്തി ഒഴിവാക്കാന്‍ ഷീജയാണ് ചന്ദ്രനെ ഒരു ലഹരിമുക്ത കേന്ദ്രത്തില്‍ എത്തിച്ചത്. കണ്ണിമയ്ക്കാതെ അയാളുടെ ജീവന് അവള്‍ കാവലിരുന്നു. പിഴച്ച പെണ്ണിനെ കൂടെപ്പൊറുപ്പിക്കുന്ന ചേട്ടനെ തിരിച്ചുവിളിക്കാന്‍ സഹോദരങ്ങള്‍ അമ്മയെക്കൂട്ടി വന്നു. ചന്ദ്രന്‍ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടിരുന്നു.
'ഭ്രാന്ത്'അവരുടെ പിറുപിറുപ്പുകളുടെ മേലെ ഷീജയും ചന്ദ്രനും ഒരുമിച്ച് ചിരിച്ചു.
'ഇവളുടെ കൂടെ ജീവിക്കാനാണേല് ഇനി അവകാശോം പറഞ്ഞോണ്ട് വീട്ടിലേക്ക് വന്നേക്കരുത്'- അനിയന്റെ ഭീഷണി കേട്ട് ചന്ദ്രന്‍ പിന്നെയും ചിരിച്ചു.
'സിസ്റ്ററേ ബസ്..'
ചന്ദ്രന്‍ എന്റെ കയ്യിലെ ബാഗ് വാങ്ങി പുറത്തേക്കോടി. സ്റ്റാന്‍ഡില്‍ വന്നുനിന്ന ബസിന്റെ സൈഡില്‍ കൂടി അയാള്‍ ബാഗ് ഒരു സീറ്റിലേക്കിട്ടു.
'സീറ്റ് കിട്ടി സിസ്റ്ററേ'-ചന്ദ്രന്‍ നിറഞ്ഞു ചിരിച്ചു.
ബസ് നീങ്ങുമ്പോള്‍ കൈവീശാന്‍ മറന്ന് ഞാനവരെ നോക്കിയിരുന്നു. സാരിയുടെ തുമ്പ് വലിച്ചിട്ട് വീര്‍ത്തുവരുന്ന വയറിനെ പൊതിഞ്ഞു വെയ്ക്കുന്ന ഷീജ. അവളെ ചേര്‍ത്ത്പിടിച്ച് ചിരിക്കുന്ന ചന്ദ്രന്റെ മുഖം.
സീറ്റിലേക്ക് ചാരി പതിയെ കണ്ണടക്കുമ്പോള്‍ അന്നത്തെ രാത്രി മനസ്സില്‍ സങ്കല്‍പ്പിച്ചു. മരിക്കാനായി നടന്നുപോയ ഒരാള്‍.
ആശുപത്രിയില്‍ നിന്ന് ഓടിപ്പോകുമ്പോള്‍ അയാളുടെ സ്ഥിതി ആകെ ദയനീയമായിരുന്നു. മെല്ലിച്ചു വളഞ്ഞ ശരീരത്തില്‍ ജീവിതത്തിന്റെ തീക്ഷ്ണമായ പരിക്കുകള്‍ തെളിഞ്ഞു നിന്നു. ചെറിയൊരു കാറ്റു പോലും പാറ്റിയെറിഞ്ഞേക്കാവുന്നപോലെ അത്രമാത്രം ശോചനീയമായിരുന്നു ആ രൂപം. തളര്‍ന്നുവീണ അവനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന 'ഒരുമ്പെട്ട' പെണ്ണൊരുത്തി. അലിവോടെ, ഒരു കുഞ്ഞിനെയെന്നവണ്ണം ചന്ദ്രനെ ചേര്‍ത്തുപിടിച്ചിരിക്കുകയാണ് ഷീജ. അവളുടെ വാത്സല്യത്തിലലിഞ്ഞ് അയാളുടെ ജരാനരകള്‍ അകന്നിരിക്കുന്നു.
'ഞാന്‍ ഭ്രാന്തനാ'
കണ്ണീര്‍ നിറഞ്ഞ പിറുപിറുപ്പ്.
'ഞാന്‍ പെഴയാ'
അവളുടെ ഏറ്റുപറച്ചില്‍.
അവര്‍ക്ക് നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കുന്നു.
പരസ്പരം അറിയുന്ന ഉടലുകളുടെ ചൂടേറ്റ് ജീവിതം തളിര്‍ത്തുതുടങ്ങുന്നു. അവരുടെ ദിവസങ്ങള്‍ ശാന്തമായൊഴുകട്ടെ.