''നീയൊക്കെ എന്ത് ചന്തം കാണാന്‍ ഇങ്ങോട്ട് കെട്ടിയെടുക്കുന്നതാടീ..'
ക്ലാസ് മുറികള്‍ അനുഭവങ്ങളുടെ കൂടി പാര്‍പ്പിടമാണ്. അധ്യാപകര്‍ എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലുമുള്ള അനുഭവങ്ങളാണ് ഈ പംക്തിയില്‍. റഹീമ ശൈഖ് മുബാറക്ക് എഴുതുന്നു
ക്ലാസ് മുറികള്‍ അനുഭവങ്ങളുടെ കൂടി പാര്‍പ്പിടമാണ്. ഓരോരുത്തര്‍ക്കും പറയാനുണ്ടാവും പല അനുഭവങ്ങള്‍, ഓര്‍മ്മകള്‍. അധ്യാപകര്‍ എന്ന നിലയിലും വിദ്യാര്‍ത്ഥികള്‍ എന്ന നിലയിലുമുള്ള വ്യത്യസ്തമായ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് അയക്കൂ. വിലാസം: submissions@asianetnews.in .കുറിപ്പിനൊപ്പം ഒരു ഫോട്ടോയും വിശദമായ വിലാസവും എഴുതണം. സബ്ജക്ട് ലൈനില്‍ ക്ലാസ് മുറി എന്ന് എഴുതാന്‍ മറക്കരുത്.
''നീയൊക്കെ എന്ത് ചന്തം കാണാന്‍ ഇങ്ങോട്ട് കെട്ടിയെടുക്കുന്നതാടീ..'
കണ്ണുകള്‍ നിറഞ്ഞു തുളുമ്പി കൊണ്ട് ഒരു പതിമൂന്നുകാരി ക്ലാസ്സില്‍ എഴുന്നേറ്റ് നില്‍ക്കുകയാണ്. ബോര്‍ഡിലേക്ക് ചൂണ്ടിയ ചൂരല്‍ ഇടക്കിടെ പതിമൂന്നുകാരിക്ക് നേരെ നീളുന്നു.
'നീയൊക്കെ എന്ത് ചന്തം കാണാന്‍ ഇങ്ങോട്ട് കെട്ടിയെടുക്കുന്നതാടി.. രണ്ടുവര്‍ഷം കൂടി എങ്ങനെയെങ്കിലും തീര്‍ക്കണം അതിന് വേണ്ടി ബാഗും തൂക്കി ഇറങ്ങിക്കോളും. അതെങ്ങനെ പഠിപ്പില്‍ അല്ലല്ലോ ശ്രദ്ധ..'
സാറിന്റെ ശബ്ദം മറ്റു ക്ലാസ്സുകളിലേക്കും വ്യാപിച്ചു.
അപമാനഭാരം കൊണ്ടാവണം ആ പെണ്‍കുട്ടി തല ഉയര്‍ത്തിയില്ല. പീരീഡ് തീരും വരെ അവള്‍ ആ നില്‍പ്പ് തുടര്‍ന്നു. ബെല്‍ ശബ്ദം മുഴങ്ങിയപ്പോള്‍ സാര്‍ അവളെ മറന്നു. ഇരിക്കാന്‍ ആജ്ഞാപിക്കാതെ അയാള്‍ ക്ലാസ്സ് മുറിവിട്ട് ഇറങ്ങി നടന്നു.
മറ്റുകുട്ടികള്‍ അവള്‍ക്ക് ചുറ്റും കൂടി ആശ്വസിപ്പിച്ചു. കൂട്ടത്തില്‍ ഒരു ശബ്ദം ഇങ്ങനെ ഉയര്‍ന്നു.
'വെറുതെയല്ല ഇയാള്‍ക്ക് കുത്ത് കൊണ്ടത്'
ഇപ്പോള്‍ കാലം വീണ്ടും പിന്നിലേക്ക് ചെന്ന് നില്‍ക്കുന്നു.
അന്ന് സ്‌കൂള്‍ തുടങ്ങിയത് മുറുമുറുപ്പുകള്‍ കൊണ്ടാണ്.
'ദേ അവന്റെ ഇക്കാ, സാറിനെ കുത്തിത്രെ, സാര്‍ മരിക്കുംന്ന കേട്ടെ.. '
'ഇനി നമ്മളാരും അവനോട് കൂട്ട് ആവണ്ട, അവന്റെ ഇക്കാനെ പോലെ അവനും കുത്തും '
സ്‌കൂളിലെ ഏറ്റവും മിടുക്കനായ കുട്ടിക്ക് നേര്‍ക്കാണ് ഈ വര്‍ത്താനങ്ങള്‍ ചെന്ന് പതിക്കുന്നത്. അന്ന് മുഴുവന്‍ ഡസ്‌ക്കിന് മുകളില്‍ തല ചായ്ച്ചു കൊണ്ടവന്‍ കിടന്നു. അധ്യാപകനെ കുത്തിയ ഒരുത്തന്റെ സഹോദരന്‍ ആരാണ് അവനെ പരിഗണിക്കുക. പിറ്റേന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും അവന്‍ സ്‌കൂളില്‍ വന്നില്ല. ആരും അവനെ ഓര്‍ത്തില്ല.
കാലം കടന്നുപോയി. എട്ടാംക്ലാസ്സിലെ അവസാനബെഞ്ചിലെ ചുവന്നപൊട്ടിട്ട പാവാടക്കാരി നിര്‍ത്താതെ കരയുമ്പോള്‍ ഞാന്‍ അവനെ ഓര്‍ത്തു. അവന്റെ ഇക്കാനെ ഓര്‍ത്തു.
'നിന്റെ ഇക്കാ സാറിനെ എന്തിനാ കുത്തിയെ, ആരും കാണാതെ രഹസ്യമായി ഞാന്‍ അവനോട് ചോദിച്ചു..
'എനിക്കറിയില്ല..'
ചീനക്കാരന്റെ കണ്ണുകളുള്ള ആ കുട്ടി സങ്കടത്തോടെ എന്നെ നോക്കി.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, അതെ അധ്യാപകന്റെ ക്ലാസ്സ് മുറിക്കുള്ളില്‍ ഞാനുമിരുന്നു. അയാള്‍ ചൂരല്‍ അധികം വീശിയില്ല. പക്ഷേ നാവ് കൊണ്ട് ആക്ഷേപങ്ങള്‍ തൊടുത്തു. ആ ആക്ഷേപങ്ങള്‍ പൊതുജനത്തിന് മുന്നില്‍ വിവസ്ത്രയാകുന്ന സമം കുട്ടികളില്‍ ചെന്ന് പതിച്ചു.
ചീനക്കാരന്റെ കണ്ണുകളുള്ള ആ ആണ്‍കുട്ടിക്ക് അറിയാതെ പോയ ഉത്തരം ഞാന്‍ നേരില്‍ കണ്ടു.
അധ്യാപകര്‍ ശില്പികളെ പോലെയാകുന്നു. ഒരു നല്ല ശില്പി മനോഹരമായ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഒരു മോശം ശില്‍പ്പിക്കൊരിക്കലും തന്റെ ശില്പങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കഴിയാറില്ല. അവ പാതിവഴിയില്‍ ഉടഞ്ഞുപോകും.
ഒരു മികച്ച ശില്പിയായിരുന്ന അധ്യാപികയെ ഞാന്‍ ഓര്‍ക്കുന്നു. ക്ലാസ്സില്‍ പഠനത്തില്‍ ഏറ്റവും പിന്നിലായിരുന്ന വിദ്യാര്‍ത്ഥിയോടായിരുന്നു ടീച്ചര്‍ക്ക് പ്രിയം.
മറ്റു വിദ്യാര്‍ത്ഥികളെക്കാള്‍ പരിഗണന ആ കുട്ടിക്കായിരുന്നു അവര്‍ നല്‍കിയിരുന്നത്. ടീച്ചര്‍ക്ക് വേണ്ടിയെങ്കിലും നന്നായി പഠിക്കുക എന്ന നിലയിലേക്ക് അവരുടെ സ്‌നേഹം ആ കുട്ടിയെ മാറ്റിയെടുത്തു.
ഇതുപോലെയുള്ള എത്രയോ അധ്യാപകര്‍ നമ്മുടെയൊക്കെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടാകും. പുഞ്ചിരിയോടെ മാത്രം കുട്ടികള്‍ക്ക് മുന്നില്‍ നിന്നവര്‍. അമ്മയെ പോലെ അച്ഛനെ പോലെ ചേര്‍ത്ത് നിര്‍ത്തിയവര്‍. സുഹൃത്തിനെ പോലെ സന്തോഷങ്ങള്‍ പങ്കിട്ടവര്‍. മനോരോഗവിദഗ്ധനെ പോലെ സങ്കടങ്ങള്‍ക്ക് പരിഹാരം പറഞ്ഞവര്‍. നേതാവിനെ പോലെ മുന്നില്‍ നിന്ന് പ്രതിസന്ധികളെ തരണം ചെയ്യാന്‍ പഠിപ്പിച്ചവര്‍.
ഗീത ടീച്ചറെ പോലെ, ബിജു സാറെ പോലെ, രാധകൃഷ്ണന്‍ സാറിനെയും ബാലകൃഷ്ണന്‍ സാറിനെയും സുനിത ടീച്ചറേയും പോലെ.... ഹൃദയം കൊണ്ട് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്ന മനുഷ്യരാണ് ഇവര്‍. മികച്ച ശില്പികളായിരുന്ന എന്റെ അധ്യാപകര്‍.
പക്ഷേ ആക്ഷേപവാക്കുകള്‍ പുസ്തകത്തില്‍ നിറച്ചു വച്ചുകൊണ്ട് ക്ലാസ്സിലേക്ക് കയറി വരുന്ന ചുരുക്കം ചിലരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നിരിക്കണം. മുഖം പോലും മാഞ്ഞുപോകാതെ അവര്‍ നമുക്കുള്ളില്‍ കുടുങ്ങി കിടക്കും. അനുഭവിച്ചു വന്ന അരക്ഷിതാവസ്ഥകളുടെ അപമാനങ്ങളുടെ വേദനകളുടെ ആകെ തുകയായിരിക്കും അവര്‍ നമുക്ക്.
അങ്ങനെ തന്നെയാണ് ഞാനും അവരെ ഓര്‍മ്മിക്കുന്നത്. ഒരു ലീവ് ലെറ്റര്‍ കൈയില്‍ പിടിച്ച് മണിക്കൂറുകളോളം അവര്‍ക്ക് മുന്നില്‍ ഞാന്‍ നിന്നു..
'ഇത് നിന്റെ അമ്മയുടെ ഒപ്പ് അല്ലല്ലോ, നീ തന്നെ ഇട്ടതാണല്ലോ'
'അല്ല, ഞാന്‍ ഇട്ട ഒപ്പല്ല' എന്ന എന്റെ മറുപടിയായിരുന്നില്ല അവര്‍ക്കാവശ്യം. എത്രയൊക്കെ ഉറപ്പിച്ചു പറഞ്ഞിട്ടും അവര്‍ എനിക്കത് സമ്മതിച്ചു തന്നില്ല. ഞാന്‍ വലിയൊരു കുറ്റവാളിയെ പോലെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.
കുറ്റം സമ്മതിക്കും വരെ നില്‍പ്പ് ശിക്ഷ അവരെനിക്ക് വിധിച്ചു. ചെയ്യാത്ത കുറ്റത്തിനാണ് അവര്‍ എന്നെ ശിക്ഷിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റം സമ്മതിക്കുന്നതിലും നല്ലത് നില്‍പ്പ് തന്നെയാണെന്ന വിശ്വാസത്തില്‍ ഞാന്‍ നില്‍പ്പ് തുടര്‍ന്നു. പിന്നീട് ഒരിക്കലും ആ ടീച്ചര്‍ എന്നെ പരിഗണിച്ചിട്ടില്ല, ഞാന്‍ അവരെയും
അന്നും ഇന്നും.
എങ്കിലും വര്‍ഷങ്ങളോളം ഉള്ളില്‍ പ്രതികാരം സൂക്ഷിച്ച് പകരം വീട്ടാന്‍ മാത്രം വെറുപ്പ് ഒരു അധ്യാപകന് മേലും വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാതിരിക്കട്ടെ. അനുഭവിച്ച വേദനകള്‍ക്ക് മാപ്പ് കൊടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു അധ്യാപകമുഖമെങ്കിലും നമുക്കുള്ളില്‍ കാണാതിരിക്കില്ല. കാലം പിന്നിട്ട് ഉള്ളിലെ പൊതി തുറക്കുമ്പോള്‍ കാരൂരിന്റെ പൊതിച്ചോറിന്റെ മണം മാത്രം പരന്നാല്‍ മതി. ഞാറ്റുപുരയിലേക്ക് ചിതലിമല പിന്നിട്ട് കിഴക്കന്‍ കാറ്റെത്തുമ്പോള്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുന്ന രവി മാഷിനെ മാത്രം ഓര്‍ത്താല്‍ മതി.
മിണ്ടാത്തൊരു കുട്ടിയായിരുന്നു അവള്‍, എന്നിട്ടും ഒരു ദിവസം അവള്‍ തോരാതെ സംസാരിച്ചു!
ചൂരലല്ല, സ്‌നേഹവും പരിഗണനയുമാണ് കുട്ടികളെ മാറ്റിമറിക്കുക