മാറ് മറയ്‍ക്കല്‍ സമരവും ഹണി റോസിന്‍റെ നിയമയുദ്ധവും
കേരളചരിത്രത്തിലെ അവസരസമത്വത്തിനായി നടന്ന ആദ്യസമരവിജയത്തിന് 166 വർഷം കഴിയുമ്പോഴാണ് ഹണിറോസും ബോച്ചെയും രാഹുൽ ഈശ്വറുമൊക്കെ വീണ്ടും ഉടുതുണിയുടെ പേരിൽ പടവെട്ടുന്നത്. പക്ഷെ രണ്ട് സമരവും തമ്മിൽ ഒരു വ്യത്യാസമുണ്ട്.
സ്ത്രീകളുടെ വസ്ത്രം എപ്പോഴും എങ്ങനെയാണ് സമൂഹത്തിന് പ്രശ്നമായിത്തീരുന്നത്. മാറ് മറക്കാനുള്ള സമരവും, അവരവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള സമരവും എന്തിന്‍റെ പേരിലാണ് ബന്ധപ്പെട്ടിരിക്കുന്നത്? വഴിയമ്പലത്തില്‍ വായിക്കാം 'പിന്നെയും പ്രശ്നമാവുന്ന പെണ്ണിന്റെ ഉടുതുണി'.
അങ്ങനെ ഉടുതുണി, പിന്നെയും പ്രശ്നമാവുകയാണ്. അതും പെണ്ണിൻ്റെ ഉടുതുണി. പെണ്ണൊരുത്തി എന്തുടുക്കണം? ആ ഉടുപ്പിനെ ആണൊരുത്തൻ എങ്ങനെ കാണണം? ഉടുതുണിയുടെ പേരിലുള്ള ലേറ്റസ്റ്റ് തല്ലിൽ ഹണി റോസും ബോച്ചേയുമാണ് താരങ്ങൾ. ഉടുപ്പും നടപ്പും കൊണ്ട് ലൈംഗിക ദരിദ്രവാസികളുടെയും സൗന്ദര്യാരാധകരുടെയും മനസ്സിനെ ഒരുപോലെ കീഴടക്കിയ ഹണി. അതുകണ്ടിരിക്കപ്പൊറുതിയില്ലാതെ വേണ്ടാതീനം വിളമ്പിയ ബോച്ചെ. ഈ കളി കാര്യമായി കോടതി കയറി. തെരുവിലും സോഷ്യൽമീഡിയായിലും അങ്കക്കലികൊണ്ട് പക്ഷവും പ്രതിപക്ഷവുമേറ്റുമുട്ടി. സോഷ്യൽമീഡിയായിലെ മധ്യവർഗ്ഗബുദ്ധിജീവികൾ മനുഷ്യാവകാശത്തെയും ആദിമ ലൈംഗികചോദനകളെയും ചേർത്തുവച്ച് കഥകളുടെ രാഗമാലിക പാടുന്നു.
മാറത്തിടാനൊരു കീറത്തുണിക്ക് വേണ്ടി കഞ്ഞിക്ക് ഗതിയില്ലാത്ത പാവം ചാന്നാട്ടിപെണ്ണുങ്ങൾ നാഞ്ചിനാട്ടെ തെരുവിലിറങ്ങിയപ്പോഴാണ് കേരളചരിത്രത്തിലാദ്യത്തെ അവകാശസമരമുണ്ടായതെന്ന കഥ ഇതിനിടയിൽ ആരോർക്കാൻ. കന്യാകുമാരിയിലും നാഗർകോവിലിവും കോട്ടാറിലും മണ്ടക്കാട്ടും കളിയിക്കാവിളയിലും നെയ്യാറ്റിൻകരയിലും നടന്ന ആ ലഹളയെ മേൽശീലക്കലാപമെന്നും ശീലവഴക്കെന്നും മേൽശീലക്കലാപമെന്നും ചാന്നാർ ലഹളയെന്നും ചരിത്രം വിളിച്ചു.
ആണിന് മീശ വളർന്നാൽ മീശക്കരവും പെണ്ണിന് മുല വളർന്നാൽ മുലക്കരവും പിരിച്ചെടുത്ത നാട്ടിൽ മാറത്തിടാനൊരു കീറത്തുണിക്ക് വേണ്ടിയുള്ള സമരത്തിൽ ഒരത്ഭുതവുമില്ല. സകലകലാവല്ലഭൻ സ്വാതിതിരുനാളും നാട് കണ്ട ധീരദേശാഭിമാനിയെന്ന് ചരിത്രം വാഴ്ത്തിയ സാക്ഷാൽ വേലുത്തമ്പിയും വരെ ഈ കൃത്യത്തിന് കൂട്ടുനിന്നു. സത്യത്തിൽ മനുഷ്യൻ്റെ ശരിയെയും തെറ്റിനെയും നിശ്ചയിച്ചത് കാലമാണ്. അപ്പൊഴും അടിസ്ഥാനപരമായി ശരിയും തെറ്റും നിലനിന്നു.
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഒരു ജാതിക്കാരും മാറ് മറച്ചില്ല. അത് സവർണ്ണമേധാവിത്വത്തിൻ്റെ ചിഹ്നം പോലുമായി. രാജാവിൻ്റെയും ദൈവത്തിൻ്റെയും മുന്നിൽ ബ്രാഹ്മണസ്ത്രീകൾ, ബ്രാഹ്മണർക്ക് മുന്നിൽ നായർ സ്ത്രീകൾ, നായർക്ക് മുന്നിൽ മറ്റ് ജാതികൾ…. ആരും മാറുമറച്ചില്ല പോലും. തമ്മിൽഭേദം ദേശമാക്രമിക്കാൻ ആരുവാമൊഴിച്ചുരം താണ്ടിവന്ന മുഗൾ സൈന്യാധിപൻ മുകിലനായിരിക്കും. തെക്കൻതിരുവിതാംകൂറിനെ അധീനത്തിലാക്കിയ മുകിലൻ സകല പെണ്ണുങ്ങളോടും മാറ് മറക്കാൻ കൽപ്പിച്ചു. അങ്ങനെ കന്യാകുമാരിയിലെ ചാന്നാർ സ്ത്രീകൾ മാറ് മറച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ കൃസ്തുമതത്തിൽച്ചേർന്ന സ്ത്രീകളും അതുചെയ്തു. 1813 -ൽ ഊഴിയവേലയും തലവരിപ്പണവും നിർത്തലാക്കിയ കേണൽ മൺറോ മാറ് മറക്കാൻ അവർക്കവകാശം കൊടുത്തു. പക്ഷെ, മേൽമുണ്ട് ധരിച്ച പെണ്ണുങ്ങളെ മേൽജാതിക്കാരാക്രമിച്ചു. മതം മാറി ക്രിസ്ത്യാനിയായ ചാന്നാട്ടിപ്പെണ്ണിൻ്റെ കുപ്പായം വലിച്ചുകീറാൻ സവർണ്ണാധികാരത്തിന് കഴിഞ്ഞത് വെറും 197 വർഷം മുൻപാണ്. ആ കേസ് അന്നും കോടതികയറി. പക്ഷെ, കോടതി മാറ് മറച്ച പാവം ചാന്നാട്ടിപ്പെണ്ണിനൊപ്പം നിന്നു, അതും 1823 -ൽ.
കോടതിവിധിയുടെ ബലത്തിൽ അവർ പിന്നെയും മേൽമുണ്ടുടുത്തു. മാറത്തെ മുണ്ട് പരസ്യമായി വലിച്ചുകീറാൻ സവർണ്ണാധികാരത്തിൻ്റെ കൈകൾ പിന്നെയും പൊങ്ങി. അരൂരും മണ്ടക്കാട്ടും കലാപം നടന്നു, നായൻമാരും ചാന്നാൻമാരും തമ്മിൽ. ചാന്നാർ സ്ത്രീകൾക്കൊപ്പം നിന്ന ചാൾസ് മീഡിൻ്റെ വീടാക്രമിച്ചു. പിന്നെയും കലാപം. മണ്ടക്കാട്ട് കലാപത്തിൻ്റെ പേരിൽ പതിനാല് ക്രിസ്ത്യാനികളുടെ പേരിൽ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊലക്കുറ്റം ചുമത്തിയാൽ കീഴ്ജാതിക്കാരന് കേസുവാദിക്കാൻ വക്കീല് പോലും പാടില്ലെന്നാണ് ചട്ടം. സാംസ്കാരികബോധവും കലാഹൃദയവും വിളങ്ങിനിന്ന സാക്ഷാൽ സ്വാതിതിരുനാൾ നാടുവാണ 1829 -ൽ ആ പതിനാല് പേരും മരണശിക്ഷയേറ്റുവാങ്ങി. അങ്ങനെ കലാപം താൽക്കാലികമായി ഒന്നടങ്ങി.
പക്ഷെ, മുപ്പത് കൊല്ലത്തിന് ശേഷം വീണ്ടും സമരം ആളിക്കത്തി. നെയ്യാറ്റിൻകരച്ചന്തയിൽ മാറ് മറച്ചെത്തിയ ചാന്നാട്ടിപ്പെണ്ണിൻ്റെ റവുക്കയും മേൽമുണ്ടും ഒരു സവർണ്ണയുവാവ് വലിച്ചുകീറി. ദുരന്തം അവിടെത്തീർന്നില്ല, നാമമാത്ര പിഴ ചുമത്തി കോടതി വിട്ടയച്ച സവർണ്ണൻ അതേദിവസം മറ്റൊരു സ്ത്രീയുടെ റവുക്കയും വലിച്ചുകീറി. പരാതപ്പെടാനെത്തിയ പാവങ്ങളെ ഉദ്യോഗസ്ഥർ തന്നെ തല്ലിപ്പതം വരുത്തി. പക്ഷെ, മിഷണറിമാർ ദിവാൻ മാധവറാവുവിന് പരാതി കൊടുത്തു. നിലവിലുള്ള ആചാരം മാറ്റുവാൻ ആർക്കും അധികാരമില്ലെന്നും അത് ചെയ്യേണ്ടത് സർക്കാരാണെന്നും അചാരം മാറ്റാൻ സർക്കാരിലേക്ക് നിവേദനം അയക്കാനും വിളംബരം ചെയ്തു. ഇപ്പറഞ്ഞത് ന്യായമാക്കി പിന്നെയും ഉപദ്രവം തുടങ്ങി. റവുക്ക നഷ്ടപ്പെട്ട പെണ്ണുങ്ങൾ പ്രാണരക്ഷക്ക് കപ്പേളകളിലഭയം തേടി. കപ്പേളകളെ സവർണ്ണൻ തീയിട്ടു. പോലീസും വേട്ടക്കാരെ സഹായിച്ചു. ഇരണിയലിൽ മൂന്ന് പള്ളികളും ഒരു പള്ളിക്കൂടവും കത്തിച്ചു. ഗതിമുട്ടി ഹിന്ദു-ക്രൈസ്തവഭേദം മറന്ന് നായൻമാർക്കെതിരെ ചാന്നാർസമുദായം കലാപമാരംഭിച്ചു. തിരുനെൽവേലിയിൽ നിന്നും തമിഴരുടെ സഹായവും കിട്ടി. തോവാള അഗസ്തീശ്വരം കൽക്കുളം ഇരണിയൽ വിളവംകോടും കലാപഭൂമിയായി.
മദ്രാസ് ഗവർണ്ണർ ചാൾസ് ട്രിവലിയനോട് പ്രശ്നത്തിലിടപെടാൻ മിഷണറിമാർ അപേക്ഷിച്ചു. വേണ്ടിവന്നാൽ ബയണറ്റ് കൊണ്ട് പരിഷ്കാരം വരുത്തുമെന്ന് സായിപ്പ് പ്രഖ്യാപിച്ചു. അങ്ങനെ 1859 ജുലായ് പതിനേഴിന് മാറ് മറക്കാനുള്ള അനുവദിച്ച് വിളംബരം വന്നു. കേരളചരിത്രത്തിലെ അവസരസമത്വത്തിനായി നടന്ന ആദ്യസമരവിജയത്തിന് 166 വർഷം കഴിയുമ്പോഴാണ് ഹണിറോസും ബോച്ചെയും രാഹുൽ ഈശ്വറുമൊക്കെ വീണ്ടും ഉടുതുണിയുടെ പേരിൽ പടവെട്ടുന്നത്. പക്ഷെ രണ്ട് സമരവും തമ്മിൽ ഒരു വ്യത്യാസമുണ്ട്. ആ സമരം മാറ് മറക്കാനായിരുന്നുവെങ്കിൽ പുതിയ സമരം സ്വന്തം ശരീരം മറക്കാനും മറക്കാതിരിക്കാനുമുള്ള പെണ്ണിൻ്റെ അവകാശത്തിന് വേണ്ടിയാണ്. അഥവാ ഇഷ്ടമനുസരിച്ച് മറക്കാനുള്ള അവകാശത്തിന് വേണ്ടി. ഇഷ്ടത്തിനൊത്ത് ഉടുക്കാനും നടക്കാനും വേണ്ടി.