മതം, ജാതി, വോട്ട്: പൊതുതെരഞ്ഞെടുപ്പ് ഫലം ഇരുമുന്നണികളോടും പറയുന്നത്
കേരളത്തിലെ വോട്ടിന്റെ ജാതി; മതത്തിന്റെ വോട്ട് . നിസാം സെയ്ദ് എഴുതുന്നു
സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഇത് ഒരേസമയം ഒരു പരിമിതിയും സാധ്യതയുമാണ്. ശക്തമായ സാന്നിധ്യം എന്ന നിലയില്‍ നിന്നും ഒരു വിജയതലത്തിലേക്ക് ഉയരാന്‍ കഴിയാത്തത് മഹാഭൂരിപക്ഷത്തിന്റെ ഈ പ്രതിരോധം മൂലമാണ്. എന്നാല്‍ എക്കാലവും ഇതിങ്ങനെത്തന്നെ തുടരണമെന്നില്ലെന്ന് മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങളില്‍ നിന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതായിരിക്കും അവരുടെ തന്ത്രം .
2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2.03 കോടി വോട്ടര്‍മാരാണ് കേരളത്തില്‍ വോട്ടു രേഖപ്പെടുത്തിയത്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇതിന്റെ 55 ശതമാനം ഹിന്ദു വോട്ടര്‍മാരാണ്. അതായത്, ഏതാണ്ട് 1.11 കോടി വോട്ടര്‍മാര്‍. സാധാരണ മുസ്ലിം ഭൂരിപക്ഷ മേഖലകളായ മലപ്പുറം പോലുള്ള പ്രദേശങ്ങളില്‍ പോളിങ്ങ് ശതമാനം കുറവായതിനാല്‍, ഈ സംഖ്യ ഇനിയും വര്‍ധിക്കാം. ബിജെപിയ്ക്ക് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 31.7 ലക്ഷം വോട്ടുകളാണ്. ബിജെപിക്ക് ലഭിച്ചതെല്ലാം ഹിന്ദു വോട്ടുകളാണെന്നു കരുതിയാലും, ഹിന്ദുവോട്ടിന്റെ 28 ശതമാനം മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. ബാക്കിയുള്ള 79 ലക്ഷം ഹിന്ദുക്കള്‍ എല്‍ഡിഎഫിനും യുഡിഎഫിനുമായി വോട്ടുചെയ്തു,.
ഹിന്ദുവോട്ടിന്റെ മൂന്നിലൊന്നില്‍ താഴെ മാത്രമാണ് ബിജെപിക്ക് ലഭിച്ചത് .യുഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ 96 ലക്ഷത്തില്‍ പരം വോട്ടുകളും എല്‍ഡിഎഫിന് 71 ലക്ഷത്തില്‍ പരം വോട്ടുകളും ലഭിച്ചു. യുഡിഎഫിന്റെ വോട്ടുകളിലെ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണെന്നത് വസ്തുതയാണെങ്കിലും, ഹിന്ദു വോട്ടുകളില്‍ ഗണ്യമായ ഒരു ഭാഗം അവര്‍ക്കും ലഭിച്ചു എന്നുവേണം കരുതാന്‍. എല്‍ഡിഎഫിനെ സംബന്ധിച്ചാവട്ടെ അവരുടെ വോട്ടിന്റെ സിംഹഭാഗവും ഇപ്പോഴും ഹിന്ദു വോട്ടര്‍മാര്‍ തന്നെ. അങ്ങനെ കേരളത്തിലെ ഹിന്ദു വോട്ടര്‍മാരുടെ 72 ശതമാനം, അതായത് 79 ലക്ഷം ആളുകള്‍ ഇപ്പോഴും എല്‍ഡിഎഫ് /യുഡിഎഫ് മുന്നണികള്‍ക്ക് വോട്ടുചെയ്യുന്നു.
എന്താണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്?
കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അനുകൂലമായ സാഹചര്യമായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ നിലനിന്നത്. രാജ്യത്തെമ്പാടും മോദി തരംഗം ആഞ്ഞടിക്കുന്നു. കേരളത്തില്‍ ശബരിമല വിഷയം ബിജെപിക്ക് ലഭിച്ച സുവര്‍ണാവസരമാണെന്നു നേതാക്കള്‍ വിലയിരുത്തുന്നു. കുറഞ്ഞത് അഞ്ചു സീറ്റിലെങ്കിലും ശക്തമായ, വിജയപ്രതീക്ഷയോടുള്ള മത്സരം കാഴ്ചവെക്കുന്നു. മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണത്തിനുള്ള എല്ലാ സാഹചര്യവും നിലനില്‍ക്കുന്നു. അത് ലക്ഷ്യമാക്കിയുള്ള പ്രചാരണ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. പരസ്യപ്രചാരണത്തില്‍ പണത്തിന്റെ കുത്തൊഴുക്ക് ദൃശ്യമാകുന്നു.
ഇങ്ങനെയൊക്കെയായിട്ടും ബിജെപിയുടെ 'ക്യാച്ച്മെന്റ് ഏരിയ' ആയ ഹിന്ദുവോട്ടര്‍മാരില്‍ മഹാഭൂരിപക്ഷവും വര്‍ഗീയവത്കരണത്തിനുള്ള സാധ്യതകളെ പ്രതിരോധിക്കുകയാണ്. കേരളീയ സമൂഹം ഇപ്പോഴും വര്‍ഗീയവത്കരണത്തെ വലിയ തോതില്‍ അതിജീവിക്കുന്നതിന്റെ പ്രധാന കാരണം ഈ പ്രതിരോധമാണ്. സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഇത് ഒരേസമയം ഒരു പരിമിതിയും സാധ്യതയുമാണ്. ശക്തമായ സാന്നിധ്യം എന്ന നിലയില്‍ നിന്നും ഒരു വിജയതലത്തിലേക്ക് ഉയരാന്‍ കഴിയാത്തത് മഹാഭൂരിപക്ഷത്തിന്റെ ഈ പ്രതിരോധം മൂലമാണ്. എന്നാല്‍ എക്കാലവും ഇതിങ്ങനെത്തന്നെ തുടരണമെന്നില്ലെന്ന് മറ്റു സംസ്ഥാനങ്ങളിലെ അനുഭവങ്ങളില്‍ നിന്നും അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതായിരിക്കും അവരുടെ തന്ത്രം . എണ്‍പത്തിനാലിലെ രണ്ടു സീറ്റില്‍ നിന്നും ഇന്നത്തെ നിലയില്‍ എത്താന്‍ കഴിയുമെങ്കില്‍, ബംഗാളിലെ ആറു ശതമാനത്തില്‍ നിന്നും നാല്‍പതു ശതമാനത്തിലെത്താന്‍ കഴിയുമെങ്കില്‍, ത്രിപുരയിലെ രണ്ടു ശതമാനത്തില്‍ നിന്നും അമ്പതു ശതമാനം വോട്ടു നേടാന്‍ കഴിയുമെങ്കില്‍ കേരളത്തിലും ഇതൊന്നും അസാധ്യമല്ല എന്ന വിശ്വാസം അവര്‍ക്കുണ്ട്.
കേരളത്തിലെ ജനസംഖ്യാനുപാതവും രാഷ്ട്രീയ പാര്‍ട്ടികളുടെ സാമൂഹിക ഘടനയുമാണ് ബിജെപിയുടെ മോഹങ്ങള്‍ക്ക് ഇക്കാലമത്രയും വിഘാതമായി നിന്നിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സാമൂഹികമായ അടിത്തറ പ്രധാനമായും ഹിന്ദുമതത്തിലെ ഈഴവ ദളിത് വിഭാഗങ്ങളും നായര്‍ സമുദായത്തിലെ ഉദ്യോഗ പശ്ചാത്തലമുള്ളവരുമാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പിന്നില്‍ ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷവിഭാഗങ്ങളും, ഫ്യൂഡല്‍ പശ്ച്ചാത്തലമുള്ള, പ്രത്യേകിച്ചും എന്‍എസ്എസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നായര്‍ സമുദായാംഗങ്ങളുമാണ്. ഇവയോടൊപ്പം ഇരുവരുടെയും പാര്‍ട്ടി വോട്ടുകളും ചേരുമ്പോള്‍ കേരളത്തില്‍ ഏതാണ്ട് ഒരു രാഷ്ട്രീയ സമതുലനാവസ്ഥ നിലവിലിരുന്നു. 1982 -ലേയും 87-ലേയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇരു മുന്നണികളും തമ്മിലുള്ള വ്യത്യാസം കേവലം ഒരു ലക്ഷം വോട്ടില്‍ താഴെയായിരുന്നുവെന്നത് കേരളത്തിലെ രാഷ്ട്രീയ മത്സരം എത്രമാത്രം സമാസമമാണെന്ന് വ്യക്തമാക്കുന്നു.
ഈ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുന്നത്, പരമ്പരാഗതമായി ഒരു മുന്നണിക്ക് വോട്ടു ചെയ്യുന്ന വിഭാഗം വ്യത്യസ്തമായ കാരണങ്ങളാല്‍ മറു മുന്നണിയ്ക്ക് വോട്ടു ചെയ്യുമ്പോഴാണ്. അപ്പോഴാണ് തരംഗമുണ്ടാവുന്നത്. എസ് എന്‍ കോളേജ് പ്രശ്നത്തിന്റെ പേരില്‍ സിപിഎമ്മിനെതിരെ എസ്എന്‍ഡിപി നിലപാടെടുക്കുകയും ഈഴവസമുദായാംഗങ്ങള്‍ വളരെ വലിയ തോതില്‍ യുഡിഎഫിന് വോട്ടു ചെയ്യുകയും ചെയ്തപ്പോഴാണ് 2001 - ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റ് ലഭിച്ചത്. എ കെ ആന്റണിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയും മാറാട് കലാപം കൈകാര്യം ചെയ്ത രീതിയും മുസ്ലീങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റിയപ്പോഴാണ് 2004-ല്‍ എല്‍ഡിഎഫിന് പതിനെട്ട് സീറ്റ് ലഭിച്ചത്. അതിന്റെ അലയൊലികള്‍ 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിധ്വനിച്ചു. ബിജെപിയെ കായികമായി നേരിടാന്‍ കഴിയുന്നത് സിപിഎമ്മിനാണ് എന്ന പ്രതീതി സൃഷ്ടിച്ചപ്പോഴാണ് 2016-ല്‍ എല്‍ഡിഎഫ് മുസ്ലിം വോട്ടുകള്‍ ആകര്‍ഷിച്ച് വലിയ വിജയം നേടിയത്.
........................................................................................................................................................................
ഈ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുന്നത്, പരമ്പരാഗതമായി ഒരു മുന്നണിക്ക് വോട്ടു ചെയ്യുന്ന വിഭാഗം വ്യത്യസ്തമായ കാരണങ്ങളാല്‍ മറു മുന്നണിയ്ക്ക് വോട്ടു ചെയ്യുമ്പോഴാണ്
........................................................................................................................................................................
പക്ഷേ, ഈ തെരഞ്ഞെടുപ്പുകളിലെല്ലാം ഇരു മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം ആറോ ഏഴോ ലക്ഷത്തില്‍ ഒതുങ്ങി നിന്നു. 2004-ല്‍ മാത്രമാണ് അത് പത്തുലക്ഷം കവിഞ്ഞത്. പക്ഷേ, ഇത്തവണ അത് ഇരുപത്തിയഞ്ചു ലക്ഷം കവിഞ്ഞു. ഇത് അപകടകരമായ ഒട്ടേറെ സൂചനകള്‍ നല്‍കുന്നുണ്ട്. സിപിഎമ്മിന്റെ 'കോര്‍ വോട്ട്' എന്ന് കരുതപ്പെടുന്ന വിഭാഗത്തില്‍ നിന്നും വലിയ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. പത്തനംതിട്ട, തൃശൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ അത് ബിജെപിയിലേക്കും മറ്റു മണ്ഡലങ്ങളില്‍ അത് യുഡിഎഫിലേക്കുമാണ് ഒഴുകിയത്. ഈ ഗവണ്മെന്റ് അധികാരത്തിലെത്തിയത് മുതല്‍ സിപിഎം സ്വീകരിക്കുന്ന ചില നിലപാടുകളാണ് ഈ ഒഴുക്കിന് കാരണമായതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം.
2016 - ലെ തെരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് കാരണം മുസ്ലീങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച പിന്തുണയാണെന്നു തിരിച്ചറിഞ്ഞ സിപിഎം അത് സ്ഥിരമായി നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിനുള്ള എളുപ്പവഴിയായി കണ്ടത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയും, ബിജെപിയെ നേരിടാന്‍ സിപിഎമ്മിന് മാത്രമേ കഴിയുകയുള്ളൂ എന്ന് വരുത്തിത്തീര്‍ക്കുകയുമാണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് മുമ്പ്, കേരളത്തിലെ പ്രമുഖരായ ഭൂരിപക്ഷ സമുദായത്തില്‍ പ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നതായി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിറക്കി. കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമാണെന്നു വ്യാപകമായ പ്രചാരണം നടത്തി. ശബരിമലയിലെ സുപ്രീം കോടതിവിധിയെയും സമീപിച്ചത് ഇതേ ലക്ഷ്യവുമായാണ്. നവോത്ഥാന നിലപാടിന്റെ മറവില്‍ ഒരു വിഭാഗം ജനങ്ങളെ ശത്രുസ്ഥാനത്ത് നിര്‍ത്തി ബാക്കിയുള്ളവരെ തങ്ങളോടൊപ്പം നിര്‍ത്തുക എന്ന അടവുനയമാണ് നടപ്പിലാക്കാന്‍ ശ്രമിച്ചത്. പക്ഷേ, ഫലം ദുരന്തപൂര്‍ണമായിരുന്നു.
സിപിഎമ്മിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന നായര്‍, ഈഴവ വിഭാഗത്തില്‍ പെട്ട വോട്ടുകളില്‍ ഗണ്യമായ ചോര്‍ച്ചയുണ്ടായിരിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, ആലത്തൂര്‍, പത്തനം തിട്ട, തിരുവനന്തപുരം, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം ഫലത്തെ ഇത് ബാധിച്ചു. ഇത്തവണ ഈ വോട്ടുകളില്‍ ഗണ്യമായ ഒരു ഭാഗം യുഡിഎഫിലേക്കാണ് പോയത്. പക്ഷേ, എല്ലാക്കാലത്തും അത് അങ്ങനെയായിരിക്കണമെന്നില്ല. സിപിഎമ്മിന്റെ സമീപനം സാധ്യതകളുടെ ഒരു ലോകമാണ് സംഘപരിവാറിന്റെ മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. അത് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി അവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.
സ്വന്തം അടിത്തറ ഭദ്രമായി സൂക്ഷിക്കാതെ അത് വിപുലീകരിക്കാന്‍ ശ്രമിക്കുന്നത് വിനാശകരമായിരിക്കും. കേരളത്തിലെ സിപിഎമ്മിന്റെ അടിത്തറ എന്താണെന്ന് അവര്‍ തിരിച്ചറിയണം. എന്തുവന്നാലും അത് ഉലയില്ല എന്ന കപടധാരണമാറ്റണം. ബംഗാളില്‍ പാര്‍ട്ടിയുടെ അടിത്തറയായിരുന്ന കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഉപേക്ഷിച്ച് വ്യവസായവത്കരണത്തിന്റെ പിന്നാലെ പോയതാണ് അവിടെ സിപിഎമ്മിന്റെ തകര്‍ച്ചയുടെ ആരംഭം. സ്വന്തം പാര്‍ട്ടിയുടെ അനുഭവത്തില്‍ നിന്നെങ്കിലും പാഠങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയണം.
നിലനില്‍പ്പിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍, പ്രായോഗികവും മൂര്‍ത്തവുമായ ചില സവിശേഷ അടവുനയങ്ങള്‍ സ്വീകരിക്കേണ്ട അനിവാര്യതയാണ് പുതിയ അവസ്ഥകള്‍ ഇടതു വലതു മുന്നണികളെ ഓര്‍മ്മിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെ മാത്രം ബാധ്യതയല്ല അത്തരം അടവുനയങ്ങള്‍. കഴിഞ്ഞ സര്‍ക്കാരിനെ കാലത്ത് അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം, ബിജെപി പിടിക്കുന്ന അധിക വോട്ടുകള്‍ സിപിഎമ്മിനെയാണ് ബാധിക്കുക എന്ന ധാരണയില്‍ ബിജെപിക്കെതിരെ മൃദു നിലപാട് സ്വീകരിച്ചതാണ് 2016-ല്‍ യുഡിഎഫിന് വന്‍ തകര്‍ച്ച സമ്മാനിച്ചത്. ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കുന്ന 'അഞ്ചാം മന്ത്രി വിവാദം' പോലുള്ള പൊറാട്ടുനാടകങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. ഭരണത്തിലെത്തുമ്പോള്‍ എല്ലാ തലത്തിലും സമുദായസന്തുലനം ഉറപ്പാക്കണം. കേരളത്തിലെ ഹിന്ദു സമൂഹത്തിലെ മഹാഭൂരിപക്ഷവും ഇപ്പോഴും പുതിയ പ്രലോഭനങ്ങളെ അതിജീവിക്കുന്നുണ്ട്. അവരെ തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ബാധ്യത കേരളത്തിലെ ഇരുമുന്നണികള്‍ക്കുമുണ്ട്.