ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് അഥവാ അഴിമതിയും വിഷമലിനീകരണവും തലമുറകളെ ഇല്ലാതാക്കുന്ന വിധം
ബ്രഹ്മപുരം സാധാരണക്കാര്‍ക്ക് മാലിന്യ നിക്ഷേപ കേന്ദ്രമാണ്. എന്നാല്‍. ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും അത് കാമധേനുവാണ്. നിലയ്ക്കാത്ത വരുമാനം. ആ വരുമാന വഴികളെക്കുറിച്ചും സന്തതി പരമ്പരകളിലേക്ക് അത് അവശേഷിപ്പിക്കുന്ന വിഷത്തെ കുറിച്ചും ഒരാലോചന.
കൊച്ചിയിലെ ബ്രഹ്മപുരത്തിന് തീ കെടുത്താന്‍ ആകുന്നതിന് മുമ്പുതന്നെ കോഴിക്കോട്ടെ ഞെളിയന്‍ പറമ്പിലേക്കും തീ പിടര്‍ന്ന് കയറി. കടുത്ത വേനലില്‍ തീപ്പിടുത്തം സ്വാഭാവികമാണ്. എന്നാല്‍, നമ്മുടെ നഗരങ്ങളിലെ ചവര്‍കൂനകള്‍ വെറുതേയങ്ങ് തീപിടിക്കുകയാണെന്ന് മാത്രം കരുതരുത്. കോടികളുടെ വന്‍ കച്ചവടമാണ് ഓരോ ചവര്‍ കൂനകളുമെന്ന് തിരിച്ചറിയുക. കൊച്ചിയിലെ ബ്രഹ്മപുരത്തിന്‍റെ കാര്യം തന്നെയെടുക്കാം. കോടികളുടെ വ്യവസായമാണ് ഇവിടെ നടക്കുന്നത്. സ്രോതസ്സില്‍ നിന്ന് മാലിന്യം ശേഖരിക്കുന്നതില്‍ തുടങ്ങി ചവര്‍കൂന ഇളക്കി മറിക്കുന്നതില്‍ വരെയെത്തി നില്‍ക്കുന്നു ഈ കച്ചവടം. ഇപ്പോള്‍ തീയണക്കാന്‍ ദിവസങ്ങളായി പൊരുതേണ്ടി വന്നതിന്‍റെ പ്രധാന കാരണം ഇവിടെ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്കാണ്. 20-25 അടി പ്‌ളാസ്റ്റിക്ക് കൂടികിടക്കുന്നത് മൂലമാണ് ബ്രഹ്മപുരത്ത് തീയണക്കുന്നത് ഒരു വെല്ലുവിളിയായി മാറിയത്.
തീയണക്കാന്‍ ദിവസങ്ങളോളം ശ്രമിച്ച് തളര്‍ന്ന് വിഷപ്പുക ശ്വസിച്ച് നിത്യരോഗികളായിക്കാണും നമ്മുടെ അഗ്‌നിശമന സേനാംഗങ്ങളും പരിസരവാസികളും. തൊട്ടടുത്ത ഇന്‍ഫോപാര്‍ക്ക് മുതല്‍ പതിമൂന്നര കിലോമീറ്റര്‍ അകലെ പടിഞ്ഞാറേ അതിരിലുള്ള ഫോര്‍ട്ട് കൊച്ചിവരെയുള്ള മൊത്തം കൊച്ചിക്കാരും ഇത്തവണ ദിവസങ്ങളോളം വിഷപുക ശ്വസിച്ചു. അധികൃതരുടെ നിരുത്തരവാദിത്തത്തിനും നിസ്സംഗതക്കും നല്‍കേണ്ടി വന്ന വലിയ വില. അധികാര പരിധിക്ക് കീഴിലെ വലിയൊരു ജനവിഭാഗം മുഴുവനും ഇത്രയും നാള്‍ വിഷപ്പുഴ ശ്വസിച്ചിട്ടും ചവര്‍ ഇളക്കി മറിക്കാനുള്ള മണ്ണുമാന്തി യന്ത്രങ്ങള്‍ പോലും സമയത്തിന് എത്തിച്ച് നല്‍കാന്‍ കൊച്ചി നഗരസഭയ്ക്കായില്ല.
വര്‍ഷങ്ങളായി കൊണ്ടുതള്ളിയ പ്ലാസ്റ്റിക്കാണ് പ്രത്യക്ഷത്തില്‍ വില്ലനായത്. എന്നാല്‍, ഇത് ബോധപൂര്‍വം നടത്തുന്ന നീക്കമാണ്. ഉറവിടത്തില്‍ വച്ച് തന്നെ ജൈവ മാലിന്യത്തെ ലഘൂകരിക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. പ്‌ളാസ്റ്റിക്ക് മാലിന്യം ഒഴിവാക്കാന്‍ പല തദ്ദേശ സ്ഥാപനങ്ങളും നടപടികള്‍ എടുക്കുന്നുമുണ്ട്. എന്നാല്‍, കൊച്ചിയില്‍ ഇതൊന്നും ചെയ്യാറേയില്ല. ഇനി എവിടെയെങ്കിലും ചവര്‍ വേര്‍തിരിച്ചാല്‍ തന്നെ അതൊക്കെ ബ്രഹ്മപുരത്ത് കൊണ്ട് വന്ന് ഒരുമിച്ച് തള്ളും. കൊച്ചിയിലെയും പരിസരത്തെയും തദ്ദേശ സ്ഥാപനങ്ങളിലെയും ചവര്‍ എല്ലാം എത്തുന്നത് ഇങ്ങോട്ടാണ്. പ്രതിദിനം 300 ടണ്‍ മാലിന്യമാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. ഇതിനായി നിരവധി ലോറികളാണ് സര്‍വ്വിസ് നടത്തുന്നത്. ലോറികളാണ് പ്രധാന കറവപ്പശു. അത് വാങ്ങുന്നതില്‍ തുടങ്ങുന്നു കമ്മീഷന്‍. എന്നും ഇതിനൊക്കെ പണി വരുത്തി തുടര്‍ വരുമാനം ഉറപ്പാക്കുകയും ചെയ്യും. ഡീസല്‍ ഇനത്തില്‍ വന്‍ വെട്ടിപ്പ് വേറെ നടക്കും.
(ഫോട്ടോ: അരുണ്‍ ചന്ദ്ര ബോസ് )
ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മേയര്‍ ആയിരുന്നപ്പോഴാണ് തിരുവനന്തപുരത്തെ വിളപ്പില്‍ശാല ഗ്രാമത്തില്‍, നഗരസഭാ ക്വാര്‍ട്ടേഴ്‌സ് പണിയാനെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച് ചവര്‍ ഫാക്ടറി തുടങ്ങിയത്. എതിര്‍ത്തവരെ തല്ലിച്ചതച്ചു. തിരുവനന്തപുരത്ത് വിളപ്പില്‍ശാല പ്ലാന്‍റ് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഓടിയ നൂറുകണക്കിന് ലോറികള്‍ പതിവായി ഇന്ധനം നിറച്ചിരുന്ന പമ്പില്‍ വന്‍ വെട്ടിപ്പാണ് നടത്തിയിരുന്നത്. ഇതിന്‍റെ വിഹിതം വികേന്ദ്രീകരണ അഴിമതിയായി എല്ലാ തലത്തിലും പങ്കിട്ടിരുന്നു. തലസ്ഥാന നഗരസഭയിലെയും സംസ്ഥാനത്തെയും ഭരണം ഇടതുപക്ഷത്തായിരുന്നതിനാല്‍ എല്ലാ ഇടപാടുകളും സുഗമമായി നടന്നു. വിളപ്പില്‍ശാലയിലെ ജനങ്ങള്‍ പൊറുതി മുട്ടി നടത്തിയ സമരത്തെ നീചമായി അടിച്ചമര്‍ത്തി. എന്തു വിലകൊടുത്തും ചവര്‍ശാല നടത്തിയത് തന്നെ അഴിമതിക്ക് വേണ്ടിയായിരുന്നു. ആദ്യം പോബ്‌സണ്‍ എന്ന പാറ ക്വാറി കമ്പനി വഴിയും പിന്നീട് നഗരസഭ തന്നെ നേരിട്ടും ഇതിനായി കോടികള്‍ കുഴിച്ചിട്ടു കൊണ്ടേയിരുന്നു. വിളപ്പില്‍ശാലയില്‍ മാത്രമല്ല പരിസരത്തെങ്ങും ജനങ്ങള്‍ നിത്യരോഗികളായപ്പോള്‍ നഗരത്തിലിരുന്ന് രാഷ്ട്രീയ - ഉദ്യോഗസ്ഥ നേതൃത്വവും കരാറുകാരും വന്‍ നേട്ടമുണ്ടാക്കി. ഒടുവില്‍ വിളപ്പില്‍ശാലക്കാര്‍ വന്‍ ഉപരോധം തീര്‍ത്ത് മാലിന്യം കയറ്റാതാക്കി. തിരുവനന്തപുരം നഗരസഭ വന്‍ തുക മുടക്കി വ്യവഹാരം നടത്തിയത് ഇതിലെ ലാഭത്തില്‍ മാത്രം കണ്ണ് വച്ചായിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. സമരം ശക്തമായപ്പോഴും ചവര്‍ നീക്കം എന്തു വിലകൊടുത്തും തുടരാന്‍ നഗരസഭ ശ്രമിച്ചു. പല ജില്ലകളില്‍ നിന്നായി സമരക്കാര്‍ക്കെതിരെ വന്‍ പോലീസ് സന്നാഹം ഒരുക്കി. എന്നാല്‍, പൊലീസ് അവര്‍ക്ക് നേരെ വെടിവയ്ക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി സമരക്കാര്‍ക്ക് വാക്ക് കൊടുത്തു.
2000 -ല്‍ വിളപ്പില്‍ശാലയില്‍ പ്ലാന്‍റ് തുടങ്ങി 2012 -ല്‍ അയ്യായിരത്തോളം വരുന്ന സമരക്കാര്‍ ചെറുത്ത് നില്‍പ്പിലൂടെ സംസ്‌കരണശാലയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് വരെ 70 കോടിയാണ് തിരുവനന്തപുരം നഗരസഭ അവിടെ ചെലവഴിച്ചത്. എന്നിട്ടും അവിടെ ചവര്‍ കൂട്ടിയിടുകയല്ലാതെ യാതൊരു ശാസ്ത്രീയ സംസ്‌കരണവും നടന്നിരുന്നില്ല. കോടികള്‍ മുടക്കി എത്തിച്ച യന്ത്രങ്ങള്‍ അഴിമതിയുടെ നിത്യസ്മാരകങ്ങളായി. അവിടത്തെ ജലസ്രോതസ്സുകള്‍ മലിനമാക്കുകയും അന്നാട്ടുകാര്‍ക്ക് വ്യാപക രോഗങ്ങള്‍ പകര്‍ന്ന് നല്‍കുകയും മാത്രമാണ് ഉണ്ടായത്. ഒരുതരത്തിലും അവിടെ ജീവിക്കാനാകാത്ത അവസ്ഥയായിരുന്നു അന്ന്. അക്കാലത്ത് അവിടെ താമസിച്ചിരുന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് അക്കാര്യം നേരിട്ട് ബോധ്യമുള്ളതാണ്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കിട്ടിയ 24 കോടി രൂപയില്‍ 11 കോടിയേ തിരുവനന്തപുരം നഗരസഭയ്ക്ക് ചെലവഴിക്കാനായുള്ളൂ. അപ്പോഴത്തേക്കും പ്ലാന്‍റ് അടച്ചു പൂട്ടി. എന്നിട്ടും വീണ്ടും മറ്റൊരു 12 കോടിയുടെ പദ്ധതി നഗരസഭ ഉണ്ടാക്കി. പകരം ഒരു സ്ഥലം പോലും കണ്ടെത്താനാവാത്തപ്പോഴാണ് വീണ്ടും പണം ധൂര്‍ത്തടിക്കാനുള്ള ഈ വെമ്പല്‍. അഴിമതിക്ക് അവസരം നഷ്ടപ്പെട്ട നഗരസഭാ അധികൃതരാകട്ടെ സുപ്രീം കോടതി വരെ പയറ്റിയെങ്കിലും പരാജയപ്പെട്ടു.
കൊച്ചിയിലെ ബ്രഹ്മപുരത്തെ അവസ്ഥയും ഒന്ന് തന്നെയാണ്. 110 ഏക്കര്‍ വരുന്ന ഒരു പ്രദേശം. തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള വിളപ്പില്‍ ഗ്രാമം പോലെ കൊച്ചി നഗരത്തിന് പുറത്ത് വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്തില്‍പ്പെടുന്നതാണ് ബ്രഹ്മപുരം. കൊച്ചി കോര്‍പ്പറേഷന് പുറമേ തൃക്കാക്കര, തൃപ്പുണിത്തുറ, ആലുവ, അങ്കമാലി, കളമശ്ശേരി, ചേരാനെല്ലൂര്‍, കുമ്പളങ്ങി തുടങ്ങിയ പരിസരത്തെ തദ്ദേശസ്ഥാനങ്ങളും അവിടേക്ക് ചവര്‍ നീട്ടിയെറിയുന്നു. വിളപ്പില്‍ശാലയിലെ പോലെ ബ്രഹ്മപുരത്തെ നാട്ടുകാരോട് യാതൊരു ഉത്തരവാദിത്വവും ചവറിടുന്ന എറണാകുളത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്കില്ല. നിസ്സാര കൂലിക്ക് പണിയെടുക്കുന്ന കുടുംബശ്രീക്കാരും ഹരിതകര്‍മ്മ സേനയുമൊക്കെയാണ് വീടുകളില്‍ നിന്ന് ചവര്‍ ശേഖരിക്കുന്നത്. നല്ല ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്തിനും ഇതൊരു കറവ പശുവാണ്. വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടത്തുന്ന പകല്‍ കൊള്ളയില്‍ മാറി മാറി ഭരിക്കുന്ന ഇരു മുന്നണിക്കാര്‍ക്കും തുല്യ പങ്കാണ്. വീടുകളില്‍ നിന്ന് തരം തിരിച്ചാണ് മാലിന്യം ശേഖരിക്കുന്നത്. എന്നാല്‍ ഇങ്ങനെ രണ്ടായി തിരിക്കുന്ന മാലിന്യം ഒന്നായി ബ്രഹ്മപുരത്ത് തന്നെ എത്തിചേരുന്നു. ഭക്ഷണ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാതെ അവിടെ കിടന്ന് അഴുകി സര്‍വ്വവിധ രോഗങ്ങളും പരത്തുന്നു.
കൊച്ചിയില്‍ രണ്ട് വര്‍ഷം മുന്‍പ് നടത്തിയ കണക്കെടുപ്പ് പ്രകാരം 326 ടണ്‍ ചവറാണ് ഒരു ദിവസം ഉണ്ടാകുന്നത്. ഒരാള്‍ ശരാശരി അരക്കിലോയിലേറെ മാലിന്യം ഒരു ദിവസം സൃഷ്ടിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരാള്‍ 540 ഗ്രം ചവറാണ് ഉണ്ടാക്കുന്നത്. ഇതിലേറെയും ഉടന്‍ സംസ്‌കരിക്കേണ്ട അഴുകുന്ന ചവറാണ്. ഇത് ഏതാണ്ട് 206 ടണ്‍ വരും. പുറമേ 100 ടണ്‍ അജൈവ മാലിന്യങ്ങളും. എന്നാല്‍ ആകപ്പാടെ സംസ്‌കരിക്കുന്നതാകട്ടെ 32 ടണ്‍ മാത്രം. 274 ടണ്‍ വീതം ഓരോ ദിവസവും സംസ്‌കരിക്കാതെ കൂന്നുകൂടി മാലിന്യ മലയിലേക്ക് മുതല്‍ക്കൂട്ടുന്നു. ഇപ്പോഴിത് ഏതാണ്ട് നാലരലക്ഷം ഘന മീറ്റര്‍ വരും. 2021-ല്‍ ഗ്രീന്‍ ട്രിബ്യൂണലിന് സമര്‍പ്പിച്ച കണക്ക് പ്രകാരം 9.7 ശതമാനം ജൈവമാലിന്യങ്ങള്‍ മാത്രമേ ഉറവിടത്തില്‍ സംസ്‌കരിക്കുന്നുള്ളു. ശിഷ്ടം 90 ശതമാനത്തിലേറെ ബ്രഹ്മപുരത്തേക്ക് വലിച്ചെറിയുകയാണ്. ഒപ്പം റീസൈക്കിള്‍ ചെയ്യേണ്ട വന്‍ പ്ലാസ്റ്റിക് ശേഖരം വര്‍ഷങ്ങളായി ബ്രഹ്മപുരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. കൊച്ചി തുറമുഖത്ത് എത്തുന്ന നിരവധി കപ്പലുകള്‍ ചേര്‍ത്ത് വയ്ക്കുമ്പോള്‍ ലഭിക്കുന്നത്രയും വലുപ്പത്തില്‍ മീറ്ററുകളോളം വരുന്ന ഈ പ്ലാസ്റ്റിക് മല മൂലമാണ് ബ്രഹ്മപുരത്ത് തീ അണക്കാന്‍ ഇത്രയേറെ ദിവസമെടുക്കുന്നത്.
1988 -ലാണ് ബ്രഹ്മപുരത്ത് 37 ഏക്കര്‍ സ്ഥലത്ത് മാലിന്യ പ്ലാന്‍റിനായി സ്ഥലം ഏറ്റെടുക്കുന്നത്. പിന്നീട് 2007 -ല്‍ ആന്ധ്രപ്രദേശ് ടെക്‌നോളജി ഡവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍, ബ്രഹ്മപുരത്തെ ചതുപ്പിലാണ് മാലിന്യ സംസ്‌കരണശാല പണിത് തുടങ്ങിയത്. ചതുപ്പില്‍ കെട്ടിപ്പൊക്കിയ പ്ലാന്‍റ് തുടക്കത്തിലെ നിര്‍മ്മാണ പിഴവ് മൂലം താഴ്ന്നു. തുടര്‍ന്ന് കഷ്ടിച്ച് ഒന്നര വര്‍ഷം മാത്രമാണ് പ്ലാന്‍റ് കുറച്ചെങ്കിലും പ്രവര്‍ത്തിച്ചത്. നിര്‍മ്മാണ തകരാറും അഴിമതിയും ഒക്കെ ആരോപിക്കപ്പെട്ടതോടെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പതിവ് പോലെ അതും എവിടെയുമെത്തിയില്ല. കൃത്യമായി തെളിവ് സഹിതം കോടികളുടെ ക്രമക്കേട് കാട്ടി അക്കൗണ്ടന്‍റ് ജനറല്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടെ ദുരതത്തിലായ സമീപവാസികള്‍ സ്ഥലം ഒഴിഞ്ഞതോടെ വിസ്തൃതി 110 ഏക്കറായി. 2012-ല്‍ മുതല്‍ നടത്തിപ്പ് എന്‍വയണ്‍ ഗ്രീന്‍സിനായിരുന്നു. ഇതിനിടെ ഇവിടന്ന് വളവും നെല്ലുമൊക്കെ ഉത്പാദിപ്പിച്ച് ആരംഭ ശൂരത്വം കാട്ടി. 2022 -ല്‍ ഇത് സ്റ്റാര്‍ കണ്‍സ്ട്രക്ഷന് കൈമാറി. അഴിമതിയും പിടിപ്പുകേടും മാത്രമായിരുന്നു സ്ഥായിയായി ഉണ്ടായിരുന്നത്. ചവര്‍ ലോറി മുതല്‍ പല സാധ്യതകള്‍ കൂടി കൊണ്ടേയിരുന്നു. നിലം പൊത്താറായ ചവര്‍ സംസ്‌കരണശാലയില്‍ ഇപ്പോള്‍ ശാസ്ത്രീയ സംവിധാനങ്ങളൊന്നും തന്നെയില്ല.
(ഫോട്ടോ: അരുണ്‍ ചന്ദ്ര ബോസ് )
അതിനിടെ പ്ലാസ്റ്റിക് മാലിന്യം ഏതാണ്ട് അഞ്ചര ലക്ഷം ഘനമീറ്ററായി കുന്നുകൂടി. പ്ലാസ്റ്റിക്കില്‍ നിന്ന് ഊര്‍ജ്ജ ഇഷ്ടിക, വൈദ്യുതി തുടങ്ങിയ പല പദ്ധതികള്‍ക്ക് കരാറായെങ്കിലും അതെല്ലാം കടലാസില്‍ മാത്രം ശൂരത്വം കൊണ്ടു. മണ്ണിട്ടു മൂടിയ മാലിന്യത്തില്‍ നിന്ന് കൊള്ളാവുന്ന പ്ലാസ്റ്റിക്ക് ബയോ മൈനിങ്ങിലൂടെ പുറത്തെടുക്കുന്ന വമ്പന്‍ പദ്ധതിക്ക് 55 കോടിയുടെ കരാറുണ്ടാക്കി. ഇതിനിടെ മുന്‍പരിചയമില്ലാത്ത സോണ്‍റ്റ ഇന്‍ഫ്രാടെക്കിന് പദ്ധതി കൈമാറിയതില്‍ ക്രമക്കോടാരോപണം ഉയര്‍ന്നു. 10 കോടിയോളം രൂപ ഇതിനകം ഇവര്‍ക്ക് കൈമാറിയെങ്കിലും നാലിലൊന്ന് പോലും ഇവര്‍ക്ക് കൈകാര്യം ചെയ്യാനായിട്ടില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇവര്‍ക്ക് തന്നെയാണ് ഇനിയും സാധ്യമാകാത്ത വൈദ്യുത പദ്ധതിയുടെയും കരാര്‍ കൊടുത്തിട്ടുള്ളത് എന്നതും കൂട്ടി വായിക്കുക.
അതാത് കാലത്തെ ഭരണകക്ഷി നേതാക്കളുടെ അടുപ്പക്കാര്‍ക്കാണ് കരാര്‍ കിട്ടുന്നതെന്ന് സ്ഥിരം ആക്ഷേപമുണ്ട്. അതിനാല്‍ തന്നെ ക്രമക്കേടും അഴിമതിയും ഉയരുമ്പോള്‍ വിജിലന്‍സടക്കം നടത്തുന്ന അന്വേഷണങ്ങള്‍ അവിടെ തന്നെ അവസാനിക്കും. പല തട്ടില്‍ നല്ല ആദായം തരുന്ന കാമധേനുവാണ് ബ്രഹ്മപുരം. പിടിപ്പുകേടിന്‍റെയും ഉത്തരവാദിത്വമില്ലായ്മയുടെയും പ്രതി രൂപമായി മല പോലെ വളര്‍ന്ന് വിഷം ചീറ്റുന്നു, അത്. ശ്വാസകോശ രോഗം തൊട്ട് കാന്‍സറിന് വരെ കാരണമാകാവുന്ന ഡയോക്‌സിനുകള്‍ തുടങ്ങിയവയുടെ ശേഖരമാണീ വിഷപ്പുക. 3 മാസം വരെ ഇത് വായുവില്‍ തുടരും. എന്നാല്‍ അവിടം കൊണ്ട് തീരുന്നില്ല. ഇതിന്‍റെ വിഷാംശത്തിന്‍റെ 90 ശതമാനവും മണ്ണിലും വെള്ളത്തിലും ലയിച്ച് കാലക്രമേണ ഭക്ഷണത്തിലൂടെ നമ്മുടെയും പക്ഷി മൃഗാദികളുടെയും ഉള്ളിലേക്കെത്തും അത് സന്തതി പരമ്പരകളേയും ബാധിക്കും. അങ്ങനെ കൊച്ചിയുടെ വിഷക ന്യകയായി ബ്രഹ്മപുരം നിതാന്തകാലത്തോളം കുടികൊള്ളുന്നു.