അടയാളങ്ങളില്ലാത്തവന്റെ പുനര്‍ജനി; ചരിത്രം മായ്ച്ചു കളഞ്ഞ അല്ലോഹലനെ ഒരു നോവലിസ്റ്റ് തിരിച്ചെടുത്ത വിധം

ദുഷ്പ്രഭുവെന്ന് കാലം കൊന്ന് കിണറ്റിൽ തള്ളിയ അല്ലോഹലൻ. നോവലിൽ കാണുന്നത് മറ്റൊരു അല്ലോഹലനെ. 'പ്രകൃതിക്കൊപ്പവും സ്ത്രീകൾക്കൊപ്പവും നിൽക്കുന്ന, ദളിത് പക്ഷത്ത് നിൽക്കുന്ന, മഹാബലിയെ പോലെ മനുഷ്യരെയെല്ലാം ഒന്നുപോലെ കാണുന്ന, നന്മയുടെയും കരുണയുടെയും നീതിയുടെയും ഉദാത്തമൂർത്തിയായ അല്ലോഹലനാണ് തന്റേത്' എന്ന് എഴുത്തുകാരൻ.

Books and Dialogue Ambikasuthan Mangad Allohalan

കഥ ഇതുവരെ

എഴുത്തുകാരന് മാത്രമല്ല, ഒരു പുസ്തകത്തോട് അതിന്റെ വായനക്കാർക്കുമുണ്ട് ആഴത്തിലുള്ള ബന്ധം. ഒരാൾ എഴുതി അവസാനിപ്പിച്ചിടത്ത് നിന്നുമാണ് ശരിക്കും ഒരു നോവലോ കഥയോ ഒക്കെ പിറവി കൊള്ളുന്നതെന്ന് തോന്നാറുണ്ട്. കാഴ്ച പോലെയല്ല വായന. ഒരു പുതിയ ലോകം സൃഷ്ടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കവിടെയുണ്ട്. രൂപം, നിറം, മണം, ഭാവം തുടങ്ങി സകലതും വായനക്കാരുടേതാണ്.

'അല്ലോഹലൻ' വായിക്കുമ്പോഴത്രയും തുളുനാട്ടിലൂടെ സഞ്ചരിച്ചതുപോലെ തോന്നാം. അവിടം പരിചയമില്ലാത്തവർക്ക്, അന്നാട്ടിലെ കഥകൾ കേട്ടുപരിചരിക്കാത്തവർക്ക് ഇത്തിരി അതിശയോക്തിയും. എന്നാൽ, അന്നാട്ടിൽ ജനിച്ചവർക്കങ്ങനെയല്ല. തെയ്യക്കാലത്ത് സകല തെയ്യക്കാവുകളിലും ഉറക്കമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടക്കാറുള്ളവർക്കും. 

വിജയിച്ചവന്റെയും, അധികാരം കയ്യിലുള്ളവന്റെയും കൂടെയായിരുന്നു എപ്പോഴും ചരിത്രവും. എന്നാൽ, ഉത്തരകേരളത്തിന് മറിച്ചൊരു കഥ പറയാനുണ്ട്. അത്, തെയ്യങ്ങളുടെ കഥയാണ്. ചതിക്കപ്പെട്ടവനും, ചതിയിൽ കൊല്ലപ്പെട്ടവനും ദൈവമായി മാറുന്ന നാടാണത്. 'അല്ലോഹലൻ' എന്ന നോവലും ചെയ്യുന്നത് അത് തന്നെയാണ് -കേട്ട കഥകളുടെ, അത്രയൊന്നും പരിചിതമല്ലാത്ത ഒരു മറുവായന. 

ദുഷ്പ്രഭുവെന്ന് കാലം കൊന്ന് കിണറ്റിൽ തള്ളിയ അല്ലോഹലൻ. നോവലിൽ കാണുന്നത് മറ്റൊരു അല്ലോഹലനെ. 'പ്രകൃതിക്കൊപ്പവും സ്ത്രീകൾക്കൊപ്പവും നിൽക്കുന്ന, ദളിത് പക്ഷത്ത് നിൽക്കുന്ന, മഹാബലിയെ പോലെ മനുഷ്യരെയെല്ലാം ഒന്നുപോലെ കാണുന്ന, നന്മയുടെയും കരുണയുടെയും നീതിയുടെയും ഉദാത്തമൂർത്തിയായ അല്ലോഹലനാണ് തന്റേത്' എന്ന് എഴുത്തുകാരൻ.

കഥ വന്ന വഴി

വളരെ വർഷങ്ങൾക്ക് മുമ്പ് മാങ്ങാട് നിന്നുമൊരാൾ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ അധ്യാപകനാവുന്നു. നാട്ടിൽ നിന്നും കോളേജിലേക്കുള്ള യാത്രയിൽ കണ്ണിൽ പതിയുന്ന അനേകം കാഴ്ചകൾ കൗതുകങ്ങളാകുന്നു. അതിലൊന്നായിരുന്നുവത്രെ മഡിയൻ കൂലോം. 1100 വർഷമെങ്കിലും പഴക്കമുള്ള ക്ഷേത്രം. അന്നേ മഡിയൻ കൂലോം മനസിൽ പതിഞ്ഞു.  പലതവണ പോയി കണ്ടറിഞ്ഞു. ആ സ്ഥലത്തിന്റെ നിഗൂഢമായ പരിവേഷം ആ മനസിനെ വല്ലാതെ ആകർഷിക്കുന്നു, അതിനെ ചുറ്റിപ്പറ്റിയുള്ള അനേകം കഥകളും. 

ക്ഷേത്രത്തിൽ രണ്ട് കുളങ്ങളുണ്ട് -വടക്കേക്കുളം, കിഴക്കേക്കുളം. അല്ലോഹലനെ ചതിയിൽ കൊന്ന് താഴ്ത്തിയ കിണർ വടക്കേ കുളത്തിന്റെ ഉള്ളിലാണുള്ളതെന്ന കഥ പലയിടങ്ങളിൽ നിന്നായി കേട്ടു. ചരിത്രപുസ്തകത്തിലൊന്നും കാണാനാവാത്ത അല്ലോഹലൻ കഥയും ഭാവനയും ഒക്കെയായി മനസിൽ വളർന്നുവളർന്നു വന്നു. ഒടുവിൽ എഴുതാതിരിക്കാനാവില്ല എന്ന് വന്നതോടെ അതൊരു നോവലായി എന്ന് എഴുത്തുകാരൻ.

അല്ലോഹലൻ എന്ന കേട്ടുമറക്കാമായിരുന്ന ഒരു കഥാപാത്രം, അയാളെ ചുറ്റിപ്പറ്റിയുള്ള 
അനേകം കഥകൾ. എന്തുകൊണ്ടാണ് അല്ലോഹലൻ ഒരു ദീർഘമായ നോവലായി എഴുതണം എന്ന് തോന്നുന്നത്? 

2005 -ലാണ് അല്ലോഹലന്റെ കഥ നോവലായി എഴുതണമെന്ന് തീവ്രമായി ആഗ്രഹിച്ചു തുടങ്ങിയത്. അന്ന് കോളേജിൽ എന്റെ സഹപ്രവർത്തകനും ചരിത്രകാരനും കൂടിയായിരുന്ന ഡോ. സി ബാലൻ എഡിറ്റ് ചെയ്ത 'ഒരു തുളുനാടൻ പെരുമ' എന്ന പുസ്തകത്തിൽ അനുബന്ധമായി ചേർത്തിട്ടുള്ള മുക്കുവരുടെയും മുകയരുടെയും തെയ്യങ്ങൾ മഡിയൻ കൂലോത്ത് വന്ന് ചൊല്ലുന്ന സ്വരൂപാചാരങ്ങൾ വായിച്ചിരുന്നുയ അത് വല്ലാതെ സ്പർശിച്ചു. അല്ലോഹലന്റെ ചരിത്രം ചുരുക്കത്തിലാണെങ്കിലും അതിലുണ്ടായിരുന്നു. 'അള്ളടം ചരിത്രം' എന്ന പേരിൽ ഒരു അനുബന്ധവും.

1945 -ൽ പനയന്തട്ട ദേർമൻ നായർ എഴുതിയ ലേഖനത്തിലും അല്ലോഹലനെ കുറിച്ച് പറയുന്നുണ്ട്. കൂടാതെ, നാട്ടിൽ പ്രചാരത്തിലുള്ള ചില ഐതിഹ്യങ്ങളും ഈ പുസ്തകത്തിൽ പലയിടത്തായി പറയുന്നുണ്ട്.

അതോടെ ഇതൊരു നോവലായി എഴുതണം എന്ന് തോന്നൽ ശക്തമായി. അതിനായി ചരിത്രപുസ്തകങ്ങൾ ഒരുപാട് നോക്കി. അതിലൊന്നും അല്ലോഹലൻ ഇല്ലെന്ന് മനസിലായി. തെയ്യത്തെ കുറിച്ചുള്ള പുസ്തകങ്ങളിലാണെങ്കിലും അല്ലോഹലനെ കുറിച്ച് സൂചിപ്പിക്കുന്നത് പലപ്പോഴും ഒരു ദുഷ്ടകഥാപാത്രമായിട്ടാണ്.

എന്നാൽ, ഈ നോവലിൽ ഞാൻ അങ്ങനെയല്ല അദ്ദേഹത്തെ അവതരിപ്പിച്ചിട്ടുള്ളത്.

 

ചരിത്രപുസ്തകങ്ങൾ ഒരുപാട് നോക്കി, അതിലൊന്നും അല്ലോഹലൻ ഇല്ലെന്ന് മനസിലായി എന്ന് പറഞ്ഞല്ലോ? എന്തുകൊണ്ടാണ് തോറ്റുപോയവനും ചതിയിൽ കൊല്ലപ്പെട്ടവരുമൊന്നും ചരിത്രത്തിലിടം നേടാത്തത്? എന്നാൽ, തെയ്യങ്ങൾ എപ്പോഴും പറയുന്നത് അത്തരം കഥകളുമാണ്.

ഇത് തുളുനാടിന്റെ ചരിത്രമാണ്. അതിനാൽ, കേരളത്തിലെ ചരിത്രകാരന്മാരുടെ വിഷയവും ആയിരുന്നില്ല. ശ്രീധരമേനോന്റെ 450 പേജുള്ള 'കേരളചരിത്ര'ത്തിൽ ഒന്നരപ്പേജ് മാത്രമാണ് ആകെക്കൂടി ഉത്തരകേരളത്തിന് വേണ്ടിയുള്ളത്. നൂറ്റാണ്ടുകൾ നീണ്ട രാജവംശങ്ങളുടെ കഥ പറയാൻ ഒന്നരപ്പേജ്. എന്നാൽ, ഇതേ പുസ്തകത്തിൽ തന്നെ സാമൂതിരിയെ കുറിച്ച് ഒരധ്യായമുണ്ട്. അതിൽ ഇങ്ങനെ പറയുന്നുണ്ട്:

'സാമൂതിരിയും കോലത്തിരിയും ഉള്ള ബന്ധത്തിന്റെ വിശദാംശങ്ങളറിയാൻ നിവൃത്തിയില്ലെങ്കിലും അതുമായി ബന്ധപ്പെടുത്തി പറഞ്ഞുപോരാറുള്ള ഒരു കഥയ്ക്ക് പ്രാധാന്യം ഇല്ലാതില്ല. കോലത്തുനാട്ടിലെ ഒരു ഇളംമുറ തമ്പുരാൻ സാമൂതിരി കുടുംബത്തിലെ ഒരു രാജകുമാരിയുമായി പ്രണയത്തിലാവുകയും ഒളിച്ചോടുകയും ചെയ്തു. പിന്നീട് സാമൂതിരിയുടെ നിർദ്ദേശപ്രകാരം കോലത്തിരി തന്റെ നാടിന്റെ വടക്കുള്ള നീലേശ്വരത്ത് രാജകുമാരിക്ക് വാസസൗകര്യമേർപ്പെടുത്തുകയും അവരുടെ അധികാരത്തിന് കീഴിൽ മൂവായിരം നായന്മാരെ വിട്ടു കൊടുക്കുകയും ചെയ്തു. ഈ രാജകുമാരിയിൽ‌ നിന്നാണ് നീലേശ്വരം രാജവംശം ഉണ്ടായത് എന്ന് പറയപ്പെടുന്നു.'

നീലേശ്വരം രാജവംശം ഉണ്ടാകുന്നത് വാസ്തവത്തിൽ അല്ലോഹലനെ കൊന്നതിന് ശേഷമാണ്. ഉള്ളടം പിടിച്ചെടുത്തിട്ടാണ് നീലേശ്വരം രാജവംശം ഉണ്ടാവുന്നത്. എങ്കിലും, ചരിത്രപുസ്തകത്തിൽ പോലും ഇത് 'പറയപ്പെടുന്നു' എന്നാണ് പറയുന്നത്. ഐതീഹ്യമാണ് എന്നർത്ഥം.

'കേരളത്തിലെ രാജവംശങ്ങൾ' എന്ന വേലായുധൻ പണിക്കശേരിയുടെ ചരിത്രപുസ്തകത്തിലും ഈ ആശയം കാണാം. അപ്പോഴും, ചരിത്രത്തിൽ അല്ലോഹലൻ ഉണ്ടെങ്കിലും അത് വേണ്ടവിധത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

കാഞ്ഞങ്ങാട് ഭാഗത്തുള്ള മനുഷ്യരുടെ ഓർമ്മകളിലും, തെയ്യം പുസ്തകങ്ങളിലും, സ്വരൂപാചാരത്തിലും ഒക്കെ അല്ലോഹലനെ കുറിച്ച് പറയുന്നുണ്ട്. പക്ഷേ, പുരാവൃത്തവുമായി കെട്ടുപിണഞ്ഞാണ് കിടക്കുന്നത്. വിശദാംശങ്ങളറിയാൻ നിവൃത്തിയില്ല.

അങ്ങനെയുള്ള ഒരു ചരിത്രകഥാപാത്രത്തെ നാന്നൂറോളം പേജുള്ള ഒരു വലിയ നോവലിലേക്ക് കൊണ്ടുവരിക എന്നത് എളുപ്പമായിരുന്നില്ല. 14 -ാം നൂറ്റാണ്ടിലെ ഉത്തരകേരളത്തെക്കുറിച്ചറിയാൻ നമുക്ക് കാര്യമായി ഒന്നും കിട്ടാനില്ല. അതിനാൽ ഒരുപാട് ഗവേഷണം ചെയ്യേണ്ടി വന്നു. ഒരു ദുഷ്ടകഥാപാത്രമായിട്ടാണ് മിക്കയിടങ്ങളിലും അല്ലോഹലൻ അറിയപ്പെടുന്നതെങ്കിലും മറിച്ചുള്ളൊരു വായനയായിരുന്നു ഈ നോവൽ.

Books and Dialogue Ambikasuthan Mangad Allohalan

പ്രകൃതിപക്ഷത്തും സ്ത്രീപക്ഷത്തും ദളിത് പക്ഷത്തും നിൽക്കുന്ന, മഹാബലിയെ പോലെ മനുഷ്യരെയെല്ലാവരേയും ഒരുപോലെ കാണാൻ ശ്രമിച്ച, നന്മയുടെയും കരുണയുടെയും നീതിയുടെയും ഉദാത്തമൂർത്തിയായി നിൽക്കുന്ന ഒരു കഥാപാത്രമായിട്ടാണ് അല്ലോഹലൻ‌ നോവലിൽ കടന്നു വരുന്നത്.

വിജയിച്ചവന്റെ വീരചരിതങ്ങളാണ് എപ്പോഴും ചരിത്രത്തിൽ പാടിപ്പുകഴ്ത്തപ്പെട്ടിട്ടുള്ളത്. ചരിത്രം എഴുതുന്നവരും, പാടിനടന്ന പാണന്മാരും മറ്റും എപ്പോഴും അധികാരത്തിന്റെ അപ്പക്കഷ്ണങ്ങൾക്ക് വേണ്ടി നിലകൊണ്ടവരായിരുന്നു. തോറ്റവന്റെ ചരിത്രം പറയാൻ ചരിത്രകാരന്മാരാരും ഉണ്ടായിരുന്നില്ല.

തോറ്റവന്റെ കഥകൾ കീഴാളരുടെ കഥ കൂടിയായിരിക്കും. കീഴാളരുടെ കഥകൾ പറഞ്ഞിരുന്നത് നാടോടിപ്പാട്ടുകളിലും തെയ്യത്തോറ്റങ്ങളിലും മറ്റുമാണ്. തെയ്യങ്ങളെപ്പോഴും ചതിക്കപ്പെട്ടവന്റെ/ ചതിക്കപ്പെട്ടവളുടെ വീരചരിതങ്ങളാണ്. ചതിയിൽ കൊല്ലപ്പെട്ടവരുടെ നിലവിളികളാണ് തെയ്യത്തിന്റെ തോറ്റംപാട്ടുകൾ. അല്ലോഹലനും ചതിയിലാണ് കൊല്ലപ്പെട്ടത്.  

ദുഷ്‍പ്രഭുവായിരുന്ന അല്ലോഹലന്റെ തലയറുത്ത ഭ​ഗവതി എന്ന് അങ്കക്കുളങ്ങര ഭ​ഗവതിയെ കുറിച്ച് കേട്ടിട്ടുണ്ട്? അത്തരം ഒരുപാട് കഥകൾ ഉണ്ടാവില്ലേ?

അല്ലോഹലനുമായി ബന്ധപ്പെട്ടുള്ള മറ്റ് കഥകളും ഇവിടെ പ്രചാരത്തിലുണ്ട്. അങ്കക്കുളങ്ങര ഭഗവതി അല്ലോഹലനുമായി ഏറ്റുമുട്ടുകയും അല്ലോഹലനെ പരാജയപ്പെടുത്തുകയും ചെയ്തു എന്ന കഥയുണ്ട്. ഭഗവതിയുമായി ഏറ്റുമുട്ടിയത് കാലിക്കടവിനടുത്തെ പടുവളം എന്ന സ്ഥലത്തിനടുത്ത് വച്ചാണ് എന്നാണ് പറയപ്പെടുന്നത്.

അവിടെവച്ച് ഭഗവതി അല്ലോഹലനെ കൊന്ന് മൃതദേഹം വലിച്ചെറിഞ്ഞു. ആ മൃതദേഹം ചെന്നുവീണത് കാലിക്കടവിലെ ഇപ്പോഴത്തെ വ്യാപാരിഭവന്റെ സമീപത്തുള്ള കുഞ്ഞരയാൽത്തറ നിൽക്കുന്ന സ്ഥലത്താണ് എന്നും കേട്ടിട്ടുണ്ട്.

അതുപോലെ വേറെയും ചില കഥകൾ അല്ലോഹലനുമായി ബന്ധപ്പെട്ട് കേട്ടിട്ടുണ്ട്. ഈ കഥകളൊന്നും നോവലിലേക്ക് എടുത്തിട്ടില്ല. നോവലിനാവശ്യമുള്ള തെയ്യം കഥകൾ മാത്രമാണ് എടുത്തിട്ടുള്ളത്.

നോവൽ അല്ലോഹലനെ കുറിച്ചാണെങ്കിലും അതിനകത്ത് പ്രധാന വിഷയം ജാതിയാണല്ലോ? തെയ്യം തന്നെ ജാതിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഒരേസമയം ജാതിക്കെതിരായ സമരമാണ്, അതേസമയം അതിൽ തന്നെ ജാതിയുമുണ്ട്?

അല്ലോഹലനെ കുറിച്ചാണ് നോവൽ എന്ന് തോന്നുമെങ്കിലും ഇതിലെ പ്രധാന പ്രമേയം ജാതിയാണ്. പല വിഷയങ്ങളും ഈ നോവലിലുണ്ട്. തെയ്യങ്ങൾ, കീഴാളപരിപ്രേക്ഷ്യം, പരിസ്ഥിതി... എങ്കിലും മുഖ്യമായ വിഷയം ജാതിയാണ്. ജാതി ആ കാലഘട്ടത്തിൽ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നു എന്ന് നോവലിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത് ആ ഒരു കാലത്തിന്റെ വിഷയം മാത്രമല്ല. ജാതി എന്ന വിഷയം ഇന്ന് കൂടുതൽ പ്രസക്തമാണ്. അതുകൊണ്ട് കൂടിയാണ് ഈ നോവൽ എഴുതപ്പെടുന്നത്. സ്ഥൂലതലത്തിൽ ജാതി നിർമ്മാർജ്ജനം ചെയ്യപ്പെട്ടുവെങ്കിലും സൂക്ഷ്മതലത്തിൽ ജാതി തുടരുന്നു. ഏത് സന്ദർഭത്തിലും, ഏത് കൂട്ടായ്മയിലും, ഏത് മുന്നേറ്റത്തിലും, ഏത് തെരഞ്ഞെടുപ്പിലും, ജാതിയാണ് കാറ്റലിസ്റ്റ് പോലെ പ്രവർത്തിക്കുന്നത്.

സുശമ്പരൻ എന്ന ബുദ്ധസന്യാസി നോവലിൽ ഒരിടത്ത് പറയുന്നുണ്ട്: 'എത്രകാലം കഴിഞ്ഞാലും പ്രജാഭരണം വന്നാലും/ എന്നുവച്ചാൽ ജനാധിപത്യം വന്നാലും ജാതിയിങ്ങനെ വിഷം പോലെ മനുഷ്യനെ സംഹരിച്ചു കൊണ്ടിരിക്കും' എന്ന്. ജാതിയെ തന്നെയാണ് നോവലിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്.

ഈ നോവലിൽ വരുന്ന തെയ്യങ്ങളും ജാതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാനുള്ള തെയ്യങ്ങളാണ്. തെയ്യമെന്ന നാടോടി കലാരൂപം തന്നെ ജാതിയുമായി പിണഞ്ഞുകിടക്കുന്ന ഒന്നാണ്. തെയ്യത്തിന്റെ അനുഷ്ഠാനത്തിൽ പല ജാതികൾ പങ്കാളിത്തം വഹിക്കണം. തെയ്യം അനുഗ്രഹിക്കുന്നതുപോലും ജാതി നോക്കിയിട്ടാണ്. എന്നാൽ, അതേസമയം തന്നെ തെയ്യമെന്ന കലാരൂപത്തിന്റെ അകത്തുതന്നെ ജാതിക്കെതിരായ വലിയ സമരവും നടക്കുന്നു.

ഈ നോവലിൽ ചരിത്രമുണ്ടോ? അതോ ഐതീഹ്യവും കേട്ട കഥകളുമാണോ കൂടുതലും?

ചരിത്രമെഴുതുക എന്നത് ചരിത്രകാരന്മാരുടെ ഉത്തരവാദിത്തമാണ്, നോവലിസ്റ്റിന്റെ അല്ല. നോവലായിട്ടാണ് ഈ പുസ്തകവും വായിക്കപ്പെടേണ്ടത്. ചരിത്രത്തിന്റെ നട്ടെല്ലുണ്ടെങ്കിലും ഭാവനയുടെ ധാരാളിത്തമുള്ള നോവലാണിത്. 'ചരിത്രനോവൽ' എന്ന് പറയുന്നതിനേക്കാളും 'ബദൽ ചരിത്രം' എന്ന് പറയുന്നതാവും നല്ലത്.

തുളുനാടിന് ഒരു ഗംഭീര വൈവിധ്യവും വൈചിത്ര്യവും ഉണ്ട്. അത് പകർത്താൻ കൂടിയാണ് ഈ നോവലിൽ ശ്രമിച്ചത്. മഹാബലിയെ ദൈവമായി വരവേൽക്കുന്നത് പോലെ ഒരുപാട് കാര്യങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. സുഗ്രീവനെ പൂജിക്കുന്നതിന് പകരം ബാലിയെ പൂജിക്കുന്ന നാടാണിത്.

തുളുനാട് എന്ന് പറയുന്നത് ഉത്തരകേരളവും സൗത്ത് കർണാടക പ്രദേശവും ചേരുന്നതാണ്. തുളുനാട് ഒരു സ്വർണഖനിയാണ്. ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ലാത്ത ഒരുപാട് നിധികൾ ഇവിടെയുണ്ട്. അതിൽ നിന്നും ഒന്നാണ് 'അല്ലോഹലൻ' എന്ന പേരിൽ ഞാൻ കുഴിച്ചെടുക്കാൻ ശ്രമിച്ചത്.

'എൻമകജെ' എഴുതിക്കഴിഞ്ഞ ശേഷം കുറേ വർഷങ്ങൾ നോവലെഴുതില്ല എന്ന് പ്രതിജ്ഞയെടുത്തിരുന്നല്ലോ? പിന്നീടെപ്പോഴാണ് നോവലിലേക്ക് വീണ്ടും വരുന്നത്?

'മരക്കാപ്പിലെ തെയ്യങ്ങൾ' കഴിഞ്ഞ് എഴുതേണ്ടിയിരുന്ന നോവലായിരുന്നു ഇത്. എന്നാൽ, എൻമകജെ എഴുതിക്കഴിഞ്ഞപ്പോൾ മാനസികമായി ആകെ തളർന്നുപോയി. ആ നോവലിലുള്ളവർ‌ ജീവിച്ചിരുന്നവരാണ്, ചിലരെങ്കിലും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. ആ കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും വേദനാജനകമായ ജീവിതത്തിന് ഞാൻ സാക്ഷിയാണ്. അതുകൊണ്ട് അവരെ കുറിച്ച് എഴുതേണ്ടി വന്നതിൽ എനിക്കുള്ള മനസ്താപവും വേദനയും എന്നെ തളർത്തിയിരുന്നു. ജീവിതത്തിൽ ഇനി ഒരിക്കലും നോവലെഴുതില്ല എന്ന് പ്രതിജ്ഞ എടുത്തിരുന്നു അന്ന്.

10 വർഷം കഴിഞ്ഞിട്ടാണ് ഇനി എഴുതാം എന്ന് തോന്നുന്നത്. മനസിലേക്ക് പല ആശയങ്ങളും കടന്നുവന്നു. അങ്ങനെയാണ്, 'മാക്കം' പെട്ടെന്ന് എഴുതി അല്ലോഹലനിലേക്ക് കടക്കാം എന്ന് തീരുമാനിക്കുന്നത്.

മാക്കം 17 -ാം നൂറ്റാണ്ടിലെ കഥയാണ്. അവിടേക്കിറങ്ങി വന്നാൽ 14 -ാം നൂറ്റാണ്ടിലേക്ക് ഇറങ്ങി വരാൻ കുറച്ചുകൂടി എളുപ്പമായിരിക്കും. അങ്ങനെ പെട്ടെന്ന് 'മാക്കം' എന്ന നോവൽ എഴുതി തീർക്കുകയും അല്ലോഹലന്റെ രചന തുടങ്ങുകയും ചെയ്തു. മൂന്നരവർഷമെടുത്തു അല്ലോഹലൻ പൂർത്തിയാക്കാൻ. ഏറെക്കുറെ മുഴുവൻ സമയവും എഴുത്തിന് വേണ്ടി ചിലവഴിക്കുകയും ചെയ്തിരുന്നു.

Books and Dialogue Ambikasuthan Mangad Allohalan

ഉത്തരകേരളത്തിലെ എഴുത്തുകാരെ, കലാകാരന്മാരെ ഒക്കെയും അം​ഗീകരിക്കാൻ നമ്മുടെ സാഹിത്യസാംസ്കാരിക ലോകത്തിനും അധികാരികൾക്കും പ്രയാസമുണ്ടോ?

പി. കുഞ്ഞിരാമൻ നായർ അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്, 'കാസർകോട് കച്ചവടത്തിന് പറ്റിയ സ്ഥലമാണ്, സാഹിത്യത്തിന് പറ്റിയ സ്ഥലമല്ല' എന്ന്. ജന്മനാടായ കാഞ്ഞാങ്ങാടേക്ക് അദ്ദേഹം അപൂർവ്വമായേ വന്നിരുന്നുള്ളൂ. അവധൂതനെ പോലെ അലഞ്ഞുതിരിഞ്ഞ ഒരാളാണല്ലോ.

പക്ഷേ, ഈ സൈബർകാലത്ത് ഏതെങ്കിലും ഒരു ദേശക്കാർ അവഗണിക്കപ്പെടുന്നുണ്ട് എന്ന് തോന്നുന്നില്ല. മികച്ച രചനകൾ വായനക്കാരുടെ കയ്യിൽ എത്തുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ, അധികാരകേന്ദ്രങ്ങൾ വേണ്ടപോലെ ഉത്തരകേരളത്തിലെ എഴുത്തുകാരെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അധികാരത്തിന് പിന്നാലെ പോകുന്നവരെ ശ്രദ്ധിച്ചിട്ടുമുണ്ടാവും. ഇതെല്ലാ കാലത്തും ഉള്ളതാണ്.

എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നല്ല വായനക്കാരുണ്ട് എന്നത് സന്തോഷം പകരുന്ന കാര്യമാണ്. വായനക്കാരുണ്ടാവുക എന്നതാണ് എഴുത്തുകാരന്റെ ധന്യത.

ആരാണ് കാടിന്റെ വിജനതയില്‍ ഏറ്റുമുട്ടുന്നത്; അതും ഈ അന്തിനേരത്ത്? -അല്ലോഹലനിൽ നിന്നും ഒരു ഭാ​ഗം വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios