രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?

പാട്ടുറവകള്‍. പാര്‍വ്വതി എഴുതുന്ന കോളത്തില്‍, ആമേന്‍, കാതോട് കാതോരം സിനിമകളിലെ പാട്ടുവഴികള്‍. 

Between Aamen and kaathodukaathoram music column by parvathi

രണ്ട് കാലങ്ങളില്‍ ഇറങ്ങിയതാണ് ഈ സിനിമകള്‍. ആദ്യ സിനിമ ഇറങ്ങി 26 വര്‍ഷം കഴിഞ്ഞാണ് രണ്ടാം സിനിമ വന്നത്. അപ്പോഴേക്കും കാലമാകെ മാറിയിരുന്നു. ഭരതന്‍ എന്ന സംവിധായകനേ കാലയവനികയ്ക്കുള്ളീല്‍ മറഞ്ഞു. സിനിമയുടെ നിര്‍മാണ രീതികളും മാര്‍ക്കിറ്റിംഗ് സ്വഭാവവും അടിമുടി മാറി. സിനിമ നിര്‍മിക്കുന്നവരുടെയും പ്രേക്ഷകരുടെയും അഭിരുചികളും സമീപനങ്ങളും ഇതോടൊപ്പം ഏറെ പരിണാമങ്ങള്‍ക്ക് വിധേയമായി. എങ്കിലും പൊതുവായി പറഞ്ഞാല്‍, അനേകം സാമ്യതകള്‍ ഇവയ്ക്കുണ്ട്.  ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ജീവിതമാണ് ഇരുസിനിമകളിലും ത്രസിക്കുന്നത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ക്കപ്പുറം പ്രണയവും സംഗീതവുമാണ് രണ്ടിനെയും ചലിപ്പിക്കുന്ന മുഖ്യഘടകം.  

 

Between Aamen and kaathodukaathoram music column by parvathi

 

സിനിമയില്‍ എന്തിനാണ് പാട്ട്? നമ്മുടെ സിനിമകളിലെ പാട്ടു സീനുകള്‍ കാണുമ്പോള്‍ പലപ്പോഴും തോന്നാറുള്ളതാണ് ഈ ചോദ്യം. പാട്ട് എന്ന നിലയ്ക്ക് അതിമനോഹരമായ അനുഭവം സമ്മാനിക്കുമ്പോഴും, സിനിമകളില്‍ അതു പലപ്പോഴും മുഴച്ചു നിലക്കാറുണ്ട്. പാട്ടിനു വേണ്ടിയുള്ള പാട്ടുകളായി തോന്നാറുണ്ട്, ദൃശ്യങ്ങള്‍ കൊണ്ട് ചേര്‍ത്തുവെക്കാനാവാതെ തനിച്ചുനില്‍ക്കുന്ന ഗാനചിത്രീകരണങ്ങള്‍ കാണുമ്പോള്‍. എങ്ങനെ സിനിമയിലേക്ക് ഒരു പാട്ടിനെ ചേര്‍ത്തുവെക്കുമെന്ന സംവിധായകന്റെ അന്തം വിടലായും സന്ദര്‍ഭത്തിനൊട്ടും ചേരാത്ത നിമിഷത്തെ പാട്ടുവരവായുമൊക്കെ അവ അനുഭവപ്പെടാറുമുണ്ട്. എങ്കിലും, പാട്ടുകള്‍ ഒരു സിനിമയുടെ മുഖം തന്നെയായി മാറാറുണ്ട്. പാട്ടുകൊണ്ടു മാത്രം ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന സിനിമകള്‍. പാട്ടുകള്‍ കൊണ്ട് മാത്രം വ്യാവസായികമായി വിജയിച്ചുപോയ സിനിമകള്‍ പോലുമുണ്ട്, നമുക്ക് മുന്നില്‍.

കഥയിലെ പല കാര്യങ്ങളും പറഞ്ഞു പോകാന്‍ പാട്ടുകള്‍ ഒരുപകരണമാണ്. ആ നിലയ്ക്ക് നോക്കുമ്പോള്‍, നമ്മുടെ സിനിമകളില്‍ പാട്ടുകള്‍ ഉള്‍ച്ചേര്‍ത്ത കഥാസന്ദര്‍ഭങ്ങള്‍ മിക്കവാറും ഒരേ പോലെയാകുന്നത് കാണാന്‍ പറ്റും. സങ്കടങ്ങള്‍ക്ക് ഒരു പാട്ടുതുണ. ആനന്ദങ്ങള്‍ക്ക് ഒരു പാട്ടുനേരം. പ്രണയത്തിനും വിരഹത്തിനും മരണത്തിനും വിവാഹത്തിനും ഭക്ഷണനേരത്തിനു പോലും ഒരേ മട്ടിലുള്ള പാട്ടുകള്‍. പ്രണയഗാനങ്ങളെ മാത്രമെടുത്തു പരിശോധിച്ചാല്‍, എങ്ങനെ അവയെ ദൃശ്യഭാവനയോടെ അവതരിപ്പിയ്ക്കണം എന്ന ഒരു പ്രതിസന്ധി അതിനുള്ളില്‍ ഒളിഞ്ഞു കിടപ്പുണ്ട്. പ്രണയത്തോടുള്ള തുറന്ന സമീപനമില്ലായ്ക എന്ന പ്രതിബന്ധത്തെ മറികടക്കാന്‍ പാട്ടുകള്‍ ഒരു കാലത്ത് ഉപകരിച്ചിട്ടുണ്ടാകും. പ്രണയത്തെയും ലൈംഗികതയെയും എങ്ങിനെ കലാപരമായി ആവിഷ്‌ക്കരിയ്ക്കാം എന്നതിന് പാട്ടിനെ ഒരെളുപ്പവഴിയായി ഉപയോഗിച്ചിട്ടുമുണ്ടാവും. കേവലം ഒരുപകരണമാകാതെ പാട്ടിനെ എങ്ങിനെ കലാപരമായി സിനിമയില്‍ ഉപയോഗപ്പെടുത്തണം എന്ന പ്രതിസന്ധി അത്തരം രംഗങ്ങളിലെല്ലാം ദൃശ്യമാണ്.

സാമാന്യവല്‍കരിച്ച് ഇങ്ങനെ പറയുമ്പോഴും, അങ്ങനെയാവാതെ സിനിമാ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നുനില്‍ക്കുന്ന ഗാനരംഗങ്ങളും ഓര്‍മ്മയില്‍ ഒരുപാടുണ്ട്. രണ്ട് കാലങ്ങളില്‍ ഇറങ്ങിയ അത്തരം രണ്ട് സിനിമകളെ, അതിലെ പാട്ടുകളെ, പാട്ടുസീനുകളെ മുന്‍നിര്‍ത്തി മുകളില്‍ പറഞ്ഞ ആലോചനയെ അല്‍പ്പം കൂടി പരിശോധിക്കുകയാണ് ഇനി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ (2013), ഭരതന്‍ സംവിധാനം ചെയ്ത കാതോടുകാതോരം (1985) എന്നീ രണ്ട് സിനിമകള്‍ എങ്ങനെയാണ് പാട്ടിനെ കൈകാര്യം ചെയ്തത്?

രണ്ട് കാലങ്ങളില്‍ ഇറങ്ങിയതാണ് ഈ സിനിമകള്‍. ആദ്യ സിനിമ ഇറങ്ങി 28 വര്‍ഷം കഴിഞ്ഞാണ് രണ്ടാം സിനിമ വന്നത്. അപ്പോഴേക്കും കാലമാകെ മാറിയിരുന്നു. ഭരതന്‍ എന്ന സംവിധായകനേ കാലയവനികയ്ക്കുള്ളീല്‍ മറഞ്ഞു. സിനിമയുടെ നിര്‍മാണ രീതികളും മാര്‍ക്കിറ്റിംഗ് സ്വഭാവവും അടിമുടി മാറി. സിനിമ നിര്‍മിക്കുന്നവരുടെയും പ്രേക്ഷകരുടെയും അഭിരുചികളും സമീപനങ്ങളും ഇതോടൊപ്പം ഏറെ പരിണാമങ്ങള്‍ക്ക് വിധേയമായി. എങ്കിലും പൊതുവായി പറഞ്ഞാല്‍, അനേകം സാമ്യതകള്‍ ഇവയ്ക്കുണ്ട്.  ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ജീവിതമാണ് ഇരുസിനിമകളിലും ത്രസിക്കുന്നത്. പ്രമേയത്തിന്റെ വ്യത്യസ്തതകള്‍ക്കപ്പുറം പ്രണയവും സംഗീതവുമാണ് രണ്ടിനെയും ചലിപ്പിക്കുന്ന മുഖ്യഘടകം.  

സിനിമയയെ കലയുടെ കണ്ണിലൂടെ സമീപിക്കുന്ന രണ്ട് സംവിധായകരുടേതാണ് ഈ രണ്ട് ചിത്രങ്ങളും. ഫ്രെയിമുകള്‍ നേരത്തെ വരച്ചു തയ്യാറാക്കി സിനിമയെടുത്തിരുന്ന ഒരാളാണ് ഭരതന്‍. വിഷ്വലുകളെ മനസ്സില്‍ രൂപകല്‍പ്പന ചെയ്ത് അത് സിനിമയിലേക്ക് പകര്‍ത്തുന്ന ഒരാളാണ് ലിജോ ജോസ്. മലയാള സിനിമയില്‍ പാട്ടുകളെ ഏറെക്കുറെ ആലോചനയോടെ  തന്നെ  സമീപിച്ച സംവിധായകരാണ് ഇരുവരും എന്ന് സാമാന്യമായി പറയാം.  

 

..................................

Read more: കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍

Between Aamen and kaathodukaathoram music column by parvathi

ആമേനില്‍ ശോശന്നയായി സ്വാതി െറഡ്ഡി, കാതോടു കാതോരത്തില്‍ മേരിക്കുട്ടിയായി സരിത
 

സോളമനും ശോശന്നയും 

പാട്ടിന്റെ ദൃശ്യപരിചരണം വളരെ ആലോചനയോടെ മറികടക്കുന്ന സിനിമയാണ് ആമേന്‍. സിനിമയുടെ ക്രാഫ്റ്റില്‍ തന്നെ പാട്ട് ഉള്‍ച്ചേര്‍ന്നു വരുന്നു. പാട്ട് ക്രാഫ്റ്റിന്റെ തന്നെ ഭാഗമാകുന്നു എന്ന് മാത്രമല്ല, അതിനെ കലയുടെ ഏറ്റവും ആധുനികമായ കാഴ്ചപ്പാടിലൂടെ പരിചരിയ്ക്കുകയും ചെയ്യുന്നു. പാട്ട് ഏതിനത്തില്‍ വേണമെന്നും, അത് എങ്ങിനെയൊക്കെ ചിത്രത്തിനെ സ്വാധീനിയ്ക്കും എന്നും നേരത്തെ ആലോചിച്ചുറപ്പിച്ച്, കൃത്യമായ ധാരണയും ചിന്തയും ഭാവനകളും ചേര്‍ന്നുകൂടി ഉണ്ടായിട്ടുള്ളതാണ് ആമേനിലെ പാട്ടുകള്‍ എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും. മണ്ണിലും വെള്ളത്തിലും ദൈവാരാധനയിലും ആണ്ടു കിടക്കുന്ന പ്രാദേശിക സംഗീതത്തിന്റെ ഉറവകളെ  ഒന്നുകൂടി പുറത്തുകൊണ്ടുവരുന്നു, ആമേന്‍.

ഏതു കലയിലും  അതിനകത്തു പ്രവര്‍ത്തിയ്ക്കുന്ന ഭൂതകാലത്തിന്റെ ഒരു തുടര്‍ച്ച ഉണ്ടാകും. ഏതൊരു 'പുതിയ' കലാവിഷ്‌ക്കാരവും പഴയതിന്റെ തുടര്‍ച്ചയോ, പഴയതിനെ പുതിയതാക്കുകയോ ആണ് ചെയ്യുന്നത് എന്നും പറയാമെന്നു തോന്നുന്നു. കലയുടെ അനുഭവങ്ങള്‍ ആണ് പുതിയതാകുന്നത്. കാലത്തോട് കല പ്രതികരിയ്ക്കുന്നു. പണ്ട് ആസ്വദിച്ച് കണ്ടിരുന്ന സിനിമകള്‍ (കലകള്‍) ഇന്ന് അതേ ആവേശത്തോടെ ആസ്വാദ്യമാകുന്നില്ല എന്ന് തോന്നുന്നത് ഒരുപക്ഷെ അതുകൊണ്ടായിരിയ്ക്കും. കലയുടെ വ്യാകരണങ്ങളോ, കലയുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന മാര്‍ഗ്ഗങ്ങളോ (methods)പുതുക്കപ്പെടുകയാണ് ചെയ്യുന്നത്. ആമേനിലും പഴയതിന്റെ ചില തുടര്‍ച്ചകള്‍ ഉണ്ട്. പുതുക്കിപ്പണിയലുകള്‍ ഉണ്ട്.  ജീവിതം കൂടിയടങ്ങുന്ന ചില കൗതുകങ്ങളെ ആ തുടര്‍ച്ചകളില്‍ കണ്ടെത്താനാകും.

 

 


മോരും വെള്ളം കുടിക്കുമ്പോള്‍ ഇടയ്ക്ക്  കടിക്കുന്ന ഇഞ്ചിക്കഷ്ണത്തിന്റെ മണത്തിലും രുചിയിലുമാണ് ആമേനിലെ ശോശന്ന പ്രതികരിയ്ക്കുക. ഇഷ്ടക്കാരനായ സോളമനെ അച്ചനാവാന്‍ സമ്മതിയ്ക്കാതെ, ഒരു തടിപ്പാലത്തില്‍, നിന്ന നില്പില്‍ അവര്‍ക്കു  നടുവില്‍ കുത്തിത്തിരുപ്പിന്റെ നേടും തൂണായി നില്‍ക്കുന്ന പള്ളിയിലെ കപ്യാരെ താഴെ തോട്ടിലെ വെള്ളത്തിലേക്ക് അവള്‍ ഉന്തിയിടുന്നു. ഒരുപക്ഷെ ആ ചിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു രംഗം. 'എല വന്ന് മുള്ളേല്‍ വീണാലും, മുള്ള് ചെന്ന് എലേല്‍ വീണാലും'  എന്ന് ഉപദേശിച്ചു തുടങ്ങിയ കപ്യര്‍ ശോശന്നയുടെ തള്ളില്‍ വെള്ളത്തിലേക്ക്, ഹലേലുയ്യ എന്ന കോറസില്‍ വീണു മുങ്ങി നിവര്‍ന്ന ശേഷം ആ ഉപദേശം ഇങ്ങനെ  പൂര്‍ത്തിയാക്കി - 'കപ്പിയാര് വന്ന് തോട്ടില്‍ വീഴും എന്നുറപ്പായി!'. കപ്യാര്‍ക്ക് ആ വെളിപാട് ഉണ്ടാക്കാന്‍ ശോശന്നയ്ക്ക് ഒരു തള്ളിന്റെ ചില നിമിഷങ്ങള്‍ മതിയായിരുന്നു!

തനിയ്ക്കും സോളമനും എതിരെ നില്‍ക്കുന്ന ആര്‍ക്കു നേരെയും, മേശപ്പുറത്തിരിയ്ക്കുന്ന ചുകന്ന എരിവുള്ള  കറി തല്‍ക്ഷണം തലയിലേക്കൊഴിയ്ക്കുന്നേരം ശോശന്നയുടെ ഭാവങ്ങള്‍ക്ക് ചുവന്ന വറ്റല്‍ മുളകിന്റെ വീര്യമാണ്. അവള്‍ അങ്ങനെ പറയുക തന്നെ ചെയ്യുന്നുണ്ട് - 'സോളമനെ പറ്റി ഒരക്ഷരം പറയരുത്, മുളക് കലക്കി മുഖത്തൊഴിയ്ക്കും!.' അത് അക്ഷരം പ്രതി ചെയ്യുന്നവള്‍ ശോശന്ന.  ഓരോ രംഗത്തും അവള്‍ പ്രണയത്തെ ഇങ്ങനെ തുറന്നിടുന്നുണ്ട്. വീടിന്റെ വെഞ്ചരിപ്പിന്റെ നേരത്ത് ബൈബിള്‍ വായിയ്ക്കാന്‍ പറഞ്ഞപ്പോള്‍, 'സോളമന്റെ ഉത്തമഗീത' ഉറക്കെ ചൊല്ലുന്നു അവള്‍. 'നിന്റെ പിന്നാലെ എന്നെ വലിയ്ക്ക, നാം ഓടിപ്പോക'. ഒരു കലാകാരന്‍ എന്ന നിലയില്‍ സകല വീര്യവും ക്ഷയിച്ച്, തന്റെ ബാന്‍ഡിനെയും നാടിനെയുമുപേക്ഷിച്ച് ആത്മനിന്ദയോടെ പുറപ്പെട്ടു പോകാന്‍ നില്‍ക്കുന്ന സോളമന്റെ ചുണ്ടില്‍ ചുംബിച്ച്, 'എന്നെ കല്യാണം കഴിയ്ക്കേണ്ടേ നിനക്ക്' എന്നു പറഞ്ഞ് ചോര്‍ന്ന വീര്യത്തെ അയാള്‍ക്ക് തിരികെ കൊടുത്ത് പൊരുതാന്‍ പ്രാപ്തയാക്കുന്നുണ്ട് അവള്‍. ഇളം തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് അധികമൊന്നും കിട്ടാത്ത ഒരു ഭാഗ്യം ശോശന്നയ്ക്ക് കിട്ടിയിട്ടുണ്ട്. വലിയ ആഢ്യത്തം നിറഞ്ഞ കുടുംബത്ത് ജനിച്ചത് മാത്രമല്ല, മുറിയിലടയ്ക്കപ്പെട്ടപ്പോള്‍ വാതിലില്‍ മുട്ടിയലറി ഇഞ്ചിനീരിന്റെ വീര്യം കൈവിടാതെ കരഞ്ഞു ബഹളം വെയ്ക്കുമ്പോള്‍, ഉലക്ക എടുത്ത് വാതില്‍ തല്ലിപ്പൊളിച്ച് അവളെ സ്വതന്ത്രയാക്കി വിടാന്‍ വീട്ടില്‍ മൂന്നു സ്ത്രീകള്‍ കൂടെയുണ്ടാവാന്‍ കൂടി ഭാഗ്യമുള്ളവളാണ് ശോശന്ന. ഒരിളം തലമുറക്കാരിയുടെ പ്രണയത്തിന് രക്ഷ കൊടുക്കുന്ന മുതിര്‍ന്ന സ്ത്രീകളുടെ സുരക്ഷിതത്വത്തില്‍ തന്റെ സ്വാതന്ത്ര്യത്തിലേയ്ക്ക് പറക്കാനുള്ള ഭാഗ്യം അവള്‍ നേടിയെടുക്കുന്നു.

 

...............................................

Read more: 'മാരവൈരി രമണി': കാമത്തിനും  പ്രണയത്തിനുമിടയില്‍ 


Between Aamen and kaathodukaathoram music column by parvathi

കാതോടു കാതോരത്തില്‍ മേരിക്കുട്ടിയായി സരിത

 

അന്നേരം, മേരിക്കുട്ടി

കാതോട് കാതോരത്തിലെ ശോശന്നയുടെ പേര് മേരിക്കുട്ടി. സാരിയുടുത്ത് എപ്പോഴും മുടി കെട്ടിവെച്ച് കൊണ്ടിരിയ്ക്കുന്ന, വിടര്‍ന്ന കണ്ണുകളുള്ള മേരിക്കുട്ടി ഗതി കെട്ടാണെങ്കിലും ഒറ്റയ്ക്ക് ജീവിതം ജീവിച്ചു തീര്‍ക്കുന്നതിനുള്ള ധൈര്യം കണ്ടെടുക്കുന്നു. കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കുന്ന വരുമാനം, അധികാരത്തോടെ വന്ന് ദേഹോപദ്രവം നടത്തി, എടുത്ത് കൊണ്ടുപോവുന്ന ഭര്‍ത്താവിനോട് അവള്‍ കയര്‍ത്തു സംസാരിയ്ക്കുന്നു. ജീവിതം മുറിഞ്ഞുതൂവുന്ന നേരത്തൊന്നും തിരിഞ്ഞു നോക്കിയിട്ടില്ലാത്ത സഭയും, ചില 'സത്യക്രിസ്ത്യാനികളും' അവളെ പള്ളിയില്‍ ചോദ്യംചെയ്തപ്പോള്‍ 'നിങ്ങള്‍ ഒക്കെ ഇത്രകാലം എവിടെയായിരുന്നു?'  എന്ന ധൈര്യത്തോടെ ചോദിയ്ക്കുന്നുണ്ട്, മേരിക്കുട്ടി.

എന്നാല്‍ ശോശന്നയുടെ ഭാഗ്യം മേരിക്കുട്ടിയ്ക്ക് ഇല്ലായിരുന്നു. ഉന്നതകുലജാതയായിരുന്നില്ലെന്നു മാത്രമല്ല, അവള്‍ക്കൊപ്പം നില്‍ക്കാന്‍ ധൈര്യം സംഭരിച്ച് വെച്ച വേറെ സ്ത്രീകളില്ലായിരുന്നു. പള്ളി മുറ്റത്തു വെച്ച് മുടിയറുത്തിടുമ്പോള്‍, ഓരോ അണു കൊണ്ടും ആകാശത്തിന് താഴെ തുറന്ന പള്ളിപ്പടവുകളില്‍ ആണ്‍ക്കൂട്ടത്തിനു നടുവില്‍ അപമാനിതയാകുമ്പോള്‍, കപ്പിയാരെ തോട്ടിലേക്ക്  തള്ളിയിടുന്ന ശോശന്നയുടെ ഭാഗ്യം അവള്‍ക്കില്ലാതെ പോയി. ഒറ്റപ്പെട്ടു പോയ മേരിക്കുട്ടി മറിഞ്ഞു വീഴുന്നത് മരണത്തിലേയ്ക്ക് തന്നെയാണ്. മേരിക്കുട്ടിയുടെ തുടര്‍ച്ചയായി ശോശന്നയെ കാണുമ്പോള്‍ ഇരുവര്‍ക്കുമിടയിലെ മാറ്റം കാലം വരുത്തിയതാണെന്ന് സുവ്യക്തം. ജീവിതം എന്ന പോലെ കലാവിഷ്‌ക്കാരങ്ങളും ഒരു തുടര്‍ച്ചയാവുന്നു. ഭൂതകാലത്തില്‍ നിന്നുമുള്ള തുടര്‍ച്ചകള്‍.

 

Between Aamen and kaathodukaathoram music column by parvathi
കാതോട് കാതോരത്തിലെ അച്ചനായി നെടുമുടിവേണു, ആമേനിലെ ഫാദര്‍ വട്ടോളിയായി ഇന്ദ്രജിത്ത്
 

പാട്ടുതൊട്ട അച്ചന്‍മാര്‍

ഈ രണ്ട് സിനിമകളിലും സൂക്ഷ്മതയില്‍ കണ്ണി ചേര്‍ന്നു കിടക്കുന്ന, മറ്റൊരു ലോകമുണ്ട്. സംഗീത സാന്ദ്രമായ കലാഹൃദയമുള്ള രണ്ട് വൈദികര്‍. പാട്ടും അവരുടെ വേദപുസ്തകം. 'സ്വയം മറക്കുന്ന നിമിഷങ്ങള്‍ ആണ് സംഗീതം കൊണ്ടു കിട്ടുന്നത്' എന്നാണ് കാതോട് കാതോരത്തിലെ ഫാദര്‍ പറയുന്നത്.  ആമേനിലെ ഫാദര്‍ വിന്‍സെന്റ് വട്ടോളി പറയുന്നത്, കുമരംകരിയില്‍ പാട്ടു മൂളാത്ത, പ്രണയിയ്ക്കാത്ത ഒരാളുമുണ്ടാവില്ലെന്നും, കുമരംഗിരിയുടെ ആത്മാവ് അവിടത്തെ  പാട്ടാണെന്നുമാണ്.

കാലങ്ങളായി മൗനമായിരിയ്ക്കുന്ന പള്ളിയിലെ അമൂല്യവസ്തുവായ പിയാനോയെ പൊതിഞ്ഞുവെച്ച പൊടി നിറഞ്ഞ കവറൂരി വലിച്ചെറിയുന്നുണ്ട്, വട്ടോളിയച്ചന്‍. കുമരംകരിയുടെ ആത്മാവായ സംഗീതത്തെ, പള്ളിയെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുന്ന അധികാരസ്ഥാനങ്ങള്‍ക്ക് നേരെയുള്ള ഒരേറു കൂടിയായിരുന്നു അത്! പിയാനോയില്‍ ഉറഞ്ഞു കൂടിയ കുമരംകരിയുടെ സംഗീതം ഫാദര്‍ വട്ടോളിയുടെ വിരലുകളില്‍ നിന്നും ഉണരുന്ന നിമിഷം, പുറത്തു നിന്നുള്ള കിളിയൊച്ചകളുടെ അകമ്പടിയില്‍, നാടിന്റെ സംഗീതം 'സഭ' യുടെ അധികാരഗര്‍വ്വിനും മീതെ ഉയര്‍ന്നു പൊങ്ങുന്നു.

രണ്ട് അച്ചന്മാരും 'പരിഷ്‌ക്കാരികള്‍' ആയിരുന്നു. കാതോടു കാതോരത്തിലെ ഫാദര്‍, 'ഞാന്‍ തൊട്ടാല്‍ അത് പള്ളിപ്പാട്ടാവും' എന്ന് സ്വയം ട്രോള്‍ ചെയ്ത്, സ്വന്തമായെഴുതിയ ഒരു പാട്ടിന്റെ ഈണം മാറ്റാന്‍ 'വരത്തനായ' ലൂയിസിനോട് പറയുന്നുണ്ട്. പള്ളിപ്പാട്ടിനെ പരിഷ്‌ക്കരിച്ചും, പ്രണയിയ്ക്കുന്നവരോടൊപ്പം നിന്നും കഴിയുന്ന രണ്ട് വൈദികരും മാനുഷിക വികാരങ്ങളെ, മൂല്യങ്ങളെ അംഗീകരിയ്ക്കാന്‍ മനസ്സുള്ള പരിഷ്‌ക്കാരികളാണ്. പ്രണയിയ്ക്കുന്നവരെ ഒന്നിപ്പിയ്ക്കാനും അവര്‍ക്ക് ഓടി രക്ഷപ്പെടുവാനും കൂട്ടുനില്‍ക്കുന്നവര്‍. എന്നാല്‍, ഫാദര്‍ വട്ടോളി അത് ചെയ്യുന്നത് പ്രത്യക്ഷമായാണ്. കാതോട് കാതോരത്തിലെ  ഫാദര്‍ നിശ്ശബ്ദമായും.

...........................................

ഫാദര്‍ വട്ടോളി ഒരുപടി കൂടി മുന്നോട്ട് കടന്ന് നൃത്ത ചുവടുകള്‍ പോലും വെക്കുന്നുണ്ട്. ഇടത്തും വലത്തും താളം തുടിച്ച്  (വട്ടോളി അച്ചന്റെ ഇടത്തും വലത്തും രണ്ടു പേര് നൃത്തം ചെയ്തു നടക്കുന്നത് കാണാം) കണ്ടാല്‍ കണ്‍ നിറയുന്ന അച്ചന്‍.

Between Aamen and kaathodukaathoram music column by parvathi

 

പാട്ടും ആട്ടവും 

ഫാദര്‍ വട്ടോളി ഒരുപടി കൂടി മുന്നോട്ട് കടന്ന് നൃത്ത ചുവടുകള്‍ പോലും വെക്കുന്നുണ്ട്. 'അന്തം വിട്ടു നോക്കി കണ്ടിരുന്നു പോകും, എങ്ങു നിന്നോ വന്ന ദൈവദൂതന്‍' ആയാണ് സിനിമ വട്ടോളി അച്ഛനെ പരിചയപ്പെടുത്തുന്നത്. ഇടത്തും വലത്തും താളം തുടിച്ച്  (വട്ടോളി അച്ചന്റെ ഇടത്തും വലത്തും രണ്ടു പേര് നൃത്തം ചെയ്തു നടക്കുന്നത് കാണാം) കണ്ടാല്‍ കണ്‍ നിറയുന്ന അച്ചന്‍. 'ചെമ്പാവ് ദിക്കില്‍ നിന്നും പൊട്ടി വന്ന പൊന്‍ കതിരാണെന്നും, നാടിനുണ്ണാന്‍ പശിയകറ്റാന്‍ , കറ്റമെതിക്കൂ വേഗം, മധുരപാട്ടും പാടാം, കൊയ്ത്തുപോലെ ഉത്സവം ഇത ്‌കൊണ്ടാടാം' എന്ന് കൂടി പറഞ്ഞ് വട്ടോളിയച്ചന്റെ വരവിനെ നാടിനുള്ള പ്രതീക്ഷയായി സിനിമ, തുടക്കത്തിലേ പാട്ടുപാടി, നൃത്തം ചെയ്യിപ്പിച്ച് ആഘോഷിയ്ക്കുന്നുണ്ട്.

 

 

പാട്ട് പാടിയിരിയ്ക്കുന്നത് ലക്കി അലി ആണ്. അതിന് വൈപരീത്യം പോലെ, പാട്ട് എഴുതിയിരിയ്ക്കുന്നത് കാവാലം നാരായണ പണിക്കരും. സുന്ദരമായ ഒരു ഗിറ്റാര്‍ സീക്വന്‍സോട് കൂടി, ലക്കി അലിയുടെ തുറന്ന ചിരിയോടെ, മലയാളമറിയാത്ത മലയാളത്തില്‍ സുന്ദരമായ ദൃശ്യങ്ങളും, പാട്ടുപരിചരണവും. സിനിമയുടെ സംവിധായകനായ ലിജോ പെല്ലിശ്ശേരിയുടെ 'ബ്ലൂസ് റോക്' സ്വഭാവത്തില്‍ പാട്ടുകള്‍ വേണമെന്ന ഭാവനയ്ക്ക് ചേര്‍ന്ന് പോകുന്ന പാട്ട്.  പ്രാദേശികമായ ഒരീണം എന്നതിനേക്കാള്‍, വട്ടോളി അച്ചനെ വര്‍ണ്ണിയ്ക്കാനും, അച്ചനിലൊളിഞ്ഞിരിയ്ക്കുന്ന  'മാന്ത്രിക നിഗൂഢതയെ' പറഞ്ഞു വെയ്ക്കാനുമാണ് ഈ പാട്ട്. അതിനാ സ്വഭാവം കിട്ടുവാന്‍ genre മാറ്റുകയാണ് ഒരു വഴി. അത് കൃത്യമായി തന്നെ നടക്കുന്നു.

 


'അതെ സമയം കാതോടു കാതോരത്തിലെ അച്ചന്‍, താന്‍ എഴുതിയ പാട്ട്, കംപോസ് ചെയ്താല്‍ പള്ളിപ്പാട്ടാകുമോ എന്ന് പേടിച്ച്, പുതിയ ഒരീണം അതിനു കൊടുക്കാന്‍ തെക്കു നിന്നും ആ നാട്ടിലെത്തിപ്പെട്ട ലൂയിസിനോട് പറയുന്നു.

'നീ എന്‍ സര്‍ഗ്ഗ സംഗീതമേ,
നീ എന്‍ സത്യ സൗന്ദര്യമേ...
സങ്കീര്‍ത്തനം, നിന്റെ സങ്കീര്‍ത്തനം
ഓരോ ഈണങ്ങളില്‍
പാടുവാന്‍, നീ തീര്‍ത്ത മണ്‍വീണ  ഞാന്‍' എന്ന പാട്ട്.

ലൂയിസ് അതിനെ വയലിന്‍ ഉപയോഗം കൊണ്ട് സമ്പന്നമാക്കിയ ഒരു പാട്ടാക്കി മാറ്റുന്നു. പള്ളിപ്പാട്ടുകളായും പാടാവുന്നത്, ദേവാലയങ്ങളില്‍ പാടാവുന്നത്. അങ്ങിനെ പാട്ടുകളെ എങ്ങിനെ വേണമെങ്കിലും പുതുക്കിയെടുക്കാന്‍ സിനിമയെന്ന മാധ്യമത്തിലൂടെ ഒരു കംപോസര്‍ക്ക് സാധിയ്ക്കുന്നു. തബലയും, വീണയും, ഫ്‌ളൂട്ടും, വയലിനും  ചേര്‍ന്ന അനുഭവം. ഔസേപ്പച്ചന്‍ കംപോസ് ചെയ്ത 'ദേവദൂതര്‍ പാടി' എന്ന പാട്ടും അതിന്റെ രചനാശൈലി കൊണ്ട് വേറിട്ട് നില്‍ക്കും.  കല്യാണപ്പാട്ടാക്കാവുന്നതാണ്, ഗാനമേളകള്‍ക്കും പാടാവുന്നതാണ്. തീര്‍ത്തും രണ്ട് രീതിയില്‍ ഉണ്ടായ പള്ളിപ്പാട്ടുകള്‍ ആണിവ. സിനിമകളില്‍ വയലിന്റെ ഉപയോഗം വളരെ ശക്തമായി കേന്ദ്രീകരിയ്ക്കപ്പെട്ട് പാട്ടുകള്‍ക്ക് പുതിയ മാനങ്ങള്‍ വന്നു തുടങ്ങിയ കാലഘട്ടം കൂടിയാണ് 'കാതോട് കാതോര'ത്തിന്റെ കാലഘട്ടം. ഔസേപ്പച്ചന്‍ ഒരു വയലിനിസ്റ്റ് കൂടിയായതു കൊണ്ട്, അദ്ദേഹത്തിന്റെ പാട്ടുകളില്‍ വയലിന് വേറിട്ട് നില്‍ക്കുന്ന നാദം ഉണ്ടാവുക തന്നെ ചെയ്യും.

 

 

എന്നാല്‍ ആമേനില്‍ എത്തുമ്പോഴേയ്ക്കും, പാട്ടുപരിചരണമാകെ മാറുന്നത് കാണാം. വയലിന്‍ എന്ന ഉപകരണമേ ഇല്ലാത്ത പാട്ടുകളാണ് എല്ലാം. പകരം അധികം മുന്‍ഗണനയില്‍ വരാനിടയില്ലാത്ത ക്‌ളാരനെറ്റും, അക്കോഡിയന്‍ പോലുള്ള മലയാളത്തില്‍ അധികം മുന്‍നിരയില്‍ വരാത്ത ഉപകരണങ്ങള്‍ ആണ് കൂടുതല്‍. വിരല്‍ഞൊടി കൊണ്ടുള്ള താളവും ഉപയോഗിച്ചിട്ടുണ്ട്. സാധാരണ ഗതിയില്‍ ചെണ്ടയോ അല്ലെങ്കില്‍ തകിലോ, മൃദംഗമോ, തബലയോ ഒക്കെ മുന്‍ നിരയില്‍ കൊട്ടുവാദ്യങ്ങളായി ഉപയോഗത്തില്‍ വരുമ്പോള്‍ ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് മുഴുവനും brass drums ആണ്. ബാന്‍ഡ് വാദ്യങ്ങള്‍ തന്നെയാണ് എല്ലാം ഉപയോഗിച്ചിരിയ്ക്കുന്നത്. വലിയ വൈഡ് ആംഗിള്‍ ഷോട്ടുകളില്‍ ഉള്ള ഫ്‌ളൂട്ടിന്റെ വകഭേദങ്ങള്‍ ആയ ചില സുഷിരവാദ്യങ്ങളുടെ ഉപയോഗം മറ്റൊരു കാല, പ്രദേശ, ശബ്ദാനുഭവങ്ങള്‍ തരുന്നു.

കൂടാതെ കാവാലം നാരായണപ്പണിക്കരുടെ ഒരേ സമയം കവിതയും, താളവും ഒരുമിച്ചു ചേരുന്ന 'നട' കളായി, വായ്ത്താരികളായി എഴുതപ്പെട്ട വരികള്‍ പാട്ടുകളുടെ  ഘടനയെ തന്നെ മാറ്റിമറിയ്ക്കുന്നു.

ആമേനിലെ ടൈറ്റില്‍ സോങ് കൂടിയായ പാട്ടാണ് 'ആത്മാവില്‍ തിങ്കള്‍ കുളിര്‍' എന്ന പാട്ട്.
 

'ആത്മാവില്‍
തിങ്കള്‍ കുളിര്‍ പൊന്നും നിലാ തേന്‍തുളളി
ഈ കായല്‍ കൈതെന്നലില്‍
വര്‍ഷം പകര്‍ന്നോശാന 
പള്ളിമണി ണാ ണാ ..
ഉള്ളലിയും ളാം നാം
അല്ലലൊഴിവാകാന്‍ ഒന്നുചേരാം..
ഹല്ലെലൂയ.'

 

Between Aamen and kaathodukaathoram music column by parvathi

കാതോട് കാതോരം സംവിധായകന്‍ ഭരതന്‍, ആമേന്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

 

പള്ളിപ്പാട്ടുകള്‍ ഉണ്ടാവുന്ന വിധം

പള്ളിപ്പാട്ടുകളുടെ ഈണങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. ഭക്തിഭാവത്തിന്റെ അടരുകളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒരു  'വിളിയെ' പള്ളിപ്പാട്ടുകളിലൂടെ കേള്‍ക്കാനാവും. ഭക്തിയില്‍ ഒരു 'വിളി' ഉണ്ട്. അതുകൊണ്ട് തന്നെ ഭക്തിയില്‍ കരുണ കലര്‍ന്ന സങ്കടമോ, കരച്ചിലോ അനുഭവപ്പെടും. ദൈവത്തെ വര്‍ണ്ണിച്ച് പുകഴ്ത്തിപറയുന്നതോ, ദൈവകല്‍പനകളോ  ആയ ഏതു വാക്കിനുമേറെ മനസ്സിന്     ബന്ധപ്പെടുത്താനാവുക, ഒരുപക്ഷെ (ദൈവത്തെ) ഒന്നു വിളിയ്ക്കുന്നതിലാണ്. ആ വിളിയില്‍ സ്‌നേഹമുണ്ട്, കരുണയുണ്ട്, സങ്കടങ്ങള്‍ ഉണ്ട്. ദൈവമേ എന്നൊരു വിളിയില്‍ പോലും. മറ്റൊരു മനുഷ്യനു കൂടി വേണ്ടിയുള്ള വിളിയാണത്. പാട്ടായി വിളിയ്ക്കുമ്പോള്‍ അതിനു ശക്തി കൂടുന്നു, അതില്‍ പല ശബ്ദങ്ങള്‍ കൂടിച്ചേര്‍ന്ന് കോറസ് ആവുമ്പോള്‍ ഭാവങ്ങള്‍ തീവ്രമാകുന്നു. വാക്കു കൊണ്ട് തീര്‍ക്കാന്‍ ആവാത്തതിനെ സംഗീതം കൊണ്ട് തീര്‍ക്കുന്നു. വെറും വാക്കുകള്‍ ജീവന്‍ തുടിയ്ക്കാത്തവ (വസ്തുക്കള്‍) മാത്രമാണ്. ഒരു പക്ഷെ ദൈവം എന്ന 'സ്വത്വം' ഒരു വെറും വാക്കില്‍ സാങ്കല്‍പികമായി നിലനില്‍ക്കുമ്പോള്‍, 'ദൈവമേ' എന്ന ഒരു വിളിയില്‍ ആ വാക്കിനു ജീവന്‍ വെയ്പ്പിയ്ക്കാനുള്ള സാദ്ധ്യതയുണ്ട്.  അപ്പുറത്തൊരാളുണ്ട്  എന്ന 'ഉറപ്പിനെ'  അത് ചിലപ്പോള്‍ മെനഞ്ഞെടുക്കുന്നു, പ്രണയം പോലെ. വിളിച്ചാല്‍ വിളി കേട്ടോളും എന്ന ഒരു  തോന്നലോ ഉറപ്പോ ആണത്.

ഉറപ്പുകളില്ലാത്ത വാക്കുകള്‍ കേവലം യാന്ത്രികമായി (ആചാരങ്ങളായി) മാറുന്നു . ഭാഷയുടെ (വ്യവസ്ഥയുടെ) അതിര്‍ത്തികള്‍ക്കകത്ത് ഭയഭീതികളോടെ ചെയ്യുന്ന ആചാരം. 'അടയാളങ്ങളും അത്ഭുതങ്ങളും കണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ എന്നെ വിശ്വസിയ്ക്കുകയുള്ളു' എന്നാണ് സുവിശേഷ വചനം പോലും! ആമേന്‍ തുടങ്ങുന്നത് ഈ സുവിശേഷ വചനം പറഞ്ഞുകൊണ്ടാണ്. പള്ളിപ്പാട്ടുകളില്‍ അങ്ങനെയൊരു വാക്കിനപ്പുറത്തുള്ള വിളി ഉടനീളം കേള്‍ക്കാനാവും. പള്ളിപ്പാട്ടുകളില്‍ കേള്‍ക്കാനാവുന്ന കോറസ് (harmony) ഈ വിളിയെ നിര്‍വ്വഹിയ്ക്കുന്നു. വാക്കുകള്‍ക്കപ്പുറത്തുള്ള  അനുഭൂതികളെ നിറയ്ക്കുന്നു. സംഗീതം കൊണ്ട് അനുഭവപ്പെടാവുന്ന ചില 'ഭക്തിസാദ്ധ്യതകള്‍' പള്ളിപ്പാട്ടുകള്‍ക്ക് ഉണ്ട്. കരുണാര്‍ദ്രമായ നിറയല്‍.

 

 

എന്നാല്‍ ഈ പ്രത്യേകതകളെയൊക്കെ മറികടന്നു കൊണ്ടാണ് കുമരംകരിയുടെ ആത്മാവിന്റെ പള്ളിഗീതം പാടപ്പെടുന്നത്. ഇതൊരു പള്ളിപ്പാട്ടോ എന്ന് തോന്നിയേക്കാം. പക്ഷേ ആണ്! കുമരംകരിയുടെ പള്ളിപ്പാട്ട്! നാട്ടുപാട്ടുകളെ ദേവാലയങ്ങളുമായി കൂട്ടിക്കെട്ടാവുന്നതാണ്. ക്രൈസ്തവ സമൂഹത്തിന്റെ മുന്‍ കാലങ്ങളില്‍ നിന്നുള്ള പാട്ടു ശേഖരങ്ങള്‍ ദേവാലയങ്ങളെ കുറിച്ചും കല്യാണങ്ങളും, കുട്ടിയ്ക്കു പേരിടലുമായി ബന്ധപ്പെട്ട സാംസ്‌കാരികവും ഗാര്‍ഹികവുമായ പരിപാടികളുടെ ഉള്ളടക്കമായി വരുന്നവയായിരുന്നുവത്രേ!

പള്ളിയിലെ കൊയര്‍ സംഘം പാടുന്ന 'പുരാതന' കൊയര്‍ പാട്ടുകളുടെ സൗന്ദര്യം മറ്റൊന്നാണ്. ഭക്തിഗാനങ്ങള്‍ (devotional songs) എന്ന്, ഓര്‍ക്കസ്ട്ര വെച്ചുള്ള പിന്നീട് വികസിച്ചു വന്ന പാട്ടുകളല്ല അവ. കൊയര്‍ സംഘം പാടുന്ന സങ്കീര്‍ത്തനങ്ങള്‍ തികച്ചും പാശ്ചാത്യ ശൈലിയില്‍ chords അടങ്ങുന്ന harmony കളാണ്. വാക്കുകളെ ഈണം കൊണ്ട് മനുഷ്യമനസ്സിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിവുള്ള സംഗീതപരമായ ഹാര്‍മണി അതില്‍ പ്രവര്‍ത്തിയ്ക്കുന്നു. ഈണങ്ങശും സംഗീതസ്വരങ്ങളും വാക്കുകള്‍ക്ക് കൊണ്ടുപോവാന്‍ കഴിയാത്ത അനുഭൂതികളെ വഹിച്ചു കൊണ്ട് പോകുന്നു. മനുഷ്യര്‍ ഒരുമിച്ച് ചേര്‍ന്ന് ഒരേ സമയത്ത് പല സ്വരങ്ങളെ പാടി ഒറ്റ മെലഡിയാക്കുന്ന ശൈലി. സംഗീതപരമായോ ആത്മീയമായോ എങ്ങിനെയും, കണ്ണടച്ചിരുന്നാല്‍ നമ്മളെയും വഹിച്ചു കൊണ്ടുപോകുന്ന ഹാര്‍മണിയുടെ സമ്പന്നമായ ഉപയോഗം കൊയര്‍ പാട്ടുകള്‍ക്കുണ്ട്.  

 

 



4 part harmony എന്ന് പറയുന്ന, ക്ലാസിക്കല്‍ എന്ന് പറയാവുന്ന (SATB) കൊയര്‍ ശൈലിയിൽ ആണ് മിക്ക പാട്ടുകളും രചിയ്ക്കപ്പെടുന്നത്. ഓരോ ഭാഗത്തിനും നിരവധി ഗായകരെ ഉൾപ്പെടുത്തി വലിയ സംഘമായി കോയർ പാടാറുണ്ട്. കൊയര്‍ പാട്ടുസംഘത്തെ പല തരങ്ങളായി തിരിയ്ക്കുന്നു. ഓരോരുത്തരും അവരവരുടെ ഭാഗം (pitch) പാടുന്നതിന് അനുസരിച്ച് സ്ഥാനങ്ങള്‍ ഉണ്ടാവുന്നു. മുകള്‍ ഭാഗം പാടുന്നവര്‍ ഒരുമിച്ചും താഴെ പാടുന്നവര്‍ ഒരുമിച്ചുമുള്ള ചിട്ടയായ രീതി പാടുന്നതിന്റെ ഏകോപനം സാദ്ധ്യമാക്കുന്നു. ഗായകര്‍ തമ്മിലുള്ള വലിയ തോതിലുള്ള ഏകോപനം കൊണ്ടും ഉയര്‍ന്ന ശ്രുതി ബോധത്തിലും മാത്രം പാടാന്‍ പറ്റുന്ന ഒരു ശൈലി കൂടിയാണിത്.

 

Between Aamen and kaathodukaathoram music column by parvathi

കാതോട് കാതോരത്തിന് സംഗീതം നല്‍കിയ ഔസേപ്പച്ചന്‍, ആമേന്‍ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള
 

തുടര്‍ച്ചയുടെ മാന്ത്രികത

കുമരംകരിയുടെ ആത്മാവിന്റെ ഈ പാട്ട്, ആത്മീയമായ വിളിയേക്കാള്‍, സിനിമയില്‍ ഒരു പ്രത്യേക പങ്ക് വഹിയ്ക്കുന്നുണ്ട്, പുണ്യാളനെ അനുഭവിപ്പിയ്ക്കുന്ന അസ്വാഭാവികമായ ഒരു സ്വാഭാവികതയെ സ്‌ക്രീനില്‍ കൊണ്ടുവരുവാന്‍ അതിനാവുന്നു. താണ സ്വരത്തില്‍ (bass) ശക്തമായ കോറസില്‍ തുടങ്ങി chords -ല്‍, വിരല്‍ഞൊടി കൊണ്ട് മാത്രമുള്ള താളത്തില്‍ മനുഷ്യശബ്ദം മാത്രം മുഴങ്ങുന്ന മാന്ത്രികത അതിനുണ്ട്.  മനോഹരമായ അനിമേഷനോട് കൂടിയ ഏറ്റവും ഉചിതമായ ടൈറ്റില്‍ സോങ് ആയി കൂടി അത് മാറുന്നു. പാട്ടുകള്‍ ഇങ്ങിനെയൊക്കെ സിനിമയുടെ ഉടലില്‍, കാലത്തില്‍, പ്രദേശത്തില്‍, പ്രകൃതിയില്‍, ചിലപ്പോള്‍ ഒരു സന്ദേശം പോലെ  ഒക്കെ  ഒട്ടിച്ചേര്‍ന്നു കിടക്കുകയാണ്.

ആമേനിലും കാതോടുകാതോരത്തിലും പ്രവര്‍ത്തിയ്ക്കുന്ന തുടര്‍ച്ചയുടെ ചരടിനെ ഒരു കൗതുകത്തിനെങ്കിലും ഒന്ന് നീട്ടിയെടുക്കാമെങ്കില്‍ അതിലിങ്ങനെ മുത്തുകള്‍ കോര്‍ക്കാം.

കാതോടുകാതോരത്തില്‍ മേരിക്കുട്ടിയുടെ പ്രണയം തുറക്കുന്ന മനോഹരമായ പാട്ടായിരുന്നു 'കാതോട് കാതോരം' എന്ന് തുടങ്ങുന്ന പാട്ട്. ജീവിതം തുറന്നു വന്നപ്പോള്‍ മേരിക്കുട്ടിയ്ക്ക് തലയില്‍ മുടിയില്ലാതായി. എപ്പോഴും മുടി കെട്ടിവെയ്ക്കാനായുന്ന കൈകളെ എത്ര തവണ മേരിക്കുട്ടി വേണ്ടെന്ന് നിയന്ത്രിച്ചിട്ടുണ്ടാകും! പള്ളിപ്പടവില്‍ അറുത്തുവീണ മുടിച്ചുരുളുകളെ മറക്കാന്‍ ശ്രമിച്ച്, വളരാനിരിയ്ക്കുന്ന മുടിയെ, ലതികയുടെ ശബ്ദത്തില്‍ സ്വപ്നം കാണുന്ന മേരിക്കുട്ടിയില്‍ നിന്നും ശോശന്നയിലേക്കെത്തുമ്പോള്‍ ചെന്നു കയറുക, ഒരു പ്രാദേശിക ഈണത്തില്‍, ഒരു വാദ്യോപകരണത്തിന്റെ പിന്‍ബലവും ഇല്ലാതെയുള്ള പ്രീതി പിള്ളയുടെ 'ഈ സോളമനും, ശോശന്നയും' എന്ന് തുടങ്ങുന്ന മുഴങ്ങുന്ന ശബ്ദത്തിലേക്കാണ്. പ്രണയസാഫല്യത്തിന്റെ സ്വരമായി പ്രീതി പിള്ളയും ശ്രീകുമാര്‍ വക്കിയിലും ചേര്‍ന്നു പാടുമ്പോള്‍ ആ പാട്ട് പുതിയ ആകാശങ്ങള്‍ തൊടുന്നു. അമ്പത് നോമ്പ് കഴിഞ്ഞുള്ള ഉയിര്‍ത്തെണീപ്പിന്‍ പ്രഭാതം പോലെ. ഉയിര്‍ത്തെണീയ്ക്കുന്ന മേരിക്കുട്ടിമാര്‍ മനസ്സ് തുറന്നുവരുന്നത് പോലെ.
 
ഒരുപക്ഷേ ജീവിതത്തില്‍ ശോശന്നയിലൂടെ പുതിയ മേരിക്കുട്ടിമാര്‍ ഉയിര്‍ത്തെണീയ്ക്കുമ്പോള്‍, സംഗീതലോകത്തില്‍ 'ഔസേപ്പച്ച'ന്മാരിലൂടെ പുതിയ 'പ്രശാന്ത പിള്ള'മാര്‍ പാട്ടിന്റെ തുടര്‍ച്ചകളായി മാറുന്നു എന്നും പറഞ്ഞു വെയ്ക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios