അപ്പന്‍ മരിച്ചതില്‍ സന്തോഷിക്കുന്ന ഒരുവള്‍!

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് ജെന്നിഫറിന്റെ ജീവിതം

Autobiography of a nurse a column  by Teresa Joseph

പിന്നൊരിക്കല്‍ അവള്‍ എന്നെയൊരു ഫോട്ടോ കാണിച്ചു. വെളുത്ത് തുടുത്തൊരു കുഞ്ഞിന്റെ തുട. അതില്‍ തിണര്‍ത്തുകിടക്കുന്ന ചുവന്ന പാടുകള്‍. പട്ടാളച്ചിട്ടയുണ്ടായിരുന്ന അപ്പന്‍ മകളുടെ ഏതോ കുഞ്ഞു കുസൃതിക്ക് കൊടുത്ത ശിക്ഷയായിരുന്നു അത്. ചിരിക്കാനറിയാത്ത ഒരാളെക്കുറിച്ച്, കഠിനമായ ശിക്ഷകളിലൂടെ കൂടെ ജീവിക്കുന്നവരുടെ ചിരി വറ്റിച്ചു കളഞ്ഞൊരാളെക്കുറിച്ച് അവള്‍ പറഞ്ഞു. '

 

Autobiography of a nurse a column  by Teresa Joseph

 

കോവിഡ് എന്ന മഹാമാരി ലോകം മുഴുവന്‍ നാശം വിതച്ച് ജൈത്രയാത്ര തുടരുന്നതിന്റെ ഒന്നാം വാര്‍ഷികത്തോട് അടുപ്പിച്ചാണ് ജെന്നിഫറിനെ കാണുന്നത്. അവളെ അന്ന് കാണുമ്പോള്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നവരുടെ നിരയില്‍ അവള്‍ നാലാമതും ഞാന്‍ അഞ്ചാമതും ആയിരുന്നു. കൃത്യമായ അകലം പാലിച്ച് നിരത്തിയിരുന്ന കസേരകളില്‍ രോഗികള്‍ പരസ്പരം നോക്കാതെ അവരവരുടെ ലോകത്തേക്ക് മുഖംകുമ്പിട്ടിരുന്നു. എ സി യുടെ നേര്‍ത്ത മുരള്‍ച്ചയും രോഗികളുടെ പേരുവിളിക്കുന്ന നഴ്‌സിന്റെ ശബ്ദവുമൊഴിച്ചാല്‍ ആ മുറി താരതമ്യേന നിശബ്ദമായിരുന്നു. എങ്കിലും ആധി കനത്തൊരു ഇരുള്‍ച്ചുഴിയില്‍ അകപ്പെട്ടത്‌പോലെ, തങ്ങളുടെ ഊഴം ഇനിയും ആയില്ലേ എന്നോര്‍ത്ത് ആളുകള്‍ ഇടയ്ക്കിടെ തല പൊക്കി നോക്കി. 

അങ്ങനെ ഒരുതവണ ഞാനും ജെന്നിഫറും ഒരുമിച്ച് തലയുയര്‍ത്തുകയും ഞങ്ങളുടെ നോട്ടങ്ങള്‍ പരസ്പരം ഇടയുകയുംചെയ്തു. നോട്ടങ്ങള്‍ കൊരുത്തതിന്റെ മൂന്നാം നിമിഷത്തില്‍ അവള്‍ക്ക് എന്നെയും അഞ്ചാം നിമിഷത്തില്‍ എനിക്ക് അവളെയും മനസ്സിലായി. മാസ്‌ക് മറയായി വെച്ച് ഞങ്ങള്‍ പുഞ്ചിരിച്ചു. ആറാം നിമിഷത്തില്‍ ഞങ്ങള്‍ ഒരുമിച്ച്, റിസപ്ഷനിലിരുന്ന പെണ്‍കുട്ടി കാണുമോയെന്ന് ആകുലപ്പെടാതെ കസേരകള്‍ അല്‍പ്പം കൂടി അടുപ്പിച്ചിട്ടു. അപ്പോള്‍ അമ്മ കാണാതെ കുസൃതി കാണിക്കുന്ന രണ്ടു കുട്ടികളെപ്പോലെ ഒരു ചിരി രണ്ടുപേരുടെയും ഉള്ളിലുയര്‍ന്നു. പിന്നെ ഞങ്ങളൊരുമിച്ച് കലപില സംസാരത്തിലേക്ക് നടന്നു തുടങ്ങി.

ജെന്നിഫര്‍ എന്റെ കൂടെ ഒരിക്കല്‍ ജോലിചെയ്തിരുന്നു. നഴ്‌സിംഗ് അസിസ്റ്റന്റ് ആയാണ് അവള്‍ കൂടെയുണ്ടായിരുന്നത്. എന്ത് ജോലിയാണെങ്കിലും മടികൂടാതെ ചെയ്യുന്ന അവള്‍ കൂടെയുള്ളപ്പോള്‍ ഒരുപാട് സഹായമായിരുന്നു. പിന്നീട് ഹോസ്പിറ്റല്‍ മാറി, പരസ്പരം കാണാതെയായി. എങ്കിലും മനസ്സിലേക്ക് കടന്നുവരുന്ന പ്രിയമുഖങ്ങളുടെ കൂട്ടത്തില്‍ അവള്‍ എന്നുമുണ്ടായിരുന്നു.

വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ആദ്യം അവള്‍ പറഞ്ഞത് ഈ വര്‍ഷം നേഴ്‌സ് ആയി ഗ്രാജുവേറ്റ് ചെയ്യുന്നു എന്നാണ്. അവളുടെ ഉത്സാഹത്തെ ഞാന്‍ അഭിനന്ദിച്ചു. സന്തോഷകരമായ വാര്‍ത്തയായിരുന്നു അത്. നഴ്സ് ആയി ട്രാവല്‍ നഴ്‌സിംഗ് ചെയ്യണമെന്നും രണ്ടുവര്‍ഷം കൊണ്ട് അമേരിക്ക മുഴുവന്‍ യാത്ര ചെയ്യണമെന്നും അവളുടെ സ്വപ്നമായിരുന്നു. പിന്നെയും വിശേഷങ്ങള്‍ പറയൂ എന്ന് പറഞ്ഞ് ഞങ്ങള്‍ പരസ്പരം ചിരിച്ചു. ഭര്‍ത്താവിന്റെയും കുട്ടികളുടെ കാര്യവും ഞങ്ങള്‍ക്ക് കോവിഡ് വന്ന കാര്യവുമൊക്കെ കേട്ടപ്പോള്‍ അവള്‍ സങ്കടപ്പെടുകയും, നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ എന്ന് കളി പറയുകയും ചെയ്തു. പിന്നെ ഒരുനിമിഷം അവള്‍ മൗനിയായി.

'എന്റെ ഡാഡി മരിച്ചു, കോവിഡ് പോസിറ്റീവ് ആയിരുന്നു. ന്യൂയോര്‍ക്കില്‍ വെച്ചാണ് മരിച്ചത്' 

വളരെ സാധാരണമായി ജെന്നിഫര്‍ പറഞ്ഞ വാക്കുകള്‍ ഞങ്ങളുടെ ഇടയില്‍ ഒരുനിമിഷത്തേക്ക് രൂപപ്പെട്ട നിശ്ശബ്ദതയിലേക്ക് കനപ്പെട്ടൊരു കല്ലു പോലെ  വന്ന് വീണു. ഞാനവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അതേ പുഞ്ചിരി അവിടെയുണ്ട്. എത്ര ലാഘവത്തോടെയാണ് ഡാഡി മരിച്ചു എന്ന 'വിശേഷം' അവള്‍ പങ്കുവെച്ചത്! 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു രാത്രിയില്‍ ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു. നഴ്‌സിംഗ് ഹോമില്‍ നിന്ന് വന്ന ഒരു വൃദ്ധനെ കുളിപ്പിച്ച് വൃത്തിയാക്കുന്നതിനിടയില്‍ അവള്‍ പറഞ്ഞു 'I don't think I will be able do the same thing for my dad' 

അപരിചിതനായ ആ വൃദ്ധനെ ശ്രദ്ധയോടെ തിരിച്ചു കിടത്തി പുറമൊക്കെ മസാജ് ചെയ്ത് വൃത്തിയുള്ള വസ്ത്രം ധരിപ്പിക്കുകയായിരുന്നു ഞങ്ങള്‍. 

'എന്താണ് നീ അര്‍ത്ഥമാക്കുന്നത്'? ഞാന്‍ തിരക്കി. ഒന്നും മിണ്ടാതെ അവള്‍ അഴുക്കായ ബെഡ്ഷീറ്റും മറ്റുതുണികളും ഒരു പ്ലാസ്റ്റിക് ബാഗിലിട്ട് റൂമില്‍ നിന്ന് വെളിയിലേക്ക് പോയി. 

തിരക്കില്‍നിന്ന് തിരക്കിലേക്ക് പാഞ്ഞുനടന്ന അന്ന് പിന്നെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതേയില്ല. പിന്നൊരിക്കല്‍ അവള്‍ എന്നെയൊരു ഫോട്ടോ കാണിച്ചു. വെളുത്ത് തുടുത്തൊരു കുഞ്ഞിന്റെ തുട. അതില്‍ തിണര്‍ത്തുകിടക്കുന്ന ചുവന്ന പാടുകള്‍. പട്ടാളച്ചിട്ടയുണ്ടായിരുന്ന അപ്പന്‍ മകളുടെ ഏതോ കുഞ്ഞു കുസൃതിക്ക് കൊടുത്ത ശിക്ഷയായിരുന്നു അത്. ചിരിക്കാനറിയാത്ത ഒരാളെക്കുറിച്ച്, കഠിനമായ ശിക്ഷകളിലൂടെ കൂടെ ജീവിക്കുന്നവരുടെ ചിരി വറ്റിച്ചു കളഞ്ഞൊരാളെക്കുറിച്ച് അവള്‍ പറഞ്ഞു. 'അമ്മയ്ക്കും പേടിയായിരുന്നു, അമ്മ എതിര്‍ത്ത് ഒന്നും പറഞ്ഞിരുന്നില്ല.' 

'നീയെന്തിനാണ് ഇപ്പോഴും ഇത് സൂക്ഷിച്ച് വെച്ചിരിക്കുന്നത്? അത് ഡിലീറ്റ് ചെയ്ത് കളയൂ ജെന്നിഫര്‍' അവളോട് ഞാന്‍ കലഹിച്ചു. 'നിന്റെ ജീവിതം മുന്നോട്ട് കിടക്കുകയാണ്. എന്നോ കിട്ടിയ അടിയുടെ പാട് മാത്രമേയുള്ളോ നിനക്ക് ഡാഡിയെ ഓര്‍ക്കാന്‍?'

'ഡാഡിയെ ഓര്‍ക്കാന്‍ വേറേ എന്തെങ്കിലും വേണ്ടേ'-അവള്‍ ചോദിച്ചു. 

ആ ഒരു ചോദ്യത്തില്‍ എല്ലാ പ്രതിരോധത്തിന്റെയും മുനയൊടിഞ്ഞ് ഞാന്‍ നിന്നു. വേറൊന്നുമില്ലേ! ഒരു തലോടല്‍? ചേര്‍ത്ത് പിടിച്ച ഒരോര്‍മ്മ.. നെറ്റിയില്‍ ഒരുചുംബനം അങ്ങനെ എന്തെങ്കിലും? നീ ഒന്ന് കൂടി ഓര്‍ത്തുനോക്കൂ. പക്ഷേ അവളോടത് പറയാന്‍ എനിക്ക്‌പേടിയായിരുന്നു. അങ്ങനെയൊന്നുമില്ല എന്ന് അവള്‍ ഉറപ്പിച്ചൊരു മറുപടി പറഞ്ഞാല്‍ ഒരിക്കലും കണ്ടിട്ടില്ലാത്തൊരു മനുഷ്യനോട് ഒരു വെറുപ്പ് എന്റെയുള്ളില്‍ രൂപപ്പെട്ടേക്കാം എന്ന് ഞാന്‍ ഭയന്നു.

അവള്‍ ചിരിച്ചുകൊണ്ട് തന്നെ അന്നത്തെ സംഭാഷണം അവസാനിപ്പിച്ചു. പിന്നെയെന്നോ നഴ്‌സിംഗ് കോളേജില്‍ മുഴുവന്‍ സമയ കോഴ്സിന് ചേര്‍ന്നപ്പോള്‍ ജോലി ഉപേക്ഷിച്ച് അവിടെനിന്ന് പോയി. രണ്ടുവഴിക്ക് പിരിഞ്ഞ ഞങ്ങള്‍ ഇപ്പോഴാണ് വീണ്ടും കണ്ടുമുട്ടുന്നത്.

അമ്മ എങ്ങനെ ഈ സാഹചര്യത്തെ നേരിടുന്നു? അതായിരുന്നു എന്റെ സംശയം. ജെന്നിയും സഹോദരനും അവരവരുടെ ലോകത്തായിരുന്നു. അപ്പന്‍ മരിച്ചതോടെ അമ്മ തനിയെ ആയെന്ന് ഞാന്‍ കരുതി. 

'ഓ അമ്മ കൂട്ടുകാരികളെ സന്ദര്‍ശിച്ചും ഹോബികള്‍ ആസ്വദിച്ചും സമയം ചിലവിടുന്നു. അമ്മ ഇപ്പോള്‍ ചിരിക്കാറുണ്ട്.' ജെന്നി അത് പറയുമ്പോള്‍ അവളുടെ ചെറിയ കണ്ണുകള്‍ ഒരു കുസൃതിയില്‍ തിളങ്ങി.

'ഇപ്പോള്‍ ഞാനും സഹോദരനും ഇടയ്ക്കിടെ അമ്മയെ കാണാന്‍ പോകും. ഇപ്പോഴുള്ള ഈ സന്തോഷത്തില്‍ ഡാഡി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ ഞാനോര്‍ക്കാറുമുണ്ട്. പക്ഷേ എനിക്ക് തോന്നുന്നത് ഡാഡി ഉണ്ടായിരുന്നെങ്കില്‍ ഈ സന്തോഷം ഉണ്ടാവില്ല എന്നാണ്. കാരണം സന്തോഷിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ അദ്ദേഹത്തിന് അറിയില്ല' പണത്തിന് ഒരു കുറവും അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. കരുതലിന്റെ കുറവ് ഏറെയുണ്ടായിരുന്നു താനും.

ജെന്നിഫര്‍ പറഞ്ഞു നിര്‍ത്തിയതിന് പിന്നാലെ നേഴ്‌സ് അവളുടെ പേര് വിളിച്ചു. ഡോക്ടറെ കാണാന്‍ അവളുടെ ഊഴം എത്തിയിരുന്നു. ജെനി പറഞ്ഞുപോയ 'വിശേഷ'ത്തിന്റെ കാഠിന്യമോര്‍ത്ത് ഞാന്‍ കസേരയില്‍ ഉറഞ്ഞിരുന്നു.

സഖീ എന്റെ കരുതലിന്റെ കരം നിന്റെ മേലുണ്ട് എന്ന് ഇണയെ ബോധ്യപ്പെടുത്താത്ത ഒരാള്‍ കൂടി ഭൂമിയില്‍ നിന്ന് മറഞ്ഞു പോയിരിക്കുന്നു. മക്കളില്‍ സ്‌നേഹത്തിന്റേതായ യാതൊന്നും അവശേഷിപ്പിക്കാതെ ഒരപ്പന്‍ കൂടി മരിച്ചു. ഒരുപക്ഷേ അയാള്‍ അവരുടെ മനസ്സില്‍ എന്നേ മരിച്ചവനായിരിക്കണം! 

ഒരാള്‍ തന്റെ ജീവിതം ഈ ഭൂമിയില്‍ എങ്ങനെയാവും അടയാളപ്പെടുത്തേണ്ടത് എന്നൊരു ചിന്ത ചിലപ്പോഴൊക്കെ ഉള്ളിലേക്ക് കടന്നു വരാറുണ്ട്. 'മക്കളേ'എന്നൊരു ചേര്‍ത്തുപിടിക്കലില്‍ കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കാന്‍ മറന്ന് പോയ ഒരാള്‍. സഖിയുടെ ഹൃദയത്തിലേക്ക് പ്രണയത്തിന്റെ പൊന്‍നൂലുകള്‍ കൊരുക്കാന്‍ ഒരിക്കലും ശ്രമിക്കാത്ത ഒരാള്‍. ചുറ്റുമുള്ളവരുടെ കണ്ണുകളില്‍ ചിരി വിടര്‍ത്താന്‍ അറിയാത്തൊരാള്‍. അങ്ങനെ ഒരാളായി ജീവനുള്ളവരുടെ ദേശത്ത് നിന്ന് യാത്ര അവസാനിപ്പിച്ചു പോകുമ്പോള്‍ എന്താവും ഒരു മനുഷ്യന്റെ ഉള്ളിലുണ്ടാവുക!

ജീവിതത്തെ പലപ്പോഴും എത്ര കഠിനതയോടെയാണ് നമ്മള്‍ നോക്കിക്കാണുന്നതെന്ന് ഓര്‍ത്താല്‍ ഉള്ളില്‍ നിന്നുയരുക ഭയമാണ്. ജ്യാമിതീയ രൂപങ്ങള്‍ക്കുള്ളില്‍ കുരുക്കിവെച്ചിരിക്കുന്ന എന്തോ ഒന്ന് പോലെ, കൃത്യമായ രൂപരേഖയില്‍ മാത്രം ചലിക്കുന്ന കണക്കിലെ വിദഗ്ധമായ ഒരു കളി പോലെ അത്ര കൃത്യതയോടെയാണ് പലപ്പോഴും നമ്മള്‍ ജീവിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറുകള്‍ കളങ്ങള്‍ തെറ്റാതെ കളിപൂര്‍ത്തിയാക്കുമ്പോള്‍ സ്വയം അഭിനന്ദിച്ച് അടുത്ത കളിയിലേക്ക് തയ്യാറെടുക്കുന്നു. പൊട്ടിപ്പോയൊരു കുപ്പിപ്പാത്രത്തിലും അല്‍പ്പം വിലപിടിപ്പുള്ള വസ്ത്രത്തില്‍ പുരണ്ടൊരു കറയിലും ഖേദപ്പെട്ട് നമ്മള്‍ ജീവിതത്തിന്റെ മനോഹാരിതകളെ കുപ്പയിലെറിയുകയാണ്. 

മുന്നിലെത്തുന്നവരുടെ കണ്ണുകളില്‍ ഒരു തരി വെളിച്ചമെങ്കിലും പകരാതെ മരിച്ച് പോകുന്നവനെക്കാള്‍ പരാജിതനായി വേറേ ആരുണ്ട്! കഠിനമായ ഹൃദയമാണ് ഒരുവന് ഈ ഭൂമിയില്‍ അവശേഷിപ്പിച്ച് പോകാന്‍ സാധിക്കുന്ന ഏറ്റവും മലിനമായ വസ്തു. ഒരാളില്‍ മാത്രമല്ല, ഒരുപക്ഷേ തലമുറകളോളം നീളുന്നൊരു മാലിന്യവിക്ഷേപണം. സ്‌നേഹരാഹിത്യത്തിന്റെ ജീനുകള്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നത് ദുര്‍മന്ത്രവാദം പോലെയൊരു തിന്മയാണെന്ന് ചിന്തിക്കുമ്പോള്‍ ഉള്ളിലൊരു പൊള്ളല്‍. കണ്ടുമുട്ടുന്നവരുടെ ഹൃദയത്തില്‍ സ്‌നേഹത്തിന്റെ ഭൂപടങ്ങള്‍ വരയ്ക്കാത്ത ഒരുവനായി മണ്മറയേണ്ടിവരുന്നതിനെ ദുരിതമെന്നല്ലാതെ എന്ത് വിളിക്കേണ്ടൂ!

Latest Videos
Follow Us:
Download App:
  • android
  • ios