Agnipath : അഗ്‌നിപഥങ്ങളില്‍ അടരാടുന്നവര്‍
രാജ്യ സേവന ത്വരയുള്ള യുവതയെ വളര്‍ത്തിയെടുക്കാനുള്ള ഉത്തമ മാതൃകയായിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെടുന്നത്. അതില്‍ വസ്തുതയുണ്ട്. എന്നാല്‍ മറ്റൊരു പ്രധാന ഘടകവുമുണ്ട്. വര്‍ദ്ധിച്ചു വരുന്ന സൈനിക ചെലവ് തന്നെ കാരണം- എസ് ബിജു എഴുതുന്നു
അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി. സിവിലിയന്‍ മേഖലയേക്കാള്‍ മികച്ച ശമ്പളവും ആനുകൂല്യവും നല്‍കിയിട്ടും അമേരിക്കയില്‍ ആവശ്യത്തിന് സൈനികരെ കിട്ടുന്നില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 64 ശതമാനത്തോളം അധിക വരുമാനമാണ് അമേരിക്കന്‍ സൈനികര്‍ക്കുണ്ടായിട്ടുള്ളത്. എന്നിട്ടും ആളെ കിട്ടാഞ്ഞിട്ട് താല്‍്കാലിക സൈനിക സേവന കാലാവധി മൂന്നില്‍ നിന്ന് രണ്ട് വര്‍ഷമായി കുറയ്ക്കാനാണ് അവര്‍ ആലോചിക്കുന്നത്.
ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന സേനാവിഭാഗമാണ് നമ്മുടെത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധക്കളമായ സിയാച്ചിനിലടക്കം അസാധാരണ വെല്ലുവിളികള്‍ നേരിട്ടാണ് ഓരോ ഭടനും രാജ്യത്തെ കാത്തു സൂക്ഷിക്കുന്നത്. വലിയ ചെലവേറിയതുമാണ് ഈ ദൗത്യം. കശ്മീരില്‍ പതിനഞ്ചു കൊല്ലം മുമ്പ് കണ്ടുമുട്ടിയ ഒരുന്നത സൈനിക ഓഫീസര്‍ ചെലവിന്റെ വ്യാപ്തി സൂചിപ്പിക്കാന്‍ പറഞ്ഞ ഒരുദാഹരണമുണ്ട്. ഹെലികോപ്ടറുകള്‍ക്ക് പോലും എത്താന്‍ പ്രയാസമുള്ള , സിയാച്ചിനില്‍ അന്ന് ഒരു ചപ്പാത്തി എത്തുമ്പോള്‍ ചെലവ് 1500 രൂപ വരുമത്രേ. എന്നിട്ടും ഈ ചപ്പാത്തി കഴിക്കണമെന്നില്ല. കാരണം രുചിയും വിശപ്പുമെല്ലാം നഷ്ടമാകുന്ന, അത്ര മേല്‍ മരവിപ്പാണ് ഇവിടങ്ങളില്‍.
കശ്മീരിലെ കുപ്വാരക്കടുത്ത് മച്ചില്‍ സെക്ടറില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരിക്കല്‍ പോയപ്പോള്‍ കണ്ട ഒരു ചൂണ്ടുപലകയുണ്ട്- തമ്പീസ് ക്യാന്റീന്‍. അവിടെ അതിര് കാക്കുന്ന മദ്രാസ് റെജിമെന്റിലെ ദക്ഷിണേന്ത്യന്‍ സൈനികര്‍ക്ക് വടയോ ബജിയോ കഴിച്ച, ചായ കുടിച്ച് സൊറ പറയാനുള്ള ഒരു തട്ടുകട. ലോകത്തെ മറ്റ് പല സേനാ വിഭാഗങ്ങളില്‍ നിന്ന് നമ്മുടെ സേനയെ വ്യത്സതമാക്കുന്നതാണ് ഉപദേശീയതയെ പ്രതിനിധാനം ചെയ്യുന്ന റെജിമെന്റുകള്‍. മറാത്ത, പഞ്ചാബ്, ഗഡ്വാള്‍, രജ്പുത്, ബീഹാര്‍, ഗൂര്‍ഖ ,ലഡാക്ക് തുടങ്ങിയ പേരുകളില്‍, ഏറെക്കുറെ അന്നാട്ടുകാരായ സൈനികരെ ഉള്‍ക്കൊള്ളുന്ന സേനാ വിഭജനമാണ് നമ്മുടെത്. എന്നാല്‍ ഇവരുടെ ഓഫീസര്‍മാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാകും. വര്‍ഷങ്ങളോളം നീളുന്ന ആഴമുള്ള ആത്മ ബന്ധത്തില്‍ തുടരുന്ന ഇഴയടുപ്പമാണ്, വലിയ വെല്ലുവിളികള്‍ നേരിടുന്ന രണാണങ്കണങ്ങളില്‍ അവരെ മുന്നോട്ടു നയിക്കുന്നത്. അത്തരെമാരു അവസ്ഥയിലേക്കാണ് നാലു വര്‍ഷം മാത്രം സേവനം വേണ്ട അഗ്‌നിവീര്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടു വന്നിരിക്കുന്നത്. രാജ്യ സേവന ത്വരയുള്ള യുവതയെ വളര്‍ത്തിയെടുക്കാനുള്ള ഉത്തമ മാതൃകയായിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കപ്പെടുന്നത്. അതില്‍ വസ്തുതയുമുണ്ട്. എന്നാല്‍ മറ്റൊരു പ്രധാന ഘടകവുമുണ്ട്. വര്‍ദ്ധിച്ചു വരുന്ന സൈനിക ചെലവ് തന്നെ കാരണം.
സൈനിക പെന്‍ഷന്‍: അമേരിക്കയിലും ഇന്ത്യയിലും
നമ്മുടെ ആകെ പ്രതിരോധ ചെലവിന്റെ 60 ശതമാനവും സൈനികര്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കുമുള്ള ശമ്പള ചെലവാണ്. ഏതാണ്ട് 14 ലക്ഷം സൈനികരാണ് നമുക്കുള്ളത്. അമേരിക്കക്കും ഏതാണ്ട് ഇതേ അംഗബലമാണുള്ളത്, എന്നാല്‍ അവരുടെ സൈനിക ചെലവ് ഏറെ കൂടുതലാണ്. നമ്മുടെതിന്റെ 16 ഇരട്ടി വരും. ലോകമാകെ ചെന്ന് അമേരിക്കന്‍ കച്ചവട താത്പര്യങ്ങള്‍ സംരക്ഷിക്കലും അവരുടെ പ്രധാന പണിയാണ്.
അമേരിക്കന്‍ സേനയുടെ ഏതാണ്ട് 20 ശതമാനമേ പിരിയുമ്പോള്‍ പെന്‍ഷന് അര്‍ഹരാകുന്നുള്ളു. എന്നാല്‍ നമ്മുടെ 90 ശതമാനത്തിലധികം സൈനികരും പെന്‍ഷന്‍ പറ്റിയാണ് പിരിയുന്നത്. എന്നാലും ഈയിനത്തില്‍ ഇരു സേനകള്‍ക്കുമുള്ള ചെലവ് ഏതാണ്ട് തുല്യമാണ്. 2019-ലെ കണക്കെടുത്താല്‍ ഇന്ത്യയുടെ പ്രതിരോധ ചെലവ് 4310 ശതകോടിയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ആകെ ചെലവിന്റെ 15. 47 ശതമാനം വരുമിത്. ജി.ഡി.പി അഥവാ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 2.04 ശതമാനം. അമേരിക്കയുടെയുടെയും ഏതാണ്ട് ഇതേ തോതാണ്. അവരുടെ ഫെഡറല്‍ ചെലവുകളുടെ 16 ശതമാനമാണ് പ്രതിരോധ മേഖലക്കായി നീക്കി വച്ചിട്ടുള്ളത്.
നമുക്ക് വിമുക്ത ഭടന്‍മാരും പ്രതിരോധ മേഖലയിലെ സിവിലയന്‍മാരുമടക്കം ഏതാണ്ട് 30 ലക്ഷം പെന്‍ഷന്‍കാരുണ്ട്. .ആ ഇനത്തില്‍ 1120 ശതകോടി ചെലവ് വരും. അതായത് ആകെ പ്രതിരോധ ചെലവിന്റെ 26 ശതമാനം സൈനികരുടെ പെന്‍ഷനാണ്.
ഇന്ത്യയില്‍ സൈനികര്‍ക്ക് പെന്‍ഷന്‍ കിട്ടാന്‍ കുറഞ്ഞത് 15 വര്‍ഷ സേവനം വേണം. ഓഫീസര്‍മാര്‍ക്കിത് 20 വര്‍ഷമാണ്. നമ്മുടെ സേനയിലുണ്ടായിരുന്ന മഹാഭൂരിപക്ഷത്തിനും പെന്‍ഷന്‍ കിട്ടുന്നുണ്ട്. അമരിക്കന്‍ സേനയില്‍ പെന്‍ഷന് അര്‍ഹരായ കുറഞ്ഞ സേവന കാലാവധി 20 വര്‍ഷമാണ്. അവിടെ 80 ശതമാനത്തിനും പെന്‍ഷന്‍ കിട്ടുന്നില്ല. അഗ്‌നിവീറിന്റെ ഉപജ്ഞാതാക്കള്‍ ചൂണ്ടി കാട്ടുന്നതും ഇതാണ്. എന്നാല്‍ നമ്മുടെതില്‍ നിന്ന് വ്യത്യസ്തമായി അമരിക്കയില്‍ മുതിന്ന പൗരന്‍മാര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ കൂടുതലാണ് ഈ വെറ്ററന്‍ ക്ഷേമത്തിനാണ് അവരുടെ കേന്ദ്ര ചെലവിന്റെ നാലരശതമാനവും ( 4.4) പോകുന്നത്. നമ്മള്‍ പുതുതായി പ്രഖ്യാപിച്ച അഗ്‌നിവീറിന്റെ മാതൃകയില്‍ അമേരിക്കയില്‍ 36 മാസംമാത്രം സേവനം ചെയ്യുന്ന സൈനികരുണ്ട്. അവരുടെയൊക്കെ ആനുകൂല്യം പോകുന്നത് വെറ്ററന്‍ ഫണ്ടില്‍ നിന്നാണ്.
വണ്‍ റാങ്ക് ഒണ്‍ പെന്‍ഷന്‍ വന്നതോടെ നമ്മുടെ പെന്‍ഷന്‍ ചെലവ് കാര്യമായി കൂടി. നമ്മുടെ പ്രതിരോധ ശമ്പള ഇനത്തിലെ 26 ശതമാനം പെന്‍ഷന്‍ ആനുകൂല്യത്തിന് ചെലവാകുമ്പോള്‍ അമേരിക്കയലിത് 9 ശതമാനം മാത്രമാണ്. എന്നാല്‍ അവിടെ പെന്‍ഷന്‍ കിട്ടാത്തവര്‍ക്കുള്ള വെറ്ററന്‍ സപ്പോര്‍ട്ടിന് 19 ശതമാനം പോകുന്നു എന്നത് നാം മനസ്സിലാക്കണം. നമുക്കങ്ങനെയാരു നീക്കിയിരിപ്പില്ല. ഫലത്തില്‍ നമ്മുടെ ശമ്പള-പെന്‍ഷന്‍ ചെലവ് 60 ശതമാനം, അമേരിക്കയുടെത് 54 ശതമാനം.
കൂടിയ നടത്തിപ്പ് ചെലവ്
സേനാ ഭാഷ്യത്തില്‍ ഒരു പ്രയോഗമുണ്ട്. Gun Vs Butter അഥവാ തോക്കും ശാപ്പാടും. രണ്ടിന്റെയും സന്തുലനമാണ് സേനയെ മുന്നോട്ടു നയിക്കുന്നത്. സാമ്പത്തിക ഭാഷയില്‍ ഇതിനെ മൂലധന ചെലവെന്നും നടത്തിപ്പ് ചെലവെന്നും പറയും. ആയുധങ്ങള്‍, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ മുലധന ചെലവാണ്. സൈനിക ശമ്പളം, പെന്‍ഷന്‍, ഭക്ഷണം, ഇന്ധനം തുടങ്ങിയവ നടത്തിപ്പ് ചെലവുമാണ്. നമ്മുടെ പ്രതിരോധ ബജറ്റില്‍ നടത്തിപ്പ് ചെലവാണ് കൂടുതല്‍ . ഇത് വര്‍ഷം തോറും കൂടുന്നുമുണ്ട്. 2011-ല്‍ 59.3 ശതമാനമായിരുന്ന നടത്തിപ്പ് ചെലവ് നടപ്പു വര്‍ഷം 69.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. മുലധന ചെലവാകട്ടെ 2011-ലെ 40. 7 ശതമാനത്തില്‍ നിന്ന് 30.5 ശതമാനമായി നടപ്പു വര്‍ഷം കുറഞ്ഞിരിക്കുന്നു. മൂലധന ചെലവ് കുറയുന്നത് മെച്ചപ്പെട്ട ആയുധങ്ങള്‍ സംഭരിക്കുന്നതിന് വിഘാതമാകും.
ഇനി നടത്തിപ്പ് ചെലവ് തന്നെ നോക്കിയാല്‍, അതില്‍ 50 ശതമാനത്തിലധികം പെന്‍ഷന്‍ ആനുകൂല്യം നല്‍കാനാണ് നീക്കി വച്ചിട്ടുള്ളത്. ഇത് വര്‍ദ്ധിക്കുകയുമാണ്. 2011-ല്‍ 40.6 ശതമാനമായിരുന്നത് നടപ്പ് ബജറ്റില്‍ 10 ശതമാനം ഉയര്‍ന്ന് 51.4 ആയി. അതേ സമയം ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കിയിരിപ്പ് 5 ശതമാനത്തില്‍ താഴെയാണ്. 2011-ല്‍ 5.6 ശതമാനമായിരുന്നത് കുറഞ്ഞ് വന്ന് നാല് ശതമാനമായി .
കഴിഞ്ഞ 7 വര്‍ഷത്തില്‍ സൈനിക പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ 10 ലക്ഷത്തിന്റെ വര്‍ദ്ധനവുണ്ടായി. 2014-ല്‍ 24 ലക്ഷമായിരുന്ന പ്രതിരോധ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 34 ലക്ഷമായി. രാജ്യത്തെ അടുത്ത പ്രധാന തൊഴില്‍ ദാതാവായ റെയില്‍വേയുടെ ഇരട്ടി വരുമിത്. റയില്‍വേയില്‍ 2014 -ലെ 13.8 ലക്ഷം പെന്‍ഷന്‍കാര്‍ വര്‍ദ്ധിച്ച് 2021-ല്‍ 15.5 ലക്ഷമായി. സൈനിക പെന്‍ഷന്‍ വര്‍ദ്ധിക്കുന്നത് മറ്റ് വികസന പ്രവര്‍ത്തനങ്ങളുടെ നീക്കിയിരിപ്പ് കുറയ്ക്കുന്നതായും ബജറ്റ് തയ്യാറാക്കുന്നവര്‍ പറയുന്നു. ആരോഗ്യത്തിന് 0.8 ലക്ഷം കോടിയും വിദ്യാഭ്യസത്തിന് 1.04 ലക്ഷം കോടിയുമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ നടത്തിപ്പ് ചെലവ്. 1.19 ലക്ഷം കോടിയാണ് പ്രതിരോധ പെന്‍ഷനുള്ള നീക്കിയിരിപ്പ്. ചുരുക്കി പറഞ്ഞാല്‍ വര്‍ദ്ധിച്ചു വരുന്ന പ്രതിരോധ മേഖലയിലെ നടത്തിപ്പ് ചെലവാണ് അഗ്‌നിവീര്‍ പദ്ധതിയുടെ അടിസ്ഥാന പ്രചോദനം. പക്ഷേ അത് സമ്മതിച്ചു തരാന്‍ ഇതിന്റെ പ്രായോക്താക്കള്‍ സമ്മതിക്കില്ലെന്ന് മാത്രം.
വിരമിച്ചു കഴിഞ്ഞാല്‍ എന്തൊക്കെ സാദ്ധ്യതകള്‍
അമേരിക്കയില്‍ നമ്മുടെ അഗ്‌നി വീറുകള്‍ക്ക് തുല്യമായ 3 വര്‍ഷത്തെ ചുരുക്ക സേവന സൈനികര്‍ക്ക് തുടര്‍ വിദ്യാഭാസത്തിനും, ആരോഗ്യത്തിനും, മറ്റ് ചെലവുകള്‍ക്കുമായി നല്ല പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പെന്‍ഷനില്ലെങ്കിലും ഇത്തരം സഹായം ഉള്ളതിനാല്‍ വളരെ ചെലവേറിയ കോളേജ് വിദ്യാഭ്യാസം നേടാന്‍ സഹായിക്കുമെന്നതിനാല്‍ ചുരുക്ക സൈനിക സേവനത്തിന് നിരവധി യുവാക്കള്‍ രംഗത്ത് വരാറുണ്ട്. മാത്രമല്ല സേവനത്തിനിടയില്‍ പരിക്കേറ്റ അഞ്ച് ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം കിട്ടുന്നുണ്ട്. നമ്മുടെ അഗ്‌നി വീറിന്റെ കാര്യത്തില്‍ ഇക്കാര്യങ്ങള്‍ ഇനിയും വ്യക്തമല്ല. മാത്രമല്ല ഇവിടെ ചുരുക്ക സൈനിക സേവനത്തിന് ശേഷം പിരിഞ്ഞു പോയാല്‍ മറ്റ് തൊഴിലുകള്‍ കിട്ടാനുള്ള സാധ്യതക്കുറവും യുവാക്കളെ നിരാശപ്പെടുത്തുന്നു. ഇപ്പോള്‍ ചില വ്യവസായികള്‍ അഗ്‌നീവീറുകളെ പണിക്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെ പാഴ് വാക്കാക്കാനേ തരമുള്ളു. 15 വര്‍ഷ സേവനക്കാലാവധി പൂര്‍ത്തിയാക്കിയിറങ്ങിയ എത്ര ചെറുപ്പക്കാരായ സൈനികര്‍ക്കാണ് ഇവര്‍ ഇതിനു മുന്‍പ് തൊഴിലു കൊടുത്തതെന്നാണ് മുതിര്‍ന്ന മുന്‍ സേനാ മേധാവികള്‍ വരെ ചോദിച്ചത്.
വിരമിച്ച സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കേണ്ടതുണ്ട്. ഇതിനായി പങ്കാളിത്ത ആരോഗ്യ പദ്ധതിയായ ഇ.സി.എച്ച്.എസിനായി വലിയ തുക നീക്കി വയക്കുന്നുണ്ട്. ഏകദേശം നാലായിരം കോടിയോളം വരും ഈയിനത്തിലെ ഈ വര്‍ഷത്തെ നീക്കിയിരിപ്പ്. അഗ്‌നി വീര്‍ പദ്ധതി വന്നാല്‍ നാലില്‍ മൂന്ന് സൈനികരെയും ഈ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കാം. അങ്ങനെ പെന്‍ഷനെ പോലെ ഈയിനത്തിലും കാര്യമായ ലാഭമാണ് പ്രതീക്ഷിക്കുന്നത്.
താല്‍ക്കാലിക സൈനികര്‍ എന്ന സാദ്ധ്യത, അമേരിക്കയിലും ഇന്ത്യയിലും
മുതലാളിത്ത രാജ്യമായ അമേരിക്കയിലും സൈനിക ചെലവ് ഉയരുന്നത് വലിയ ആശങ്ക ഉയരാറുണ്ട്. ലോകമാകെ ഇടപെടല്‍ നടത്തുന്ന അവര്‍ പങ്കാളിത്ത രാഷ്ട്രങ്ങളില്‍ നിന്ന് ചെലവിന്റെ നല്ലൊരു ശതമാനം തിരിച്ചു പിടിക്കും. വാണിജ്യ വ്യാപാര താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്കന്‍ സൈന്യം പ്രധാനമായും ബാഹ്യ ഇടപെടല്‍ നടത്തുന്നത്. സമുദ്രങ്ങളും തുറമുഖങ്ങളും നിയന്തിക്കുക എന്നതാണ് പാശ്ചാത്യ സേനകളുടെ പ്രധാന തന്ത്രം. നാറ്റോ അഥവാ നോര്‍ത്ത് അറ്റ്‌ലാന്റിക്ക് ട്രീറ്റീ ഓര്‍ഗനൈസേഷന്‍ സൈനിക സഖ്യമാണ് ഉണ്ടാക്കിയിട്ടുള്ളതെങ്കിലും ലക്ഷ്യം വ്യാപാര സംരക്ഷണമാണ്. തന്ത്ര പ്രധാനമായ മെഡിറ്ററേനിയന്‍ കടലിലെ ആധിപത്യത്തിന് നാറ്റോ സഖ്യവും നിര്‍ണ്ണായകമാണ്. പഴയ സോവിയറ്റ് ചേരിയിലെ റൊമേനിയയും ബള്‍ഗേറിയുമൊക്കെ നാറ്റായില്‍ ചേര്‍ന്നതും ഈ ലക്ഷ്യത്തോടെയാണ്. ജോര്‍ജിയയും ഉക്രൈനും കൂടി ആ വഴിക്ക് നീങ്ങി തുടങ്ങിയതോടെയാണ് റഷ്യ അവര്‍ക്കെതിരെ തിരിഞ്ഞത്.
ഇവിടത്തെ പ്രദേശങ്ങള്‍ വരുതിയിലാക്കി കരിങ്കടലിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ് റഷ്യ. ഇതു വഴി എണ്ണയും ഗോതമ്പും അടക്കം തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് സുഗമമായ പിപണി ഉറപ്പിക്കലാണ് റഷ്യന്‍ ലക്ഷ്യം. വ്യപാരത്തിലെ താത്പര്യങ്ങള്‍ക്ക് വിഘാതമാകുമെന്ന് കണ്ടാണ് അമേരിക്കയും യൂറോപ്യന്‍ നാടുകളും എന്ത് വില കൊടുത്തും റഷ്യക്കെതിരെ യുക്രൈനെ ആയുധണമണിയിക്കുന്നത്. പുത്തന്‍ സാമ്പത്തിക ശക്തി ആകണമെങ്കില്‍ ഇന്ത്യയ്ക്കും ചൈനക്കും ഇതേ മാര്‍ഗ്ഗം സ്വീകരിക്കണ്ടി വരും. ലോകത്തെ തന്നെ ചരക്ക് നീക്കങ്ങളുടെ നിര്‍ണ്ണായക പാതയായ ഇന്ത്യന്‍ മഹാസമുദ്രത്തെ നിയന്ത്രിക്കാന്‍ വലിയ പോരാട്ടം പ്രതീക്ഷിക്കണം. പരമ്പരാഗത യുദ്ധ ശൈലിയില്‍ നിന്ന് വ്യത്യസ്തമായ സിദ്ധികളുള്ള സൈനികരാവും പുതിയ കാലഘട്ടം പ്രതീക്ഷിക്കുന്നത്. ഇനിയുള്ള സൈനികരുടെ നൈപുണ്യ ചോദന എപ്പോഴും മാറാം. അതിനാല്‍ കൂടിയാണ് താത്കാലിക സൈനികരെ ലക്ഷ്യമിടുന്നത്. അഗ്‌നിവീര്‍ പദ്ധതി സര്‍ക്കാര്‍ അവതരിപ്പിക്കുന്നതിലെ മറ്റൊരു കാരണമിതാണ്.
അതേ സമയം അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ അയല്‍ക്കാരില്‍ നിന്ന് വലിയ ഭീഷണിയാണ് നേരിടുന്നത്. ദുര്‍ഘടമായ പാക്, ചൈന അതിര്‍ത്തികളില്‍ അടരാടാന്‍ ചോരത്തിളപ്പും യുവത്വവും പ്രധാന ഘടകമാണ്. ഇപ്പോഴത്തെ സേനയുടെ ശരാശരി പ്രായം 32-ല്‍ നിന്ന് 26 ആയി വരും വര്‍ഷങ്ങളില്‍ കുറയ്ക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ആദ്യ 4 വര്‍ഷങ്ങളില്‍ 46,000 അഗ്‌നിവീറുകളെ റിക്രൂട്ട് ചെയ്ത്, അഞ്ചാം വര്‍ഷം 90,000 ആയി ഉയര്‍ത്താനാണ് ലക്ഷ്യം. ആറാം വര്‍ഷം ഇത് 1,25,000 ആയി ഉയര്‍ത്താനുമാണ് ലക്ഷ്യം. ഫലത്തില്‍ 15 വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ സേനയില്‍ സ്ഥിരം സൈനികരെക്കാള്‍ സന്നദ്ധ സൈനികരാകും കൂടുതല്‍. ചെലവ് കുറയ്ക്കലും കൂടി ലക്ഷ്യമുണ്ടെങ്കിലും സര്‍ക്കാറും സൈനിക വക്താക്കളും അത് സമ്മതിക്കുന്നില്ല. സാങ്കേതിക ശേഷിയുള്ള ഊര്‍ജ്ജസ്വലമായ സൈന്യത്തെയാണ് ലക്ഷമിടുന്നതെന്നാണ് സര്‍ക്കാറിന്റെ അഗ്‌നിവീര്‍ വക്താവായിട്ടുള്ള ലഫ്റ്റനന്റ്‌റ് ജനറല്‍ അരുണ്‍ പുരി വാദിക്കുന്നത്. ആ വാദത്തില്‍ ശരിയുമുണ്ട്.
തീവ്രവാദികളെ അടക്കം ആഭ്യന്തരമായി നേരിടാന്‍ ദുര്‍ഘടമായ സാഹചര്യങ്ങളില്‍ പണിയെടുക്കേണ്ട വരുന്ന ഇന്ത്യന്‍ സേനക്ക്, പ്രതേകിച്ച് കരസേന പ്രവര്‍ത്തിക്കുന്നത് ഒരു കുടുംബം പോലെ ഊഷ്മളമായ കെട്ടുറപ്പിന്റെ അടിസ്ഥാനത്തിലാണ്. വര്‍ഷങ്ങളായുള്ള ആത്മബന്ധമാണ് ഏത് വെല്ലുവിളികളെയും നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നത്. ആ അവസ്ഥയില്‍ നിന്നുള്ള കടലകലമാകും പുതിയ അഗ്‌നിവീര്‍ സമ്പ്രദായം. ഇത് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്ക് ചില്ലറ വെല്ലുവിളികളായിരിക്കില്ല ഉയര്‍ത്തുന്നത്. സേനയുടെ പ്രവര്‍ത്തനത്തിനും പരിശീലനത്തിനും ഘടനക്കും വലിയ മാറ്റവും വേണ്ടി വരും.
തൊഴിലില്ലായ്മ എന്ന പ്രതിസന്ധി
പാശ്ചാത്യ നാടുകളില്‍ നിന്ന് വ്യത്യസ്തമാണ് വലിയ ജനസംഖ്യയുള്ള നമ്മുടെ നാട്. സൈന്യത്തിലേക്ക് ആളെ കിട്ടാത്തതിനാലാണ് അവിടങ്ങളില്‍ പലയിടത്തും ചെറിയ കാലത്തേക്കുള്ള സന്നദ്ധ സേവനവും നിര്‍ബന്ധിത സൈനിക സേവനവും ഏര്‍പ്പെടുത്തിയിട്ടുള്ളത്. 130 കോടി കവിഞ്ഞ നമ്മുടെ നാട്ടില്‍ അങ്ങനയൊരു പ്രശ്‌നമേയില്ല. കുറഞ്ഞത് 25 പേരെങ്കിലും സേനയുടെ ഓരോ ഒഴിവിലേക്കും മത്സരിക്കുന്നു. ഈ തൊഴില്ലിലായ്മ തന്നെയാണ് അഗ്‌നീവീറിന് എതിരായുള്ള പ്രക്ഷോഭത്തിന് അഗ്‌നി പകര്‍ന്നതും. പല സംസ്ഥാനങ്ങളിലും പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജീവിതം സുരക്ഷിതമാക്കാനുള്ള ഉറപ്പാണ് സൈനിക സേവനം. രാഷ്ട്ര സേവന തത്പരതക്കൊപ്പം അവരെ ആകര്‍ഷിക്കുന്ന ഘടകമിതാണ്. ഈ തൊഴില്ലിലായ്മ തന്നെയാണ് സര്‍ക്കാറിനും കരുത്താകുന്നത്. മൂന്നോ നാലോ വര്‍ഷമെങ്കില്‍ അത്രയുമായി എന്നാഗ്രഹിച്ച് അഗ്‌നിവീറാകാന്‍ നെഞ്ചും വിരിച്ച് ഇന്ത്യയുടെ വിദൂര ഗ്രാമങ്ങളില്‍ നിന്ന് പോലും യുവാക്കള്‍ എത്തുമെന്ന് സര്‍ക്കാറിനും ഉറപ്പുണ്ട്. അതിനാലാണ് റിക്രൂട്ടിങ്ങ് ഉടന്‍ തുടങ്ങുമെന്നും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ പരിഗണിക്കില്ലെന്ന് പറയാനും സര്‍ക്കാറിന് ധൈര്യമേകുന്നതും.
അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങളില്‍ ഇതല്ല സ്ഥിതി. സിവിലിയന്‍ മേഖലയേക്കാള്‍ മികച്ച ശമ്പളവും ആനുകൂല്യവും നല്‍കിയിട്ടും അമേരിക്കയില്‍ ആവശ്യത്തിന് സൈനികരെ കിട്ടുന്നില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 64 ശതമാനത്തോളം അധിക വരുമാനമാണ് അമേരിക്കന്‍ സൈനികര്‍ക്കുണ്ടായിട്ടുള്ളത്. എന്നിട്ടും ആളെ കിട്ടാഞ്ഞിട്ട് താല്‍്കാലിക സൈനിക സേവന കാലാവധി മൂന്നില്‍ നിന്ന് രണ്ട് വര്‍ഷമായി കുറയ്ക്കാനാണ് അവര്‍ ആലോചിക്കുന്നത്. സ്ഥിരം സേവനത്തിലുള്ളവര്‍ പോലും പെട്ടെന്ന് പിരിഞ്ഞു പോകുന്ന പ്രവണതയാണ് അമരിക്കയില്‍. നമ്മുടെ അവസ്ഥ നേരെ തിരിച്ചും. പാശ്ചാത്യ സേനകളില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ സൈനിക സേവനം നടത്തുന്നവരാണ് നമ്മുടെ സൈനികര്‍. സാധാരണ ഗതിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കാറില്ല. എന്നാല്‍ കശ്മീരീലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്വന്തം നാട്ടുകാരമായി തന്നെ ഏറ്റുമുട്ടേണ്ടി വരുന്നത് നമ്മുടെ സൈന്യത്തിന്റെ മാനസിക സമ്മര്‍ദ്ദം കൂട്ടുന്നുണ്ട്. ആ സാഹചര്യത്തില്‍ സൈനികരുടെ കെട്ടുറപ്പും ദീര്‍ഘമായുള്ള ഇഴബന്ധവും നിര്‍ണ്ണായകമാണ്. നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ രീതികളില്‍ പുതിയ അഗ്‌നിവീര്‍ സമ്പ്രദായം എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാത്തിരുന്നു കാണുകയേ നിര്‍വാഹമുള്ളു.