Opinion : 40 വര്‍ഷം മുമ്പ് കണ്ട ആ യുക്രൈന്‍ പെണ്‍കൊടി ഇപ്പോള്‍ എന്തുചെയ്യുകയാവും?
40 വര്‍ഷം മുന്‍പ് തിരുവന്തപുരത്ത് കണ്ട പേരറിയാത്ത യുക്രൈന്‍ പെണ്‍കിടാവ് ഇന്ന് എവിടെയായിരിക്കും? ഇന്ന് വളര്‍ന്ന് വലുതായ അവര്‍ എന്ത് ചെയ്യുന്നുണ്ടാകും? തലസ്ഥാനമായ കീവിലാണോ, റഷ്യന്‍ പിന്തുണയുള്ള ഡോണ്‍ബാക്‌സ് വിമത മേഖലയിലാണോ, അതോ നാട്ടിലെയോ, വിദേശത്തെയോ ഏതെങ്കിലും ദൂരസ്ഥലിയിലാണോ?
അന്ന് തിരുവനന്തപുരത്ത് കൂടെയുണ്ടായിരുന്ന സോവിയറ്റ് നാട്ടിലെ റഷ്യക്കാരും, അസര്‍ബൈജന്‍കാരും, ജോര്‍ജിയക്കാരുമൊക്കെ ഇപ്പോള്‍ അവളുടെ മിത്രങ്ങളായി തന്നെ തുടരുന്നവോ? അതോ അവര്‍ കാണാമറയത്തെ ശതുക്കളായോ? അവള്‍ക്കൊരു പുത്രന്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും തണുത്തുറഞ്ഞ അതിരുകളില്‍ റഷ്യക്കെതിരെ അവന്‍ തോക്കെടുക്കുന്നുണ്ടാകുമോ? അവന്റെ ബങ്കറിലേക്ക് രണായുധങ്ങള്‍ തൊടുക്കുന്ന റഷ്യന്‍ പോരാളി ഒരു പക്ഷേ അവളുടെ പഴയ റഷ്യന്‍ കൂട്ടുകാരന്റെ പുത്രനായിരിക്കുമോ?
പൊതിഞ്ഞിരിക്കുന്ന വെള്ള തുണിക്കെട്ടിനെയും ഭേദിച്ച്, അവളുടെ സ്വര്‍ണ്ണ വര്‍ണ്ണം കലര്‍ന്ന മുടിയിഴകള്‍, ചുവന്ന് തുടുത്ത മുഖത്തേക്ക് ഒഴുകി പരക്കുന്നുണ്ടായിരുന്നു. അവളുടെ കൈയിലിരിക്കുന്ന നല്ല വൃത്താകൃതിയിലുള്ള അപ്പം ഉപ്പുകൂട്ടി കഴിക്കാന്‍ ആംഗ്യ ഭാഷയില്‍ പറഞ്ഞതു തന്നെ കൗതുകമുണര്‍ത്തിയിരുന്നു. അപ്പം കഴിച്ചതുമില്ല, ആഗ്രഹമുണ്ടായിരുന്നിട്ടും അവളുമായി ഒന്നുരിയാടാനുമായില്ല. അരികിലായിരുന്നുവെങ്കിലും ഭൂഖണ്ഡങ്ങളുടെ അകലം ഉണ്ടായിരുന്നു ഞങ്ങള്‍ ഇരുവര്‍ക്കുമിടയില്‍.
പത്ത് നാല്‍പ്പത് കൊല്ലം മുമ്പത്തെ കാര്യമാണ്. തിരുവനന്തപുരത്തെ കനക്കകുന്നില്‍ വച്ചാണ് ആ യുക്രൈന്‍ പെണ്‍കുട്ടിയെ കണ്ടത്. പേരൊന്നുമറിയില്ല. അല്ലെങ്കില്‍ തന്നെ ഉത്സവപറമ്പില്‍ വഴിവാണിഭം നടക്കുന്നയിടത്ത് ചില്ലു കുപ്പിയിലിരിക്കുന്ന വര്‍ണ്ണ മുട്ടായികള്‍ കാണും പോലത്തെ അവസ്ഥയായിരുന്നു ഞങ്ങള്‍ക്ക്. കാഴ്ച കണ്ട് സായൂജ്യമടയുക, അത്ര തന്നെ. സോവിയറ്റ് യൂണിയന്‍ സിരകളില്‍ അഗ്‌നി പടര്‍ത്തിയിരുന്ന കാലം.
അതു വരെ തിരുവനന്തപുരം വാന്റോസ് ജംഗ്ഷന് താഴെ ഗോര്‍ക്കി ഭവനില്‍ വല്ലപ്പോഴും കണ്ടിരുന്ന ചലച്ചിത്രങ്ങളിലും അവിടെ നിന്ന് കിട്ടിയിരുന്ന നല്ല പളപളപ്പുള്ള താളുകളില്‍ അച്ചടിച്ചു വന്ന സോവിയറ്റ് നാട്, സോവിയറ്റ് ലാന്‍ഡ് മാസികകളിലെ മനോഹര ചിത്രങ്ങളിലും കണ്ട സുന്ദരിമാരും സുന്ദരന്‍മാരും ഇതാ വിണ്ണില്‍ നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്നിരിക്കുന്നു. ഇന്ത്യയുമായി പ്രത്യേകിച്ച് കേരളവുമായി ഊഷ്മള ബന്ധം സോവിയറ്റ് യൂണിയന്‍ പുലര്‍ത്തിയിരുന്ന കാലം.
പുതുതലമുറയില്‍ പെട്ട ആര്‍ക്കെങ്കിലും അറിയില്ലെങ്കില്‍ അവരോടായി പറയുകയാണ്. പണ്ടുപണ്ട് യു.എസ്.എസ്.ആര്‍ അഥവാ യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്ക് എന്നൊരു രാജ്യമുണ്ടായിരുന്നു. ഒരിക്കലും നേരിട്ട് യുദ്ധം ചെയ്തിരുന്നില്ലെങ്കിലും അമേരിക്ക എന്ന വന്‍ ശക്തിയോട് അന്ന് ശീതയുദ്ധത്തിലൂടെ നിരന്തരം പൊരുതിയിരുന്ന കമ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ടം. സിംഹഭാഗവും റഷ്യ, പിന്നെ ചുറ്റിലുമായി സാമന്തരാജ്യങ്ങളെന്ന പോലെ പതിനഞ്ച് ദേശീയതകളും. ഉക്രൈയിനും, റഷ്യ കൈയാളായ ബെലാറസും, പിന്നെ ജോര്‍ജിയ. ഉസ്‌ബെക്കിസ്താന്‍ താജിക്കിസ്താന്‍, കസാക്കിസ്താന്‍ തുടങ്ങിയവ. 1917-ലെ ഒക്ടോബര്‍ വിപ്‌ളവത്തെ തുടര്‍ന്ന് 1922-ല്‍ രൂപീകരിക്കപ്പട്ടത് മുതല്‍ 1991-ല്‍ ഗോര്‍ബച്ചവിന്റെ പെരിസ്‌ട്രോയിക്കയും ഗ്‌ളാസ്‌നോസ്റ്റും വഴി അവസാനിക്കുന്നതു വരെ കമ്യൂണിസമെന്ന അടിച്ചേല്‍പ്പിക്കപ്പെട്ട ചരടല്ലാതെ ഭിന്നദേശീയതകള്‍ തന്നെയായിരുന്നു യു.എസ്.എസ്. ആര്‍.
ഞങ്ങളൊക്കെ ഹൈസ്‌കൂള്‍ ക്‌ളാസ്സുകളിലും കോളേജിലുമൊക്കെ പഠിച്ചിരുന്ന കാലത്ത് തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവന്‍ അത്ഭുതമായിരുന്നു. ശീതികരിച്ച ഗ്രന്ഥശാലയും, തിയറ്ററും ,ചതുരംഗശാലയും എന്തിന് അവിടത്തെ ശൗചാലയം പോലും നമുക്ക് വിസ്മയമായിരുന്നു. അക്കാലത്ത് സി.പി.ഐയുമായിട്ടായിരുന്നു റഷ്യയ്ക്ക് ചാര്‍ച്ച. അവരുടെ വിവിധ തലത്തിലുള്ള നേതാക്കളും വീട്ടുകാരും സില്‍ബന്ധികളുമൊക്കെ സോവിയറ്റ് യൂണിയനിലേക്കും കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കും പല ആവശ്യത്തിനും പോവുന്നത് പതിവായിരുന്നു. ഒരു സഹപാഠി, തന്റെ അമ്മ ഇത്തരം ഒരു യാത്ര കഴിഞ്ഞുകൊണ്ടുവന്ന തിരുശേഷിപ്പുകളുമായി സ്‌കൂളില്‍ വന്നതാണ് ഞങ്ങളുടെ സോവിയറ്റ് നാട്ടിലേക്കുള്ള ആദ്യ പരിചയം. പിന്നെ അര്‍ക്കാധി ഗൈദാര്‍ എന്നൊക്കെ വിചിത്രമായി തോന്നാവുന്ന പേരുള്ളവരൊക്കെ എഴുതുന്ന ചുക്കും ഗെക്കും പോലുള്ള പ്രഭാത് ബുക്ക് ഹൗസിന്റെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും.
കോളേജില്‍ എത്തിയപ്പോള്‍ സി.പി.ഐ വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാക്കള്‍ സോവിയറ്റ് യാത്രയുടെയും ദീര്‍ഘ കാലവാസത്തിന്റെയും അനുഭവങ്ങളുമായി വന്നിരുന്നത് ഞങ്ങളുടെ എസ്.എഫ്.ഐ സഖാക്കള്‍ക്ക് പോലും അസൂയ ഉളവാക്കിയിരുന്നു. ഗോര്‍ക്കി ഭവനില്‍ വല്ലപ്പോഴും കണ്ടിരുന്ന സിനിമകളും ഡോക്യുമെന്റികളുമെല്ലാം സോവിയറ്റ് അഭിനിവേശം അരക്കിട്ടുറപ്പിച്ചിരുന്നു. അങ്ങനെ കമ്യൂണിസ്റ്റ് സ്വര്‍ഗ്ഗം കാണാന്‍ കൊതിച്ചിരുന്ന കാലത്താണ് സോവിയറ്റ് മേളയുടെ രൂപത്തില്‍ അവിടുന്നുള്ള മാലാഖ കുട്ടികള്‍ തിരുവനന്തപുരത്ത് എത്തിയത്.
ആ ദിവസങ്ങള്‍ ഗംഭീരമായിരുന്നു് പാട്ടും നൃത്തവും ഭക്ഷണവും പ്രദര്‍ശനങ്ങളുമായി ആകെ ഒരു മേളം. വെളുത്തിരുന്നവരെല്ലാം സായിപ്പും മദാമ്മയുമായിരുന്നു ഞങ്ങള്‍ക്ക്. എന്നാലും യൂറേഷ്യയിലും കിഴക്കന്‍ യൂറോപ്പിലും നിന്നു വന്ന സോവിയറ്റ് നാട്ടുകാര്‍ കോവളം കാണാന്‍ വന്നിരുന്ന പാശ്ചാത്യരില്‍ നിന്ന് പലതു കൊണ്ടും വ്യത്യസ്ഥരായിരുന്നു. കോവളം സഞ്ചാരികള്‍ അല്‍പ്പ വസ്ത്ര ധാരികളായി തന്നെയാണ് പലപ്പോഴും നഗരത്തിലും സഞ്ചരിച്ചിരുന്നത്. എന്നാല്‍ സോവിയറ്റ് ലാന്‍ഡുകാര്‍ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളും വിഭവങ്ങളുമായി മറ്റൊരു ലോകമാണ് നമുക്ക് കാഴ്ചവെച്ചത്. ഞങ്ങള്‍ക്കൊക്കെ അവരുമായി ഇടപഴകാന്‍ ഭാഷ തന്നെയായിരുന്നു വലിയ തടസ്സം. പക്ഷേ കുലീനമായ പെരുമാറ്റത്താലും ഹൃദ്യമായ പുഞ്ചിരിയാലും ഞങ്ങളുടെ മനസ്സ് കീഴടക്കി തന്നെയാണ് അവര്‍ നഗരം വിട്ടത്. അന്ന് കണ്ട ഉക്രൈയിന്‍ പെണ്‍കുട്ടിയടക്കമുള്ളവരുടെ വിലാസം പോയിട്ട് പേരു പോലും ചോദിച്ചറിയാനാകാതെ പോയ ഇച്ഛാഭംഗത്തിലായിരുന്നു ഞങ്ങള്‍ ചെറുപ്പക്കാര്‍.
കോളേജ് പഠനമൊക്കെ പൂര്‍ത്തിയാക്കിയ തൊണ്ണുറുകളുടെ ആദ്യമാണ് ഇന്ത്യയില്‍ ഉദാരവത്കരണ-ആഗോളവത്കരണ കാറ്റ് വീശുന്നത്. സോവിയറ്റ് യൂണിയനിലും ഗ്‌ളാസ്‌നോസ്റ്റും പെരിസ്‌ട്രോയിക്കയുമെന്ന പേരില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് എന്ന് സോവിയറ്റ് ഭരണാധികാരി മാറ്റത്തിന്റെ കാറ്റു വിതച്ചു. അത് പക്ഷേ നറുംതെന്നലായിരുന്നില്ല. സോവിയറ്റ് യൂണിയന്‍ തന്നെ കടപുഴകി വീഴാന്‍ പ്രാപ്തമായ കൊടുങ്കാറ്റായിരുന്നു. റഷ്യയെന്ന വലിയ രാജ്യവും , പതിനഞ്ചോളം ചെറു രാജ്യങ്ങളുമായി അത് വിഭജിക്കപ്പെട്ടു. അതിന്റെ അലയൊലികളില്‍ പോളണ്ടും, റൊമേനിയയുമടക്കം കിഴക്കന്‍ യൂറോപ്പിലെ രാജ്യങ്ങളിലും കമ്യൂണിസം തൂത്തെറിയപ്പെട്ടു. മതനിരാസത്തിലായിരുന്ന അവയില്‍ പലതും തീവ്ര മതരാഷ്ട്രങ്ങളായി
ഇങ്ങ് അയിരം കാതം അകലെയുള്ള തിരുവനന്തപുരത്തും അതിന്റെ പ്രകമ്പനം എത്തി. പെട്ടൊന്നുരു നാള്‍ ഞങ്ങളുടെ ഗോര്‍ക്കി ഭവന്‍ നിശ്ചേതനമായി. വല്ലാതെ ഉലച്ചിലോടെയാണ് പുതുതായി പിറവിയെടുത്ത റഷ്യ രൂപം കൊണ്ടത്. ബോറിസ് യെല്‍സിന്‍ ആദ്യ പ്രസിഡന്റായി. പഴയ സോവിയറ്റ് പാരമ്പര്യത്തില്‍ വന്നയാളാണ് യെല്‍സിന്‍ . എന്നാല്‍ മദ്യപിച്ചു ലക്കുകെട്ടു തുള്ളുന്ന ഒരാളുടെ ചിത്രമാണ് യെല്‍സിന്റെതായി പലപ്പോഴും പുറത്തു വന്നത്. സോവിയറ്റ് യൂണിയനെക്കുറിച്ച് നാം അറിഞ്ഞിരുന്ന സമ്പന്നതയും സുസ്ഥിരതയും സുവ്യവസ്ഥയുമൊക്കെ സോവിയറ്റ് മാസികകളുടെ വര്‍ണ്ണത്താളുകളിലെ കൃത്രിമ ചിത്രങ്ങള്‍ മാത്രമായിരുന്നുവെന്ന് ഞങ്ങള്‍ക്ക് തോന്നി. കുറഞ്ഞ പക്ഷം ഞങ്ങള്‍ അന്ന് തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് വായിച്ച പാശ്ചാത്യ പത്രങ്ങളും ബി.ബി.സി കാസറ്റുകളിലും കണ്ട കാര്യമതായിരുന്നു ( വൈ എം.സി.എ യില്‍ പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി പിന്നീട് പൂട്ടി).
രണ്ട് വര്‍ഷത്തിനു ശേഷം 1993-ല്‍ ഏഷ്യാനെറ്റ് പിറവി കൊണ്ടപ്പോള്‍ അത് സംപ്രേഷണം ചെയ്തത് റഷ്യയില്‍ നിന്നായിരുന്നു. സ്ഥാപന ഉടമയായിരുന്ന റജി മേനാന്‍ പഠിച്ചതും പിന്നീട് പ്രവര്‍ത്തിച്ചു വന്നതും പഴയ സോവിയറ്റ് യൂണിയനിലും പിന്നീട് റഷ്യയിലുമായിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ കാടുകയറി. പ്രൗഢമായ ആ മന്ദിരത്തില്‍ സാമൂഹ്യ വിരുദ്ധരും ഇഴജന്തുക്കളും മാത്രമായി വാസം. അതിനിടെ ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണ സ്ഥലി ലോകവും രാജ്യവും ചുറ്റി ഇന്ത്യയിലെത്തി. രണ്ടായിരത്തോടെ ചെന്നെയിലെ കൊരട്ടൂരില്‍ നിന്ന് വാര്‍ത്താ നിര്‍മ്മാണവും സംപ്രേഷണവും തിരുവനന്തപുരത്തേക്ക് മാറി. തിരുവനന്തപുരത്ത് പുളിയറക്കോണത്ത് ഏഷ്യാനെറ്റിന് വിശാല സ്റ്റുഡിയോ വന്നു. നഗരത്തില്‍ വേണ്ട വാര്‍ത്താ കേന്ദ്രം എവിടെ സ്ഥാപിക്കുമെന്ന ചോദ്യത്തിന് റെജി മേനാന്റെ റഷ്യന്‍ ബന്ധം തുണയായി. അതിലുപരി റഷ്യയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം നിമിത്തം ഗോര്‍ക്കി ഭവനിലേക്ക് കണ്ണുടക്കി.
ആ സ്ഥലം ചെന്ന് പരിശോധിക്കാന്‍ എനിക്ക് നിര്‍ദ്ദേശം കിട്ടി. ഭൂതകാലസമൃദ്ധിയുടെ പ്രേത മന്ദിരം മാത്രമായിരുന്നു അപ്പോള്‍ അവിടം. കാടുകയറി ശരിക്കും ഘോരസര്‍പ്പങ്ങള്‍ അടക്കം അധിവസിക്കുന്നയിടമായി മാറിയിരുന്നു അത്. നല്ല പണിപ്പെട്ടും വന്‍ തുക മുടക്കിയുമാണ് മാസങ്ങളെടുത്ത് അവിടം ഒരു ടെലിവിഷന്‍ സ്റ്റുഡിയോയും ന്യൂസ് റൂമുമാക്കിയത്. പണ്ട് ഞങ്ങള്‍ ആശ്ചര്യപ്പെട്ടിരുന്ന ശൗചാലയങ്ങളിലൊന്നിനെ പാന്‍ട്രിയായി വരെ മാറ്റി. അതിനിടെ റഷ്യന്‍ഒോണററി കോണ്‍സിലേറ്റിനും അതിലൊരു ഭാഗം മാറ്റി വച്ചു. ഒരു കാലത്ത് തിരുവനന്തപുരത്തെ സാംസ്‌കാരിക ചലനങ്ങളെ നിയന്ത്രിച്ചിരുന്ന ഗോര്‍ക്കി ഭവനിനേക്ക് വീണ്ടും റഷ്യന്‍ സാന്നിധ്യമായി. ഏഷ്യാനെറ്റില്‍ നിന്ന് ലഭിക്കുന്ന വാടകയും അവര്‍ക്ക് താങ്ങായി എന്ന് പറയേണ്ടി വരുന്നത് വിഷമത്തോടെയാണ്.
................................................
Read More: ഇറങ്ങിപ്പോടാ ഫാഷിസ്റ്റുകളേ, റഷ്യന്‍ സൈനികരെ നിര്‍ഭയം നേരിട്ട് വൃദ്ധ
Read More: 'പുടിൻ! യുക്രൈനെ വെറുതെ വിട്!' സെന്‍റ് പീറ്റേഴ്സ് ബർഗ് ഇരമ്പി, റഷ്യക്ക് നേരെ സൈബർ ആക്രമണം
.............................................
പുതിയ സഹസ്രാബ്ദത്തെ ലോകം വരവേറ്റു തുടങ്ങിയ കാലം. എട്ടര വര്‍ഷത്തെ ഭരണത്തിനു ശേഷം 1999 ഡിസംബറില്‍ ബോറിസ് യെല്‍സിന്‍ ഭരണ സാരഥ്യമൊഴിയുമ്പോള്‍ പഴയ സോവിയറ്റ് യൂണിയന്റെ വിദൂര നിഴല്‍ മാത്രമായിരുന്നു റഷ്യ. അമേരിക്കക് ബദലായി, പുതിയ സാമ്പത്തിക ശക്തിയായി ലോകത്തെ ഏറ്റവും വലിയ ജനസംഖ്യാ രാഷ്ട്രമായ ചൈന ഉദയം കെണ്ടിരുന്നു. 2000 മേയില്‍ , ഒരു കാലത്ത് അമേരിക്കയുടെ നിത്യ തലവേദനയായിരുന്ന സോവിയറ്റ് ചാര സംഘടന കെ.ജി. ബിയിലെ സമര്‍ത്ഥനായ ഒരു മുന്‍നിരക്കാരന്‍ , ഇക്കാലയളവില്‍ രാഷ്ട്രീയത്തില്‍ കണ്ണ് വച്ചിരുന്നു. 1999ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന വ്‌ളാദിമീര്‍ പുടിന്‍ എന്ന കുശാഗ്ര ബുദ്ധിക്കാരന്‍, യെല്‍സിനുണ്ടാക്കിയ വിടവില്‍ സുഗമമായി റഷ്യന്‍ പ്രസിഡന്റാകുന്നു. അപ്പോള്‍ പ്രായം 48 വയസ്സ്. പിന്നീട് പുടിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഭരണഘടന അനുശാസിക്കുന്നതിനാല്‍ 2008ല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് പക്ഷേ പ്രധാനമന്ത്രി പദത്തില്‍ അവരോധിതനായി കൊണ്ടായിരുന്നു.. ദിമിത്രി മെദ്വദേവ് സാങ്കേതികമായി രാഷ്ട്ര തലവനായിരുന്നപ്പോഴും റഷ്യയുടെ ചുക്കാന്‍ പുടിന്റെ കൈയില്‍ തന്നെയായിരുന്നു.അക്കാലയളവില്‍ മോസ്‌കോ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ അടക്കമുള്ള ലോക നേതാക്കള്‍ തങ്ങളുടെ നിലപാടുകള്‍ക്കുള്ള മറുപടി പുടിന്‍ തന്നെയായിരുന്നു നല്‍കിയിരുന്നതെന്ന് അവരുടെ സ്മരണികകളില്‍ പറഞ്ഞിട്ടുണ്ട്.
സോവിയറ്റ് യുണിയന്‍ കാലത്തെ തിരുശേഷിപ്പുകള്‍ അപ്പോഴേക്കും റഷ്യയ്ക്കും സാമന്ത രാജ്യങ്ങള്‍ക്കും ബാധ്യതയായിരുന്നു. ആയുധങ്ങളും, സ്വര്‍ണ്ണവും ഒഴികെ മറ്റ് ഭൂരിപക്ഷ സോവിയറ്റ് വസ്തുക്കളും ആര്‍ക്കും വേണ്ടാതെയായി. സോവിയറ്റ് വീരഗാഥ വിളമ്പുന്ന വന്‍ ചലച്ചിത്ര, ഡോക്യുമെന്ററി, ന്യൂസ് റീല്‍ ശേഖരം അപ്പോഴേക്കും ഉപേക്ഷിക്കപ്പെട്ടു തുടങ്ങിയിരുന്നു. റജി മേനോന്റെ സോവിയറ്റ് കമ്പം അവസാനിച്ചിരുന്നില്ല. അദ്ദേഹം ഫിലിം രൂപത്തിലുള്ള ആ വലിയ ചരിത്രം ഏറെ പണം മുടക്കി ഇങ്ങോട്ടെത്തിച്ചു. ഗോര്‍ക്കി ഭവനിലെ തിയറ്റര്‍ പ്രൊജക്ടര്‍ നന്നാക്കി, അതെല്ലാം പ്രദര്‍ശിപ്പിച്ചു പരിശോധിക്കുന്ന ഒരു നീണ്ട യജ്ഞത്തിന് തുടക്കമായി. ഈ വിഷയത്തിലെ വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി ഇത് പ്രോസസ് ചെയ്യുന്നത് ലൈബ്രറിക്കാരുടെ പ്രധാന പണിയായി. അത് വീഡിയോ കാസറ്റിലാക്കുന്ന പ്രവൃത്തിയില്‍ ഞങ്ങള്‍ക്കെല്ലാം പങ്കാളിയാകേണ്ടി വന്നു. വിലപ്പെട്ട ആ കൃത്യനിര്‍വഹണം ഒട്ടും സുഖമുള്ള കാര്യമായിരുന്നില്ല. അന്നന്നത്തെ വാര്‍ത്താ ശേഖരണ ഓട്ടത്തിനിടയില്‍ ഇതൊരു തലവേദനയായിരുന്നു. അധികമായാലും അമൃതും വിഷം. ഒരിക്കല്‍ സന്തോഷിപ്പിച്ചിരുന്ന സോവിയറ്റ് കാഴ്ചകള്‍ ഞങ്ങള്‍ക്ക് അലോസരമായി. അവിടെ നന്നായി പ്രവര്‍ത്തിച്ചു വരവേ പിന്നീട് ഏഷ്യാനെറ്റിനെതിരെ ഗോര്‍ക്കി ബാന്ധവത്തിന്റെ പേരില്‍ വിമര്‍ശനങ്ങളുയര്‍ന്നു. തകര്‍ന്നു കിടന്ന കെട്ടിടം വന്‍ തുക മുടക്കി വീണ്ടും സജ്ജമാക്കി വാടക കൃത്യമായി നല്‍കി പ്രവര്‍ത്തിച്ചിരുന്ന ഞങ്ങള്‍ അത് കൈയടക്കി എന്ന വിമര്‍ശനം വന്നപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് അവിടം വിട്ടു. ഞങ്ങള്‍ സജ്ജമാക്കിയ സ്ഥലം പിന്നീട് അവിടെ പ്രവേശിച്ച കേരള സര്‍ക്കാരിന്റെ സി.ഡി.റ്റിന് സൗകര്യവുമായി.
റഷ്യക്കാരോടുള്ള പണ്ടുണ്ടായിരുന്ന മതിപ്പും മമതയും മങ്ങിത്തുടങ്ങി. ഒരു കാലത്ത് സ്വപ്ന സുന്ദരികളായി ഞങ്ങളുടെ മനസ്സിലിടം പിടിച്ചിരുന്ന റഷ്യന്‍ യുവതികളെ നമ്മള്‍ ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കാതിരുന്ന സാഹചര്യങ്ങളില്‍ നമ്മുടെ നാട്ടില്‍ തന്നെ കാണേണ്ടി വന്നത് സങ്കടമായി. അവര്‍ പാപ്പരായി എന്നതിന്റെ സൂചനയായി ആ കാഴ്ചകള്‍. റഷ്യ മാത്രമല്ല ചുറ്റുമുള്ള പഴയ സോവിയറ്റ് റിപബ്ലിക്കുകളും ഏറെക്കുറെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തികമായി ഉലഞ്ഞു. അവിടങ്ങളില്‍ തൊഴില്ലിലായ്മ രൂക്ഷമായി. ഞാന്‍ 2003-ല്‍ യു.കെയില്‍ പഠിക്കാന്‍ പോയപ്പോള്‍ കണ്ട കാഴ്ചകളും സുഖകരമായിരുന്നില്ല. കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള പെണ്‍കുട്ടികളെ ഞങ്ങളുടെ ഹോസ്റ്റലില്‍ തന്നെ വിഷമിപ്പിക്കുന്ന സാഹചര്യങ്ങളില്‍ കണ്ടിരുന്നു. പിന്നീട് അമേരിക്കയില്‍ ഒരു ജോലിക്ക് പോയപ്പോള്‍ ന്യൂയോര്‍ക്കിലെ ഒരു പബിലും ഇത്തരം കാഴ്ചകള്‍ കാണേണ്ടി വന്നു. പഠിക്കാനെത്തിയ പെണ്‍കുട്ടികളില്‍ പലര്‍ക്കും ഉപജീവനത്തിനായി ഇത്തരം പബുകളില്‍ ശ്രേഷ്ഠമല്ലാത്ത പണിയെടുക്കേണ്ടി വരുന്നത് സങ്കട കാഴ്ചയായി. അന്താരാഷ്ട്ര വിമാന യാത്രകളിലും ഇത്തരം കാഴ്ച കാണേണ്ടി വന്നു. ഒരിക്കല്‍ ലണ്ടനില്‍ നിന്നുള്ള എയര്‍ ലങ്കന്‍ വിമാനത്തില്‍ അടുത്തിരുന്ന കിഴക്കന്‍ യൂറോപ്പുകാരനായ യുവാവ് ശ്രീലങ്കയിലേക്ക് ചെറിയ പണിക്കാണ് പോകുന്നതെന്ന് മനസ്സിലാക്കിയപ്പോഴും ആശ്ചര്യമാണ് തോന്നിയത്. വലിയ വിദ്യാഭ്യസമെന്നുമില്ലത്ത താരതമ്യേന ദരിദ്രനായ അയാളെ പോലെ നിരവധി യുവാക്കള്‍ കിഴക്കന്‍ യൂറോപ്പിലും യൂറേഷ്യയിലും ഉണ്ടെന്ന് അയാള്‍ക്കറിയാവുന്ന ദുര്‍ബലമായ ഇംഗ്ലീഷില്‍ നിന്ന് എനിക്ക് മനസ്സിലായി.
അമേരിക്കയോട് കിട പിടിക്കുന്ന വലിയ സൈനിക ശക്തിയായിരുന്നു ഒരു കാലത്ത് സോവിയറ്റ് യൂണിയന്‍. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകളെ ആയുധമണിയിച്ചിരുന്നത് പ്രധാനമായും സോവിയറ്റ് യുണിയനായിരുന്നു. എന്നാല്‍ പഴയ കരുത്തും പിന്തുണയും ഈ സൈനിക സഹകരണത്തില്‍ ഇ്േപപാള്‍ ഉണ്ടോയെന്ന് സംശയമുണ്ട്. റഷ്യയില്‍ നിന്ന് നമ്മള്‍ വാങ്ങിയ അവരുടെ പഴയ വിമാനവാഹിനി കപ്പലായ അഡ്മിറല്‍ ഖോഷ്‌കോവ് നമുക്കായി പരുവപ്പെടുത്തുന്നതില്‍ വലിയ കാലതാമസമാണുണ്ടായത്. എ.കെ.ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനും പഴി കേള്‍ക്കേണ്ടി വന്നു. 15 വര്‍ഷം മുമ്പ്, സുരക്ഷാ നിര്‍ദ്ദേശങ്ങളാല്‍ സ്ഥലം വെളിപ്പെടുത്താന്‍ പ്രയാസമുള്ള ഒരു ഇന്ത്യന്‍ സൈനിക കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ നിരവധി യുദ്ധ പടകോപ്പുകള്‍ ഒതുക്കിയിട്ടതു പോലെ കാണപ്പെട്ടു. ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ രഹസ്യമായി പറഞ്ഞത് സ്പയെര്‍ പാര്‍ട്ടുകളുടെ അഭാവത്താല്‍ അതില്‍ പലതും പ്രവര്‍ത്തന ക്ഷമമല്ലെന്നാണ്. ഇനി അവയില്‍ പലതും പ്രവര്‍ത്തനക്ഷമമാക്കാനുള്ള സാധ്യതയും കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
അതു പോലെ ഒരു നാവിക കേന്ദ്രത്തില്‍ കണ്ട നാവികരും റഷ്യന്‍ മുങ്ങി കപ്പലുകളോട് മമതക്കുറവാണ് പ്രകടിപ്പിച്ചത്. സാങ്കേതികമായി മികച്ചത് തന്നെയായിരുന്നു അവയെങ്കിലും ഇപ്പോള്‍ അത് സുഖകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് അവരുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാനായത്. അവരില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ ഒരു പ്രധാന കാര്യം ഇതിനൊരു കാരണം സോവിയറ്റ് യുണിയന്റെ വിഭജനമാണ്. പടക്കോപ്പുകളും, അനുബന്ധ സാമഗ്രമികളും സോവിയറ്റ് യുണിയന്റെ പല ഭാഗത്തായാണ് നിര്‍മ്മിച്ചിരുന്നത്. പെട്ടെന്നൊരു നാള്‍ ആ രാജ്യം തന്നെ ഇല്ലാതായപ്പോള്‍ അവരുടെ താളം തെറ്റി. ഇത് സൈനിക മേഖലകളില്‍ മാത്രമല്ല, സമസ്ത മേഖലകളെയുമാണ് ബാധിച്ചത്. ഒന്നാന്തരം തന്ത്രജ്ഞനായ വ്‌ളാദിമിര്‍ പുടിന് ഇത് നന്നായി അറിയാമായിരുന്നത് കൊണ്ടു തന്നെയായിരുക്കും അദ്ദേഹം സോവിയറ്റ് യുണിയന്‍ വിഘടനത്തെ ഏറ്റവം വലിയ അബദ്ധമായി കണക്കാക്കുന്നത്. വിഘടിച്ചില്ലായിരുന്നെങ്കില്‍ പാശ്ചാത്യ രാജ്യങ്ങള്‍ 'നാറ്റോ സഖ്യം' എന്നൊക്കെ പറഞ്ഞ് തങ്ങളെ വളയില്ലായിരുന്നു എന്നാണ് പുടിന്റെ പക്ഷം. 2024 വരെ അധികാരം ഉറപ്പാക്കിയിരിക്കുന്ന പുടിന് തന്റെ കരുത്ത് പ്രകടിപ്പിക്കാന്‍ ഈ വെടി പൊട്ടിക്കലൊക്കെ അനിവാര്യമാണ്.
..............................................
Read More : പ്രതിഷേധമുയര്‍ത്തി റഷ്യക്കാര്‍, പ്രതിഷേധിച്ചാല്‍ രാജ്യദ്രോഹമെന്ന് പുടിന്‍
Read More : മകളെ കെട്ടിപ്പിടിച്ച് കരഞ്ഞ് യുദ്ധത്തിന് പോകുന്ന പിതാവ്, യുക്രൈനിൽ നിന്നുള്ള ദൃശ്യം
..............................................
ഒടുവിലത്തെ എസ്-400 മിസൈലടക്കം ഇപ്പോഴും നമ്മള്‍ റഷ്യയെ കാര്യമായി ആശ്രയിക്കുന്നു. തിരുവനന്തപുരത്തെ ബ്രഹ്‌മോസ് മിസൈല്‍ കേന്ദ്രവും കൂടംകുളത്തെ ആണവ നിലയവുമൊക്കെ ഇന്ത്യയും റഷ്യയുമായുള്ള സംയുക്ത സംഭരമമാണ്. പെട്രോളിയം ഉത്പന്നങ്ങള്‍, മരുന്ന്, തേയില, അരി, സമുദ്രോത്പന്നങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, കാപ്പി, തേയില അങ്ങനെ ഇന്ത്യയും, റഷ്യയും പരസ്പരം ആശ്രയിക്കുന്നു. യുക്രെയിന്റെയോ ബെലാറസിന്റയോ കാര്യത്തിലായാലും ഇതു തന്നെയാണ് അവസ്ഥ. നമ്മുടെ എത്ര കുട്ടികളാണ് അവിടെയൊക്കെ പഠിക്കുന്നത്.
ആഗോളവല്‍ക്കരണ കാലത്തെ ലോകം പരസ്പര ബന്ധിതമാണ്. വിദൂരത്തെവിടെയൊ പത്ത് വെടിപൊട്ടിയപ്പോള്‍ നമ്മുടെ ഓഹരി വിപണിയില്‍ പത്ത് പതിനായിരം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. സ്വര്‍ണ്ണത്തിന് കുത്തനെ വില കേറി. യു.പിയിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തു നില്‍ക്കുകയാണ് ഇന്ധന വില കയറാന്‍. അതോടെ എല്ലാത്തിനും വില കയറും. എന്നിട്ടും നയതന്ത്ര, തന്ത്രപരമായ കാരണങ്ങളാല്‍ ഇന്ത്യക്ക് എടുത്തുചാടി ഒന്നും ചെയ്യാനാകാത്ത സന്ദിഗ്ധാവസ്ഥയിലാണ്. അവിടത്തെ ജനങ്ങളുടെ അഭിലാഷത്തിനൊത്തെന്ന് അവകാശപ്പെട്ട് ക്രിമിയയിലെയും ഡോണ്‍ബാസ്‌കിലെയുമൊക്കെയുള്ള റഷ്യന്‍ അധിനിവേശം കശ്മീരടക്കമുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കാര്യങ്ങളിലും സ്വാധീനം ചെലുത്താം. പ്രത്യേകിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഈ നിര്‍ണ്ണായക വേളയില്‍ റഷ്യ സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍.
40 വര്‍ഷം മുന്‍പ് തിരുവന്തപുരത്ത് കണ്ട പേരറിയാത്ത യുക്രെയിന്‍ പെണ്‍കിടാവ് ഇന്ന് എവിടെയായിരിക്കും? ഇന്ന് വളര്‍ന്ന് വലുതായ അവര്‍ എന്ത് ചെയ്യുന്നുണ്ടാകും? തലസ്ഥാനമായ കീവിലാണോ, റഷ്യന്‍ പിന്തുണയുള്ള ഡോണ്‍ബാക്‌സ് വിമത മേഖലയിലാണോ, അതോ നാട്ടിലെയോ, വിദേശത്തെയോ ഏതെങ്കിലും ദൂരസ്ഥലിയിലാണോ?
മറ്റ് പല യുക്രെയിന്‍കാരെ പോലെ അവരും റഷ്യന്‍ ഭാഷ സംസാരിക്കുന്നുണ്ടാകും. അന്ന് തിരുവനന്തപുരത്ത് കൂടെയുണ്ടായിരുന്ന സോവിയറ്റ് നാട്ടിലെ റഷ്യക്കാരും, അസര്‍ബൈജന്‍കാരും, ജോര്‍ജിയക്കാരുമൊക്കെ ഇപ്പോള്‍ അവളുടെ മിത്രങ്ങളായി തന്നെ തുടരുന്നവോ? അതോ അവര്‍ കാണാമറയത്തെ ശതുക്കളായോ? അവള്‍ക്കൊരു പുത്രന്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും തണുത്തുറഞ്ഞ അതിരുകളില്‍ റഷ്യക്കെതിരെ അവന്‍ തോക്കെടുക്കുന്നുണ്ടാകുമോ? അവന്റെ ബങ്കറിലേക്ക് രണായുധങ്ങള്‍ തൊടുക്കുന്ന റഷ്യന്‍ പോരാളി ഒരു പക്ഷേ അവളുടെ പഴയ റഷ്യന്‍ കൂട്ടുകാരന്റെ പുത്രനായിരിക്കുമോ? ഒന്നറിയാം അജ്ഞാതമാം പോര്‍നിലങ്ങളില്‍ അവരൊക്കെ അടരാടുന്നത് അനതി വിദൂരത്തുള്ള ആരുടെയോ ദുര്‍വാശിയുടെ പുറത്താണെന്ന്!