ഒരു പരിചയവും ഇല്ലാത്ത ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ കഴിയുമോ?

എന്തിനാണ് തങ്ങളും ആയി ഒരു പ്രശ്നവും ഇല്ലാത്ത, അല്ലെങ്കിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നം മാത്രമുള്ളവരെ ചിലർ കൊന്നു തള്ളുന്നത്. കാരണം ലളിതമാണ്, മുകളിൽ നിന്നുള്ള ഒരു നിർദ്ദേശം അവർ പാലിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. അവർ അവരുടെ ജോലി ചെയ്യുന്നു, അതിന്റെ ഉത്തരവാദിത്വം വേറെ ആർക്കോ ആണെന്ന് കൊലപാതകികൾ കരുതുന്നു.

can you kill a strange person nazeer hussain kizhakkedath writing in nerkkazhcha

ഒരു പരിചയവും ഇല്ലാത്ത ഒരാളെ നിങ്ങൾക്ക് വെട്ടിക്കൊലപ്പെടുത്താൻ കഴിയുമോ? ഒരിക്കലും ഇല്ല എന്നാണ് ഉത്തരം എങ്കിൽ തുടർന്ന് വായിക്കുക..

can you kill a strange person nazeer hussain kizhakkedath writing in nerkkazhcha

രണ്ടാം ലോകമഹായുദ്ധത്തതിന് ശേഷം ലക്ഷക്കണക്കിന് ജൂതന്മാരെ കൊലപ്പെടുത്തിയതിന്റെ പേരിൽ പല നാസികൾക്കും ഇസ്രയേലിലും മറ്റു രാജ്യങ്ങളിലും വിചാരണ നേരിടേണ്ടി വന്നു. അത്തരം സന്ദർഭങ്ങളിൽ പ്രതികളിൽ പലരും ഉയർത്തിയ ഒരു വാദമായിരുന്നു, ഞങ്ങളല്ല ഈ ക്രൂരകൃത്യങ്ങൾക്ക് ഉത്തരവാദികൾ മറിച്ച് ഇങ്ങിനെ ചെയ്യാൻ ഞങ്ങൾക്ക് ഉത്തരവ് നൽകിയ മേലധികാരികളാണ്. ഞങ്ങൾ ഞങ്ങൾക്ക് കിട്ടിയ ആജ്ഞ നിറവേറ്റുക മാത്രമാണ് ചെയ്തത്, അതുകൊണ്ട് ഞങ്ങളെ വെറുതെ വിടണം.

ഈ സന്ദർഭത്തിലാണ് അമേരിക്കയിലെ യെയിൽ സർവകലാശാലയുടെ ബേസ്‌മെന്റിൽ സാമൂഹിക മനഃശാസ്ത്രജ്ഞൻ ആയ സ്റ്റാൻലി മിൽഗ്രാം തന്റെ ഇപ്പോൾ കുപ്രസിദ്ധമായ ഒരു പരീക്ഷണം നടത്തിയത്. 'മേലധികാരിയിൽ നിന്നുള്ള ഒരു ഓർഡർ കിട്ടിയാൽ നിങ്ങൾ നിങ്ങളുടെ മനസാക്ഷിക്ക് നിരക്കാത്ത കുറ്റകൃത്യത്തിൽ ഏർപ്പെടുമോ' എന്നറിയാൻ നടത്തിയ ഒരു പരീക്ഷണം ആയിരുന്നു അത്.

വളരെ ലളിതമായ ഒരു പരീക്ഷണം ആണ് മിൽഗ്രാം നടത്തിയത്. പരസ്പരം പരിചയം ഇല്ലാത്ത രണ്ടു പേരെ നറുക്കെടുപ്പ് വഴി തിരഞ്ഞെടുക്കുന്നു. അതിൽ ഒരാൾ ഒരു ഗ്ലാസ് ചേമ്പറിന് അകത്ത് ഇരിക്കുന്നു. അയാളുടെ കയ്യിൽ ചില വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്. അടുത്ത ആൾ ഗ്ലാസ് ചേമ്പറിനു പുറത്ത് കുറച്ചു സ്വിച്ചുകളുടെ മുൻപിൽ ഇരിക്കും. ഓരോ സ്വിച്ചിലും ഓരോ വോൾട്ടേജ് രേഖപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ വോൾട്ടേജിൽ തുടങ്ങി പടിപടിയായി ഉയർന്നു പോകുന്ന വോൾട്ടജുകൾ ആണിവ. അവസാനത്തെ രണ്ടു സ്വിച്ചുകളിൽ, 'ഇവ മരണകാരണം ആകും' എന്ന് ചുവന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പരീക്ഷണത്തിൽ സ്വിച്ചിനു മുന്നിൽ ഇരിക്കുന്ന ആളൊഴിച്ച് മറ്റു രണ്ടുപേരും വെറും അഭിനേതാക്കൾ മാത്രമാണ്

മൂന്നാമതൊരാൾ വെളുത്ത ലാബ് കോട്ട് ഇട്ട ഒരു യൂണിവേഴ്സിറ്റി അധികാരിയാണ്. ഗ്ലാസ് ചേമ്പറിന് അകത്തിരിക്കുന്ന ആളുടെ ഓര്‍മ പരിശോധിക്കുന്ന ഒരു പരീക്ഷണം ആണിത് എന്നാണ് വെയ്പ്പ്. വെളുത്ത കോട്ടിട്ട ആൾ ഗ്ലാസ് ചേമ്പറിനു അകത്ത് ഇരിക്കുന്ന ആളിനോട് ചില വാക്കുകൾ ഓർത്തു വയ്ക്കാൻ പറയുന്നു. ഓരോ തവണ അയാൾ തെറ്റായി ഉത്തരം നൽകുമ്പോഴും സ്വിച്ചിന് അടുത്തിരിക്കുന്ന ആളോട് ഓരോ ഷോക്ക് കൊടുക്കുന്ന ബട്ടൺ ഞെക്കാൻ പറയും. ഓരോ തവണയും വോൾട്ടേജ് കൂട്ടി കൊണ്ടുവരും. കൂടുതൽ ഷോക്ക് ഏൽക്കുമ്പോൾ ഗ്ലാസ് ചേമ്പറിനകത്തിരിക്കുന്ന ആൾക്ക് ഷോക്ക് കിട്ടുമ്പോൾ ഉണ്ടാവുന്ന മാറ്റങ്ങൾ പുറത്തിരിക്കുന്ന ആളുകൾക്ക് കാണാൻ കഴിയും. ആദ്യത്തെ കുറച്ചു വോൾട്ടേജിനു വിറയലും നിലവിളിയും ആണെങ്കിൽ ഇരുന്നൂറു മുന്നൂറു വോൾട്ട് ഒക്കെ ആകുമ്പോൾ കസേരയിൽ നിന്നും നിലത്തു വീഴലും, അലറി കരയലും, മതിലിൽ ഇടിച്ചു കൊണ്ട് തന്നെ പുറത്തു വിടാൻ ആയി അപേക്ഷിക്കലും മറ്റും ആയിരിക്കും ഗ്ലാസ് ചേമ്പറിനകത്തിരിക്കുന്ന ആൾ ചെയ്യുക. മുന്നൂറ് വോൾട്ടേജിനു മുകളിൽ അവർ ബോധം കേട്ട് വീഴുകയോ മരിക്കുകയോ ചെയ്യും.

ഈ പരീക്ഷണത്തിൽ സ്വിച്ചിനു മുന്നിൽ ഇരിക്കുന്ന ആളൊഴിച്ച് മറ്റു രണ്ടുപേരും വെറും അഭിനേതാക്കൾ മാത്രമാണ്, യഥാർത്ഥത്തിൽ ഒരു ഷോക്കും ഗ്ലാസ് ചേമ്പറിൽ ഇരിക്കുന്ന ആൾക്ക് ഏൽക്കുന്നില്ല. നിലവിളി ശബ്ദവും മറ്റും ടേപ്പ് ചെയ്തു വച്ച് കേൾപ്പിക്കുന്നതാണ്. സ്വിച്ച് ബോര്ഡിന് മുന്നിൽ ഇരിക്കുന്ന ആൾക്ക് പക്ഷെ ഇതൊന്നും അറിയില്ല, അവർ വിചാരിക്കുന്നത് യഥാർത്ഥത്തിൽ ഷോക്ക് കൊടുക്കുന്നുണ്ട് എന്നാണ്.

ലാബ് കോട്ടിട്ട ആൾ എന്ന അതോറിറ്റി പറഞ്ഞാൽ സാധാരണക്കാരായ ആളുകൾ എത്ര വരെ ഷോക്ക് കൊടുക്കും എന്നറിയാൻ വേണ്ടി ആയിരുന്നു ഈ പരീക്ഷണം. 'വെറും രണ്ടു ശതമാനം ആളുകൾ മാത്രമേ വലിയ വേദനാജനകമായ ഷോക്ക് കൊടുക്കുകയുള്ളൂ' എന്നായിരുന്നു പരീക്ഷണം നടത്തിയവരുടെ പ്രതീക്ഷ.

മുകളിൽ നിന്നുള്ള ഒരു നിർദ്ദേശം അവർ പാലിക്കുന്നു എന്ന് മാത്രമേ ഉള്ളൂ

പക്ഷെ ഈ പരീക്ഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. 65% ആളുകൾ മരണകാരണം ആയ ഷോക്കുകൾ വരെ കൊടുക്കാൻ തയ്യാറായി എന്നത് ഈ പരീക്ഷണം നടത്തിയ ആളുകളെ ഞെട്ടിച്ചു. പക്ഷെ, വെറുതെ അങ്ങനെ ചെയ്യുക ആയിരുന്നില്ല അവർ. ഓരോ തവണ കൂടിയ ഷോക്ക് നൽകുമ്പോഴും ഗ്ലാസ് ചേമ്പറിൽ ഇരിക്കുന്ന ആളുകളുടെ നിലവിളി കണ്ട്, ഇത് ചെയ്യുന്നത് തെറ്റാണെന്ന് നല്ല ബോധ്യത്തോടെ അവർ വെളുത്ത കോട്ടിട്ട അധികാരികളെ നോക്കിയിരുന്നു. പക്ഷെ, 'ഈ പരീക്ഷണത്തിന്റെ ഭാഗമായി നിങ്ങൾ ഇത് ചെയ്തേ ആവൂ' എന്നായിരുന്നു ലാബ് ഉദ്യോഗസ്ഥന്റെ നിർദ്ദേശം. ഇത് കേട്ട ഉടനെ അവർ കൂടുതൽ ഷോക്ക് കൊടുക്കുന്ന സ്വിച്ച് ഞെക്കി, മിക്കവാറും 'തങ്ങൾക്ക് ഇതിൽ പങ്കില്ല' എന്നവർ വിചാരിച്ചു കാണും.

മൂന്നിൽ രണ്ടുപേർ വരെ അധികാര സ്ഥാനത്തുള്ള ഒരാൾ പറഞ്ഞാൽ താനും ആയി ഒരു പരിചയവും ഇല്ലാത്ത ഒരാളെ കൊല്ലാൻ മാത്രമുള്ള കാഠിന്യമുള്ള ഷോക്ക് നല്‍കാന്‍ തയ്യാറാകും എന്ന് ഈ പരീക്ഷണത്തിലൂടെ തെളിഞ്ഞു. പക്ഷെ, ഈ പരീക്ഷണത്തിൽ പങ്കെടുത്തവർ (അഭിനേതാക്കൾ അല്ല, ഷോക്ക് അടിപ്പിക്കുന്ന സ്വിച്ചിനു മുൻപിൽ ഇരുന്നവർ) വളരെ അധികം മനോവേദനയിലൂടെ കടന്നുപോയി.

ഈ പരീക്ഷണത്തിന് പല വിമർശനങ്ങളും ഉയർന്നിട്ടുണ്ടെങ്കിലും മറ്റു പല സന്ദര്‍ഭങ്ങളിലും ഈ പരീക്ഷണം ആവർത്തിച്ചപ്പോൾ അധികാരസ്ഥാനത്തുള്ള ഒരാൾ പറഞ്ഞാൽ മനോവേദനയോ കുറ്റബോധമോ തോന്നാതെ ഒരാളെ കൊല്ലാൻ 65 അല്ലെങ്കിൽ കൂടി, കുറച്ച് ശതമാനം ആളുകൾ എങ്കിലും തയ്യാറാവും എന്ന് സംശയം കൂടാതെ തെളിഞ്ഞു.

ഇനി കേരളത്തിലെ രാഷ്ട്രീയ കൊലപാതങ്ങളിലേക്ക് വരാം. കേരളത്തിലെ ഭൂരിഭാഗം രാഷ്ട്രീയ പ്രവർത്തകരും ജനങ്ങളുടെ അല്ലെങ്കിൽ തങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് എന്ന് വിശ്വസിക്കാൻ ആണെനിക്കിഷ്ടം. ഭൂരിഭാഗം പ്രവർത്തകർക്കും ഒരാളെ കൊല്ലാൻ പോയിട്ട് വെറുതെ വെട്ടി പരിക്കേൽപ്പിക്കാൻ പോലും ഉള്ള മനശക്തി ഉള്ളവരല്ല. മിറർ ന്യൂറോൺ തുടങ്ങിയ സംവിധാനങ്ങൾ ഉള്ള ഒന്നാണ് മനുഷ്യന്റെ തലച്ചോറ്, മറ്റൊരാൾക്ക് ഏൽക്കുന്ന വേദന തന്റെ തന്നെ വേദനയായി തോന്നാനും, ഒരു സ്പീഷീസിലെ ഒരു ജീവിയെ മറ്റൊരു ജീവി ഒരു കാര്യവും ഇല്ലാതെ കൊല്ലാതെ ഇരിക്കാനും പ്രകൃതി അങ്ങിനെ പല പരിപാടികളും ഒരുക്കി വച്ചിട്ടുണ്ട്. എന്നിട്ടും, എന്തിനാണ് തങ്ങളും ആയി ഒരു പ്രശ്നവും ഇല്ലാത്ത, അല്ലെങ്കിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നം മാത്രമുള്ളവരെ ചിലർ കൊന്നു തള്ളുന്നത്. കാരണം ലളിതമാണ്, മുകളിൽ നിന്നുള്ള ഒരു നിർദ്ദേശം അവർ പാലിക്കുന്നു എന്ന് മാത്രമേ ഉള്ളൂ. അവർ അവരുടെ ജോലി ചെയ്യുന്നു, അതിന്റെ ഉത്തരവാദിത്വം വേറെ ആർക്കോ ആണെന്ന് കൊലപാതകികൾ കരുതുന്നു.

എന്നാൽ, എന്ത് കൊണ്ടാണ് ഈ കൊലപാതകങ്ങളിൽ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് വേദന തോന്നാത്തത്‌? കാരണം ലളിതമാണ്. കഴിഞ്ഞ ദിവസം കൊലപാതകം നടക്കുമ്പോൾ നമ്മുടെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കൾ എല്ലാം ഒരുമിച്ച് ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുക ആയിരുന്നു. അവരുടെ മക്കൾ പഠിച്ച് ഡോക്ട്ടറും എൻജിനീയറും ആയി വിദേശത്തും സ്വദേശത്തും ജോലി ചെയ്ത് ഒരുവിധം നല്ല ജീവിതം നയിക്കുന്നവരാണ്. ഈ നേതാക്കൾ മുൻപ് ഒരുപക്ഷെ ചില അടിപിടികളിൽ പങ്കെടുത്തിട്ടുണ്ടാവാം, പക്ഷെ ഇപ്പോൾ ദേഹം നോവുന്ന പരിപാടികൾ ഒന്നും ചെയ്യാത്തവരാണ്.

ഒരു അക്രമം നടക്കുമ്പോൾ നമ്മുടെ ശരീരത്തിലെ സിംബോതെറ്റിക്‌ നേർവസ് സിസ്റ്റം ആണ് നമ്മുടെ ശരീരത്തെ അക്രമത്തെ നേരിടാൻ ആയി ഒരുക്കുന്നത്. നമ്മുടെ ഹൃദയമിടിപ്പ് കൂടുകയും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൂട്ടുകയും മറ്റും ചെയ്യുന്നത് ഇതാണ്. ഒരു അക്രമം നടന്നാൽ തിരിച്ചടിക്കാൻ നമ്മുടെ ശരീരത്തെ പ്രാപ്തമാക്കുന്ന സിസ്റ്റം ആണിത്.

ഇതിന്റെ കൂടെ തന്നെ പാരാസിംപതറ്റിക് നേർവസ് സിസ്റ്റം കൂടി ഉണ്ട്, എങ്ങനെ ഈ അക്രമം ഒഴിവാക്കാം, രക്ഷപ്പെടാം എന്നൊക്കെ ഒരേ സമയം തന്നെ തലച്ചോറിനെ കൊണ്ട് ചിന്തിപ്പിക്കുന്നത് ഈ സിസ്റ്റം ആണ്. പക്ഷെ, ഇങ്ങനെ ഉള്ള സിസ്റ്റം പ്രവർത്തിക്കുന്നതിന് കൊല്ലുന്നവനും കൊല്ലപ്പെടുന്നവരും നേർക്ക് നേരെ വരേണ്ട കാര്യമുണ്ട്. വളരെ സങ്കീർണമായ മൈക്രോ എക്സ്പ്രെഷൻസ് ഒക്കെ ഇടപെടുന്ന ഒരു കാര്യമാണിത്. മാത്രമല്ല, ഒരു കൊലപാതകം നടത്തിയ ആളുകൾ കടന്നു പോവുന്ന സങ്കീർണമായ മനസികാവസ്ഥകൾ ഉണ്ട്. സൈന്യത്തിലെ പരിശീലനം കഴിഞ്ഞ ആളുകൾ പോലും ശത്രുക്കളെ കൊന്നു കഴിഞ്ഞു PTSD (post traumatic stress disorder) എന്ന അവസ്ഥയിലൂടെ കടന്നുപോവുന്നുണ്ട്.

നമ്മുടെ മുഴുവൻ രാഷ്ട്രീയ നേതൃത്വത്തിനും ഒരു മാനസിക രോഗമുണ്ട് എന്ന് മനസിലാക്കുക

പക്ഷെ, നമ്മുടെ സംസ്ഥാനത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ ഇത് ഓർഡർ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം ചോര കാണുന്നില്ല, ചെയ്യുന്നവർക്ക് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്നും ഇല്ല. ഇതാണ് രാഷ്ട്രീയ കൊലപാതങ്ങളുടെ അടിസ്ഥാന പ്രശ്നം.

ഓരോ രാഷ്ട്രീയ കൊലപാതകം നടന്നു കഴിഞ്ഞും ആ പാർട്ടിക്കാരെയും, കൊലപാതകം നടത്തിയവരെയും തെറിപറഞ്ഞിട്ട് ഒരു കാര്യവുമില്ല. മറിച്ച് നമ്മുടെ മുഴുവൻ രാഷ്ട്രീയ നേതൃത്വത്തിനും ഒരു മാനസിക രോഗമുണ്ട് എന്ന് മനസിലാക്കുക എന്നതാണ് ഇത് തടയാൻ ചെയ്യേണ്ട ആദ്യത്തെ കാര്യം.

വിദഗ്ധ ചികിത്സ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് എത്രയും പെട്ടെന്ന് തന്നെ ആവശ്യമുണ്ട് അല്ലെങ്കിൽ ഇങ്ങിനെ ഉള്ള രാഷ്ട്രീയ കൊലപാതങ്ങൾ നമ്മുടെ സംസ്ഥാനത്തിന് നാണക്കേടായി തുടർന്നു കൊണ്ടേയിരിക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios