അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അവര്‍ ഒന്നിച്ചിരുന്നു; 'ബിഗ് ഡിബേറ്റി'ന്റെ അണിയറ വിശേഷങ്ങള്‍
'എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം!'
അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് മാതൃകയില്‍ ഒരു സംവാദമെന്ന നിര്‍ദേശത്തോടുള്ള എന്റെ ആദ്യ പ്രതികരണം ഇതായിരുന്നു.
തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ കെ.ആര്‍ ഷിബുകുമാര്‍ മുന്നോട്ട് വെച്ച ആശയം. ബ്യൂറോ ടീമിന്റെ തെരഞ്ഞെടുപ്പ് പരിപാടികളുടെ പട്ടികയില്‍ ഈ 'നടക്കാത്ത സ്വപ്ന'വുമുണ്ടായിരുന്നു. തീപ്പൊരിക്കായി കാത്തിരുന്ന കതിന പോലെ എക്‌സിക്യുട്ടിവ് എഡിറ്റര്‍ കെ.പി ജയദീപ്- പിന്നെ പൂരം വെടിക്കെട്ടിനുള്ള ഒരുക്കങ്ങളായി.
വെല്ലുവിളികള്‍ മൂന്നാണ് .
1. വി.എം സുധീരനെയും കോടിയേരി ബാലകൃഷ്ണനെയും കുമ്മനം രാജശേഖരനെയും ഈ ആശയം ബോദ്ധ്യപ്പെടുത്തുക.
2. പ്രചാരണ തിരക്കിനിടെ മൂന്നുപേരെയും ഒരേ ദിവസം ഒരേ സമയം തിരുവനന്തപുരത്ത് കിട്ടുക.
3. ചിത്രീകരണത്തിന്റെ ദൈര്‍ഘ്യം ഇവരുടെ മറ്റു പരിപാടികള്‍ക്കു അനുസൃതമായി ക്രമപ്പെടുത്തുക.
ഷിബുകുമാറും അജയഘോഷും കമലേഷും കളത്തിലിറങ്ങി. തമ്മിലടിക്കുന്ന ചര്‍ച്ചയാകരുത്. സദസ്സിന്റെ മാന്യമായ പെരുമാറ്റം ഉറപ്പാകണം. ഇതൊക്കെ ആദ്യ ഉപാധികളായി.
കോടിയേരി തത്വത്തില്‍ അംഗീകരിച്ചു. ആദ്യം ആടിക്കളിച്ചെങ്കിലും കുമ്മനത്തിനും ആശയം നന്നായി ബോധിച്ചു. വി.എം സുധീരന്‍ അടുക്കുന്നില്ല. പരിപാടി ഉപേക്ഷിക്കാമെന്നായി.
കെ.പി ജയദീപ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. നമുക്കെല്ലാം കൂടി നേരിട്ട് പോയി വിളിക്കാമെന്നായി എക്‌സിക്യുട്ടിവ് എഡിറ്റര്‍. ദില്ലി ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി നിര്‍ണയവുമൊക്കെയായി സുധീരനു തിരക്കോടു തിരക്ക്. ഒടുവില്‍ കാണാന്‍ സമയം കിട്ടി. എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ ദൗത്യ സംഘത്തിന്റെ നേതാവായി. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു മുന്നില്‍ സുധീരന്‍ വഴങ്ങി. അഞ്ചാറ് ദിവസം സമയം വേണം. പിന്നെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കണം. എല്ലാം സമ്മതിച്ച് ഇന്ദിരാ ഭവന്റെ പടിയിറങ്ങി.
അപ്പോള്‍ അടുത്ത പ്രശ്‌നം ഈ അഞ്ചാറ് ദിവസത്തിനു ശേഷം കോടിയേരി പ്രചാരണ തിരക്കിലാകുമോ? സ്ഥാനാര്‍ത്ഥി കൂടിയായ കുമ്മനം വട്ടിയൂര്‍ക്കാവില്‍ കുടുങ്ങുമോ?
ഏപ്രില്‍ 13 ചിത്രീകരണത്തിനായി തെരഞ്ഞെടുത്തു. ഭാഗ്യം കുമ്മനവും കോടിയേരിയും തിരുവനന്തപുരത്തുണ്ട്. സുഗതകുമാരിയടക്കം പ്രമുഖരുടെ പട്ടിക തയ്യാറാക്കി. നേതാക്കളോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരും തയ്യാര്‍. കോടിയേരിക്കും കുമ്മനത്തിനും വിഷയങ്ങളുടെ പട്ടികയും ഏഷ്യാനെറ്റ് ന്യൂസിന്റെ ജനകീയ പ്രകടന പത്രികയും കൈമാറി. എം.ജി അനീഷിന്റെ നേതൃത്വത്തില്‍ പ്രൊഡക്ഷന്‍ സംഘം തയ്യാറെടുപ്പുകള്‍ തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ഇതുവരെ ചെയ്തിട്ടിലാത്ത വിധം വമ്പന്‍ സെറ്റാവണം. മൂന്നു നേതാക്കള്‍ ഒന്നിച്ച് വരുന്ന ആദ്യ സംവാദമാണ് മലയാള ദൃശ്യ മാധ്യമ ചരിത്രത്തില്‍ ആദ്യം. അതുകൊണ്ട് പ്രൊഡക്ഷനില്‍ ഒത്തുതീര്‍പ്പുകളൊന്നുമില്ല അനീഷ് പ്രഖ്യാപിച്ചു. സെറ്റിന്റെ രൂപകല്പനയുമായി സാബു ശിവന്‍ എത്തി. ക്യാമറയും ലൈറ്റും ഒക്കെ ഒരുക്കാന്‍ വിനോദും അയ്യപ്പനും. സാങ്കേതിക സംഘമാകെ ഉണര്‍ന്നു .
ഗോര്‍ക്കി ഭവനില്‍ ഷൂട്ടിംഗ് ഫ്‌ലോര്‍ തയ്യാറായപ്പോള്‍ ആദ്യത്തെ വെള്ളിടി. അമിത്ഷാ വരുന്നു, കുമ്മനം ഉണ്ടാകില്ല. പതിനാലിലേക്ക് മാറ്റിയാല്‍ വിഷുവാണ്. 15നു കോടിയേരി ഉണ്ടാകുമോയെന്ന് ഉറപ്പില്ല. പിന്നെ പതിനാറാണ്.
ഓരോ ദിവസവും ഫ്‌ലോര്‍, എ സി, ലൈറ്റ് വാടകയൊക്കെയായി ലക്ഷങ്ങള്‍ ചോരുകയാണ്. പതിനാറിനു നടത്തിയേ പറ്റു, ഇല്ലെങ്കില്‍ ഒഴിവാക്കാമെന്ന തീരുമാനത്തിലെത്തി. കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ വി.എം സുധീരന്‍ എന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായി. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ കാലു പിടിച്ച് കോടിയേരിയുടെ പരിപാടികളില്‍ മാറ്റം വരുത്തി. അപ്പോള്‍ വീണ്ടും പ്രശ്‌നം കുമ്മനം 15 ന് മസ്‌കറ്റിലേക്ക് പോകുകയാണ്. 16 ന് ഉച്ചയോടെ തിരിച്ചെത്തും. മുന്‍പ് നിശ്ചയിച്ച പരിപാടിയായതിനാല്‍ റദ്ദാക്കാനാവില്ല. ഷൂട്ട് ഉച്ചയ്ക്ക് രണ്ടിന് നിശ്ചയിച്ചു. വിമാനം വൈകിയാല്‍ കുഴയും. റിസ്‌ക് എടുക്കാതെ മാര്‍ഗമില്ല. ആധിയോടെ പി.ജി സുരേഷ്‌കുമാറും, സിന്ധു സൂര്യകുമാറും.
മുമ്പ് വരാമെന്ന് ഏറ്റ പല പ്രമുഖര്‍ക്കും അസൗകര്യം. സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലായി. ബാബു പോള്‍ സാറിന്റെ അടുത്ത സുഹൃത്തിന്റെ സംസ്‌ക്കാര ചടങ്ങ് ശാസ്താം കോട്ടയില്‍. അഡ്വ. രാംകുമാറിനു മന്ത്രി ജയലക്ഷ്മിയുടെ കേസില്‍ ഹാജരാകാതെ മാര്‍ഗമില്ല. പട്ടിക ചുരുങ്ങി വരുന്നു.
കോടിയേരി തത്വത്തില്‍ അംഗീകരിച്ചു. ആദ്യം ആടിക്കളിച്ചെങ്കിലും കുമ്മനത്തിനും ആശയം നന്നായി ബോധിച്ചു. വി.എം സുധീരന്‍ അടുക്കുന്നില്ല. പരിപാടി ഉപേക്ഷിക്കാമെന്നായി.
ഇനി പിന്നോട്ടില്ല. ഏപ്രില്‍ 16 ശനിയാഴ്ച രാവിലെ തന്നെ ഫ്‌ലോറില്‍ എല്ലാവരും ഹാജര്‍. അവസാന മിനുക്കു പണികള്‍, ട്രയല്‍ ഷൂട്ട് ഇടവേളയില്‍ അജിത് നമ്പ്യാരുടെ പ്രൊമൊ ഷൂട്ട്. അതിഥികളെ ഉറപ്പിക്കുന്ന ആധിയില്‍ ശോഭാ ശേഖര്‍. വിഷ്വലും ഗ്രാഫിക്‌സുമൊക്കെ അടുക്കുന്ന തിരക്കില്‍ വി.എം ദീപ. നെഞ്ചിടിപ്പ് അജയ ഘോഷിനും, കമലേഷിനുമാണ്. കുമ്മനം ലാന്‍ഡ് ചെയ്‌തെന്നറിഞ്ഞപ്പോള്‍ പാതി ആശ്വാസം.
ഒന്നരയായപ്പോഴേക്കും അതിഥികള്‍ വന്നു തുടങ്ങി. രണ്ടു മണിയോടടുക്കുന്നു.
ഖദറിന്റെ തൂവെള്ളയില്‍ സുധീരന്‍, പിന്നാലെ നിറഞ്ഞ ചിരിയോടെ കോടിയേരി, അപ്പോള്‍ കുമ്മനം?
ഒന്നരയ്ക്ക് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ആരോ പറഞ്ഞു. ആശങ്കയോടെ നില്‍ക്കുമ്പോള്‍ വിയര്‍ത്തൊലിച്ച് കമലേഷ് എത്തി. തൊട്ടു പിന്നില്‍ കുമ്മനം. ആശയുടെ പിരിമുറുക്കം മാറി എല്ലാ ചുണ്ടുകളിലും വിജയസ്മിതം.
പൊതുവേദികളില്‍ കത്തിക്കയറുന്നവര്‍, ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കുന്നവര്‍, ആരോപണ ശരങ്ങള്‍ ഇടതടവില്ലാതെ തൊടുക്കുന്നവര്‍- അടുത്തിരുന്നപ്പോള്‍ അവര്‍ അമ്പരപ്പിക്കും വിധം സൗമ്യരായിരുന്നു. നിലപാടുകളിലെ കാര്‍ക്കശ്യം വാക്കുകളിലില്ല. അറിയാെത പോലും ആരെയും നോവിക്കരുതെന്നും നിര്‍ബന്ധം. എന്നിട്ടും പറയാനുള്ളതൊന്നും അവര്‍ പറയാതിരുന്നില്ല.
ചോദ്യങ്ങളില്‍ ചിലത് ഇതായിരുന്നു:
കെ. ബാബുവിന്റെ സ്ഥാനത്ത് വി.എം സുധീരനായിരുന്നെങ്കില്‍ രാജി വെയ്ക്കുമായിരുന്നോ?
മദ്യനിരോധനത്തിനായി വാദിക്കുന്ന സുധീരന്‍ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ട്?
എല്‍ഡിഎഫ് അധികാരത്തിലെത്തിയാലും അഴിമതി അന്വേഷിക്കുന്നത് ഭരണപക്ഷത്തിന് വിധേയരായ വിജിലന്‍സ് ആവില്ലേ?.
ബജറ്റ് പോലും വില്‍ക്കുന്ന തരത്തിലുള്ള നികുതിവെട്ടിപ്പിന് പരിഹാരം എന്ത്?
ഈ തെരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കുമായി എത്ര രൂപ ചെലവാക്കുന്നുണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോ? ആ പണം ആരു തരുന്നതാണ്?
ബി.ജെ.പി അധികാരത്തില്‍ വന്നാല്‍, ന്യൂനപക്ഷം കേരളം വിട്ടു പോവണോ?
കേരളത്തിലെ വിദ്യാഭ്യാസവും കാവിവല്‍ക്കരിക്കുമോ?
യു.ഡി.എഫ് എല്‍.ഡിഎഫിനോട് ചോദിക്കാനാഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഏതാണ്?
ജനങ്ങള്‍ ചോദിക്കാനാഗ്രഹിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് അവര്‍ എന്ത് ഉത്തരം നല്‍കി?
നമുക്ക് കാണാം:
ഒന്നാം ഭാഗം
രണ്ടാം ഭാഗം
മൂന്നാം ഭാഗം