മുലയൂട്ടല്‍ ചിത്രം കണ്ട് വിറകൊള്ളുന്നവര്‍ ഇക്കാര്യം അറിയണം
ഭാര്യയുടെ ശരീരവും ഇഷ്ടാനിഷ്ടങ്ങളും വിവാഹശേഷം ഭര്‍ത്താവിനു തീറെഴുതി കൊടുത്തുവെന്ന തോന്നലില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ജനിക്കുന്നത്. ഒരു സ്ത്രീക്ക് അവള്‍ മുലയൂട്ടുന്ന ചിത്രം പോസ്റ്റാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. മറിച്ച് അവളുടെ അനുവാദം ഭര്‍ത്താവിന് വേണം താനും.
മാറിടത്തില്‍ നോക്കിയാല്‍ നിനക്കുമില്ലേ അമ്മ, നിന്നെയും പാലൂട്ടിയല്ലേ വളര്‍ത്തിയത് എന്നു ചോദിക്കുന്നത് വിഡ്ഢിത്തമാണ്. കാരണം മാറിടങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടാന്‍ മാത്രമുള്ളതല്ല, അതു ലൈംഗികതക്ക് കൂടിയുള്ളതാണ്. അതുകൊണ്ട് മാറിടം കണ്ടാല്‍ നോക്കരുതെന്നോ വികാരം വരരുതെന്നോ വാദിക്കുന്നത് ബാലിശമാവും. പക്ഷേ ആ വികാരത്തിന്റെ പേരില്‍ അവളുടെ ശരീരത്തില്‍ കൈ വെക്കുന്നതാണ് തെറ്റ്. അതിനെയാണ് എതിര്‍ക്കേണ്ടത്. അല്ലാതെ മാറിടം കണ്ടാല്‍ അമ്മയെ ഓര്‍ക്കണമെന്നു പറഞ്ഞാല്‍ ലോകത്തുള്ള സ്ത്രീകളെ കാണുമ്പോള്‍ പെങ്ങളെ ഓര്‍ക്കേണ്ടി വരില്ലേ?
'എന്റെ അമ്മുക്കുട്ടി അമ്മയും കുട്ടിയുമായി എന്ന തലക്കെട്ടോടെ ക്ലിനിക്കല്‍ സൈക്കോളജി ബിരുദധാരിയായ അമൃത തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഭര്‍ത്താവായ ബിജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് വലിയ അപരാധമായി കാണുന്നവരോടായി ചിലതു പറയട്ടെ. ഈ ചിത്രവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാമര്‍ശങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ചുവടെ:
ഫേസ്ബുക്കില്‍ ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ?
എന്റെ ശരീരം എന്റെ അവകാശം എന്നതു പോലെ ഒരു വ്യക്തിയുടെ ടൈം ലൈന്‍ ചുവരുകളുടെ അവകാശം അയാള്‍ക്ക് മാത്രമാണ്. അവിടെ എന്തെഴുതണം എന്ത് ഒട്ടിക്കണം എന്നു തീരുമാനിക്കുന്നത് അയാളാണ്. അവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കാനോ ചോദ്യം ചെയ്യാനോ ആര്‍ക്കും അവകാശമില്ലന്നിരിക്കെ അഭിപ്രായം മാന്യമായി രേഖപ്പെടുത്തി സ്വന്തം കാര്യം നോക്കിപോവുക.
കുഞ്ഞിനെ നല്‍കിയ ദൈവത്തെ പരാമര്‍ശിക്കുന്നേയില്ല
വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുഞ്ഞുണ്ടാവുമ്പോള്‍ 'ദൈവം സഹായിച്ച് ഒരു കുട്ടി ജനിച്ചെന്നു'പറഞ്ഞു പോസ്റ്റിടാന്‍ മാത്രം വിഡ്ഢികളല്ല യുക്തിവാദികളായ ആ ദമ്പതികള്‍. കുറെ 'ഗോഡ് ബ്ലെസ് യു' ആളുകളെക്കൊണ്ട് എഴുതിക്കുന്നതിലും ഭേദം മുലയൂട്ടുന്നതെങ്ങനെയെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് അവര്‍ ചെയ്തത്.
ആ ചിത്രത്തോട് യോജിക്കുന്നവരൊക്കെ ഇതുപോലെ ഭാര്യയുടെ ഫോട്ടോ ഇടുമോ?
ഭാര്യയുടെ ശരീരവും ഇഷ്ടാനിഷ്ടങ്ങളും വിവാഹശേഷം ഭര്‍ത്താവിനു തീറെഴുതി കൊടുത്തുവെന്ന തോന്നലില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ജനിക്കുന്നത്. ഒരു സ്ത്രീക്ക് അവള്‍ മുലയൂട്ടുന്ന ചിത്രം പോസ്റ്റാന്‍ ആരുടേയും അനുവാദം ആവശ്യമില്ല. മറിച്ച് അവളുടെ അനുവാദം ഭര്‍ത്താവിന് വേണം താനും.
പാലൂട്ടുന്ന ചിത്രം കണ്ടാല്‍ വികാരാവേശമുണ്ടാവും. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കാന്‍ തോന്നും:
പ്രത്യേകിച്ച് ഒന്നും പറയാനില്ല. തുണിക്കടയില്‍ വെച്ചിരിക്കുന്ന പ്രതിമ കണ്ടാലും അത്തരക്കാര്‍ക്ക് ഇതൊക്കെ തന്നെയാവും തോന്നുക.
അവര്‍ക്ക് മറഞ്ഞിരുന്നു മറച്ചു പിടിച്ചു പാലൂട്ടിയാല്‍ എന്താണ് കുഴപ്പം?
ഒരു കുഞ്ഞു പാല്‍ കുടിക്കുന്നതിനിടയില്‍ തന്നെ ശ്വസിക്കുകയും ചെയ്യുന്നുണ്ട്. തല വഴി മൂടിയിട്ട് മുലയൂട്ടുമ്പോള്‍ അതിനു ശ്വാസം മുട്ട് അനുഭവപ്പെടാനും, കുഞ്ഞിന്റെ മുഖം കാണാത്തതിനാല്‍ അമ്മക്ക് അത് തിരിച്ചറിയാന്‍ കഴിയാതെ അപകടം ഉണ്ടാവാനും ചാന്‍സുണ്ട്.
അല്ലെങ്കില്‍ തന്നെ മൂടി പുതച്ചു പാല്‍ കുടിപ്പിച്ചത് കൊണ്ട് കുഞ്ഞിന് പ്രത്യേകിച്ചെന്തെങ്കിലും മെച്ചമുണ്ടോ? അപ്പോ പിന്നെ ആര്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യണം? സംശയമെന്തിരിക്കുന്നു, വികാരജീവികളായ ചില പുരുഷന്മാര്‍ക്ക് വേണ്ടി അമ്മമാരും കുഞ്ഞുങ്ങളും ഇത് സഹിച്ചേ മതിയാവൂ. ഇതു മാത്രമല്ല, പെണ്ണിന്റെ മുകളില്‍ അടിച്ചേല്‍പ്പില്‍ക്കുന്ന ഓരോ വിലക്കുകളും ഈ വികാര ജീവികള്‍ക്ക് വേണ്ടി തന്നെ.
കുഞ്ഞിന്റെ അവകാശമാണ് മുലപ്പാലെന്നത്. കുഞ്ഞിന് അമ്മയുടെ മുഖം നോക്കി അമ്മിഞ്ഞയില്‍ കൈകൊണ്ടു പിടിച്ചു കുടിക്കാനുള്ള അവസരം നിഷേധിക്കുന്നത് ചില വികാര ജീവികള്‍ക്ക് അത് കണ്ടാല്‍ വികാരമുണരുന്നത് ഒഴിവാക്കാനാണത്രെ.
പണ്ട് മാറ് മറയ്ക്കാന്‍ സമരം നടന്നുവെങ്കില്‍ ഇന്നു സ്ത്രീകളത് തുറന്നിടാനാണ് മുറവിളി കൂട്ടുന്നത്
എന്താല്ലേ? മാറു മറയ്ക്കല്‍ സമരത്തിന്റെ ചരിത്രം അറിയാവുന്നവര്‍ ഇത് പറയില്ല. കാരണം നല്ല വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും സവര്‍ണ്ണനു മാത്രം അവകാശമുണ്ടായിരുന്ന കാലത്ത് സവര്‍ണന്റെ ആഗ്രഹത്തിനനുസരിച്ചു തങ്ങളുടെ ശരീരത്തെയും വസ്ത്രധാരണത്തെയും ചിട്ടപ്പെടുത്തിയ സവര്‍ണാധിപത്യത്തോടുള്ള പ്രതിഷേധമായിരുന്നു മാറു മറയ്ക്കല്‍ സമരം. ജാതി സമ്പ്രദായത്തിന്റെ മറ്റൊരു രൂപവും അതുപോലുള്ള അവകാശപോരാട്ടവും തന്നെയാണ് ഇത്. സ്വന്തം ശരീരത്തിന്റെയും താല്പര്യങ്ങളുടെയും അവകാശി അവള്‍ മാത്രമാണെന്ന അതേ അടിത്തറയില്‍ നിന്നുകൊണ്ടാണ് അന്നത്തെ അവര്‍ണരും ഇന്നത്തെ സ്ത്രീകളും പൊരുതുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍:
പെണ്ണിന്റെ വസ്ത്രധാരണത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും തടയിടുന്ന സോ കോള്‍ഡ് മഹാന്മാര്‍ പറയാതെ പറയുന്ന ഒന്നുണ്ട് 'ഞങ്ങള്‍ വികാരജീവികളാണ്, പേയ് പിടിച്ച നായയെ പോലെ ഞങ്ങള്‍ നിങ്ങളുടെ വീടിനു ചുറ്റും തക്കം പാര്‍ത്തു നടക്കും. ഞങ്ങളുടെ കടി കൊള്ളാതിരിക്കാന്‍, ഞങ്ങളുടെ വികാരത്തെ ഉണര്‍ത്താതിരിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. കാരണം ഞങ്ങള്‍ക്ക് ഞങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനാവില്ല. ഞങ്ങളുടെ അനിയന്ത്രിത വികാരത്തിന്റെ മുന്നില്‍ നിങ്ങളുടെ മൗലിക അവകാശങ്ങളുടെ സ്ഥാനം കുപ്പത്തൊട്ടിയിലാണ്'.
ഇനി പെണ്‍കുട്ടികളോടായി ചിലതു പറയാം:
നിങ്ങള്‍ക്ക് മോഡേണ്‍ വസ്ത്രം ധരിക്കുന്നതിനോ, കുഞ്ഞിനെ മൂടിപ്പുതയ്ക്കാതെ പാലൂട്ടുന്നതിനോ നിങ്ങളുടെ സ്വാതന്ത്ര്യത്തിനോ പുരുഷന്റെ തുറിച്ചു നോട്ടം അവസാനിപ്പിക്കണം, നോക്കുന്ന കണ്ണുകള്‍ കുത്തിപ്പൊട്ടിക്കണം, നിനക്കൊക്കെ അമ്മയും പെങ്ങളുമില്ലേ എന്ന ക്ളീഷേ ഡയലോഗുമൊക്കെ കുഴിച്ചു മൂടണം.
നോക്കരുത് എന്നാണേല്‍ അവര്‍ പറയുന്നത് പോലെ വീടിനുള്ളില്‍ ഇരിക്കൂ. അതല്ല ആര് നോക്കിയാലും തല ഉയര്‍ത്തി നടക്കും, എന്റെ സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കും എന്നതാവണം ചിന്തിക്കേണ്ടത്.
മാറിടത്തില്‍ നോക്കിയാല്‍ നിനക്കുമില്ലേ അമ്മ, നിന്നെയും പാലൂട്ടിയല്ലേ വളര്‍ത്തിയത് എന്നു ചോദിക്കുന്നത് വിഡ്ഢിത്തമാണ്. കാരണം മാറിടങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടാന്‍ മാത്രമുള്ളതല്ല, അതു ലൈംഗികതക്ക് കൂടിയുള്ളതാണ്. അതുകൊണ്ട് മാറിടം കണ്ടാല്‍ നോക്കരുതെന്നോ വികാരം വരരുതെന്നോ വാദിക്കുന്നത് ബാലിശമാവും. പക്ഷേ ആ വികാരത്തിന്റെ പേരില്‍ അവളുടെ ശരീരത്തില്‍ കൈ വെക്കുന്നതാണ് തെറ്റ്. അതിനെയാണ് എതിര്‍ക്കേണ്ടത്. അല്ലാതെ മാറിടം കണ്ടാല്‍ അമ്മയെ ഓര്‍ക്കണമെന്നു പറഞ്ഞാല്‍ ലോകത്തുള്ള സ്ത്രീകളെ കാണുമ്പോള്‍ പെങ്ങളെ ഓര്‍ക്കേണ്ടി വരില്ലേ?
ഇനി മറ്റൊന്നാണ് സമൂഹം കാലാകാലങ്ങളായി സ്ത്രീക്ക് സമ്മാനിക്കുന്ന അനാവശ്യമായ ചില പട്ടങ്ങള്‍ സ്വീകരിക്കാതിരിക്കുക എന്നത്. സ്ത്രീ ദേവിയാണ്, ക്ഷമയുടേയും സഹനത്തിന്റെയും മൂര്‍ത്തീഭാവമാണ് എന്നുള്ള പുകഴ്ത്തലുകള്‍ സ്ത്രീകള്‍ക്ക് മുകളില്‍ വീഴുന്ന ചങ്ങലകള്‍ മാത്രമാണെന്ന് മനസ്സിലാക്കുക.അതില്‍ ഏറ്റവും വലുതാണു മാതൃത്വ മഹത്വവര്‍ണ്ണനയും,
ഭൂമിയിലെ ഏറ്റവും മനോഹര കാഴ്ചയെന്നും, അമ്മയാവുന്നതാണ് സ്ത്രീത്വത്തിന്റെ പൂര്‍ത്തീകരമെന്നൊക്കെയുള്ളത് വെറും തള്ളാണ്. അമ്മയായവരാരും പൂര്‍ണ്ണ മനുഷ്യരുമല്ല, അമ്മയാവാത്തവര്‍ അപൂര്‍ണ്ണരുമല്ല. അമ്മയാവാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടെന്നു തെളിയിക്കാനോ അതു സമൂഹത്തെ ബോധിപ്പിക്കാനോ വീട്ടുകാരുടെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടിയോ നിങ്ങള്‍ അമ്മയാവേണ്ടതില്ല. ഒരു കുഞ്ഞിനു വേണ്ടി നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്രം അതിനു വളരാന്‍ ശരീരത്തില്‍ ഇടം കൊടുക്കുക. കാരണം നിങ്ങളുടെ ശരീരത്തിലാണ് കുഞ്ഞു വളരുന്നത്, നിങ്ങളുടെ ശരീരത്തിന്റെ അവകാശി നിങ്ങള്‍ മാത്രമാണ് താനും. 'അമ്മ വിളമ്പും പോലെ, നീ ചെയ്യും പോലെ, നീ ഉണ്ടാക്കും പോലെ, നീ നോക്കും പോലെ' എന്നിങ്ങനെയുള്ള വിശേഷ പട്ടങ്ങള്‍ നിങ്ങള്‍ക്ക് നേരെ വെച്ച് നീട്ടുമ്പോള്‍ ഓര്‍ക്കണം അവനു നിന്റെ മുകളിലേക്ക് ചവിട്ടികയറാനുള്ള ചവിട്ടുപടികള്‍ മാത്രമാണിതെന്ന്.
പിതൃത്വമാണ് പുരുഷത്വത്തിന്റെ പൂര്‍ത്തീകരണമെന്നു പ്രഖ്യാപിക്കാത്തിടത്തെ മാതൃത്വമഹത്വവല്‍ക്കരണത്തിന്റെ പൊള്ളത്തരം തിരിച്ചറിയണം. അരുതെന്നു പറയുന്ന ചില കാര്യങ്ങള്‍ ഇഷ്ടമില്ലെങ്കില്‍ കൂടി നാം ചെയ്യണം. കാരണം നമ്മളോട് അരുതെന്നു പറയാനുള്ള അവകാശം മറ്റുള്ളവര്‍ക്കില്ലെന്നും എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു തീരുമാനിക്കുന്നത് നമ്മള്‍ മാത്രമാണെന്നവരെ ബോധ്യപ്പെടുത്താന്‍ കൂടിയാണ്.
ചുരുക്കെഴുത്ത്: താഴിട്ടു പൂട്ടിക്കിടക്കുന്ന ഒന്നു കുത്തിത്തുറക്കാത്തതല്ല മര്യാദ, മലര്‍ക്കെ തുറന്നിട്ടാലും അനുവാദമില്ലാത്തത് എടുക്കാതിരിക്കുക എന്നതാണ് മാന്യതയും മര്യാദയും. അതാണ് നമ്മള്‍ പഠിക്കേണ്ടതും വരും തലമുറയെ പഠിപ്പിക്കേണ്ടതും.