ഇത് കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്
ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഞാണിന്‍മേല്‍ നടത്തമാണ് കോണ്‍ഗ്രസിന് മുന്നിലിനി. ഇത് വച്ച് പണിയെടുക്കേണ്ടി വരും. ഇല്ലേല്‍ ലോക്‌സഭ വരുമ്പോള്‍ ഹിന്ദി ഹൃദയഭൂമി എന്ന-ജാതിയും രാമക്ഷേത്രവുമുള്‍പ്പടെ സകല നുണപ്രചാരണങ്ങളും വിശ്വസിക്കുന്ന-ഹിന്ദു ഭൂരിപക്ഷമുള്ള നാട്, ബിജെപിയിലേക്ക് തിരിച്ച് പോകും. 'ഹമാരേ പാസ് രാം മന്ദിര്‍ ഹേ' എന്ന് ശശി കപൂര്‍ ഡയലോഗ് പറഞ്ഞ് നില്‍പുണ്ട് അമിത് ഷായും എല്ലാ തീവ്രഹിന്ദു ഗ്രൂപ്പുകളും-സാവിത്രി ടി എം എഴുതുന്നു
ബിജെപി തോറ്റതിന്റെ ട്രോളുകള്‍ വായിച്ച് ചിരിച്ചുകഴിഞ്ഞെങ്കില്‍ ഇരുന്ന് ഒന്ന് ഓര്‍ത്തു നോക്കണം. ഇത് 2019-ന്റെ ചൂണ്ടുപലകയാകുമോ എന്നാണ് നമ്മള്‍ കാത്തിരുന്നത്. അവിടെ, ഓര്‍ക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനം, ഇത് രാജ്യം കണ്ട ഏറ്റവും വലിയ വിജയമല്ല, എന്നത് തന്നെയാണ്.
കോണ്‍ഗ്രസിന്റെ ജയത്തില്‍ ആഹ്‌ളാദിക്കുകയാണോ? ഒരു നിമിഷം! ഈ വിജയം 2019-ന്റെ ചൂണ്ടുപലകയാകണമെന്നില്ല
അധ്യക്ഷനായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ നേടിയ വലിയ വിജയത്തിന്റെ ആഹ്‌ളാദത്തിലാണ് കോണ്‍ഗ്രസ്. പക്ഷേ, ആ ചിരിയ്ക്ക് എത്രത്തോളം ആയുസ്സുണ്ട്? 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂണ്ടുപലകയാണോ ഇപ്പോള്‍ കഴിഞ്ഞുപോയത്?
'സെമിഫൈനല്‍' എന്നാണ് ഹിന്ദു ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയലോകം വിളിച്ചത്. തെലങ്കാനയിലെ തെരഞ്ഞെടുപ്പില്‍ ഒരു വിശാലപ്രതിപക്ഷസഖ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് നമ്മള്‍ സാകൂതം കാത്തിരുന്നു. ഒടുവില്‍ ഫലം വന്നിരിക്കുന്നു. സെമിഫൈനല്‍ കഴിഞ്ഞു. കോണ്‍ഗ്രസിന് മേല്‍ക്കൈ. സുലാന്‍!
കഴിഞ്ഞോ? അത്ര പെട്ടെന്ന് എഴുതി അവസാനിപ്പിയ്ക്കാവുന്ന അധ്യായമല്ല ഇപ്പോള്‍ കഴിഞ്ഞുപോയത്. സെമിയില്‍ ജയിച്ചവരെല്ലാം ഫൈനലില്‍ ജയിക്കാറില്ല. സെമിയില്‍ തോറ്റവര്‍ പുറത്ത് പോയിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും!
ബിജെപി തോറ്റതിന്റെ ട്രോളുകള്‍ വായിച്ച് ചിരിച്ചുകഴിഞ്ഞെങ്കില്‍ ഇരുന്ന് ഒന്ന് ഓര്‍ത്തു നോക്കണം. ഇത് 2019-ന്റെ ചൂണ്ടുപലകയാകുമോ എന്നാണ് നമ്മള്‍ കാത്തിരുന്നത്. അവിടെ, ഓര്‍ക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനം, ഇത് രാജ്യം കണ്ട ഏറ്റവും വലിയ വിജയമല്ല, എന്നത് തന്നെയാണ്.
സെമിയില്‍ ജയിച്ചവരെല്ലാം ഫൈനലില്‍ ജയിക്കാറില്ല. സെമിയില്‍ തോറ്റവര്‍ പുറത്ത് പോയിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും!
ഇത് രാഹുലിന്റെ വലിയ വിജയം
രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ വിജയമാണിത്. സംശയമില്ല. ഇന്ത്യയുടെ 60 ശതമാനത്തോളം പ്രദേശം ഭരിച്ചിരുന്നത് എന്‍ഡിഎയായിരുന്നു, ഇപ്പോഴത് മാറി. വെറും നാല്‍പത് ശതമാനമായി.
നോട്ട് നിരോധനം, ജിഎസ്ടി, തൊഴിലില്ലായ്മ, കാര്‍ഷികപ്രതിസന്ധി, ഇന്ധനവിലവര്‍ധന, വിലക്കയറ്റം - സാധാരണക്കാരെ ബാധിച്ച വിഷയങ്ങള്‍ ചില്ലറയായിരുന്നില്ല ഈ തെരഞ്ഞെടുപ്പില്‍. പാവപ്പെട്ടവരെ മുതല്‍, താഴേത്തട്ടിലെ മധ്യവര്‍ഗത്തെ വരെ വലിയ രീതിയില്‍ ബാധിച്ച 'സാമ്പത്തികപരിഷ്‌കാരങ്ങ'ളുമായാണ് മോദി കടന്നുവന്നത്.
ഇതിനെ കോണ്‍ഗ്രസ് പക്ഷേ, അന്ന് നേരിട്ടതെങ്ങനെയാണ്? നോട്ട് നിരോധനം പ്രഖ്യാപിച്ച ഉടന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചതായി ഓര്‍ക്കുന്നുണ്ടോ? ട്വീറ്റുകളിലൂടെയല്ല, സജീവപ്രതിപക്ഷമായി നിലനിന്ന്, നോട്ട് നിരോധനത്തെ നേരിടാന്‍ രാഹുല്‍ ബ്രിഗേഡിന് കഴിഞ്ഞോ? സംശയമാണ്.
ജിഎസ്ടിയെ മനസ്സുതുറന്നെതിര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയുമായിരുന്നില്ല. ജിഎസ്ടി യഥാര്‍ഥത്തില്‍ യുപിഎ സര്‍ക്കാരിന്റെ തന്നെ സൃഷ്ടിയായിരുന്നു. അതിനെ ഒരു പരിധി വിട്ടെതിര്‍ത്താല്‍ നില്‍ക്കക്കള്ളിയില്ലാതായിപ്പോകുമായിരുന്നു.
കാര്‍ഷികപ്രതിസന്ധി നേരിടുന്നതില്‍ ഓള്‍ ഇന്ത്യാ കിസാന്‍ സഭയോ, യോഗേന്ദ്രയാദവിന്റെ സ്വരാജ് അഭിയാനോ നടത്തിയതുപോലെ ഒരു ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. ദില്ലിയിലെ കിസാന്‍ റാലിയില്‍ രാഹുല്‍ വന്നതും പ്രതിപക്ഷമായി അണിനിരന്നതും അഭിനന്ദനാര്‍ഹം തന്നെയായിരുന്നു. പക്ഷേ, അപ്പോഴും കര്‍ഷകറാലിയെ രാഷ്ട്രീയഐക്യവേദിയായി ഉപയോഗിക്കാന്‍ രാഹുല്‍ ശ്രമിയ്ക്കുകയാണെന്നും കര്‍ഷകപ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്തില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ടെന്ന് മറന്നുകൂടാ.
പകരം കോണ്‍ഗ്രസിന്റെ പ്രധാന ആരോപണങ്ങളുടെ കുന്തമുനകള്‍ ഏതൊക്കെയായിരുന്നു? റഫാല്‍ അഴിമതി - ദസോ കമ്പനി - ഫ്രഞ്ച് സര്‍ക്കാര്‍ - അഴിമതി എന്നെല്ലാം പല റാലികളിലും രാഹുല്‍ പറഞ്ഞു. എത്ര പേര്‍ക്ക് അതൊക്കെ മനസ്സിലായിരിക്കണം?
വിളകള്‍ക്ക് വളമിടാന്‍ മരുന്നില്ലാതെ, ജിഎസ്ടി മൂലം ഉള്ള ചെറുകിടവ്യവസായത്തില്‍ ഇനി നിക്ഷേപിക്കാന്‍ പണമില്ലാതെ, പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂടിയപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ശമ്പളമില്ലാതെ രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്ന ഒരു കര്‍ഷകനും, വ്യവസായിക്കും, സാധാരണശമ്പളക്കാരനും റഫാലിനെക്കുറിച്ച് പറഞ്ഞാല്‍ എത്രത്തോളം മനസ്സിലാകും?
രാഹുലിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്ന ഒരു കര്‍ഷകനും, വ്യവസായിക്കും, സാധാരണശമ്പളക്കാരനും റഫാലിനെക്കുറിച്ച് പറഞ്ഞാല്‍ എത്രത്തോളം മനസ്സിലാകും?
രാജസ്ഥാന്‍ കോണ്‍ഗ്രസിനോട് പറയുന്നതെന്ത്?
രാജസ്ഥാനില്‍ കഷ്ടി ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ നില്‍പ്. 199 സീറ്റുകളില്‍ നൂറ് കേവലഭൂരിപക്ഷം വേണം. 99 സീറ്റിലാണ് നില്‍പ്. ബിഎസ്പിയുള്‍പ്പടെയുള്ള സഖ്യകക്ഷികളുടെ ബലത്തിലാണ് നില്‍ക്കുന്നത്.
വോട്ട് വിഹിതത്തില്‍ 1.1 ശതമാനത്തിന്റെ വ്യത്യാസമേയുള്ളൂ. ബിജെപിയുടെ വോട്ട് വിഹിതം ആറ് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്, കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം ഏഴ് ശതമാനത്തോളം കൂടിയിട്ടുമുണ്ട്. വസുന്ധരാരാജെയ്‌ക്കെതിരെ കടുത്ത അമര്‍ഷമുണ്ടായിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസിന്റെ പെട്ടിയില്‍ ആ രോഷം വോട്ടായി വീണില്ല?
പണ്ട് രാജസ്ഥാനില്‍ ഷൂട്ടിനായി ഞങ്ങളുടെ ക്യാമറാമാന്‍ വിപിന്‍ മുരളിയുടെ കൂടെ യാത്ര ചെയ്തപ്പോള്‍ രസകരമായ ഒരു ചോദ്യം നേരിട്ടിട്ടുണ്ട്. വൈകിട്ട് നടക്കാനിറങ്ങിയതാണ്. പുഷ്‌കര്‍ മേളക്കാലമാണ്. തണുപ്പ് കാലം. മേളയുടെ മൈതാനിയില്‍ നടക്കുന്നതിനിടെ ഒരിടത്ത് തീ കൂട്ടിയ ഇടത്ത് ഇരുന്നു. വിപിന്‍ നെരിപ്പോട് മഞ്ഞത്ത് എരിയുന്നത് ഷൂട്ട് ചെയ്യാണ്. തൊട്ടടുത്ത് ഒരു മീശക്കാരന്‍ ഞങ്ങളേം നോക്കി സാകൂതം ഇരിപ്പുണ്ട്. ഒട്ടകങ്ങളെയും കൊണ്ട് മേളയ്ക്ക് വന്നതാണെന്ന് കണ്ടാലറിയാം. നോക്കി ചിരിച്ചപ്പോള്‍ വെറുതെ കുശലം ചോദിച്ചു. 'ആപ് കഹാം സെ ഹോ?' രാജസ്ഥാനിലെ ഏതോ ഗ്രാമത്തിന്റെ പേര് പറഞ്ഞു മൂപ്പര്. ഓര്‍മയില്ല.
ഹം കേരള്‍ സെ ഹേ - പരിചയപ്പെടുത്തി. 'കേരള്‍? ക്യാ?' മൂപ്പരങ്ങനെയൊരു വാക്ക് കേട്ടിട്ടില്ല. 'അതൊര് സ്ഥലം, ശ്രീഹള്ളി പോലെ..' പറഞ്ഞ് മനസ്സിലാക്കാന്‍ നോക്കുന്നതിനിടെ മൂപ്പരുടെ ചോദ്യം.
'ആപ്കാ ഗോത്ര് ക്യാ ഹേ?'
'ഹെന്ത്?'
'ഗോത്ര് ഗോത്ര്'
'ഡീ ജാതി ചോദിക്കുന്നെടീ', മലബാറുകാരനായ വിപിന് കലി വന്നു.
'മനുഷ്യഗോത്ര്' - ഞങ്ങള്‍ പറഞ്ഞു. മീശക്കാരന്‍ മീശ തടവി നല്ലൊരു ചിരി ചിരിച്ചു.
അതാണ് രാജസ്ഥാന്‍. ജാതിയാണ് എന്തിനും ഏതിനും മുകളില്‍. ഗുജ്ജര്‍, ജാട്ട് വിഭാഗക്കാര്‍ ബിജെപിയില്‍ നിന്ന് വിട്ട് പോയി ഇത്തവണ. രാജ്പുത് വിഭാഗക്കാര്‍ക്ക് രാജകുടുംബാംഗമായിട്ട് പോലും വസുന്ധരാരാജെ സിന്ധ്യയോട് മതിപ്പില്ല. ധോല്‍പൂരിലെ റാണിയാണെങ്കിലും രാജസ്ഥാന്‍കാരിയല്ല വസുന്ധര. മധ്യപ്രദേശിലെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ നിന്ന് ധോല്‍പൂരേയ്ക്ക് വിവാഹിതയായി വന്നതാണ്. ഇവിടത്തെ രാജ്പുത് വംശജരോട് വസുന്ധരയ്ക്ക് ആദരവോ ബഹുമാനമോ ഇല്ലെന്നാണ് പരാതി.
ഗുജ്ജറുകളുടെയായാലും ജാട്ടുകളുടെയായാലും രാജ്പുത്തുകളുടെയായാലും അടിസ്ഥാനരാഷ്ട്രീയം ചേരുന്നത് ബിജെപിക്കാണ്. അതുകൊണ്ടാണ് അടല്‍ ബിഹാരി വാജ്‌പേയി ഉള്‍പ്പടെയുള്ളവര്‍ ജാതി പറഞ്ഞ് വോട്ട് പിടിച്ചത്. 1999-ല്‍ പ്രധാനമന്ത്രിയായ അന്ന് വൈകിട്ട് തന്നെ ജാട്ടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലികളില്‍ സംവരണം പ്രഖ്യാപിച്ച് പ്രത്യുപകാരം ചെയ്തത്.
ജാതി ഭരിക്കുന്ന രാജസ്ഥാനിലാണ് കോണ്‍ഗ്രസ് കഷ്ടി കേവലഭൂരിപക്ഷത്തില്‍ നില്‍ക്കുന്നത്. അത് ബിജെപിയോടുള്ള രോഷമാണ്. കോണ്‍ഗ്രസിനോടുള്ള ആശയപരമായ ഐക്യദാര്‍ഢ്യമോ, സ്ഥിരം രാഷ്ട്രീയ ഇടം കണ്ടെത്തലോ അല്ല.
ഹൃദയത്തില്‍ 'കൈ' തൊട്ടോ?
മധ്യപ്രദേശിലെ സ്ഥിതിയെന്താണ്? 2017 മെയ് മാസത്തില്‍ മന്ദ്‌സോറില്‍ വിളകള്‍ക്ക് ന്യായവില ചോദിച്ച് നടന്ന കര്‍ഷകറാലിയ്ക്ക് നേരെ വെടിവച്ച പൊലീസുള്ള സംസ്ഥാനമാണ്. അഞ്ച് കര്‍ഷകരാണ് വെടികൊണ്ട് മരിച്ചത്. ഒരു സര്‍ക്കാര്‍ താഴെ വീഴാന്‍ ന്യായമായി നോക്കിയാല്‍ വേറെ ഒരു കാരണവും വേണ്ടതില്ല. അതില്‍ കുറ്റക്കാരായ പൊലീസുകാര്‍ ഇപ്പോഴും സുഖമായി പുറത്തിറങ്ങി നടപ്പുണ്ട്. കൃഷിനിലം തേടി ജലസത്യാഗ്രഹമിരുന്ന കര്‍ഷകരുടെ നാടാണ്. 15 വര്‍ഷമായി മുഖ്യമന്ത്രിയായ ശിവ് രാജ് സിംഗ് ചൗഹാന്‍ എത്ര സൗമ്യനും അച്ചടക്കവുമുള്ള ആര്‍എസ്എസ് സംഘപ്രവര്‍ത്തകനായി ചിത്രീകരിക്കപ്പെട്ടാലും നാട്ടുകാര് ഓടിക്കേണ്ടതാണ്.
.
അവിടെ മുന്നിലെത്താന്‍ പാടുപെട്ടു കോണ്‍ഗ്രസ്. വോട്ട് വിഹിതത്തില്‍ ബിജെപിയാണ് മുന്നില്‍! ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം വെറും ദശാംശം ഒന്നാണ്! (.1%) - കോണ്‍ഗ്രസിന് 41.5%, ബിജെപിക്ക് 41.6%
അയ്യായിരം വോട്ടുകളുടെയൊക്കെ വ്യത്യാസത്തിലാണ് പല മണ്ഡലത്തിലും കോണ്‍ഗ്രസിന് ലീഡ് പുലര്‍ത്താനാവുന്നത്. പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച സീറ്റുകളുടെ എണ്ണം ബിജെപിക്കാണ് കൂടുതല്‍. അമ്പതിനായിരം വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം നേടി വിജയിച്ച ഒറ്റ സ്ഥാനാര്‍ഥിയില്ല ബിജെപിക്കും കോണ്‍ഗ്രസിനും. 15 വര്‍ഷത്തിന് ശേഷം ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് മുതലെടുക്കാന്‍ പറ്റിയോ? സംശയമാണ്.
നോട്ട് നിരോധനവും ജിഎസ്ടിയും മൂലം തകര്‍ന്നടിഞ്ഞ ആളുകളുടെ നാടു കൂടിയാണ് മധ്യപ്രദേശ്. അവിടെയുള്ളവര്‍ കോണ്‍ഗ്രസിനെ കണ്ണടച്ച് വിശ്വസിക്കുന്നില്ലെങ്കില്‍, അവിടെയെന്തോ പ്രശ്‌നമില്ലേ?
ഗതി കെട്ടാണ് ഒരു ഐക്കണോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ പോലുമില്ലാഞ്ഞിട്ടും അവര്‍ കോണ്‍ഗ്രസിന് വോട്ട് കുത്തിയത്.
ഛത്തീസ്ഗഡിലേത് ഗതികെട്ട ജനങ്ങളുടെ വോട്ട്
ഛത്തീസ്ഗഡ്- ഗതികെട്ട മനുഷ്യരുടെ നിലവിളിയാണത്. ഇന്ത്യയുടെ അരിക്കുടുക്കയാണ് ഛത്തീസ്ഗഡ്. ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്ന് ഗ്രാമങ്ങളെയും സാല്‍വാ ജുദൂമിലൂടെ നഗരങ്ങളെയും രമണ്‍സിംഗ് കൈയിലെടുത്തത് വളരെ തന്ത്രപരമായ കളിയായിരുന്നു. അതാണ് പതിനഞ്ച് വര്‍ഷം 'ചാവല്‍ബാബ'യെ നിലനിര്‍ത്തിയത്. എന്നിട്ടും ഗ്രൗണ്ടില്‍ ഇതൊന്നും ഓടിയില്ല. ഗര്‍ഭപാത്രം വിറ്റ് കാശ് വാങ്ങുന്ന സ്ത്രീകളുടെ നാടായി ഛത്തീസ്ഗഡ്. 2012-ല്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്തിട്ടേ ഇല്ലെന്ന് നുണ പറഞ്ഞു. ''കര്‍ഷകര്‍ ആത്മഹത്യ ചെയ്യില്ലെന്നേ, അതൊക്കെ നഗരങ്ങളിലെ അര്‍ബന്‍ ആളുകള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലേ'' എന്ന് വിഷം കഴിച്ചും കയറില്‍ തൂങ്ങിയും ജീവനൊടുക്കിയ കര്‍ഷകരുടെ ശവം നോക്കി ഒരു മന്ത്രി തമാശ പറഞ്ഞു.
ഗതി കെട്ടാണ് ഒരു ഐക്കണോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോ പോലുമില്ലാഞ്ഞിട്ടും അവര്‍ കോണ്‍ഗ്രസിന് വോട്ട് കുത്തിയത്. ഉദ്യോഗസ്ഥ അഴിമതിയുടെ വിളനിലമായ ഛത്തീസ്ഗഡില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് വിയര്‍പ്പൊഴുക്കണ്ടി വരും. തലപ്പത്തുള്ളത് ഭൂപേഷ് ബാഗല്‍ എന്ന പിസിസി അധ്യക്ഷനാണ്. തോല്‍വിയുടെ നീണ്ട ചരിത്രമുള്ള മനുഷ്യനാണ്. അവിടേക്ക് ആരെയെങ്കിലും ഡിപ്ലോയ് ചെയ്താലും കോണ്‍ഗ്രസില്‍ നിന്ന് അവിടെപ്പോയി ആരും പണിയെടുക്കുമെന്ന് തോന്നുന്നില്ല. ഈ പ്രതീക്ഷ നില നിര്‍ത്താന്‍ പണിയെടുക്കണം കോണ്‍ഗ്രസ്.
നല്ല ഞാണിന്‍മേല്‍ നടത്തമാണ് കോണ്‍ഗ്രസിന് മുന്നിലിനി
ഇത് കോണ്‍ഗ്രസിനുള്ള ഒരു മുന്നറിയിപ്പാണ്
ചുരുക്കിപ്പറഞ്ഞാല്‍ നല്ല ഞാണിന്‍മേല്‍ നടത്തമാണ് കോണ്‍ഗ്രസിന് മുന്നിലിനി. ഇത് വച്ച് പണിയെടുക്കേണ്ടി വരും. ഇല്ലേല്‍ ലോക്‌സഭ വരുമ്പോള്‍ ഹിന്ദി ഹൃദയഭൂമി എന്ന-ജാതിയും രാമക്ഷേത്രവുമുള്‍പ്പടെ സകല നുണപ്രചാരണങ്ങളും വിശ്വസിക്കുന്ന-ഹിന്ദു ഭൂരിപക്ഷമുള്ള നാട്, ബിജെപിയിലേക്ക് തിരിച്ച് പോകും. 'ഹമാരേ പാസ് രാം മന്ദിര്‍ ഹേ' എന്ന് ശശി കപൂര്‍ ഡയലോഗ് പറഞ്ഞ് നില്‍പുണ്ട് അമിത് ഷായും എല്ലാ തീവ്രഹിന്ദു ഗ്രൂപ്പുകളും.
ഇനി സമയമില്ല. 2019 മെയ് മാസത്തിന് ആറ് മാസത്തോളം മാത്രം ബാക്കി. ഇപ്പോള്‍ ഓടിനടന്ന് പ്രചാരണം നടത്തിയതുപോലെ, ആളുകളോട് സംസാരിക്കാന്‍ ശ്രമിച്ചതുപോലെ രാഹുല്‍ ഗാന്ധി ഒരു സജീവപ്രതിപക്ഷനേതാവിന്റെ റോള്‍ ഏറ്റെടുത്തിരുന്നെങ്കില്‍!
'ബിജെപി മുക്തഭാരതം എന്റെ ലക്ഷ്യമല്ല, എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്നത് എന്റെ നയമല്ല' എന്ന നിലപാട് തുടര്‍ന്നിരുന്നെങ്കില്‍!
എത്ര ഹൃദ്യമായ നിലപാടാണത്!