ആ കൊലയാളികള്‍ പിരിഞ്ഞുപോയിട്ടില്ല; അവര്‍ നമ്മുടെ വീട്ടുമുറ്റത്തുണ്ട്
ഈ 'നാടത്തങ്ങളെ' മുഴുവന്‍ ഒരു ആള്‍ക്കൂട്ടത്തിന്റെ പൊടുന്നനെയുള്ള പ്രകോപനമായി മാത്രം കാണാന്‍ വയ്യ. ഈ അതിക്രമങ്ങള്‍ക്കിരയാകുന്നവരില്‍ ദളിതന്‍, ആദിവാസി, മുസ്ലിം തുടങ്ങിയവര്‍ കൂടി വരികയും വരേണ്യ സവര്‍ണ വിഭാഗത്തിന്റെ പ്രതിനിധികള്‍ കടന്നു വരാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ ആള്‍ക്കൂട്ട നീതി നടപ്പിലാക്കുന്നവരുടെ ഉപബോധത്തിലുള്ള നൈതികയെ കെട്ടി വരിഞ്ഞിരിക്കുന്നതും ജാതി മത വര്‍ണ വര്‍ഗ പാശങ്ങള്‍ ആണെന്ന് മനസിലാക്കാം.
അഖ്‌ലാഖ്, ജുനൈദ്, സിദ്ധാര്‍ഥ് സോളങ്കി, അഫ്റസൂല്‍ ഖാന്‍,സുശീല്‍ ജാദവ്, സഫര്‍ ഖാന്‍,നീലം അഹിര്‍വാര്‍, അഹ്മദ് ഖാന്‍, ഹാഫിസുല്‍ ഷെയ്ഖ്, മണ്ഡേവി, അന്‍വര്‍ ഹുസൈന്‍, ഒട്ടേറ ബീബി , നസീര്‍, നസീറുല്‍ ഹഖ് , മുഹമ്മദ് സമീറുദ്ധീന്‍, ഷെയ്ഖ് സിറാജ്, ഷെയ്ഖ് സജ്ജു, ഷെയ്ഖ് നെയിം, അസ്ഗര്‍ അലി അന്‍സാരി,കാര്‍ത്തിക് ഘോഷ്, ഉമ്മര്‍ ഖാന്‍ പെഹ്ലു ഖാന്‍, പ്രവീണ്‍ പൂജാരി തുടങ്ങി ഗോ രക്ഷയുടെ പേരിലും ജാതി വരമ്പുകള്‍ മറന്നതിനും ആള്‍ക്കൂട്ടം മരണ ശിക്ഷ നടപ്പാക്കിയവര്‍. ദുര്‍മന്ത്രവാദിനികള്‍ എന്ന മുദ്ര കുത്തി ആള്‍ക്കൂട്ടം ചുട്ടെരിക്കുന്ന സ്ത്രീകള്‍, പരസ്യമായി നഗ്‌നരാക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചാട്ടയ്ക്കടിക്കപ്പെടുകയും ചെയ്ത ദളിത് യുവതീയുവാക്കള്‍, കുഞ്ഞുങ്ങള്‍...മോഷണ കുറ്റം ചുമത്തി നമ്മള്‍ കെട്ടിയിടുന്ന അന്യ സംസ്ഥാനക്കാരും, ട്രാന്‍സ്ജന്‍ഡറുകളും എന്തിനേറെ അഹ്മദ് എന്ന നൈജീരിയന്‍ പൗരന്‍...ആരും മുക്തരല്ല അഭിനവ പോലീസിന്റെ പിടിയില്‍ നിന്ന്.
വര: ഷാരോണ്‍ റാണി
ഒരു ആദിവാസി യുവാവിനെ കൂടെ ഇല്ലാതാക്കി എന്ന നിര്‍വൃതിയോടെ പേ പിടിച്ച ആ ആള്‍ക്കൂട്ടം പിരിഞ്ഞു പോയി എന്ന് നാം കരുതരുത്.
അവര്‍ പിരിഞ്ഞുപോയിട്ടില്ല. അവരെ നമ്മള്‍ ഇനിയും കണ്ടു മുട്ടും.
ഒരു പക്ഷെ ലോകത്തിന്റെ ഏതെങ്കിലും കോണില്‍. അല്ലെങ്കില്‍ നമ്മുടെയൊക്കെ തന്നെ വീട്ടു മുറ്റത്ത്. അന്ന് ചിലപ്പോള്‍ നാം ഇരയുടെ സ്ഥാനത്തായിരിക്കാം അല്ലെങ്കില്‍ വേട്ടക്കാരന്റെ സ്ഥാനത്ത്. ഇരയുടെ ദയനീയത മുഴുവന്‍ കണ്ണുകളില്‍ ആവാഹിച്ചു നില്‍ക്കേണ്ടി വന്നാലും വേട്ടക്കാരന്റെ കത്തിവേഷം നമ്മള്‍ ആടാതിരിക്കട്ടെ...
വില്യം ഗോള്‍ഡിങ്ങിന്റെ 'ലോര്‍ഡ് ഓഫ് ദി ഫ്ളൈസ്' എന്ന നോവലില്‍ പ്ലെയിന്‍ അപകടത്തെ തുടര്‍ന്ന് ഒരു കൂട്ടം കുട്ടികള്‍ വിജനമായ ദ്വീപില്‍ അകപ്പെടുന്നു. മുതിര്‍ന്നവരുടെ നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിഞ്ഞു, അതുവരെ തങ്ങളുടെ മുതുകിലുണ്ടായിരുന്ന സദാചാര വിലക്കുകളും നിയമങ്ങളും കുടഞ്ഞെറിഞ്ഞു സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കുട്ടികളുടെ ഉന്മാദാവസ്ഥയില്‍ നഷ്ടപ്പെടുന്നത് രണ്ടു കുട്ടികളുടെ ജീവന്‍ ആണ്...പന്നിയെ വേട്ടയാടുന്നതിനു പകരം തങ്ങളുടെ കൂട്ടത്തിലെ ശക്തിഹീനനെ കൊന്നു താണ്ഡവമാടുന്ന കുട്ടികള്‍.
ആ ഒരു കൂട്ടം കുട്ടികളില്‍ ഒരാള്‍ പോലും അങ്ങിനെയൊരു കുറ്റകൃത്യം തങ്ങളുടെ ഭ്രാന്തന്‍ ചിന്തകളില്‍ പോലും കടന്നു വരാന്‍ അനുവദിച്ചവരായിരിക്കുകയില്ല. പക്ഷെ സംസ്‌കാര സമ്പന്നരെന്ന പുറംമോടി നിലനിര്‍ത്താന്‍ ബാധ്യതയില്ലാത്ത ഒരു നിമിഷം, തങ്ങളുടെ ചെയ്തികള്‍ക്ക് ഒരു പറ്റം ആളുകള്‍ ഒന്നാകെ ഉത്തരവാദികളാകുന്ന നിമിഷം, അവരുടെ ഉള്ളിലെ എല്ലാ പൈശാചികതയും പുറത്തു വരുന്നു.(പിശാചുക്കള്‍ എന്നോട് പൊറുക്കട്ടെ. ഒരു വേള അവര്‍ ഇതിനേക്കാള്‍ നന്മയുള്ളവര്‍ ആയിരിക്കാം). വേട്ടയാടി ജീവിച്ച ഒരു കാലത്തേക്കുള്ള തിരിച്ചു പോക്ക് എന്ന് പറയാന്‍ വയ്യ. അങ്ങിനെ ജീവിച്ചിരുന്നവര്‍ ഭക്ഷണത്തിനു വേണ്ടിയെ കൊന്നിട്ടുണ്ടാവൂ. ഭക്ഷണത്തിനു വേണ്ടി യാചിച്ചവനെ കൊന്നു തിന്നിട്ടുണ്ടാകില്ല.
ഈ 'നാടത്തങ്ങളെ' ഒരു ആള്‍ക്കൂട്ടത്തിന്റെ പൊടുന്നനെയുള്ള പ്രകോപനമായി മാത്രം കാണാന്‍ വയ്യ.
ഇരകളുടെ പെരുംപട്ടിക
മധുവിന്റെ ആദിവാസി സ്വത്വം മാത്രം മുന്‍നിര്‍ത്തി ഈ ആള്‍ക്കൂട്ട ഭീകരതയെ നിര്‍വചിക്കുന്നതിനു പകരം ഇന്ത്യയൊട്ടാകെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി അരങ്ങേറുന്ന ചെറുതും വലുതുമായ ഖാപ് മോഡല്‍ ഭീകരതയെ കൂടി, അതിനെ നിലനിര്‍ത്തി പരിപാലിച്ചു പോരുന്ന ഭരണകൂട ഭീകരതയെ കൂടി നമ്മള്‍ വിചാരണക്കൂട്ടില്‍ കേറ്റേണ്ടതുണ്ട്.
അടുത്ത കാലത്തു ആള്‍ക്കൂട്ടത്തിന്റെ കാടന്‍ വിചാരണയ്ക്ക് ഇരയായവരെ നോക്കാം..
അഖ്‌ലാഖ്, ജുനൈദ്, സിദ്ധാര്‍ഥ് സോളങ്കി, അഫ്റസൂല്‍ ഖാന്‍,സുശീല്‍ ജാദവ്, സഫര്‍ ഖാന്‍,നീലം അഹിര്‍വാര്‍, അഹ്മദ് ഖാന്‍, ഹാഫിസുല്‍ ഷെയ്ഖ്, മണ്ഡേവി, അന്‍വര്‍ ഹുസൈന്‍, ഒട്ടേറ ബീബി , നസീര്‍, നസീറുല്‍ ഹഖ് , മുഹമ്മദ് സമീറുദ്ധീന്‍, ഷെയ്ഖ് സിറാജ്, ഷെയ്ഖ് സജ്ജു, ഷെയ്ഖ് നെയിം, അസ്ഗര്‍ അലി അന്‍സാരി,കാര്‍ത്തിക് ഘോഷ്, ഉമ്മര്‍ ഖാന്‍ പെഹ്ലു ഖാന്‍, പ്രവീണ്‍ പൂജാരി തുടങ്ങി ഗോ രക്ഷയുടെ പേരിലും ജാതി വരമ്പുകള്‍ മറന്നതിനും ആള്‍ക്കൂട്ടം മരണ ശിക്ഷ നടപ്പാക്കിയവര്‍. ദുര്‍മന്ത്രവാദിനികള്‍ എന്ന മുദ്ര കുത്തി ആള്‍ക്കൂട്ടം ചുട്ടെരിക്കുന്ന സ്ത്രീകള്‍, പരസ്യമായി നഗ്‌നരാക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചാട്ടയ്ക്കടിക്കപ്പെടുകയും ചെയ്ത ദളിത് യുവതീയുവാക്കള്‍, കുഞ്ഞുങ്ങള്‍...മോഷണ കുറ്റം ചുമത്തി നമ്മള്‍ കെട്ടിയിടുന്ന അന്യ സംസ്ഥാനക്കാരും, ട്രാന്‍സ്ജന്‍ഡറുകളും എന്തിനേറെ അഹ്മദ് എന്ന നൈജീരിയന്‍ പൗരന്‍...ആരും മുക്തരല്ല അഭിനവ പോലീസിന്റെ പിടിയില്‍ നിന്ന്.
ഈ 'നാടത്തങ്ങളെ' മുഴുവന്‍ ഒരു ആള്‍ക്കൂട്ടത്തിന്റെ പൊടുന്നനെയുള്ള പ്രകോപനമായി മാത്രം കാണാന്‍ വയ്യ. ഈ അതിക്രമങ്ങള്‍ക്കിരയാകുന്നവരില്‍ ദളിതന്‍, ആദിവാസി, മുസ്ലിം തുടങ്ങിയവര്‍ കൂടി വരികയും വരേണ്യ സവര്‍ണ വിഭാഗത്തിന്റെ പ്രതിനിധികള്‍ കടന്നു വരാതിരിക്കുകയും ചെയ്യുമ്പോള്‍ ഈ ആള്‍ക്കൂട്ട നീതി നടപ്പിലാക്കുന്നവരുടെ ഉപബോധത്തിലുള്ള നൈതികയെ കെട്ടി വരിഞ്ഞിരിക്കുന്നതും ജാതി മത വര്‍ണ വര്‍ഗ പാശങ്ങള്‍ ആണെന്ന് മനസിലാക്കാം.
എന്നാല്‍ ഈ ആള്‍ക്കൂട്ടം പ്രമുഖരായ ബലാല്‍സംഗ കുറ്റവാളികളെയോ കൊലപാതകികളെയോ അഴിമതിക്കാരെയോ പരസ്യ വിചാരണ ചെയ്യുന്നത് കണ്ടിട്ടില്ല. കൂടിപ്പോയാല്‍ കൂക്കി വിളിക്കലുകള്‍, ട്രോളുകള്‍... പ്രമുഖ വ്യക്തിത്വത്തിന്റെ ഗ്രേഡ് കുറവാണെങ്കില്‍ ചെരിപ്പേറ്, ചീമുട്ടയേറ്... അതിനപ്പുറം പോകില്ല ആള്‍ക്കൂട്ടത്തിന്റെ വീരസ്യ പ്രകടനങ്ങള്‍...
അപ്പോള്‍ അധികാരത്തിന്റെ ഭാഷയാണ് ആ തെമ്മാടി കൂട്ടത്തിന്റെ ശരീര ഭാഷ. ഇരകള്‍ക്ക് ആദിവാസികളുടെയോ ദളിതന്റെയോ ഛായ മാത്രമല്ല അധികാരമില്ലാത്തവന്റെ ഛായ കൂടെയാണ്.
വര: ഷാരോണ്‍ റാണിഅധികാരത്തിന്റെ ഭാഷയാണ് ആ തെമ്മാടി കൂട്ടത്തിന്റെ ശരീര ഭാഷ
നമ്മുടെ മൗനങ്ങളുടെ ഉള്ളുകള്ളികള്‍
മധുവെന്ന ആദിവാസിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും ആള്‍ക്കൂട്ട ന്യായാധിപന്മാര്‍ കൊടുക്കുന്നത് ഒരു മുന്നറിയിപ്പാണ്. ഞങ്ങളുടെ സുഖലോലുപത ഞങ്ങളുടെ മനസാക്ഷിയെ തന്നെ നോക്കി പല്ലിളിക്കാന്‍, ഞങ്ങള്‍ അപഹരിച്ച നിങ്ങളുടെ വഹകള്‍ തിരികെ ചോദിക്കാന്‍, ഞങ്ങള്‍ സ്വയം പണിതുയര്‍ത്തിയ ജാതിമത കോട്ടയുടെ നേരെ ഒരു ചീള് എറിയാനായി നിങ്ങള്‍ ധൈര്യപ്പെടരുത് എന്ന മുന്നറിയിപ്പ്. നിങ്ങള്‍ സ്വന്തം സ്വത്വത്തെ, അവകാശങ്ങളെ, ആവശ്യങ്ങളെ തിരിച്ചറിഞ്ഞാല്‍ തകര്‍ത്തെറിയപ്പെടുക - അധികാരം കെട്ടിപ്പൊക്കാന്‍ നിങ്ങളുടെ രക്തവും വിയര്‍പ്പും മാംസവും കൃത്യമായി ചേര്‍ത്ത് ഞങ്ങള്‍ ആഴത്തില്‍ പണിതീര്‍ത്ത തറകളാണ്. ഞങ്ങള്‍ ചവിട്ടി താഴ്ത്തിയ നിങ്ങളുടെ ആളുകളുടെ അസ്ഥിപഞ്ജരങ്ങള്‍, ഞങ്ങള്‍ പത്തായങ്ങളില്‍ നിറച്ച നിങ്ങളുടെ വീഞ്ഞും അപ്പക്കഷ്ണങ്ങളും, ഞങ്ങളുടെ ഇരുണ്ട അകത്തളങ്ങളില്‍ നിങ്ങളുടെ കാണാതെ പോയ പെണ്ണുങ്ങളുടെ മുഷിഞ്ഞ ചേല... എല്ലാം പുറത്തു വരുന്നത് ഞങ്ങള്‍ ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോഴേ ഞങ്ങള്‍ പറന്നു വെട്ടും. അതിനിവിടെ കാലാകാലത്തെ അധികാരവര്‍ഗങ്ങള്‍ ഞങ്ങള്‍ക്ക് പട്ടും പണവും പട്ടയവും നല്‍കും.
ആഫ്രോ അമേരിക്കന്‍, ഓസ്ട്രേലിയന്‍സ് ട്രൈബ്സിനെ കുറിച്ചു നാം കവിതകള്‍ പഠിപ്പിക്കുന്നുണ്ട്. ഭാഷാ, ചരിത്ര ക്ലാസ്സുകളില്‍ ഓരോ വംശത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയും ആചാരങ്ങളെയും മര്യാദകളെയും വരെ അപഹരിക്കുന്ന വൈറ്റ് കൊളോണിയല്‍ ശക്തികളെ കുറിച്ചും നമ്മള്‍ രോഷം കൊള്ളും. എന്നാല്‍ നമ്മള്‍ പരിഷ്‌കൃതര്‍ എന്ന അധിനിവേശക്കാര്‍ കൊള്ളയടിച്ച ഒരു സമൂഹത്തെ കുറിച്ചു നമ്മള്‍ ബുദ്ധിപരമായി മൗനം പാലിക്കും. നമ്മള്‍ കുടിയേറ്റക്കാര്‍ ഒരു ജനതയെ ചൂഷണം ചെയ്ത ചരിത്രം നമ്മള്‍ ചവറ്റുകൂട്ടയിലേക്ക് തള്ളും. ചരിത്രം അല്ലെങ്കിലും നമ്മുടെ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കാനുള്ളതാണല്ലോ.
മലയാളം ക്ലാസില്‍ നമ്മള്‍ അര്‍ജുനന്റെ ഏകാഗ്രതയും ധര്‍മപുത്രരുടെ ധാര്‍മിക ബോധവും പഠിപ്പിക്കും. എന്നാല്‍ അരക്കില്ലത്തില്‍ പാണ്ഡവരുടെ ജീവന് പകരം കൊടുത്ത കാട്ടാളത്തിയുടെയും അഞ്ച് മക്കളുടെയും ജീവനു നീതി നിഷേധിക്കപ്പെട്ടത് നമ്മള്‍ മറച്ചു വെക്കും. കാട് കേറി പുരുഷനെ കൊല്ലുകയും പെണ്ണിനെ കാമിക്കുകയും അവളെയും കുഞ്ഞിനേയും ഉപേക്ഷിച്ചു അടുത്ത താവളം നോക്കി പോകുകയും ചെയ്ത ഭീമന്‍ നമുക്ക് വീരന്‍ ആകുകയും ഹിഡുംബനും ഹിഡുംബിയും ഘടോത്കചനും എല്ലാം നമുക്ക് മധുവിനെ പോലെ വിലയില്ലാത്തവരാകുകയും ചെയ്യും. നാട്ടുവാസികളെ നിലനിര്‍ത്താന്‍ കാടിനെ ബലി കൊടുക്കാന്‍ പഠിക്കേണ്ടതുള്ളത് കൊണ്ട് അര്‍ജുനനെ രക്ഷിക്കാന്‍ കര്‍ണാസ്ത്രത്തിനു മുന്നിലേക്ക് പാണ്ഡവരുടെ ആദ്യ പുത്രനെ എറിഞ്ഞു കൊടുത്ത യുദ്ധനീതിയെ കുറിച്ച് നാം വര്‍ണിക്കും.എന്നിട്ട് നമ്മള്‍ നമ്മുടെ വിശ്രമവേളകളില്‍ ഓരോ മധുവിന് വേണ്ടിയും വിലാപകാവ്യങ്ങള്‍ രചിക്കും...
നമ്മള്‍ കഴിക്കുന്ന ഓരോ വറ്റിലും കണ്ണീരും ചോരയും ഒട്ടിപിടിച്ചിട്ടുണ്ട്.
അപ്പോള്‍ നമ്മളോ?
മമ്മൂട്ടി, മധുവിനെ ആദിവാസിയെന്നു പറയരുതെന്ന് കുറിച്ചപ്പോള്‍ അയാളെ ട്രോളിയവര്‍ ആ പൊതുബോധം പങ്കുപറ്റുന്നവരില്‍ നമ്മള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം. പെണ്ണ് ബലാല്‍സംഘം ചെയ്യപ്പെട്ടാല്‍ മാനം നഷ്ടപ്പെട്ടു എന്ന് പറയുന്ന നമ്മുടെ ബോധമുണ്ടല്ലോ അത് തന്നെയാണ് ആദിവാസിയും അട്ടപ്പാടിയും അപരിഷ്‌കൃതം എന്ന വാക്കിനു പര്യായമാണെന്നു നമ്മെ ചിന്തിപ്പിച്ചത്. ആ ബോധം തിരുത്താന്‍ എത്രത്തോളം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നമ്മെ സഹായിച്ചിട്ടുണ്ട്.. ആദിവാസിക്ക് വേണ്ടിയും ദളിതന് വേണ്ടിയും കരയുമ്പോഴും നായര്‍ പ്രൊഫൈല്‍ ഉപേക്ഷിക്കാന്‍ കഴിയാത്തവരാണ് നമ്മുടെ മാതൃകകള്‍. കപടതയുടെ ആള്‍ രൂപങ്ങള്‍. ആ മുതലക്കണ്ണീര് കൊണ്ട് ഒഴുക്കി കളയാന്‍ ആകില്ല നമ്മള്‍ ഓരോരുത്തരുടെയും പാപ ഭാരം.
ഷേക്സ്പെയറിന്റെ 'ടെംപസ്റ്റ്'' എന്ന നാടകത്തില്‍ സ്വന്തം ദ്വീപ് കയ്യടക്കിയ പ്രോസ്‌പെറോവിനോട് കാലിബാന്‍ പറയുന്ന ഒരു വാചകം ഉണ്ട്. 'നിങ്ങള്‍ നിങ്ങളുടെ ഭാഷ എന്നെ പഠിപ്പിച്ചത് കൊണ്ട് എനിക്ക് ആകെയുള്ള പ്രയോജനം എനിക്ക് നിങ്ങളുടെ ഭാഷയില്‍ നിങ്ങളെ ചീത്ത വിളിക്കാമെന്നുള്ളതാണ് എന്ന്...'. ആദിവാസി ക്ഷേമത്തിന് കോടികള്‍ 'ചെലവഴിച്ചു' എന്നിട്ടു പോലും തന്നെ ഇഞ്ചിഞ്ചായി ചതക്കുന്ന ഒരു ആക്രമ സംഘത്തെ ദയനീയമായി നോക്കി നില്‍ക്കാനല്ലാതെ പ്രതികരിക്കാനാവാതെ പോയ മധുവിന്റെ ചിത്രം ഇവിടെ മാറി മാറി ഭരിച്ച ഭരണകൂടങ്ങളോടുള്ള ചോദ്യ ചിഹ്നമാണ്. മധു നീട്ടിയ ചൂണ്ട് വിരല്‍ പെട്ടെന്നൊന്നും താഴില്ല എന്ന് ഓരോ ജനപ്രതിനിധിയും ഓര്‍ക്കേണ്ടതുണ്ട്.
പ്രകൃതിയെ ആരാധിച്ചിരുന്ന ആദിവാസികളിലേക്ക്, ഹിന്ദു മതത്തിന്റെ വര്‍ണ സങ്കല്‍പങ്ങളില്‍ പോലും പുറത്തു നിന്നിരുന്ന ആദിവാസികളിലേക്കു ഏകാംഗ വിദ്യാലയം, ആദിവാസി കുംഭമേള തുടങ്ങിയവയിലൂടെ ആദിവാസികളെ വല വീശാന്‍ പ്രത്യേകം കെട്ടി ചമച്ച ഹിന്ദു മിത്തുകളും വെറുപ്പിന്റെ രാഷ്ട്രീയവും മുസ്ലിം ക്രിസ്ത്യന്‍ വൈരവും കുത്തിവെച്ച് തങ്ങളുടെ ഹിന്ദു രാഷ്ട്ര നിര്‍മാണത്തിനുള്ള കൂലിപ്പട്ടാളമാക്കാന്‍ സംഘ പരിവാര്‍ ശക്തികള്‍ക്ക് കരുത്തു പകര്‍ന്ന കത്തി വേഷത്തിന്റെ കേരള മോഡല്‍, ആദിവാസികളെ അങ്ങ് ഉത്തരേന്ത്യയിലും കൊന്നും കൊലവിളിച്ചും കൂട്ട ബലാത്സംഗം ചെയ്തും സ്‌നേഹം കാണിക്കുന്നവരുടെ അനുയായികള്‍ പ്രതിഷേധത്തിന്റെ പുതിയ മുഖവുമായി കൂട്ടിക്കെട്ടിയ കൈകളുമായി വരുമ്പോള്‍ 'നാടകമേ ഉലകം' എന്നല്ലാതെ ഒന്നും പറയാനില്ല.
ലോക മനസാക്ഷിക്കു മുന്നിലേക്ക് ചൂണ്ടു വിരല്‍ ഉയര്‍ത്തി നില്‍ക്കുന്നവര്‍ എന്ന് സ്വയം അഹങ്കരിക്കുന്നവരാണ് മലയാളികള്‍. ഉള്ളാലെ സൂപ്പര്‍പോലീസ് ചമയുന്നവര്‍. സവര്‍ണ ജാതീയ വര്‍ണവെറിക്കെതിരെയും ഫാസിസത്തിനെതിരെയും മുക്രയിട്ടു പോരിനിറങ്ങുന്ന കാളക്കൂറ്റന്മാര ഓര്‍മിപ്പിക്കുന്നവര്‍.
ഐലന്‍ കുര്‍ദിക്കു വേണ്ടിയും മലാലയ്ക്ക് വേണ്ടിയും അഖ്ലാഖിനു വേണ്ടിയും നിര്‍ഭയക്കു വേണ്ടിയും ഗൗരിക്ക് വേണ്ടിയും ഒരുപോലെ ശബ്ദമുയര്‍ത്തുന്നു എന്ന് അഹങ്കരിക്കുന്നവര്‍. ദൈവം പോലും കയറാന്‍ ഭയക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ കുടികിടപ്പുകാര്‍. അവരില്‍ എല്ലാവരും നന്മ വറ്റിയവര്‍ അല്ല എന്നാല്‍ പോലും ഈ പാപക്കറ എല്ലാവരുടെയും കൈകളിലുണ്ട്. നമ്മള്‍ കഴിക്കുന്ന ഓരോ വറ്റിലും കണ്ണീരും ചോരയും ഒട്ടിപിടിച്ചിട്ടുണ്ട്.
കെ.ജി ബാലു: മധു ഒരു തുടര്‍ച്ചയാണ്... ഇനിയും ഈ ചോര ഒഴുകുകതന്നെ ചെയ്യും
ആഷാ സൂസന്‍: നമ്മളും പ്രതികളാണ്
ശ്രീജിത്ത് ശ്രീകുമാര്‍: ഈ കണ്ണീര്‍ കപടമാണ്, കേരളമേ!
രാജേഷ് വി.അമല, രജിത വലിയവീട്ടില്‍: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് സംഭവിക്കുന്നത്