ഇത് പീഡിപ്പിക്കപ്പെട്ട സ്ത്രീയും പീഡകനും ചേർന്നെഴുതിയ പുസ്തകം, വേദനകളുടെയും ഏറ്റുപറച്ചിലുകളുടെയും അനുഭവം
മിക്കപ്പോഴും സ്ത്രീകളെയാണ് സമൂഹം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നത്. അവളെ അക്രമിച്ച വ്യക്തി ആരാണ് എന്ന് ചോദിക്കുന്നതിനു പകരം സമൂഹം 'അവൾ എന്താണ് ധരിച്ചിരുന്നത്, അവൾ കുടിച്ചിരുന്നോ?' തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും എൽവ പറഞ്ഞു.
1996 -ലാണ് ഐസ്‌ലാന്റിൽ നിന്നുള്ള 16 -കാരിയായ തോർഡിസ് എൽവ ആദ്യമായി പ്രണയത്തിലായത്. ഓസ്ട്രേലിയയിൽ നിന്നുള്ള 18 -കാരനായ എക്സ്ചേഞ്ച് വിദ്യാർത്ഥിയായ ടോം സ്ട്രേഞ്ചറായിരുന്നു അവളുടെ കാമുകൻ. തുടക്കത്തിൽ അവർക്കിടയിൽ പ്രണയം തളിർത്തുനിന്നു. ഭക്ഷണശാലയിൽ ഒരുമിച്ചിരുന്ന് കാപ്പി കുടിച്ചും, കൈകോർത്തു പിടിച്ച് ദീർഘദൂരം നടന്നും അവർ എല്ലാം മറന്ന് പരസ്പരം സ്നേഹിച്ചു. എന്നാൽ, ഒരു സായാഹ്നത്തിലാണ് പ്രണയത്തിന്റെ മധുരം കയ്പായി തീർന്നത്. എൽവ ആത്മാർഥമായി സ്നേഹിച്ച ടോം അവളെ അവളുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. "എന്റെ ശരീരം തിരിച്ച് അക്രമിക്കാൻ കഴിയാത്തത്ര ദുർബലമായിരുന്നു, വേദന അസഹ്യമായിരുന്നു. എന്നെ രണ്ടായി പിളർക്കുന്നപോലെ എനിക്ക് തോന്നി. എന്റെ ബോധം മറയാതിരിക്കാൻ അലാം ക്ലോക്കിലെ സൂചികൾ അനങ്ങുന്നത് ഞാൻ എണ്ണാൻ തുടങ്ങി. ആ രാത്രി മുതൽ, രണ്ട് മണിക്കൂറെന്നത് 7,200 സെക്കൻഡാണ് എന്ന് ഞാൻ മനസ്സിലാക്കി” ആ സംഭവത്തെ കുറിച്ച് എൽവ പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
എന്നിട്ടും എൽവ ഒരിക്കലും സംഭവം റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, പക്ഷേ അതിന്റെ ആഘാതം ഒൻപത് വർഷത്തോളം അവൾ അനുഭവിച്ചു. തുടർന്ന്, അസാധ്യമെന്ന് കരുതിയിരുന്ന ഒന്ന് അവൾ ചെയ്‌തു. അയാളെ കണ്ടെത്തി അവൾ ഒരു ഇമെയിൽ അയച്ചു. ലൈംഗിക അതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ട പലർക്കും, ആക്രമണകാരിയെ വീണ്ടും കാണുകയെന്നത് വലിയ മാനസികാഘാതമുണ്ടാകുന്ന ഒന്നാണ്. എന്നിരുന്നാലും അവൾ അതിനെ കുറിച്ച് പറഞ്ഞത് ഇതാണ്, "ക്ഷമിക്കുക എന്നതാണ് ഏകമാർഗ്ഗം, അയാൾ അതിന് അർഹനാണോ അല്ലയോ എന്നറിയില്ല. പക്ഷേ, ഞാൻ സമാധാനം അർഹിക്കുന്നു." എന്നാൽ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ കത്തിന് മറുപടി എഴുതി. അതിലും അതിശയകരമായ കാര്യം ഈ വർഷങ്ങളിലെല്ലാം അയാളെ കുറ്റബോധം വേട്ടയാടുകയായിരുന്നു. കുറച്ച് കാലത്തെ കത്തിടപാടുകൾക്ക് ശേഷം എൽവ അയാളെ നേരിട്ട് കാണാൻ തീരുമാനിച്ചു. ടോമിന്റെ പ്രവൃത്തികൾ എൽവയ്ക്ക് ക്ഷമിക്കാനാകുമെന്നും ഇരുവർക്കും എല്ലാം മറന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു അത്. ആ നിർഭാഗ്യകരമായ രാത്രിക്ക് 16 വർഷത്തിനുശേഷം 2013 -ൽ കേപ് ടൗണിൽ അവരിരുവരും കണ്ടുമുട്ടി. തുടർന്നുള്ള ഏറ്റുപറച്ചിലുകൾക്കും, കുറ്റബോധത്തിന്റെ നാളുകൾക്കുമൊടുവിൽ അവരിരുവരും ചേർന്ന് അന്നുണ്ടായ പ്രക്ഷുബ്ധമായ ദിവസങ്ങളെ കുറിച്ച് ഒരു പുസ്തകം എഴുതാൻ തീരുമാനിച്ചു. അങ്ങനെ 'south of forgiveness' എന്ന പുസ്തകം പിറന്നു.
പുസ്തകത്തിൽ തന്റെ കുറ്റം പരസ്യമായി ഏറ്റുപറയുന്നതിലൂടെ, അയാൾ ഒരു വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. അതിനെ കുറിച്ച് പരസ്യമായി സംസാരിക്കുമ്പോൾ, മറ്റ് പുരുഷന്മാർക്കും തുറന്ന് പറയാൻ അതൊരു പ്രോത്സാഹനമാകുമെന്ന് അയാൾ പ്രതീക്ഷിക്കുന്നു. ടെഡ് വേദിയിൽ തങ്ങളുടെ അനുഭവം പങ്കിട്ട എൽവയും അയാളും പുസ്തകത്തിൽ പ്രധാനമായും അവരുടെ ബന്ധത്തെക്കുറിച്ചും എൽവയുടെ പിന്നീടുണ്ടായ അനുഭവത്തെ കുറിച്ചുമാണ് പറയുന്നത്. ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു തുറന്ന ചർച്ചയ്ക്കും ഈ പുസ്തകം വഴിയൊരുക്കുന്നു.
"മിക്കപ്പോഴും സമൂഹത്തിന്റെ മുന്നിൽ പഴികേൾക്കേണ്ടി വരുന്നത് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളാണ്, പുരുഷന്മാരല്ല” ടോം തന്റെ ടെഡ് ടോക്കിൽ പറഞ്ഞു. എന്നാൽ ആ സ്ത്രീകൾ പറയുന്നത് ശ്രദ്ധിക്കണമെന്ന് എൽവ കൂട്ടിച്ചേർത്തു. സമ്മതം കൂടാതെയുള്ള ലൈംഗികത ആക്രമണമാണെന്ന് പുരുഷന്മാർ മനസ്സിലാക്കിയാൽ, പിന്നീട് ഇവിടെ പീഡനങ്ങൾ ഉണ്ടാകില്ലെന്നും അവൾ പറഞ്ഞു. മിക്കപ്പോഴും സ്ത്രീകളെയാണ് സമൂഹം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നത്. അവളെ അക്രമിച്ച വ്യക്തി ആരാണ് എന്ന് ചോദിക്കുന്നതിനു പകരം സമൂഹം 'അവൾ എന്താണ് ധരിച്ചിരുന്നത്, അവൾ കുടിച്ചിരുന്നോ?' തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും എൽവ പറഞ്ഞു.
എല്ലാവരും പോസിറ്റീവായാണ് അവരുടെ ടെഡ് ടോക്കിനോട് പ്രതികരിച്ചത്. ടോം പുസ്തകത്തിന്റെ ലാഭവിഹിതം കൈപറ്റുന്നില്ല. പകരം ആ വരുമാനം ഐസ്‌ലാന്റിലെ ലൈംഗികാതിക്രമ ഇരകൾക്കുള്ള ഒരു അഭയകേന്ദ്രത്തിലേക്ക് സംഭാവന ചെയ്യുന്നു. ഇന്ന്, എൽവ ഒരു പത്രപ്രവർത്തകയും, നാടകകൃത്തും ആക്ടിവിസ്റ്റും ഐസ്‌ലാൻഡിലെ ഏറ്റവും പ്രധാനപ്പെട്ട ഫെമിനിസ്റ്റ് ശബ്ദങ്ങളിൽ ഒരാളുമാണ്.