വർഷങ്ങളായി ക്യാൻസർ രോഗി, കടംവാങ്ങി ചികിത്സ, ഒടുവിൽ അരവിന്ദാക്ഷനെ തേടി ഭാഗ്യമെത്തി
പലപ്പോഴും കടം വാങ്ങിയായിരുന്നു അരവിന്ദാക്ഷൻ ചികിത്സയ്ക്കുള്ള ചെലവുകൾ നോക്കിയിരുന്നത്.
തൃശ്ശൂർ: ക്യാൻസർ രോഗിയായ(cancer patients) അറുപത്താറുകാരന് ഭാഗ്യദേവതയുടെ കടാക്ഷം. കടം വാങ്ങി ക്യാൻസർ ചികിത്സയ്ക്കു വിധേയനായിരുന്ന അരവിന്ദാക്ഷനെയാണ്(aravindakshan) ഭാഗ്യം തേടിയെത്തിയത്. സ്ത്രീ ശക്തി(sthree sakthi ) ലോട്ടറിയുടെ(lottery) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ഈ വൃദ്ധന് ലഭിച്ചത്.
അഴീക്കോട് സുനാമി കോളനിയിൽ താമസിച്ച് വരികയാണ് അരവിന്ദാക്ഷനും കുടുംബവും. ഒരു പതിറ്റാണ്ടായി ക്യാൻസർ ചികിത്സയിലാണ് ഇദ്ദേഹം. കൂലിപ്പണിക്കാരൻ ആയിരുന്നു അരവിന്ദാക്ഷൻ. ക്യാൻസർ ബാധിതനായതോടെ ഇദ്ദേഹത്തിന് ജോലിക്ക് പോകാനും കഴിഞ്ഞിരുന്നില്ല. ഇതോടെ സാമ്പത്തിക ബാധ്യതയും വർദ്ധിച്ചു.
പലപ്പോഴും കടം വാങ്ങിയായിരുന്നു അരവിന്ദാക്ഷൻ ചികിത്സയ്ക്കുള്ള ചെലവുകൾ നോക്കിയിരുന്നത്. ഈ കഷ്ടതകൾക്കിടെയാണ് ഈ വൃദ്ധനെ തേടി ഭാഗ്യം എത്തിയത്. അഴീക്കോട് മരപ്പാലം ത്രീ സ്റ്റാർ ലോട്ടറി ഏജൻസി വിൽപന നടത്തിയ ടിക്കറ്റിനാണ് സമ്മാനം.
ആശുപത്രി ചെലവിനും മക്കളുടെ വിവാഹ ആവശ്യങ്ങൾക്കും വേണ്ടി വാങ്ങിയ കടം വീട്ടണം, പുതിയ വീട് ഒരുക്കണമെന്നുമാണ് അരവിന്ദാക്ഷന്റെ ആഗ്രഹം. ഭാര്യ വിമല അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിൽ താൽക്കാലിക പ്യൂണാണ്. ലൈജേഷ്, ഷിജി, ജിഷി എന്നിവരാണ് മക്കൾ.