ഒറിജിനൽ ടിക്കറ്റ് എന്‍റെ കയ്യിലല്ലേ, പിന്നെന്തിന് പേടിയെന്ന് ജയപാലൻ, ദൈവം കണ്ണീര് കണ്ട് അനുഗ്രഹിച്ചതെന്ന് അമ്മ
മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കിടെയാണ് ജയപാലനാണ് കേരളമന്വേഷിക്കുന്ന ഭാഗ്യശാലിയെന്ന് പുറംലോകം അറിയുന്നത്.
ഏറെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യവാനെ കണ്ടെത്തിയിരിക്കുകയാണ്. മരട് മനോരമ നഗറിലെ ജയപാലനാണ് 12 കോടിയുടെ ഭാഗ്യം തേടിയെത്തിയത്. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഈ ഓട്ടോ ഡ്രൈവറുടെ കുടുംബം. ഇപ്പോഴിതാ ദൈവം തങ്ങളുടെ കണ്ണീര് കണ്ട് അനുഗ്രഹിച്ചതാണ് ഈ ഭാഗ്യമെന്നാണ് ജയപാലന്റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
"ആകപ്പാടെ കടം കൊണ്ട് മുങ്ങിയിരിക്കുക ആയിരുന്നു. വീട് വയ്ക്കാനും സ്ഥലം വാങ്ങാനുമെടുത്ത കടങ്ങളാണ് അതോക്കെ. എന്റെ കണ്ണീര് കണ്ടിട്ട് ദൈവം അനുഗ്രഹിച്ചതാണ്. അല്ലാതെ അവനെ കൊണ്ട് പറ്റോ സാറേ കടങ്ങൾ തീർക്കാൻ. പെൺ മക്കളുണ്ട്. അവരെപ്പോഴും വന്നിട്ട് എന്തെങ്കിലും തായെന്ന് പറഞ്ഞ് ബഹളമാണ്", ജയപാലന്റെ അമ്മ പറയുന്നു. അതേസമയം, അവകാശ വാദവുമായി മറ്റൊരാൾ വന്നപ്പോൾ എന്ത് തോന്നിയെന്ന ചോദ്യത്തിന് "ഒറിജിനൽ ടിക്കറ്റ് എന്‍റെ കയ്യിലല്ലേ, പിന്നെന്തിന് പേടി", എന്നായിരുന്നു ജയപാലന്റെ മറുപടി.
മണിക്കൂറുകൾ നീണ്ട അഭ്യൂഹങ്ങൾക്കിടെയാണ് ജയപാലനാണ് കേരളമന്വേഷിക്കുന്ന ഭാഗ്യശാലിയെന്ന് പുറംലോകം അറിയുന്നത്. ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സെയ്തലവി തനിക്കാണ് ഒന്നാം സമ്മാനമെന്ന വാദമുന്നയിച്ചതായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ ടിക്കറ്റെടുത്തെന്ന് പറഞ്ഞ സുഹൃത്ത് ഈ വാദം നിഷേധിച്ചു. ടിക്കറ്റ് വിറ്റത് എറണാകുളത്ത് തന്നെയാണെന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസീസ് അപ്പോഴും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവിൽ കാനറാ ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ച ശേഷമാണ് ജയപാലൻ താനാണ് ആ ഭാഗ്യവാനെന്ന് അറിയിച്ചത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona