ഭാര്യ പറഞ്ഞത് കേട്ടില്ല, എല്ലാവരെയും വിളിച്ചു പറഞ്ഞു, പിന്നീട് നടന്നത്..; അനൂപ് പറയുന്നു

അടുത്ത 25 കോടിയുടെ ഭാ​ഗ്യശാലി ആരാണെന്നും അയാൾ രം​ഗത്ത് എത്തുമോ ഇല്ലയോ എന്നറിയാനും ഒരുദിവസം കൂടി കാത്തിരിക്കേണ്ടി വരും. 

The life story of Anoop Thiruvonam bumper winner kerala lottery nrn

"ഇത്തവണത്തെ ഓണം ബമ്പർ എടുത്തിട്ടുണ്ട്. ഒരു നാലെണ്ണം. ഭാ​ഗ്യം തുണയ്ക്കുമോ ഇല്ലയോ എന്നറിയില്ല", കഴിഞ്ഞ വർഷം തിരുവോണം ബമ്പറിലൂടെ 25 കോടി നേടിയ അനൂപിന്റെ വാക്കുകളാണിത്. ലോട്ടറി അടിച്ച് ഒരുവർഷം പിന്നിടുമ്പോൾ ഏറെ സന്തോഷത്തിലാണ് അനൂപും തന്റെ കൊച്ചു കുടുംബവും. കഴിഞ്ഞ വർഷം ഈ സമയത്ത് തനിക്കാകും ഭാ​ഗ്യം തുണയ്ക്കുക എന്ന് സ്വപ്നത്തിൽ പോലും അനൂപ് ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാൽ ഭാ​ഗ്യം വന്നപ്പോള്‍ അനൂപിനെ തേടിയെത്തിയത് ഭാ​ഗ്യക്കേട് കൂടി ആയിരുന്നു.

സഹായം അഭ്യർത്ഥിച്ച് വരുന്നവരുടെ ശല്യം കാരണം സ്വന്തം വീട്ടിൽ പോലും കയറാനാകാതെ കഴിഞ്ഞ അനൂപിന്റെ വാർത്ത ബിബിസി വരെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ഈ വർഷത്തെ 25 കോടിയുടെ ഉടമ ആരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. ഈ അവസരത്തിൽ ലോട്ടറി അടിച്ച ശേഷമുള്ള ജീവിതത്തെ കുറിച്ചും പുതിയ ഭാ​ഗ്യശാലികൾക്ക് കൊടുക്കാനുള്ള ഉപദേശവും എന്താണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് അനൂപ്. 

"കഴിഞ്ഞ വർഷം ഈ സമയത്ത് 25 കോടിയുടെ ഭാ​ഗ്യവാൻ ഞാൻ ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിലവിൽ ഞാൻ വളരെ സന്തോഷവാനാണ്. വേറെ പ്രശ്നങ്ങളും കാര്യങ്ങളും ഒന്നുമില്ല. പിന്നെ ലോട്ടറി അടിച്ച കാര്യം മറ്റുള്ളവർ അറിഞ്ഞതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്", അനൂപ് പറഞ്ഞ് തുടങ്ങുന്നു. 

ഭാര്യ പറഞ്ഞത് കേട്ടില്ല, എല്ലാവരെയും വിളിച്ചു പറഞ്ഞു

അന്ന് ടിക്കറ്റ് നോക്കിയപ്പോൾ ലാസ്റ്റ് നമ്പറിന് ഭാ​ഗ്യം പോയെന്നാണ് ഞാൻ കരുതിയത്. അവസാനം ഭാര്യയാണ് നമുക്ക് അടിച്ചുവെന്ന് ഉറപ്പുവരുത്തുന്നത്. ആരോടും ഇപ്പോൾ പറയണ്ട നോക്കിയും കണ്ടും ചെയ്താൻ മതിയെന്ന് ഭാര്യ എന്നോട് പറഞ്ഞതാണ്. പക്ഷേ അപ്പോഴത്തെ സന്തോഷത്തിൽ ഞാൻ എല്ലാവരെയും വിളിച്ചു പറഞ്ഞു. അങ്ങനെയാണ് എല്ലാവരും അറിയുന്നത്. രണ്ട് മാസം മുൻപ് ഞങ്ങൾ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ യാത്ര ചെയ്തിരുന്നു. അവിടെ ഉള്ളവർക്കടക്കം എന്നെ അറിയാം. അത്രത്തോളം പ​ബ്ലിസിറ്റി ആയിപ്പോയി. ആദ്യമെ ഭാ​ഗ്യ വിവരം പറയാതെ നോക്കിയും കണ്ടും ചെയ്തിരുന്നു എങ്കിൽ കുറേ ബുദ്ധിമുട്ടുകൾ ഒഴിവാകുമായിരുന്നു. 

The life story of Anoop Thiruvonam bumper winner kerala lottery nrn

സഹായം തോടിയെത്തുന്നവർ..

കയ്യിൽ കാശുണ്ടെന്നറിഞ്ഞാൽ എല്ലാവരും ചോദിക്കും. പക്ഷേ അവ കൊടുക്കേണ്ട സാഹചര്യം നമുക്ക് ചിലപ്പോൾ ഉണ്ടായെന്ന് വരില്ല. നമുക്ക് വരുന്ന ടാക്സ് തുടങ്ങിയ കാര്യങ്ങളെ പറ്റിയൊന്നും അവർക്ക് അറിയില്ല. നോക്കിയും കണ്ടും മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ. ലോട്ടറി ഓഫീസിൽ നിന്നും പിടിച്ചിട്ട് കിട്ടുന്ന തുക അല്ലാതെ, കേന്ദ്രത്തിന്റെ ടാക്സ് അടക്കണം. ഇങ്ങനെ കുറച്ച് കാര്യങ്ങളുണ്ട്. അതാർക്കും അറിയില്ല.  

പൈസ ഉള്ളവർക്ക് കിട്ടുമ്പോൾ അതെങ്ങനെ ഉപയോ​ഗിക്കണമെന്ന് അറിയാമായിരിക്കും. പക്ഷേ നമ്മളെ പോലുള്ളവർക്ക് വിനിയോ​ഗിക്കാൻ അറിയാമെങ്കിലും ടാക്സിന്റെ കാര്യങ്ങൾ ഒന്നും തന്നെ അറിയില്ല. അത് ശ്രദ്ധിച്ചില്ലെങ്കിൽ നല്ല രീതിയിൽ തന്നെ കാശ് പോകും. ഒത്തരി പേർ എന്നെ സഹായിച്ചിട്ടുണ്ട്. പണം എങ്ങനെ ഉപയോ​ഗിക്കണം എന്നൊക്കെ പറഞ്ഞുതന്നു. അതൊക്കെ അനുസരിച്ചാണ് ഓരോന്നും ചെയ്തത്. ഈ ഒരു വർഷത്തിൽ കാര്യങ്ങൾ മാനസിലാക്കി ഓരോന്നും ചെയ്തത് കൊണ്ട് ആ ക്യാഷ് വലുതായി എനിക്ക് ഉപയോഗിക്കേണ്ടി വന്നില്ല. 
 
ഭാ​ഗ്യവും ഭാ​ഗ്യക്കേടും വന്ന അവസ്ഥ

പുറത്തേയ്ക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു ലോട്ടറി അടിച്ച സമയം. കൊച്ചിനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. ഭാ​ഗ്യവും ഭാ​ഗ്യക്കേടും വന്ന അവസ്ഥ ആയിരുന്നു അത്. അങ്ങനെയാണ് ശ്രീവരാഹത്തു നിന്നും വീട് മാറിയത്. വീട് മാറിയതിന്റെ ആദ്യ ദിവസം ഞാൻ വരുന്നതിന് മുന്നെ അവിടെ ആളുകൾ എത്തിയിരുന്നു. അവർ തിരിച്ച് പോയപ്പോൾ പ്രാകി കൊണ്ടൊക്കെയാണ് പോയതെന്ന് പിന്നീട് കേട്ടു. 

എനിക്ക് ലോട്ടറി അടിച്ച് ഒരു വർഷം ആകാൻ പോകുന്നു. ഇപ്പോഴും സഹായം ചോ​ദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റമൊന്നും ഇല്ല. പക്ഷേ ഫോൺ വിളികളാണ് കൂടുതലും. തമിഴ്, ഹിന്ദിക്കാരാണ് ഏറ്റവും കൂടുതൽ വിളിക്കുന്നത്. എല്ലാ കോളുകളൊന്നും ഞാനിപ്പോൾ എടുക്കാറില്ല. സേവ് ചെയ്തിട്ടുള്ള നമ്പറിൽ നിന്നും വിളി വന്നാൽ എടുക്കും. എന്ന് കരുതി സഹായിക്കാതിരിക്കുന്നില്ല. സഹായിക്കുന്നുണ്ട്. പക്ഷേ അതൊന്നും പുറത്തുപറയുന്നില്ല. പറ്റുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ട്. 

ലോട്ടറി അടിക്കുന്നതിന് മുൻപും ശേഷവും

പണ്ടത്തെ പോലെ തന്നെയാണ് ഞാൻ ഇപ്പോഴും. കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും പിണങ്ങി. ആ ഒരു വിഷമെ ഉള്ളൂ. അല്ലാതെ മുൻപ് എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും കഴിയുന്നത്. ഞാനൊരു ഓട്ടോ ഡ്രൈവർ ആണ്. ലോട്ടറി അടിച്ച ശേഷവും ഓട്ടോ ഓടിക്കാൻ പോയിരുന്നു. പക്ഷേ പൈസ ചോദിക്കുമ്പോൾ, പൈസ വേണോ എന്നാണവർ തിരിച്ച് ചോദിക്കുന്നത്. അതുകൊണ്ട് അനുജനാണ് ഇപ്പോൾ വണ്ടി ഓടിക്കുന്നത്.

എത്ര കിട്ടി.. ? എന്തു ചെയ്തു ?

നറുക്കെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിൽ എനിക്ക് സമ്മാനത്തുക കിട്ടിയിരുന്നു. 25 കോടിയിൽ 15 കോടി 75 ലക്ഷം രൂപ കിട്ടി. അതിൽ നിന്നും കേന്ദ്ര നികുതിയും പോയിട്ട് 12 കോടിയോളം രൂപ ലഭിച്ചു. ഏകദേശം രണ്ടേ മുക്കാല്‍ കോടി അടുപ്പിച്ച് കേന്ദ്ര നികുതി അടച്ചു. 

ഒന്ന്, രണ്ട് വീടും കുറച്ചു സ്ഥലും വാങ്ങി. ബാക്കി ഫിക്സഡ് ആയിട്ട് ബാങ്കിൽ ഇട്ടേക്കുക ആണ്. ഹോട്ടൽ ഫീൽഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആ​ഗ്രഹം. ഞാൻ ആ ഫീൽഡാണ് പഠിച്ചത്. അതിന്റെ കാര്യങ്ങൾ നോക്കുകയാണ്. നിലിവിൽ ലോട്ടറി ഷോപ്പുമായി മുന്നോട്ട് പോകുന്നു.

The life story of Anoop Thiruvonam bumper winner kerala lottery nrn

ഭാ​ഗ്യവാന്റെ കയ്യിൽ നിന്നും ടിക്കറ്റെടുത്താൽ..

ലോട്ടറി ഷോപ്പ് തുടങ്ങിയിട്ട് ഇപ്പോൾ ഏഴ് മാസമായി. ഏജൻസി ആയിട്ടാണ് തുടങ്ങിയിട്ടുള്ളത്. പക്ഷേ ടിക്കറ്റുകളൊന്നും ഹോൾ സെയിൽ ആയിട്ട് കൊടുക്കുന്നില്ല. നല്ല രീതിയിൽ തന്നെ കച്ചവടമുണ്ട്. ദൂരെ നിന്നൊക്കെയാണ് ആൾക്കാർ വന്നെടുക്കുന്നത്. ബമ്പർ ടിക്കറ്റൊക്കെ നല്ല സെയിൽ ആണ്. 

ഒരു ലക്ഷം രൂപ വരെ ഞാൻ വിറ്റ ടിക്കറ്റിന് സമ്മാനം കിട്ടിയിട്ടുണ്ട്. അതിനപ്പുറമുള്ള അടികളൊന്നും ഉണ്ടായിട്ടില്ല. ഭാ​ഗ്യവാന്റെ കയ്യിൽ നിന്നും ടിക്കറ്റെടുത്താൽ സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ പലരും വരാറുണ്ട്. രാവിലെ വന്ന് എന്നെ കണ്ട്, എന്റെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങിയിട്ടേ അവർ പോകുള്ളൂ. കഴിഞ്ഞ ദിവസം നാ​ഗർകോവിൽ നിന്നും രണ്ട് പേർ വന്നിരുന്നു. ഞാൻ സ്ഥലത്തില്ലാത്തതിനാൽ ഇന്ന് വരുമെന്ന് പറഞ്ഞാണ് പോയത്. അങ്ങനെ ധാരാളം പേർ. 

ടിക്കറ്റെടുക്കാൻ പ്രത്യേകതകൾ..

അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല. പിന്നെ ഓരോ ദിവസത്തെയും റിസൾട്ട് നോക്കിയിട്ട് കറക്കി കുത്തി എടുക്കാറുണ്ട്. അതിനൊക്കെ ചിലപ്പോൾ സമ്മാനം അടിക്കാറുമുണ്ട്. സ്ഥിരം എടുത്തു കൊണ്ടിരിക്കുന്നവർക്ക് ഏത് നമ്പറാണ് കിട്ടാൻ സാധ്യതയെന്ന്  മനസിലാവും. ഒത്തിരി ടിക്കറ്റുകൾ എടുക്കാതെ ഒന്നോ രണ്ടോ എണ്ണം മാത്രം എടുക്കുക. ആവശ്യത്തിന് മതിയല്ലോ എല്ലാം.  

ഭാ​ഗ്യശാലികൾ രം​ഗത്ത് വരണമോ.. 

അയ്യോ ഇല്ല, വിജയികൾ കാര്യങ്ങൾ മറച്ചുവയ്ക്കുന്നതാണ് നല്ലത്. വേറെ ഒന്നും കൊണ്ടല്ല, നല്ല രീതിയിൽ പോകുന്ന സുഹൃത്ത് ബന്ധങ്ങളായാലും ബന്ധുക്കളായാലും അവർ ഒന്ന് രണ്ട് തവണ സഹായം ചോദിക്കുമ്പോൾ നമുക്ക് ചിലപ്പോൾ ചെയ്യാൻ പറ്റും. വീണ്ടുമൊരു തവണ കൂടി കൊടുക്കാൻ നമുക്ക് പറ്റില്ലായിരിക്കും. അതോടെ പിണക്കമാകും. അതിന് മുൻപ് കൊടുത്തതൊന്നും കാര്യമാക്കയും ഇല്ല. ഇത്തരം പ്രശ്നങ്ങൾ ധാരാളമായി ഉണ്ടാകും. പിണക്കങ്ങളും. പറ്റുന്ന രീതിയിൽ അർഹതപ്പെട്ടവരെ സഹായിക്കണം. പബ്ലിസിറ്റി വിചാരിക്കരുത്. 

നമ്മളുടെ കൂടെ ആത്മാർത്ഥമായി ഇരുന്ന സുഹൃത്തുക്കൾ വരെ ഇപ്പോൾ പിണങ്ങി നിൽക്കുകയാണ്. എല്ലാം അറിഞ്ഞ് വച്ചിട്ടാണത്. എല്ലാവരെയും തൃപ്തിപ്പെടുത്താൻ നമുക്ക് കഴിയില്ലല്ലോ. ഇപ്പോൾ കിട്ടിയ പൈസ കയ്യിൽ നിന്നും പോയാൽ നമ്മളെ ആരെങ്കിലും സഹായിക്കുമോ? അവൻ എല്ലാം അടിച്ച് പൊളിച്ച് തീർത്തു എന്നല്ലേ പറയൂ. 

എനിക്ക് ശേഷം ബമ്പർ അടിച്ചവരെ എനിക്ക് അറിയാം. അവരൊക്കെ എന്നോട് സംസാരിച്ചിട്ടുണ്ട്. പേര് പുറത്തു പറയരുതെന്ന് പറയാറുമുണ്ട്. എന്തൊക്കെ ചെയ്യണം എന്നെല്ലാം അവർ ചോദിച്ചറിയും. ഇത്തവണത്തെ ഓണം ബമ്പർ നറുക്കെടുത്തിട്ടില്ല, പക്ഷേ ആളുകൾ വിളിച്ച് എങ്ങനെ വിനിയോ​ഗിക്കാം, കാശ് എങ്ങനെ കൈകാര്യം ചെയ്യാം എന്നൊക്കെ ചോദിക്കുന്നുണ്ട്. അറിയാവുന്നതെല്ലാം പറഞ്ഞ് കൊടുക്കുന്നുണ്ട്. 

ഭാ​ഗ്യശാലികളോട് പറയാനുള്ളത്

ലോട്ടറി അടിച്ചാൽ അക്കാര്യം ആരോടും പറയാതിരിക്കുകയാണ് വേണ്ടത്. എങ്ങനെയാണ് ടിക്കറ്റ് മാറേണ്ടത് എന്നൊക്കെ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കണം. ചിലരൊക്കെ ബ്ലാക്കിൽ ടിക്കറ്റുകൾ മാറ്റി എടുക്കുന്നു എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ ഒന്നും ഒരിക്കലും ചെയ്യരുത്. വലിയൊരു പ്രശ്നത്തിലെ അതൊക്കെ കലാശിക്കുള്ളൂ. അതിനെക്കാളും നേരിട്ട് ലോട്ടറി വകുപ്പ് മുഖേന ടിക്കറ്റ് മാറാൻ നോക്കണം. കാരണം 25 കോടി എന്നത് ചെറിയ തുക അല്ല. 

സമ്മാനം കിട്ടിയ ഉടൻ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെ കണ്ട് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് മനസിലാക്കുക. എന്നെ പോലെ ഉടനെ എല്ലാവരെയും വിളിച്ച് അറിയിച്ച് കഴിഞ്ഞാൽ പണി പാളും(ചിരിക്കുന്നു). ചാർട്ടേഡ് അക്കൗണ്ടന്റിനെ കണ്ട് കാര്യങ്ങൾ അന്വേഷിച്ച ശേഷം മാത്രം തുക വിനിയോ​ഗിക്കണം. ഇല്ലെങ്കിൽ ഒരുപക്ഷേ ഉള്ളതിനെക്കാൾ വലിയ കടക്കാരാകും നമ്മൾ. 

The life story of Anoop Thiruvonam bumper winner kerala lottery nrn

ലോട്ടറി അടിക്കണ്ടായിരുന്നെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, "ലോട്ടറി അടിക്കണ്ടാ എന്ന് തോന്നിയിട്ടില്ല. കാശ് വേണ്ടെന്ന് ആരും വിചാരിക്കില്ലല്ലോ", എന്നായിരുന്നു അനൂപിന്റെ ചിരിച്ച് കൊണ്ടുള്ള മറുപടി. എന്തായാലും അടുത്ത 25 കോടിയുടെ ഭാ​ഗ്യശാലി ആരാണെന്നും അയാൾ രം​ഗത്ത് എത്തുമോ ഇല്ലയോ എന്നറിയാനും ഒരുദിവസം കൂടി കാത്തിരിക്കേണ്ടി വരും. 

25 കോടി ആർക്ക് ? അറിയാൻ 1 ദിവസം; റെക്കോർഡിട്ട് ടിക്കറ്റ് വിൽപ്പന, ഇക്കുറി വെല്ലുവിളി ചില്ലറയല്ല

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Latest Videos
Follow Us:
Download App:
  • android
  • ios