കടമായി പറഞ്ഞുവെച്ച ടിക്കറ്റിന് ആറുകോടി; സ്മിജയ്ക്ക് അപ്രതീക്ഷിത സമ്മാനവുമായി കോടീശ്വരൻ
316142 എന്ന ടിക്കറ്റിനായിരുന്നു സമ്മർ ബമ്പർ അടിച്ചിരുന്നത്. ആറു കോടിയടിച്ച ആ ടിക്കറ്റ് പക്ഷേ ചന്ദ്രന്റെ പോക്കറ്റിലല്ല, മറിച്ച് സ്മിജയുടെ കയ്യിലായിരുന്നു.
ആറു കോടി രൂപ കിട്ടുമായിരുന്നിട്ടും പറഞ്ഞ വാക്ക് മാറ്റാതെ വിശ്വാസം കാത്ത സ്മിജയ്ക്ക് പാരിതോഷികം നൽകി കോടീശ്വരൻ. ഫോണിലൂടെ കടമായി പറഞ്ഞുവെച്ച ലോട്ടറി ടിക്കറ്റിന് സമ്മര്‍ ബമ്പറിന്റെ ആറ് കോടി രൂപ അടിച്ചപ്പോള്‍, സമ്മാനത്തുകയില്‍ നിന്ന് ഒരു വിഹിതം ലോട്ടറി വിറ്റ സ്മിജക്ക് നല്‍കിയിരിക്കുകയാണ് എറണാകുളം കീഴ്മാട് സ്വദേശി ചന്ദ്രൻ.
കഴിഞ്ഞ മാർച്ചിൽ ആയിരുന്നു സംസ്ഥാന സർക്കാരിന്റെ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്. കഴിഞ്ഞ ദിവസമായിരുന്നു ഈ തുക ചന്ദ്രന് ലഭിച്ചത്. ഇതിന് പിന്നാലെ ഓണം ബമ്പർ എടുക്കാനെന്നു പറഞ്ഞു വീട്ടിലേയ്ക്കു ക്ഷണിച്ച് ഒരു ലക്ഷം രൂപ സമ്മാനമായി സ്മിജയ്ക്കു ചന്ദ്രന്‍ നൽകുക ആയിരുന്നു.
Read Also: കടമായി പറഞ്ഞുവെച്ച ടിക്കറ്റിന് ബമ്പറടിച്ചു; ചന്ദ്രനെ കോടീശ്വരനാക്കിയത് സ്മിജയുടെ സത്യസന്ധത !
ലോട്ടറി വിറ്റതിനുള്ള കമ്മീഷന്‍ തുക 60 ലക്ഷത്തില്‍ നികുതി കിഴിച്ച് സ്മിജയ്ക്ക് 51 ലക്ഷം രൂപ ലഭിച്ചിരുന്നു. തനിക്കു സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുമെന്നും സ്മിജ പറഞ്ഞു.
Read Also: ചന്ദ്രനെ കോടീശ്വരനാക്കിയ സ്മിജ, ഇത് ചെയ്യുന്ന ജോലിയോടുള്ള കൂറിന്റെ കഥ !
316142 എന്ന ടിക്കറ്റിനായിരുന്നു ഈ വര്‍ഷത്തെ സമ്മർ ബമ്പർ അടിച്ചിരുന്നത്. ആറു കോടിയടിച്ച ആ ടിക്കറ്റ് പക്ഷേ ചന്ദ്രന്റെ പോക്കറ്റിലല്ല, മറിച്ച് സ്മിജയുടെ കയ്യിലായിരുന്നു. കടം പറഞ്ഞതാണെങ്കിലും ടിക്കറ്റിന്റെ ഫോട്ടോ എടുത്ത് സ്മിജ ചന്ദ്രന് വാട്സാപ്പിൽ അയച്ച് കൊടുത്തിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ മറ്റൊന്നും നോക്കാതെ രാത്രിയ്ക്ക് രാത്രി ടിക്കറ്റ് ഉടമയ്ക്കെത്തിച്ചു സ്മിജ. ടിക്കറ്റ് കൊടുക്കുമ്പോൾ സ്മിജ ഒന്നേ പറഞ്ഞുള്ളൂ, നേരത്തെ വാങ്ങിയ വകയിൽ ഒരു 1450 തരാനുണ്ടല്ലോ. 1500 മുഴുവനായും ഇരിക്കട്ടെയെന്ന് പറഞ്ഞ് ചന്ദ്രൻ പണവും കൊടുത്തിരുന്നു. സ്മിജയുടെ സത്യസന്ധത അറിഞ്ഞ കേരളക്കരയും ഒരേ മനസ്സോടെ ഈ യുവതിയെ സ്വീകരിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona