Onam Bumper 2022 : 5 കോടി മുതൽ 12 കോടി വരെ ; ആ തിരുവോണം ബംപർ കോടിപതികൾ ഇതാ ഇവിടെയുണ്ട് !
തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത്.
ഏറെ പ്രത്യേകതകളുമായാണ് ഇത്തവണത്തെ തിരുവോണം ബംപർ ഭാഗ്യക്കുറി ലോട്ടറി വകുപ്പ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം 25 കോടി എന്നതായിരുന്നു ബംപറിലെ ഏറ്റവും വലിയ ഹൈലൈറ്റ്. അഞ്ച് കോടിയാണ് രണ്ടാം സമ്മാനം. 500 രൂപ ടിക്കറ്റിന്റെ മൂന്നാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്കും ലഭിക്കും. തിരുവോണം ബംപറിലെ മറ്റൊരു പ്രത്യേകതയും ഇത് തന്നെയാണ്. വ്യാജന്മാരെ തുരത്തുന്നതിനായി ഫ്ലൂറസെറ്റ് മഷിയിൽ അച്ചടിച്ച് ടിക്കറ്റും ലോട്ടറി വകുപ്പ് പ്രത്യേകതയുള്ളതാക്കി മാറ്റി. പ്രഖ്യാപന സമയം മുതൽ ആരാകും 25 കോടിയുടെ ഭാഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ. ആ കാത്തിരിപ്പുകൾക്കും ആകാംക്ഷകൾക്കും വിരാമമിട്ട് ഇന്നലെ വൈകുന്നേരത്തോടെ തന്നെ ഭാഗ്യശാലി രംഗത്തെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപാണ് ആ ഭാഗ്യവാന്‍. ഈ അവസരത്തിൽ ഏതാനും ചില തിരുവോണം ബംപർ കോടീശ്വരന്മാരെ പരിചയപ്പെടാം.
2013 ലെ പൊന്നോണത്തിന് ഭാഗ്യദേവത സമ്പത്തുമായി കയറി ചെന്നത് പാലക്കാട് സ്വദേശി മുരളീധരന്‍റെ വീട്ടിലായിരുന്നു. ബംപർ അടിക്കുന്നതിന് ഒരു മാസം മുമ്പ് കാരുണ്യ ഭാഗ്യക്കുറിയിലൂടെ 25,000 രൂപ മുരളീധരന് ലഭിച്ചിരുന്നു. ഈ തുക കൊണ്ടാണ് 150 ഓണം ബംപർ ടിക്കറ്റുകൾ എടുത്തത്. ഭാഗ്യം കടാക്ഷിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 100 രൂപയായിരുന്നു അന്നത്തെ ടിക്കറ്റ് വില. അഞ്ച് കോടിയിൽ 3 കോടി 12 ലക്ഷം രൂപയാണ് മുരളീധരന് ലഭിച്ചത്.
സുന്ദരം ശ്രീദീപ്തി ലോട്ടറി ഏജന്‍സിയില്‍ നിന്നും വാങ്ങിയ TG. 886269 നമ്പറുള്ള ടിക്കറ്റായിരുന്നു ബമ്പര്‍ ഭാഗ്യം കൊണ്ടുവന്നത്. കൂടാതെ, വ്യത്യസ്ത സീരീസുകളിലെ ടിക്കറ്റുകളിലായി അഞ്ച് ലക്ഷം രൂപയും മുരളീധരന് ലഭിച്ചു. പാലക്കാട് ജി.ബി. റോഡില്‍ അഞ്ജന എന്ന പേരിൽ ജ്വല്ലറി നടത്തിയിരുന്ന ഇദ്ദേഹം ഇപ്പോൾ, പമ്പാ ഗണപതി ലോട്ടറി ഏജൻസി നടത്തിവരികയാണ്. "സത്യത്തിൽ സമാധാനം ഇല്ലാണ്ടായി. ലോട്ടറി കിട്ടിയെന്ന് അറിഞ്ഞതോടെ നിരവധി ആളുകൾ വരാൻ തുടങ്ങി. ഉള്ളവരും ഇല്ലാത്തവരും. മാനസിക പ്രശ്നങ്ങളിലേക്ക് വരെ എത്തുമെന്ന നിലയിലായി. ചിലർക്ക് കാശിന് പകരം മരുന്നുകൾ വാങ്ങിക്കൊടുത്തിരുന്നു. എന്നാൽ അവരത് വേറെ കടയിൽ കൊണ്ടുപോയി വിറ്റ് കാശ് മേടിക്കും. അങ്ങനെ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്", മുരളിധരൻ പറയുന്നു.
2015ൽ ഓണം ബംപർ ലഭിച്ചത് തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശി അയ്യപ്പന്‍ പിള്ളക്കാണ്. പ്രദേശത്തെ പച്ചമരുന്ന് കടയിലെ ജീവനക്കാരനായിരുന്നു അയ്യപ്പന്‍ പിള്ള. കടയുടെ മുന്നിൽ വിൽപ്പന നടത്തുകയായിരുന്ന ലോട്ടറിക്കാരനില്‍ നിന്ന് ടിക്കറ്റെടുക്കുമ്പോള്‍ തനൊരു കോടിപതിയാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് അയ്യപ്പൻ പിള്ള പറയുന്നു. ഏഴ് കോടിയായിരുന്നു അന്നത്തെ ഒന്നാം സമ്മാനത്തുക. നികുതി കഴിച്ച് 4 കോടി 40 ലക്ഷം രൂപയാണ് അയ്യപ്പൻ പിള്ളക്ക് കിട്ടിയത്. നാല് മക്കളാണ് അയ്യപ്പൻ പിള്ളയ്ക്ക്. ഇവർക്ക് ഓരോരുത്തർക്കും വീട് വച്ചുകൊടുക്കുകയും ബാക്കി തുക വിവിധ സംഘടനകളിൽ നിഷേപിക്കുകയും ചെയ്തു.
2016 ൽ പാലക്കാട് നെന്മാറ ചേരാമംഗലം സ്വദേശി ഗണേശനായിരുന്നു ബംപർ അടിച്ചത്.TC 788368 എന്ന നമ്പറിലൂടെ എട്ട് കോടി രൂപയാണ് ഗണേശന് സ്വന്തമായത്. തൃശൂരില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന ഗണേശന്‍ കുതിരാന്‍ അമ്പലത്തിന് സമീപത്ത് നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തിരുന്നത്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുസ്തഫയെ തേടി 2017 ലാണ് ഓണം ബംപർ എത്തിയത്. പരപ്പനങ്ങാടിയില്‍ വിറ്റ AJ 442876 എന്ന നമ്പറിലൂടെ 10 കോടി രൂപയാണ് മുസ്തഫയ്ക്ക് കിട്ടിയത്. ഇതിൽ നികുതി കഴിച്ച് 6.30 കോടി രൂപ മുസ്‌തഫയ്ക്ക് ലഭിച്ചു. ദീർഘകാലം പ്രവാസിയായിരുന്ന മുസ്തഫ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഭാഗ്യദേവത കനിഞ്ഞത്. ലോട്ടറി അടിച്ച് അഞ്ച് വർഷത്തിന് ഇപ്പുറം മുസ്തഫയുടെ വീട്ടിൽ ഇപ്പോൾ ആരുമില്ല. മക്കളും ഭാര്യയും ഇദ്ദേഹത്തെ ഉപേക്ഷിച്ച് പോയിരിക്കുന്നു. ബംപറടിച്ച തുകയിൽ ഇനി മുസ്തഫയുടെ പക്കലുള്ളത് 50 ലക്ഷം രൂപ മാത്രമാണ്. അതും മ്യൂച്യൽ ഫണ്ടിൽ നിഷേപിച്ചിരിക്കുന്നത് കൊണ്ട് മാത്രം സുരക്ഷിതമായിരിക്കുന്നു.
2018ൽ ഓണം ബംപർ വിരുന്നെത്തിയത് ഒരു വാടക വീട്ടിലേക്കായിരുന്നു. വത്സല വിജയനായിരുന്നു ആ ഭാഗ്യവതി. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിനിയായ വത്സലയ്ക്ക് TB 128092 എന്ന ടിക്കറ്റിനാണ് 10 കോടി രൂപ സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു അന്ന് ടിക്കറ്റ് വില. നികുതി എല്ലാം കഴിഞ്ഞ് അഞ്ച് കോടി 30 ലക്ഷം രൂപയാണ് വത്സലയ്ക്ക് ലഭിച്ചത്. സമ്മാനത്തുക മൂന്ന് മക്കൾക്കുമായി ഭാഗം വച്ച വത്സല ബാക്കി തുക ഉപയോഗിച്ച് സ്വന്തമായി വീടും വച്ചു.
2019 ല്‍ ഓണം ബംപറിലൂടെ കോടീശ്വരന്മാരായത് ആറ് സുഹൃത്തുക്കളാണ്. കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരാണ് ഇവർ. തൃശൂർ പറപ്പൂർ പുത്തൂർ ഹൗസിൽ റോണി, തൃശൂർ അന്നമനട പാലിശേരി കരോട്ടപ്പുറം വീട്ടിൽ സുബിൻ തോമസ്, കോട്ടയം വൈക്കം അംബികാ മാർക്കറ്റ് കുന്തത്തിൽ ചിറയിൽ വിവേക്, കൊല്ലം ശാസ്താംകോട്ട മനക്കര ശാന്തിവിലാസത്തിൽ റംജിൻ, ചവറ തോട്ടിന് വടക്ക് രാജീവത്തിൽ രാജീവൻ, ചവറ തെക്ക് വടക്കുംഭാഗം രതീഷ് ഭവനത്തിൽ രതീഷ് എന്നിവരാണ് ആ കോടിപതികള്‍. TM 160869 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ആറ് പേരിൽ ഒരാളായ രാജീവൻ ഹൃദയാഘാതം മൂലം മരിച്ചു. നികുതി പിടിച്ച ശേഷം ഓരോരുത്തരും 1.26 കോടി വീതം പങ്കിട്ടെടുത്തു. ചിലർ ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിച്ചു. അത്യാവശ്യത്തിന് മാത്രം തുക ചെലവാക്കി ബാക്കി പണം എല്ലാവരും ബാങ്കിൽ നിക്ഷേപിച്ചു.
2020ൽ അപ്രതീക്ഷിതമായി കോടിപതിയായത് അനന്തു എന്ന ഇരുപത്തിനാല് കാരനാണ്. TB173964 എന്ന നമ്പറിലൂടെയാണ് അനന്തുവിന് ഭാഗ്യമെത്തിയത്. ഇടുക്കി കട്ടപ്പനയിലെ സുമ, വിജയൻ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനന്തു. പെയിന്റിംഗ് തൊഴിലാളിയായ വിജയനും അന്ന് ഓണം ബമ്പർ ടിക്കറ്റ് എടുത്തിരുന്നു. അച്ഛൻ കട്ടപ്പനയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോൾ, മകൻ എറണാകുളത്ത് നിന്നും ഭാഗ്യം പരീക്ഷിച്ചു. ഒടുവിൽ മകനിലൂടെ ആ കുടുംബത്തിലേക്ക് 12 കോടി എത്തുക ആയിരുന്നു. എറണാകുളത്തെ വിഘ്‌നേശ്വര ഏജൻസിയിൽ നിന്നായിരുന്നു അന്തുവിനെ കോടീശ്വരനാക്കിയ ടിക്കറ്റ് വിറ്റുപോയത്. ടിക്കറ്റ് ഇവിടെനിന്ന് വാങ്ങിയത് ചില്ലറ വിൽപ്പനക്കാരനായ തമിഴ്‌നാട് സ്വദേശി അളക സ്വാമിയാണ്.
കഴിഞ്ഞ വർഷം(2021) ഓട്ടോ ഡ്രൈവർ ആയ ജയപാലനെ ആയിരുന്നു ഓണം ബംപർ തുണച്ചത്. 12 കോടിയിൽ 7 കോടിയോളം രൂപ അദ്ദേഹത്തിന് ലഭിച്ചു. ഏറെ സമയം നീണ്ടുനിന്ന ട്വിസ്റ്റുകൾക്ക് ഒടുവിലായിരുന്നു ജയപാലനാണ് ഭാഗ്യശാലിയെന്ന് കേരളക്കര അറിഞ്ഞത്. കോടീശ്വരൻ ആയെങ്കിലും ഇന്നും ഓട്ടോ ഓടിച്ച് കുടുംബം നോക്കുകയാണ് ജയപാലൻ. മക്കൾക്ക് വേണ്ടി സ്ഥലം വാങ്ങി വീട് വച്ചു. ബാക്കി തുക ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ പലിശ മ്യൂച്വൽ ഫണ്ടിലേക്കും മാറ്റിയിട്ടുണ്ട്. "എനിക്ക് പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും തന്നെ ഇല്ല. എല്ലാവർക്കും ദിവസങ്ങൾ മാറുന്നത് അനുസരിച്ച് മാറ്റങ്ങൾ വരുമല്ലോ? അതുമാത്രമെ എനിക്കും ഉള്ളൂ. ലോട്ടറി അടിച്ചത് പുതുമയാണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ സാധാരക്കാരായിരുന്നു. കാശ് വന്നെന്ന് കരുതി പൊങ്ങച്ചം കാണിക്കാൻ പറ്റില്ലല്ലോ", എന്നാണ് ജയപാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
Onam Bumper 2022 : 25 കോടി ആർക്കെന്നറിയാൻ മണിക്കൂറുകൾ മാത്രം; തിരുവോണം ബംപർ സമ്മാനഘടന ഒറ്റനോട്ടത്തിൽ