ഭാഗ്യദേവതയുടെ കടാക്ഷം; 'ഭാഗ്യമിത്ര'യുടെ ഒരുകോടി കൂലിപ്പണിക്കാരന് സ്വന്തം
അസുഖ ബാധിതയായ അമ്മയെ ചികിത്സിക്കാനും കടങ്ങൾ വീട്ടാനുമാണ് മുൻഗണന നൽകുകയെന്ന് മണി പറയുന്നു. സമ്മാനര്‍ഹമായ ടിക്കറ്റ് അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു.
പാലക്കാട്: പ്രതിമാസ ലോട്ടറിയായ ഭാഗ്യമിത്രയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൂലിപ്പണിക്കാരന്. അയിലൂര്‍ കയറാടി പട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകന്‍ മണിയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബിഎം 429076 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്.
ചില്ലറ ലോട്ടറി വിൽപ്പനക്കാരനായ രാമകൃഷ്ണനാണ് മണിക്ക് സമ്മാനാർഹമായ ടിക്കറ്റ് നൽകിയത്. ഞായറാഴ്ച നറുക്കെടുത്ത ലോട്ടറിയുടെ ഫലം മണി പരിശോധിച്ചത് ഇന്നലെയായിരുന്നു. അമ്മ കല്യാണിയും ഭാര്യ രാജാമണിയും മക്കളായ രന്‍ജിത്ത്, ഷീജ എന്നിവരടങ്ങുന്നതാണ് മണിയുടെ കുടുംബം. കൂലി പണിക്ക് പോയാണ് മണി കുടുംബത്തെ പോറ്റുന്നത്.
അസുഖ ബാധിതയായ അമ്മയെ ചികിത്സിക്കാനും കടങ്ങൾ വീട്ടാനുമാണ് മുൻഗണന നൽകുകയെന്ന് മണി പറയുന്നു. സമ്മാനര്‍ഹമായ ടിക്കറ്റ് അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. പൗർണമി ലോട്ടറി നിർത്തലാക്കി പകരം എല്ലാമാസവും ആദ്യ ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യമിത്രയുടെ രണ്ടാമത്തെ നറുക്കെടുപ്പായിരുന്നു ഇത്. ഒരുകോടി വീതം അഞ്ച് പേര്‍ക്ക് ലഭിക്കുന്ന ലോട്ടറിയാണ് ഭാഗ്യമിത്ര.