lottery winner : രണ്ട് ലോട്ടറിയില്‍ ഒരേ നമ്പറുകള്‍, ഒടുവില്‍ നാല്പതുകാരന് അടിച്ചത് കോടികളുടെ ബമ്പർ !
രണ്ട് ടിക്കറ്റുകൾക്കും ബമ്പർ അടിച്ചുവെന്ന് കേട്ടപ്പോൾ ഒരുവേള താൻ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയിച്ചുവെന്ന് തോമസ് പറയുന്നു.
ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക്(Jackpots) സാധിക്കാറുണ്ട്. ദിവസവും ലോട്ടറി(lottery) എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. അത്തരത്തിലൊരു ഭാഗ്യ വാർത്തയാണ് അമേരിക്കയിൽ(usa) നിന്നും വരുന്നത്.
നോർത്ത് കരോലിന സ്വദേശിയായ സ്കോട്ടി തോമസ് എന്ന നാൽപ്പത്തി ഒമ്പതുകാരനെയാണ് നിനച്ചിരിക്കാതെ ഭാഗ്യം തുണച്ചത്. ഇദ്ദേഹമെടുത്ത രണ്ട് ടിക്കറ്റുകളിൽ രണ്ടിനും ജാക്പോട്ട് അടിക്കുകയായിരുന്നു. ഓരോടിക്കറ്റിനും ആറുകോടിക്കടുത്താണ് സമ്മാനം ലഭിച്ചത്. നോർത്ത് കരോലിന എജ്യൂക്കേഷൻ ലോട്ടറിയിലൂടെ ആയിരുന്നു ഭാഗ്യം.
Read Also: Lottery Winner: പതിനാറ് വർഷമായി ഭാഗ്യപരീക്ഷണം; ഒടുവിൽ ഗിരീഷിനെ തേടി 'വിൻ വിൻ' എത്തി
ഭാഗ്യാന്വേഷികൾ ജാക്ക്പോട്ടിനുള്ള ടിക്കറ്റുകൾ വാങ്ങി അതിൽ ഇഷ്ട നമ്പരുകൾ പൂരിപ്പിച്ച് നൽകുകയാണ് പതിവ്. അത്തരത്തിൽ തോമസും താൻ വാങ്ങിയ ടിക്കറ്റുകളിൽ നമ്പറെഴുതി നൽകി. അതും ഒരേ നമ്പർ. പിന്നാലെ രണ്ട് ടിക്കറ്റുകൾ പൂരിപ്പിച്ച് നൽകിയ കാര്യം തോമസ് മറന്നുപോവുകയും ചെയ്തു.
'ടിവിയിൽ ബാസ്‌ക്കറ്റ്‌ബോൾ കളി കാണാനായി ഞാൻ കട്ടിലിൽ കിടക്കുകയായിരുന്നു. അപ്പോഴാണ് ജാക്പോട്ടിനെക്കുറിച്ച് ഓർത്തത്. പെട്ടെന്ന് ഞാൻ പുറത്തേക്ക് പോയി ഒരു ടിക്കറ്റ് വാങ്ങി പൂരിപ്പിച്ച് നൽകി. അടുത്ത ദിവസം രാവിലെ എന്റെ മകൻ ചോദിച്ചപ്പോഴാണ് രണ്ടുടിക്കറ്റുകൾ വാങ്ങിയതും അതിൽ ഒരേ നമ്പർ പൂരിപ്പിച്ച കാര്യവും ഞാൻ ശ്രദ്ധിച്ചത്', എന്ന് തോമസ് പറയുന്നു.
രണ്ട് ടിക്കറ്റുകൾക്കും ബമ്പർ അടിച്ചുവെന്ന് കേട്ടപ്പോൾ ഒരുവേള താൻ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയിച്ചുവെന്ന് തോമസ് പറയുന്നു. സമ്മാന തുകയിൽ ഭൂരിഭാഗവും ബിസിനസിൽ നിക്ഷേപിക്കാനാണ്
തോമസ് ഒരുങ്ങുന്നത്. ഒരു വീട് വാങ്ങണമെന്നും കടങ്ങളെല്ലാം തീർക്കണമെന്നും തോമസ് വ്യക്തമാക്കുന്നു.
നേരത്തെയും ഒരാൾക്ക് ഒന്നിലധികം ടിക്കറ്റുകൾക്ക് സമ്മാനടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ വെർജീനിയൻ സ്വദേശി വാങ്ങിയ ഇരുപത് ടിക്കറ്റുകൾക്കും സമ്മാനം അടിച്ചിരുന്നു. ലക്ഷങ്ങളാണ് ഇയാൾക്ക് ജാക്പോട്ടിലൂടെ സ്വന്തമായത്.