'കേട്ടപ്പോൾ ശരീരം തളർന്ന് പോകുമ്പോലെയാണ് തോന്നിയത്'; കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബമ്പർ കോടീശ്വരന്‍ പറയുന്നു
റബ്ബർ ടാപ്പിംഗ് ചെയ്തും കൂലിപ്പണിയെടുത്തും കിട്ടുന്ന തുച്ഛമായ തുക കൊണ്ട് നാലുപേരുടെ കുടുംബത്തെ പോറ്റിയ രാജൻ സമ്മാനത്തുക കൊണ്ട് ചെറിയൊരു റബ്ബർ തോട്ടം വാങ്ങി. സ്ഥിരം വരുമാനം ലക്ഷ്യമിട്ടാണ് തോട്ടം വാങ്ങിയത്.
കഴിഞ്ഞ വർഷം മൂത്ത മകളുടെ കല്യാണത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനായി ബാങ്കിലേക്ക് പോകും വഴിയാണ് ഭാഗ്യദേവതയുടെ ഇടപെടല്‍ രാജനെ തേടി എത്തുന്നത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള രാജൻ അന്നും പ്രതീക്ഷകളോടെ ടിക്കറ്റ് എടുക്കുകയായിരുന്നു. വർഷങ്ങളായി ലോട്ടറി എടുക്കുന്ന രാജനെ അവസാനം ക്രിസ്മസ് ബമ്പര്‍ തുണച്ചു. 2020ലെ ക്രിസ്മസ് -പുതുവത്സര ബമ്പറിന്‍റെ 12 കോടിയാണ് കണ്ണൂര്‍ മാലൂര്‍ കൈതച്ചാല്‍ സ്വദേശിയെ തേടി എത്തിയത്. എങ്ങനെയാണ് തനിക്ക് ഭാഗ്യം കൈവന്നതെന്നും പിന്നീടുള്ള ജീവിതത്തെ പറ്റിയും രാജൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ് തുറക്കുന്നു.
തന്റെ ജീവിതത്തിലെ കൊച്ചു സ്വപ്നങ്ങള്‍ ഒന്നൊന്നായി നിറവേറ്റുകയാണ് രാജനിപ്പോൾ. മുമ്പത്തെ ജീവിതത്തിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും അദ്ദേഹത്തിനില്ല. ഭാഗ്യം തുണയ്ക്കുന്നതിന് മുമ്പ് എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. 12 കോടിയിൽ നിന്നും ഏഴ് കോടി 55 ലക്ഷം രൂപയാണ് രാജന് ലഭിച്ചത്. ഈ തുക കയ്യിൽ ലഭിക്കാൻ 6 മാസം എടുത്തുവെന്നും അദ്ദേഹം പറയുന്നു. എസ്.ടി. 269609 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. കൂത്തുപറമ്പ് പയ്യന്‍ ലോട്ടറി സ്റ്റാളില്‍ നിന്നുമാണ് രാജൻ ടിക്കറ്റെടുത്തത്.
നറുക്കെടുപ്പിന് പിന്നാലെ ബമ്പർ സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന വാര്‍ത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ തനിക്കാകും ആ ഭാഗ്യമെന്ന് രാജൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. "പിറ്റേദിവസം രാവിലെ കടയിൽ പോയി പത്രം നോക്കി. സമ്മാനം അടിച്ചെന്ന് കേട്ടപ്പോൾ എന്താ പറയ്യ, ശരീരമൊക്കെ തളർന്ന് പോകുമ്പോലെ തോന്നി. നമ്മളെ പോലുള്ള പാവപ്പെട്ടവർക്ക് 12 കോടി കിട്ടുക എന്നത് ദൈവ അനുഗ്രഹമാണല്ലോ. ഞാൻ ഒരു നിമിത്തം മാത്രമാണ്. എല്ലാം ദൈവത്തിന്റെ കടാക്ഷം. സന്തോഷത്തിൽ വീട്ടിലേക്ക് വിളിച്ചപ്പോൾ മകൾ അക്ഷരയാണ് ഫോൺ എടുത്തത്. അവരാദ്യം വിശ്വസിച്ചില്ല. പിന്നീട് എല്ലാവരും കൂടി മോന്റെ ഫോണിൽ നോക്കി. അങ്ങനെയാണ് വിശ്വസിച്ചത്" രാജൻ പറഞ്ഞ് തുടങ്ങുന്നു.
"ഞാൻ ഏകദേശം പത്ത് വർഷത്തിലേറെ ആയി ലോട്ടറി എടുക്കാറുണ്ട്. കൂടുതലൊന്നും എടുക്കില്ല, ഒന്നോ രണ്ടോ. ഭാഗ്യമുണ്ടെങ്കിൽ നമുക്ക് ഒരു ടിക്കറ്റ് മതിയല്ലോ? അന്നും ഒരു ടിക്കറ്റേ എടുത്തുള്ളു. അതിന് തന്നെ ഭാഗ്യവും ലഭിച്ചു. ബമ്പർ പോയിട്ട് ചെറിയ സമ്മാനങ്ങൾ എല്ലാം കൂട്ടിയാൽ 35000രൂപ വരെയൊക്കെ ലഭിച്ചിട്ടുണ്ട്. ഒമ്പതാണ് എന്റെ ലക്കി നമ്പർ. ഈ നമ്പറിൽ അവസാനിക്കുന്ന ടിക്കറ്റിനാണ് ഇതുവരെ സമ്മാനം ലഭിച്ചിട്ടുള്ളത്. ബമ്പറടക്കം", രാജൻ പറയുന്നു.
റബ്ബർ ടാപ്പിംഗ് ചെയ്തും കൂലിപ്പണിയെടുത്തും കിട്ടുന്ന തുച്ഛമായ തുക കൊണ്ട് നാലുപേരുടെ കുടുംബത്തെ പോറ്റിയ രാജൻ സമ്മാനത്തുക കൊണ്ട് ചെറിയൊരു റബ്ബർ തോട്ടം വാങ്ങി. സ്ഥിരം വരുമാനം ലക്ഷ്യമിട്ടാണ് തോട്ടം വാങ്ങിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കുറച്ച് ദിവസങ്ങളായി ജോലിക്ക് പോകാറില്ല. മകൻ രിഗിലാണ് ഇപ്പോൾ തോട്ടത്തിലെ കാര്യങ്ങളും മറ്റും നോക്കുന്നത്.
റോഡ് സൗകര്യത്തിന് കുറച്ച് സ്ഥലം വാങ്ങി വീട് വച്ചുകൊണ്ടിരിക്കയാണ്. വീടിന് സമീപത്തെ മുത്തപ്പന്‍ മടപ്പുര നിര്‍മാണത്തിന് സഹായം നല്‍കി. ഒരുമാസം കൂടി കഴിഞ്ഞാൽ അതിന്റെ പണി കഴിയും. പിന്നെ ബന്ധുക്കൾ അടക്കമുള്ള പാവപ്പെട്ടവരെ സഹായിക്കാനായി. അത് തന്നെ വലിയ സന്തോഷം. ജപ്തി നടപടിവരെ എത്തിയ ബാങ്ക് വായ്പ തിരിച്ചടച്ചു. മകള്‍ക്ക് മികച്ച വിദ്യഭ്യാസം ഉറപ്പാക്കണമെന്നും ഈ 52കാരൻ പറയുന്നു.
ഡിഗ്രിക്ക് പഠിക്കുകയാണ് അക്ഷര. ഭാര്യ രജനി അംഗന്‍വാടി ജീവനക്കാരിയായിരുന്നു ഇപ്പോൾ ജോലിയില്ല. ആതിരയാണ് മൂത്ത മകള്‍. മകന്‍ രിഗിലിന്റെ വിവാഹം ശരിയായിട്ടുണ്ട്. അടുത്താഴ്ചയാണ് നിശ്ചയം. എന്തായാലും സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള യാത്രയില്‍, ഇപ്പോഴും ലോട്ടറി എടുക്കാന്‍ രാജൻ മറക്കാറില്ല. പാവപ്പെട്ട കച്ചവടക്കാർ വരുമ്പോൾ ടിക്കറ്റ് വാങ്ങാറുണ്ട്. ഈ വർഷത്തെ ബമ്പറും താനെടുത്തിട്ടുണ്ടെന്ന് ചെറുപുഞ്ചിയോടെ രാജൻ പറഞ്ഞ് നിർത്തുന്നു.
2018ലെ വിജയി: അന്ന് 'കിട്ടുണ്ണി'യുടെ അവസ്ഥയായിരുന്നു: കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ബമ്പർ കോടീശ്വരന്‍ പറയുന്നു