കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ടിക്കറ്റെടുത്തു; ഒടുവിൽ ബിഗ് ടിക്കറ്റിന്റെ 30 കോടി മലയാളിക്ക് !
കഴിഞ്ഞ മാസം ടിക്കറ്റെടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. പിന്നാലെ ഒരു പ്രാവശ്യം കൂടി ഭാഗ്യപരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
നിനച്ചിരിക്കാതെ ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് തിരുവല്ല സ്വദേശിയായ നോബിന്‍ മാത്യു. കഴിഞ്ഞ ദിവസം നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലധികം(ഒന്നര കോടി ദിര്‍ഹം) രൂപയാണ് ഈ പ്രവാസിക്ക് ലഭിച്ചത്. 2007 മുതല്‍ കുവൈത്തില്‍ താമസിക്കുന്ന നോബിന് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
ഒക്ടോബര്‍ 17 ന് വാങ്ങിയ 254806 എന്ന നമ്പർ ടിക്കറ്റിലൂടെയാണ് നോബിന്‍ മാത്യുവിനെ ഭാഗ്യം കടാക്ഷിച്ചത്. സുഹൃത്തുക്കളായ പ്രമോദും മിനു തോമസുമാണ് തങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റെടുക്കാന്‍ നോബിനെ നിര്‍ബന്ധിച്ചത്. കഴിഞ്ഞ മാസം ടിക്കറ്റെടുത്തെങ്കിലും ഭാഗ്യം തുണച്ചില്ല. പിന്നാലെ ഒരു പ്രാവശ്യം കൂടി ഭാഗ്യപരീക്ഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയെടുത്ത രണ്ടാമത്തെയും അവസാനത്തെയും ടിക്കറ്റിലൂടെ 30 കോടിയുടെ ഒന്നാം സമ്മാനം നോബിനെ തേടിയെത്തി. മൂന്ന് സുഹൃത്തുക്കളുമായി ഇനി സമ്മാനത്തുക പങ്കുവെക്കും.
"രണ്ടാം തവണ ടിക്കറ്റെടുത്തപ്പോള്‍ ഈ പരിപാടിക്ക് ഇല്ലെന്ന് തീരുമാനിച്ചു. എന്നാല്‍ സമ്മാനവിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണ്‍ വിളിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. ജോലിയിൽ ആയിരുന്നതു കൊണ്ട് ലൈവ് നറുക്കെടുപ്പ് കാണ്ടിരുന്നില്ല. സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോൾ ഒന്നും സംസാരിക്കാനാവാത്ത അവസ്ഥയായിരുന്നു. അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് നന്ദി" നോബിന്‍ പറയുന്നു.
നോബിന്റെ മാതാപിതാക്കൾ ഒമാനില്‍ പ്രവാസികളായിരുന്നു. ഇവിടെ വച്ചായിരുന്നു നോബിന്റെ ജനനവും. പഠനം പൂര്‍ത്തിയാക്കിയ ശേഷം നോബിനും കുവൈത്തില്‍ പ്രവാസിയായി. സ്‍പെയര്‍ പാര്‍ട്സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് നോബിന്‍. ഭാര്യയും അഞ്ച് വയസുകാരനായ മകനും കുവൈത്തിലുണ്ട്. പ്രതീക്ഷിക്കാതെ ലഭിച്ച സമ്മാനമായത് കൊണ്ട് എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നോബിൻ പറയുന്നു.