'മറ്റുള്ളവർക്ക് ജോലി നൽകാനുള്ള ഒരു സ്ഥാപനം,ഒപ്പം നല്ലൊരു വീടും'; മൺസൂൺ കോടിപതിയുടെ ആ​ഗ്രഹങ്ങൾ ഇതൊക്കെയാണ്

അങ്ങനെ സ്ഥിരമായി ലോട്ടറികൾ എടുക്കുന്ന പതിവൊന്നും റെജിനില്ല. അടിക്കുമെങ്കിൽ ബമ്പർ തന്നെ അടിക്കട്ടെ എന്നായിരുന്നു ആഗ്രഹം. ഓടുവിൽ ആ മോഹം മൺസൂൺ ബമ്പറിന്റെ രൂപത്തിൽ ഈ യുവാവിനെ തേടി എത്തി. 

kerala monsoon bumper winner rejin in ernakulam

എറണാകുളം: ലോകമെമ്പാടുമുള്ള ജനങ്ങൾ കൊറോണ ഭീതിയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നതിനിടെ തന്നെ തേടി വലിയൊരു ഭാ​ഗ്യമെത്തിയ സന്തോഷത്തിലാണ് കോടനാട് സ്വദേശിയായ റെജിൻ രവി. ഇത്തവണത്തെ മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറിയിലൂടെ കോടിപതിയായത് ഈ മുപ്പത്തിയാറുകാരനാണ്. ചൊവ്വാഴ്ചയാണ് നറുക്കെടുപ്പ് ഫലം വന്നതെങ്കിലും താനെടുത്ത നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് റെജിൻ അറിയുന്നത് ഇന്നലെ ഉച്ചയോടെ ആയിരുന്നു.

''ശരിക്കും പറഞ്ഞാല്‍ ലോട്ടറി ടിക്കറ്റിന്റെ നാലക്ക നമ്പര്‍ മാത്രമേ നോക്കിയുള്ളൂ. എന്തോ ഒരു സാമ്യം തോന്നി നോക്കിയപ്പോള്‍ എനിക്കാണ് കിട്ടിയതെന്ന് മനസിലായി. ആ സന്തോഷത്തില്‍ ഭാര്യയെ ആണ് ആദ്യം വിളിച്ചറിയിച്ചത് '' റെജിൻ പറയുന്നു. 

പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ റെജിൻ ബമ്പറുകളിൽ മാത്രമായിരുന്നു ഭാഗ്യ പരീക്ഷണം നടത്താറുണ്ടായിരുന്നത്. എന്നാൽ, സുഖമില്ലാത്ത കച്ചവടക്കാർ ലോട്ടറി കൊണ്ടുവരുമ്പോൾ അവരിൽ നിന്നും ടിക്കറ്റുകൾ വാങ്ങും. അങ്ങനെ സ്ഥിരമായി ലോട്ടറികൾ എടുക്കുന്ന പതിവൊന്നും റെജിനില്ല. അടിക്കുമെങ്കിൽ ബമ്പർ തന്നെ അടിക്കട്ടെ എന്നായിരുന്നു ആഗ്രഹം. ഓടുവിൽ ആ മോഹം മൺസൂൺ ബമ്പറിന്റെ രൂപത്തിൽ ഈ യുവാവിനെ തേടി എത്തി. ലോട്ടറി വഴികിട്ടിയ അഞ്ചുകോടി ഉപയോഗിച്ച് മറ്റുള്ളവരെ കൂടി സഹായിക്കാനാണ് റെജിന്റെ തീരുമാനം. 

വെള്ളൂർകുന്നം ജയം ബ്രദേഴ്സ് ലോട്ടറി മൊത്ത വ്യാപാര ഏജൻസിയിൽ നിന്നും പെരുമ്പാവൂരിൽ എത്തിച്ചു വിറ്റ ടിക്കറ്റാണ് ഇത്. ജയം ബ്രദേഴ്സ് ഉടമ ജയകുമാറിന്റെ അനുജനാണ് രാജൻ. സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെരുമ്പാവൂർ ശാഖയിൽ ഏൽപ്പിച്ചിരിക്കുകയാണ് റെജിൻ. മറ്റുള്ളവർക്ക് ജോലി നൽകാൻ ഉതകുന്ന ഒരു സ്ഥാപനവും, നല്ലൊരു വീടും ഒരുക്കാനാണ് റെജിന്റെ പദ്ധതി. ഇനിയും ബംബർ ലോട്ടറികളിൽ തന്നെ ഭാഗ്യപരീക്ഷണം തുടരാനാണ് റെജിന്റെ തീരുമാനം.

Latest Videos
Follow Us:
Download App:
  • android
  • ios