ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു, സുഹൃത്തിനെ കാണാൻ കുടുംബസമേതമെത്തി; വിരുന്നെത്തിയത് ‘ഒരു കോടി ഭാഗ്യം’
ഫലം ഓൺലൈൻ വഴി വന്നതോടെ പ്രഭാകരൻ തന്നെയാണ് ലോട്ടറി അടിച്ച വിവരം സോഹനെ അറിയിച്ചത്. അതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ച് അവർ പുത്തനത്താണിയിലേക്കു തിരിച്ചു.
മലപ്പുറം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ കുടുംബസമേതം കേരളത്തിലെത്തിയ കർണാടക സ്വദേശിക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരുകോടി രൂപ സമ്മാനം. മലപ്പുറം പുത്തനത്താണിയിലെ ഭാഗ്യധാര ലോട്ടറി ഏജൻസിയിലെ ജീവനക്കാരനായ പറവന്നൂർ കൈപ്പാലക്കൽ പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ ബൽറാമിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ സോമനഹള്ളി സ്വദേശിയായ സോഹൻ ബൽറാം ജീവിതത്തിൽ ആദ്യമായാണ് ലോട്ടറി എടുക്കുന്നത്. രണ്ട് ദിവസം മുമ്പ് പ്രഭാകരന്റെ വീട്ടിലെത്തിയ സോഹൻ ബൽറാം കടയിലെത്തിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പിന് കാത്തുനിൽക്കാതെ കുടുംബസമേതം നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഫലം വന്നത്.
ഒന്നാം സമ്മാനമായ 5 കോടി രൂപയുടെ 5 സമ്മാനാർഹരിൽ ഒരാളായി സോഹൻ മാറുകയായിരുന്നു. ഫലം ഓൺലൈൻ വഴി വന്നതോടെ പ്രഭാകരൻ തന്നെയാണ് ലോട്ടറി അടിച്ച വിവരം സോഹനെ അറിയിച്ചത്. അതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ച് അവർ പുത്തനത്താണിയിലേക്കു തിരിച്ചു. ലോട്ടറി ഏജൻസി ഉടമയായ മണികണ്ഠൻ, സോഹനെയും കുടുംബാംഗങ്ങളെയും മധുരം നൽകി സ്വീകരിക്കുകയായിരുന്നു.
ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നല്‍കുന്നുവെന്ന പ്രത്യേകതയാണ് ഭാഗ്യമിത്ര ലോട്ടറിക്കുള്ളത്. എല്ലാ മാസവും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറികളുടെ നറുക്കെടുപ്പ് നടക്കും. രണ്ടാം സമ്മാനം 10 ലക്ഷം, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടുപേര്‍ക്ക്. 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.