എനിക്കാകും 12 കോടിയെന്ന് തമാശയ്ക്ക് കൂട്ടുകാരോട് പറഞ്ഞിരുന്നു; കിട്ടിയപ്പോ 'വണ്ടറായി പോയി', അനന്തു പറയുന്നു

എറണാകുളത്തെ വിഘ്‌നേശ്വര ഏജൻസിയിൽ നിന്നാണ് അന്തുവിനെ കോടീശ്വരനാക്കിയ ടിക്കറ്റ് വിറ്റുപോയത്. ടിക്കറ്റ് ഇവിടെനിന്ന് വാങ്ങിയത് ചില്ലറ വിൽപ്പനക്കാരനായ തമിഴ്‌നാട് സ്വദേശി അളകസ്വാമിയാണ്. ഇദ്ദേഹത്തിൽ നിന്ന് 600 രൂപ മുടക്കി രണ്ട് ബമ്പർ ടിക്കറ്റുകളാണ് അനന്തു വാങ്ങിയത്.

Idukki native gets first prize of Onam bumper

എറണാകുളം: 24-ാമത്തെ വയസിൽ നിനച്ചിരിക്കാതെ കോടിപതിയായ സന്തോഷത്തിലാണ് അനന്തു വിജയൻ എന്ന ഇടുക്കിക്കാരൻ. കഴിഞ്ഞ ദിവസം നറുക്കെടുത്ത ഓണം ബമ്പർ ഭാ​ഗ്യക്കുറിയിലൂടെയാണ് ഈ യുവാവിനെ ഭാ​ഗ്യം തേടി എത്തിയത്. TB173964 എന്ന നമ്പറിലൂടെ 12 കോടിയാണ് അനന്തുവിന് സ്വന്തമായത്. 

വല്ലപ്പോഴും ലോട്ടറിയിലൂടെ ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ആളാണ് അനന്തു. മുമ്പ് 5000 രൂപ വരെ സമ്മാനം ലഭിച്ചിരുന്നുവെന്ന് അനന്തു പറയുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയായ അനന്തു ജോലിക്ക് വേണ്ടിയാണ് എറണാകുളത്ത് എത്തിയത്. ദേവസ്വം ബോർഡിന് കീഴിലുള്ള എറണാകുളത്തെ ഒരു അമ്പലത്തിലാണ് അനന്തു ജോലി ചെയ്യുന്നത്. 

"തീയതി എന്നാണെന്ന് ഓർക്കുന്നില്ല, രണ്ടാഴ്ച മുമ്പാണ് ബമ്പർ ലോട്ടറി എടുത്തത്. ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നറുക്കെടുപ്പിന് തലേദിവസം വരെയും എനിക്കാകും ഒന്നാം സമ്മാനമെന്ന് സുഹൃത്തുക്കളോട് തമാശയ്ക്ക് പറഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരമാണ് മൊബൈലിൽ ലോട്ടറി ടിക്കറ്റ് പരിശോധിച്ചത്. എന്നാൽ, ഒന്നാം സമ്മാനം നോക്കിയതേ ഇല്ല. അവസാനമാണ് ഒന്നാം സമ്മാനത്തിൽ കണ്ണ് പോയത്. വണ്ടറടിച്ച് പോയി കണ്ടപ്പോ", അനന്തു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

Read Also: ഓണം ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

ലോട്ടറി അടിച്ച കാര്യം കസിനെയാണ് അനന്തു ആദ്യം വിളിച്ചറിയിച്ചത്. പിന്നെ വീട്ടിലേക്കും. പ്രതീക്ഷിക്കാതെ ലഭിച്ച ഭാ​ഗ്യത്തിൽ വീട്ടുകാരും സന്തോഷത്തിലാണെന്ന് അനന്തു പറയുന്നു. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്നതാണ് അനന്തുവിന്റെ കുടുംബം. നിലവിൽ സമ്മാന അർഹമായ ടിക്കറ്റ് ബാങ്കിന്റെ നിർദ്ദേശപ്രകാരം ലോക്കറിൽ വച്ചിരിക്കുകയാണ്. തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഒരു വീട് വയ്ക്കണമെന്നും ഈ കോടിപതി പറയുന്നു.

Read Also: 'അടിച്ചു മോളേ...' ആ ഓണം ബംമ്പര്‍ കോടീശ്വരന്മാരും കോടീശ്വരികളും ഇതാ ഇവിടെയുണ്ട്!

എറണാകുളത്തെ വിഘ്‌നേശ്വര ഏജൻസിയിൽ നിന്നാണ് അന്തുവിനെ കോടീശ്വരനാക്കിയ ടിക്കറ്റ് വിറ്റുപോയത്. ടിക്കറ്റ് ഇവിടെനിന്ന് വാങ്ങിയത് ചില്ലറ വിൽപ്പനക്കാരനായ തമിഴ്‌നാട് സ്വദേശി അളകസ്വാമിയാണ്. ഇദ്ദേഹത്തിൽ നിന്ന് 600 രൂപ മുടക്കി രണ്ട് ബമ്പർ ടിക്കറ്റുകളാണ് അനന്തു വാങ്ങിയത്. താൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞ അളക സ്വാമി ഏജൻസിക്കാരനായ അജേഷിന്റെ അടുത്തെത്തുകയും മധുരം നൽകി സന്തോഷം പങ്കുവക്കുകയുമായിരുന്നു. കടവന്ത്ര ജംഗ്ഷനിലാണ് അളകസ്വാമി ടിക്കറ്റ് വിൽപ്പന നടത്തുന്നത്. നികുതിയും, ഏജന്റ് കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios