5 വർഷം മുൻപ് കൈവിട്ട ഭാഗ്യം തിരിച്ചുപിടിച്ച് ദിനേശ്; 12 കോടിയിൽ എത്ര കിട്ടും ? ടാക്സ് എത്ര?
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറാണ് കോടീശ്വരൻ.
ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കഴിഞ്ഞ ദിവസം ആയിരുന്നു ഈ വർഷത്തെ പൂജാ ബമ്പർ നറുക്കെടുത്തത്. JC 325526 എന്ന നമ്പറിന് ആയിരുന്നു 12 കോടിയുടെ ഒന്നാം സമ്മാനം. ഇന്നലെ രണ്ട് മണിയോടെ നറുക്കെടുത്ത ബമ്പറിന്റെ ടിക്കറ്റ് വിറ്റത് കൊല്ലം ജില്ലയിൽ ആണെന്ന് അറിഞ്ഞിരുന്നു. എന്നാൽ ഭാഗ്യശാലി രംഗത്ത് എത്തിയിരുന്നില്ല. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഇന്ന് ഉച്ചയോടെ ആ ഭാഗ്യശാലി രംഗത്തെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ദിനേശ് കുമാറാണ് ആ കോടീശ്വരൻ.
കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ എത്തിയ ദിനേശിന് രാജകീയമായ സ്വീകരണം ആയിരുന്നു ഏജൻസിക്കാർ ഒരുക്കിയത്. മാലയിട്ടും കിരീടം അണിയിച്ചും നാട്ടുകാരും ഒപ്പം കൂടി. പൂജാ ബമ്പറിന്റെ പത്ത് ടിക്കറ്റുകളാണ് ദിനേശ് എടുത്തത്. അതിൽ ഒരു ടിക്കറ്റിലൂടെ അദ്ദേഹത്തെ ഭാഗ്യം തുണയ്ക്കുക ആയിരുന്നു. അഞ്ച് വർഷം മുൻപ് ഒരു നമ്പറിന്റെ വ്യത്യാസത്തിൽ 12 കോടി ദിനേശിന് നഷ്ടമായിരന്നു. 2019ൽ ആയിരുന്നു ഇത്. എന്നാൽ അഞ്ച് വർഷത്തിനിപ്പുറം ആ ഭാഗ്യം ദിനേശ് തിരിച്ചു പിടിച്ചു. ഈ അവസരത്തിൽ 12 കോടിയിൽ എത്ര രൂപയാകും ദിനേശിന് ലഭിക്കുക എന്ന ചോദ്യം ഉയരുന്നുണ്ട്. അക്കണക്ക് ഇങ്ങനെയാണ്.
ഏജൻസി കമ്മീഷനും ടാക്സും
സമ്മാനത്തുകയിൽ നിന്നും നികുതിയും ഏജൻസി കമ്മീഷനും കിഴിച്ചുള്ള തുകയാണ് ദിനേശിന് ലഭിക്കുക. സമ്മാനത്തുകയിൽ ഏജന്റ് കമ്മീഷൻ ആദ്യം പോകും. ഇത് പത്ത് ശതമാനമാണ്. അതായത് 12 കോടിയുടെ പത്ത് ശതമാനമായ 1.2 കോടി(ഏകദേശം) രൂപ ഏജന്റിന് നൽകണം. ബാക്കിയുള്ളത് 10.8 കോടി രൂപ. ശേഷം 30 ശതമാനം നികുതി, നികുതി തുകയ്ക്കുള്ള സർചാർജ്, ആരോഗ്യ, വിദ്യാഭ്യാസ സെസ് തുടങ്ങി എല്ലാം കഴിഞ്ഞ് ഏറ്റവും ഒടുവിൽ 7 കോടി 20 ലക്ഷം രൂപയാകും ദിനേശിന് ലഭിക്കുക.
Kerala Lottery: ഒന്നാം സമ്മാനം 80 ലക്ഷം, ആരാകും ഭാഗ്യശാലി ? അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം
സർക്കാരിലേക്ക് എത്ര?
ഈ വർഷം പൂജാ ബമ്പറിന്റേതായി അച്ചടിച്ചത് 45 ലക്ഷം ടിക്കറ്റുകളാണ്. അതിൽ 39,56,454 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 300 രൂപയായിരുന്നു ടിക്കറ്റ് വില. ഈ വിറ്റുവരവിൽ 118.7 കോടിയാണ് സർക്കാരിന് ലഭിച്ചത്. ഇത് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം വരും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തി. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക തുടങ്ങിയവ കഴിഞ്ഞുള്ള തുകയാകും സർക്കാരിലേക്ക് എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം