ടിക്കറ്റെടുത്തത് ആറ് പേർ ചേർന്ന്; ഓണം ബമ്പറിന്‍റെ ഒരു കോടി തേടിയെത്തിയ വീട്ടമ്മമാർ
ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം ആറ് കോടി രൂപയാണ്. ഒരു കോടി വീതം ആറ് പേർക്കാകും ലഭിക്കുക.
തൃശ്ശൂർ: തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ തൃശ്ശൂര്‍ സ്വദേശികളായ വീട്ടമ്മമാർക്ക്. 100 രൂപ വീതമിട്ട് ആറ് വീട്ടമ്മമാർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒരു കോടി ലഭിച്ചത്. കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങര വീട്ടില്‍ ഓമന, ചിറ്റാട്ടു കരക്കാരന്‍ വീട്ടില്‍ ട്രീസ, കണ്ണേക്കാട്ടുപറമ്പില്‍ അനിത, തളിയക്കുന്നത്ത് വീട്ടില്‍ സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.
ലോട്ടറി വിൽപ്പനക്കാരനും ഓമനയുടെ മകനുമായ ശ്രീജിത്തിൽ നിന്നുമാണ് ഈ ആറംഗ സംഘം സമ്മാനാർഹമായ ടിക്കറ്റെടുത്തത്. രണ്ട് ടിക്കറ്റുകൾ എടുത്തതിൽ ടിഡി 764733 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.
ഓണം ബമ്പറിന്റെ രണ്ടാം സമ്മാനം ആറ് കോടി രൂപയാണ്. ഒരു കോടി വീതം ആറ് പേർക്കാകും ലഭിക്കുക. ഇടുക്കി സ്വദേശിയായ അനന്തുവിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത്. TB173964 എന്ന നമ്പറിനായിരുന്നു സമ്മാനം. ഇടുക്കി കട്ടപ്പന സ്വദേശിയായ അനന്തു ജോലിക്ക് വേണ്ടിയാണ് എറണാകുളത്ത് എത്തിയത്. ദേവസ്വം ബോർഡിന് കീഴിലുള്ള എറണാകുളത്തെ ഒരു അമ്പലത്തിലാണ് അനന്തു ജോലി ചെയ്യുന്നത്.