Christmas New Year Bumper winners : 'അടിച്ചു മോളേ..' ആ ക്രിസ്തുമസ് ബമ്പര്‍ കോടിപതികൾ ഇതാ ഇവിടെയുണ്ട്!
അല്പം മുമ്പാണ് 2021-2022ലെ ക്രിസ്തുമസ് ബമ്പർ നറുക്കെടുപ്പ് നടന്നത്. XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം.
രാജ്യത്ത് ആദ്യമായി ഭാഗ്യാന്വേഷികളെ തേടിയ സംസ്ഥാനം കേരളമാണ്. 50,000 രൂപ സമ്മാനത്തുകയുടെ ഓണം ബമ്പറുമായി 1967 നവംബര്‍ 1 കേരളപ്പിറവി ദിനത്തിലാണ് ആദ്യമായി ലോട്ടറി വില്‍പ്പന ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് വര്‍ഷാവര്‍ഷം നിരവധി ഭാഗ്യാന്വേഷികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേരളാ സംസ്ഥാന ഭാഗ്യക്കുറിക്ക് സാധിച്ചു. അല്പം മുമ്പാണ് 2021-2022ലെ ക്രിസ്തുമസ് ബമ്പർ(Christmas New Year Bumper) നറുക്കെടുപ്പ് നടന്നത്. XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം. കോട്ടയം കുടയംപടി സ്വദേശി സദനെയാണ് 12 കോടി തേടിയെത്തിയത്. ഈ അവസരത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിൽ ക്രിസ്തുമസ് ബമ്പറിലൂടെ കോടിപതികളായവരെ പരിചയപ്പെടാം.
രത്നാകരൻ പിള്ള(2018-2019)
2018ൽ ബമ്പർ ഭാഗ്യമെത്തിയത് കിളിമാനൂർ സ്വദേശിയായ രത്നാകരൻ പിള്ളയെ തേടിയാണ്. ആറ് കോടിയായിരുന്നു അന്ന് ഒന്നാം സമ്മാനം. മൂന്നുകോടി എൺപത്തി ഏഴ് ലക്ഷം രൂപയാണ് രത്നാകരന് ലഭിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. വർഷങ്ങളായി തടിമിൽ നടത്തിവരികയാണ് രത്നാകരൻ. പതിവുപോലെ തന്റെ തടിമില്ലിന് അടുത്തുള്ള ചായക്കടയിൽ എത്തിയപ്പോഴാണ് ലോട്ടറി എടുക്കാമെന്ന് അദ്ദേഹം തീരുമാനിച്ചത്. പിന്നാലെ ടിക്കറ്റ് വാങ്ങി. അതുവരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്ത മൂന്നാമത്തെ ലോട്ടറി ആയിരുന്നു അത്. ഒന്നിലും രണ്ടിലും പിഴച്ചപ്പോള്‍ മൂന്നാമത്തെ ക്രിസ്മസ് ബമ്പര്‍ രത്നാകരനെ തുണയ്ക്കുക ആയിരുന്നു.
കോടിപതി ആയെങ്കിലും മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും രത്നാകരൻ ജീവിക്കുന്നത്. "നാല്പത് വർഷം മുമ്പ് വച്ച ഒരു ഓടിട്ട വീടുണ്ട് എനിക്ക്. ആ വീട്ടിൽ തന്നെയാണ് ഞാനും കുടുംബവും ഇപ്പോഴും താമസിക്കുന്നത്. അതെന്റെ മരണം വരെയും അങ്ങനെ തന്നെ ആയിരിക്കും. ലോട്ടറി അടിച്ചതിൽ ഒരു പങ്ക് എൽഎസിയുടെ പെൻഷൻ പദ്ധതിയിലിട്ടു. അതുതന്നെയാണ് എനിക്ക് വേണ്ടി ചെയ്തത്. ബാക്കി തുക പാവപ്പെട്ടവർക്കും, രോഗികൾക്കും, പാവപ്പെട്ട കുട്ടികളുടെ വിവാഹങ്ങൾക്കും കൊടുത്തു"-രത്നാകരൻ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞിരുന്നു. നിർദ്ധനരായ ഇരുപത് പേരുടെ കല്യാണത്തിന് 50,000രൂപ വച്ച് രത്നാകരൻ കൊടുത്തിട്ടുമുണ്ട്.
രാജൻ (2019-2020)
2020ൽ ക്രിസ്തുമസ് ബമ്പറിലൂടെ കോടിപതിയായത് കണ്ണൂര്‍ മാലൂര്‍ കൈതച്ചാല്‍ സ്വദേശി രാജനാണ്.
മൂത്ത മകളുടെ കല്യാണത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാനായി ബാങ്കിലേക്ക് പോകും വഴിയാണ് ഭാഗ്യദേവതയുടെ ഇടപെടല്‍ രാജനെ തേടി എത്തുന്നത്. സ്ഥിരമായി ലോട്ടറി എടുക്കാറുള്ള രാജൻ അന്നും പ്രതീക്ഷകളോടെ ടിക്കറ്റ് എടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ കൊച്ചു സ്വപ്നങ്ങള്‍ ഒന്നൊന്നായി നിറവേറ്റുകയാണ് രാജനിപ്പോൾ. മുമ്പത്തെ ജീവിതത്തിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും അദ്ദേഹത്തിനില്ല.
12 കോടിയിൽ നിന്നും ഏഴ് കോടി 55 ലക്ഷം രൂപയാണ് രാജന് ലഭിച്ചത്. ഈ തുക കയ്യിൽ ലഭിക്കാൻ 6 മാസം എടുത്തുവെന്നും അദ്ദേഹം പറയുന്നു. എസ്.ടി. 269609 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. കൂത്തുപറമ്പ് പയ്യന്‍ ലോട്ടറി സ്റ്റാളില്‍ നിന്നുമാണ് രാജൻ ടിക്കറ്റെടുത്തത്. റബ്ബർ ടാപ്പിംഗ് ചെയ്തും കൂലിപ്പണിയെടുത്തും കിട്ടുന്ന തുച്ഛമായ തുക കൊണ്ട് നാലുപേരുടെ കുടുംബത്തെ പോറ്റിയ രാജൻ സമ്മാനത്തുക കൊണ്ട് ചെറിയൊരു റബ്ബർ തോട്ടം വാങ്ങി. സ്ഥിരം വരുമാനം ലക്ഷ്യമിട്ടാണ് തോട്ടം വാങ്ങിയത്. റോഡ് സൗകര്യത്തിന് കുറച്ച് സ്ഥലം വാങ്ങി വീട് വച്ചുകൊണ്ടിരിക്കയാണ്. വീടിന് സമീപത്തെ മുത്തപ്പന്‍ മടപ്പുര നിര്‍മാണത്തിന് സഹായം നല്‍കി. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള യാത്രയില്‍, ഇപ്പോഴും ലോട്ടറി എടുക്കാന്‍ രാജൻ മറക്കാറില്ല. പാവപ്പെട്ട കച്ചവടക്കാർ വരുമ്പോൾ ടിക്കറ്റ് വാങ്ങാറുണ്ട്.
ഷറഫുദ്ദീൻ (2020-2021)
ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് മൂന്ന് പോരടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്ന തമിഴ്‌നാട് തിരുനൽവേലി സ്വദേശി ഷറഫുദ്ദീനെ തേടിയാണ് കഴിഞ്ഞ വർഷം ഭാഗ്യദേവത എത്തിയത്. തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയാണ് 46കാരനായ ഷറഫുദ്ദീൻ. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ഒരു ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം അടിച്ചത്. ലോട്ടറി കച്ചവടത്തിന് മുമ്പ് പ്രവാസിയായിരുന്നു ഷറഫുദ്ദീൻ.
"സൗദിയിൽ ഡ്രൈവർ ജോലിക്ക് വേണ്ടിയായിരുന്നു പോയത്. ആദ്യം പറഞ്ഞ തുക അല്ലായിരുന്നു അവിടെ എത്തിയപ്പോൾ കിട്ടിയത്. ഒൻപത് വർഷം നാട്ടിൽ വരാൻ പറ്റാതെ അവിടെ ആയിരുന്നു. വേറെ ജോലി നോക്കിയെങ്കിലും ഒന്നും ശരിയായില്ല. അങ്ങനെയാണ് നാട്ടിലെത്തുന്നത്. പിന്നീട് 1500രൂപയും കൊണ്ട് ജോലി തേടി ഇറങ്ങി. അത്രയെ കയ്യിലുണ്ടായിരുന്നുള്ളൂ. ഒടുവിൽ ലോട്ടറി വിൽക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കച്ചവടം തുടങ്ങിയ അന്ന് തന്നെ ഞാൻ എടുത്ത ടിക്കറ്റിന് 1000 രൂപ അടിച്ചു. പിന്നീട് 500, 1000 രൂപ വച്ചൊക്കെ സമ്മാനം അടിക്കാറുണ്ട്. വലിയ തുക ഇതാദ്യമാണ്. ഇപ്പോൾ നാല് വർഷമായി ലോട്ടറി വിൽക്കുന്നു. ആര്യങ്കാവ് മുതൽ പുനലൂർവരെയാണ് വിൽപന.", ഷറഫുദ്ദീൻ ഏഷ്യാനെറ്റ് ഓൺലൈനിനോട് പറഞ്ഞിരുന്നു.
ലോട്ടറി കച്ചവടത്തിന് പുറമേ ചെറിയ രീതിയിൽ കൃഷിയും നടത്തിയിരുന്നു ഇദ്ദേഹം. സബീനയാണ് ഷറഫുദ്ദീന്റെ ഭാര്യ. ആര്യങ്കാവിലാണ് സബീനയുടെ വീട്. മകൻ പർവേഷ് മുഷറഫ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് ഭാഗ്യം എത്തിയ സന്തോഷത്തിലാണ് ഇരുവരും. വര്‍ഷങ്ങളായി തെങ്കാശിയില്‍ താമസിക്കുന്ന ഷറഫുദ്ദീന്റെ കുടുംബക്കാരെല്ലാം കേരളത്തിലാണ്. പിതാവും മാതാവും മലയാളികളാണ്.