കൊവിഡ് കാലത്തെ സൗഭാഗ്യം; ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏഴ് കോടി പ്രവാസി യുവാവിന്
1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്മി വെങ്കിട്ടറാവു.
ദുബൈ: മഹാമാരിയുടെ കാലത്ത് കോടിപതിയായ സന്തോഷത്തിലാണ് ലക്ഷ്മി വെങ്കിട്ടറാവു എന്ന യുവാവ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത 338 സീരീസിലുള്ള ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെയാണ് ഹൈദരാബാദ് സ്വദേശിയായ 34കാരനെ തേടി ഭാഗ്യം എത്തിയത്. 4829 നമ്പര്‍ ടിക്കറ്റിലൂടെ 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഈ പ്രവാസിക്ക് ലഭിച്ചത്.
ദുബൈയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറായ ലക്ഷ്മി, ഓഗസറ്റ് 29നായിരുന്നു സമ്മാനാർഹമായ ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ഥിരമായി ഭാഗ്യപരീക്ഷണം നടത്താറുള്ള ലക്ഷ്മി വെങ്കിട്ടറാവുവിന് ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഓൺലൈൻ വഴിയായിരുന്നു ലക്ഷ്മി ടിക്കറ്റെടുത്തത്.
നാട്ടിലുള്ള തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിജയം സഹായകമായെന്നും താന്‍ വളരെയേറെ സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്മി വെങ്കിട്ടറാവു.