'ജന്മനാട്ടിലേക്ക് മടങ്ങിപ്പോയി അവിടെ ജീവിക്കണം'; കൊവിഡ് കാലത്ത് 24 കോടിയുടെ ഭാഗ്യം കോഴിക്കോടുകാരന് സ്വന്തം

വര്‍ഷങ്ങളായി അജ്മാനില്‍ പ്രവാസിയായ അസൈൻ ഒരു ബേക്കറിയില്‍ ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ മെയ് 14നാണ് 139411എന്ന ഭാ​ഗ്യ നമ്പറുള്ള ടിക്കറ്റ് അസൈൻ എടുത്തത്. 

bakery salesman from india wins dh12 million in big ticket abu dhabi raffle

ദുബായ്: കൊറോണ വൈറസ് എന്ന മഹാമാരി ദുരിതം വിതയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടിപതിയായ സന്തോഷത്തിലാണ് കോഴിക്കോട് സ്വദേശിയായ അസൈന്‍ മുഴിപ്പുറത്ത്. ഇന്ന് നറുക്കെടുത്ത  216-ാം സീരിസിലെ അബുദാബി ബിഗ് ടിക്കറ്റിലൂടെയാണ് അസൈനെ ഭാ​ഗ്യം തേടി എത്തിയത്. 139411 എന്ന നമ്പറിലൂടെ 12 മില്യൺ ദിർഹം (ഏകദേശം 24 കോടിയിലേറെ രൂപ) ആണ് അസൈന് സ്വന്തമായത്. 

വര്‍ഷങ്ങളായി അജ്മാനില്‍ പ്രവാസിയായ അസൈൻ ഒരു ബേക്കറിയില്‍ ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ മെയ് 14നാണ് 139411എന്ന ഭാ​ഗ്യ നമ്പറുള്ള ടിക്കറ്റ് അസൈൻ എടുത്തത്. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റ് ആയതിനാൽ സമ്മാനം ലഭിക്കുന്ന 24 കോടിയിലധികം രൂപ അസൈന് മാത്രം സ്വന്തമാകും.

“എനിക്ക് 47 വയസ്സായി. കഴിഞ്ഞ 27, 28 വർഷമായി യുഎഇയിൽ കഴിയുകയാണ്. എല്ലാ പ്രവാസികളും ഒരു ദിവസം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. കൊവിഡ് -19 വിപണിയിൽ സ്വാധീനം ചെലുത്തിയിട്ടും സെയിൽസ്മാൻ എന്ന നിലയിൽ എനിക്ക് സ്ഥിരമായ ജോലിയുണ്ട്. എന്നാൽ, തിരിച്ചുപോകണമെന്ന ചിന്ത എന്റെ മനസിൽ വന്നു തുടങ്ങിയിട്ട് കുറച്ചുകാലമായി. ഈ വർഷം എനിക്ക് അധികമൊന്നും സേവ് ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞ 4-5 തവണയായി ഞാൻ ഭാഗ്യം പരീക്ഷിക്കാൻ തുടങ്ങിയിട്ട്, ഇന്നാണ് അതെനിക്ക് സ്വന്തമായത്”അസൈൻ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

24 കോടിയുടെ സമ്മാനം ലഭിച്ച സ്ഥിതിക്ക് ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന ചോദ്യത്തിന് ഞാനെന്റെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോയി അവിടെ ജീവിക്കുമെന്ന ഒറ്റ ഉത്തരം മാത്രമാണ് ഈ കോഴിക്കോട് സ്വദേശിക്ക് പറയാനുള്ളത്. 

“ഈ ലോട്ടറി അപ്രതീക്ഷിതമാണ്. യഥാർത്ഥത്തിൽ ഇത് ഒരു തമാശ കോൾ ആണെന്നാണ് ഞാൻ കരുതിയത്. മാഷള്ള, നന്ദി എന്ന് പറഞ്ഞു. പിന്നീട് ഫോൺ കട്ട് ചെയ്ത് ഡ്യൂട്ടിയിലേക്ക് മടങ്ങി. എന്നാൽ, താമസിയാതെ ഞാൻ മനസ്സിലാക്കി, ഇത് യഥാർത്ഥമാണെന്ന്”അസൈൻ പറഞ്ഞു. വിജയത്തിന് അവസരമൊരുക്കിയ ബിഗ് ടിക്കറ്റിന് അസൈൻ നന്ദി പറഞ്ഞു. ഭാര്യ ശരീഫയും സന ഫാത്തിമ, അല ഫാത്തിമ എന്നീ രണ്ട് പെൺമക്കളും അടങ്ങുന്നതാണ് അസൈന്റെ കുടുംബം.

അതേസമയം, ഇന്ന് നടന്ന ഡ്രീം കാര്‍ ജീപ്പ് ചെറോക്കി 216-ാം സീരിസ് നറുക്കെടുപ്പിലും ഇന്ത്യക്കാരന് തന്നെയായിരുന്നു ഒന്നാം സമ്മാനം. 001858 എന്ന നമ്പറിലെ ടിക്കറ്റിലൂടെ ഷിനു രാജനാണ് സ്വപ്ന വാഹനം സ്വന്തമാക്കിയത്. അസ്സൈനും ഷിനുവിനും പുറമെ മറ്റ് മൂന്ന് ഇന്ത്യക്കാര്‍ കൂടി ഇന്ന് ബിഗ് ടിക്കറ്റില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഇന്ത്യക്കാരനായ ശ്രീഹര്‍ഷ പ്രസാദിന് 104019 നമ്പറിലൂടെ രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹമാണ് ലഭിച്ചത്.
"

Latest Videos
Follow Us:
Download App:
  • android
  • ios