ടിക്കറ്റെടുത്തത് നറുക്കെടുപ്പിന് തൊട്ടുമുൻപ്; കൈവന്നത് 70 ലക്ഷം, വിശ്വസിക്കാനാവാതെ ബേക്കറി ഉടമ
ഇദ്ദേഹം എടുത്ത മറ്റൊരു ടിക്കറ്റിന് 8000 രൂപയുടെ സമാശ്വാസ സമ്മാനവും ലഭിച്ചിട്ടുണ്ട്.
കൊച്ചി: നിനച്ചിരിക്കാതെ ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് മഹേഷ് എന്ന ബേക്കറി ഉടമ. അതും നറുക്കെടുപ്പിന് തൊട്ട് മുൻപ് എടുത്ത ടിക്കറ്റിന്. വെള്ളിയാഴ്ച നറുക്കെടുത്ത നിർമാൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം ആണ് മഹേഷിന് ലഭിച്ചത്. തൃപ്പുണിത്തുറ തെക്കൻപറവൂർ സ്വദേശിയാണ് ഇദ്ദേഹം.
തെക്കൻപറവൂരിൽ തന്റെ ബേക്കറിക്ക് സമീപം ലോട്ടറി വിൽക്കുന്ന ശശിയുടെ കടയില്‍ നിന്നാണ് മഹേഷ് ലോട്ടറി എടുക്കുന്നത്. അതും വല്ലപ്പോഴും. ചിലപ്പോഴൊക്കെ ചെറിയ സമ്മാനങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ വെള്ളിയാഴ്ച നറുക്കെടുപ്പിന് തൊട്ടുമുൻപ് ഇദ്ദേഹം ടിക്കറ്റ് എടുക്കുക ആയിരുന്നു. നിർമലിന്റെ മൂന്ന് ടിക്കറ്റുകളാണ് 40 രൂപ വീതം മുടക്കി അദ്ദേഹം എടുത്തത്.
പതിവ് പോലെ പ്രതീക്ഷയൊന്നും ഇല്ലാതെ മഹേഷ് ടിക്കറ്റുമായി മടങ്ങുകയും ചെയ്തു. എന്നാൽ ഫലം വന്നപ്പോൾ 70 ലക്ഷം മഹേഷിന്റെ ടിക്കറ്റിന് ലഭിക്കുക ആയിരുന്നു. ഇദ്ദേഹം എടുത്ത മറ്റൊരു ടിക്കറ്റിന് 8000 രൂപയുടെ സമാശ്വാസ സമ്മാനവും ലഭിച്ചിട്ടുണ്ട്.
Kerala Lottery: ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
കഴിഞ്ഞ 30 വർഷമായി ബേക്കറി നടത്തുന്ന ആളാണ് മഹേഷ്. അടുത്തിടെയായി വൃക്കരോഗ ബാധിതനായി ചികിത്സയിലാണ് അദ്ദേഹം. വലിയ സാമ്പത്തിക ബാധ്യതയും ഉണ്ട്. ഈ അവസരത്തിൽ ആണ് നിർമൽ ലോട്ടറിയുടെ ഭാഗ്യം മഹേഷിനെ തേടി എത്തിയത്. തന്റെ ചികിത്സയ്ക്കായി എടുത്ത വായ്പകൾ അടച്ചു തിർക്കുക എന്നതാണ് ഭാഗ്യവാന്റെ ഇപ്പോഴത്തെ ലക്ഷ്യം. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് മഹേഷിന്റെ കുടുംബം.
ശ്രദ്ധയ്ക്ക്..
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കേണ്ടതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..