Lottery Winner: കൃഷ്ണകുമാറിന്റെ സ്വപ്നവീട് യാഥാർത്ഥ്യമാകും; പെയിന്റിംഗ് തൊഴിലാളിക്ക് 70 ലക്ഷം
സ്ഥിരമായി ലോട്ടറിയെടുക്കുന്ന കൃഷ്ണകുമാറിന് ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
ആലുവ: സംസ്ഥാന ഭാഗ്യക്കുറി അക്ഷയ ലോട്ടറിയുടെ(Akshaya Lottery) ഒന്നാം സമ്മാനം പെയിന്റ്ംഗ് തൊഴിലാളിക്ക്. എടത്തല നൊച്ചിമ കുടിയിരിക്കൽ കൃഷ്ണകുമാറിനാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ബുധനാഴ്ചയായിരുന്നു അക്ഷയയുടെ നറുക്കെടുപ്പ്.
ആലുവ കൊടവത്ത് കോംപ്ലക്‌സിലെ എം.എസ്.എ ലോട്ടറി ഏജൻസിയിൽ നിന്നും വടക്കുംപുറം വി.കെ. സുനിൽ മുഖേനവിറ്റ എ.ടി 635622 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സ്ഥിരമായി ലോട്ടറിയെടുക്കുന്ന കൃഷ്ണകുമാറിന് ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്ക് ശാഖയിൽ കൈമാറി. വാടകവീട്ടിൽ കഴിയുന്ന കൃഷ്ണകുമാറിന്റെ സ്വന്തം കിടപ്പാടമെന്ന സ്വപ്നം ഇതോടെ സഫലമാകും. ഭാര്യ: അഞ്ജലീദേവി. മകൻ: യദുകൃഷ്ണ.
ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരു കോടി മത്സ്യവ്യാപാരിക്ക്
കേരള സംസ്ഥാന സർക്കാരിന്റെ ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മത്സ്യ വ്യാപാരിക്ക്. ഈരാറ്റുപേട്ട നടയ്ക്കൽ വലിയവീട്ടിൽ നാസറിനെ തേടിയാണ് ഞായറാഴ്ച ഒരു കോടി എത്തിയത്. എഫ്.വൈ. 220008 എന്ന നമ്പറിനാണ് സമ്മാനം.
ശനിയാഴ്ചയാണ് ഈരാറ്റുപേട്ട ബസ് സ്റ്റോപ്പിന് സമീപത്തുള്ള ടി.ബി ദീപുവിന്റെ മഹാദേവ ലോട്ടറിക്കടയിൽ നിന്നും നാസർ സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. പിറ്റേദിവസം ലോട്ടറി ഫലം വന്നപ്പോൾ ഈ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുകയായിരുന്നു. നടക്കൽ കൊല്ലംകണ്ടത്ത് വാടക കെട്ടിടത്തിലാണ് നാസറും മക്കളും മത്സ്യവ്യാപാരം നടത്തുന്നത്. മുമ്പ് 25000 രൂപ വരെ നാസറിന് സമ്മാനം ലഭിച്ചിട്ടുണ്ട്. കടബാദ്ധ്യതകൾ വീട്ടണമെന്നും സ്വന്തമായി വീടു വാങ്ങണമെന്നുമാണ് ആഗ്രഹം. റംലയാണ് ഭാര്യ. നവാസ്, നഹാസ് എന്നിവരാണ് മക്കൾ.