വഴി ചോദിക്കാനായി ലോറി നിർത്തി, ബൈക്ക് പുറകിൽ വന്നിടിച്ചു; യുവാവിന് ദാരുണാന്ത്യം
കഴിഞ്ഞ ദിവസം വൈകിട്ട് തോട്ടപ്പള്ളി വലിയഴീക്കൽ തീരദേശ പാതയിൽ പല്ലന കുമാരകോടി ജംഗ്ഷന് സമീപം വെച്ചാണ് അപകടം ഉണ്ടായത്.
ഹരിപ്പാട് : ആലപ്പുഴയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു യുവാവ് മരിച്ചു. എടത്വ വേണാട് വീട്ടിൽ സന്തോഷ് ഓമന ദമ്പതികളുടെ മകൻ അഭിജിത്ത് (23) ആണ് മരിച്ചത്. അഭിജിത്തിനോടൊപ്പം ഉണ്ടായിരുന്ന മാതൃസഹോദരിയുടെ മകൾ അഖിലയെ(21) പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് തോട്ടപ്പള്ളി വലിയഴീക്കൽ തീരദേശ പാതയിൽ പല്ലന കുമാരകോടി ജംഗ്ഷന് സമീപത്തു വെച്ചാണ് അപകടം ഉണ്ടായത്.
തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടാർ കയറ്റിയ ലോറി വഴി ചോദിക്കാനായി നിർത്തിയപ്പോൾ പുറകെ വന്ന ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനന്തകുമാർ ആണ് അഭിജിത്തിന്റെ സഹോദരൻ.
Read More : വസ്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് അനിയന്‍; കുടകില്‍ ജോലിക്കിടെ കാണാതായ ആദിവാസി യുവാവ് മുങ്ങി മരിച്ചെന്ന് നിഗമനം
അതിനിടെ ആലപ്പുഴിയില്‍ മറ്റൊരു അപകടത്തില്‍ സ്കൂള്‍ അധ്യാപികയും മരിച്ചു. ആലപ്പുഴ സനാതനപുരം വാർഡിൽ കാർത്തികയിൽ മാലാ ശശിയാണ്(48) മരിച്ചത്. മാതാ സീനിയർ സെക്കന്ററി സ്കൂളിലെ സയൻസ് അധ്യാപിയായ മാല സ്കൂളിൽ നിന്നും തിരികെ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മാല സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ആലപ്പുഴ ബൈപ്പാസിൽ വെച്ചാണ് അപകടം സംഭവിച്ചത്. റോഡിൽ തെറിച്ച് വീണ അധ്യാപികയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടനെ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.